വിഷ് യു എ ഹാപ്പി വിഷു...
ഓരോ വിഷുക്കാലമെത്തുന്പോഴും മനസിലൊരു പിടപ്പാണ്. ആരെയാണ് ഈ വിഷു കൊണ്ടുപോവുക എന്ന പിടപ്പ്. വർഷങ്ങൾ മുന്പ് ഒരു വിഷുവിന്റെ അന്നാണ് ഞങ്ങളുടെ വീട്ടിലെ തലമുതിർന്ന ഒരു കാരണവർ മരണപ്പെട്ടത്. അന്ന് തൊട്ട് പല വർഷങ്ങളിലും വിഷു അടുക്കുന്പോഴോ, അതിന് അടുത്ത ദിവസങ്ങളിലോ ആരെങ്കിലും ഞങ്ങളെ വിട്ടുപോകുന്നത് യാദൃശ്ചികമായിരിക്കാം. എങ്കിലും അതു കൊണ്ടായിരിക്കാം മലയാളിയുടെ ഈ പ്രിയപ്പെട്ട ഉത്സവത്തിനോട് എന്റെ മനസിന് വലിയ മമത തോന്നാത്തത്. അന്ധവിശ്വാസമായിരിക്കാം ഇതെങ്കിലും ചില വിശ്വാസങ്ങൾ ചൊട്ട മുതൽ ചുടല വരെ എന്നാണല്ലോ.
ഇത്തവണ കേരളീയരും ഏകദേശം ഇതേ മാനസികാവസ്ഥയിലാണ് വിഷുവാഘോഷിക്കുന്നത്. വിഷുവിന് വേണ്ടി വാങ്ങി വെച്ച കന്പിത്തിരി പോലും പരവൂരിലെ ആ നശിച്ച പുലർച്ചെയിൽ കരിഞ്ഞില്ലാതായ മനുഷ്യശരീരങ്ങളെ ഓർമ്മപ്പെടുത്തുന്നു. അങ്ങിനെ നഷ്ടങ്ങൾക്കും ദുരന്തങ്ങൾക്കുമിടയിൽ മലയാളിക്ക് ഒരു വിഷുക്കാലമാണ് ഇത്തവണത്തേത്. മരണം മരവിപ്പിച്ച മനസ്സുകളിൽ പോലും ഒരു നിയോഗം പോലെ എല്ലാ വർഷവും പൂക്കുന്ന കണിക്കൊന്നകൾ ഇത്തവണ മിക്കവരുടെയും കണ്ണ് മഞ്ഞളിപ്പിക്കുന്നില്ല. കൈനീട്ടം വാങ്ങാനും നൽകാനുമുള്ള ഉത്സാഹത്തിന് പോലും മങ്ങലേറ്റിരിക്കുന്നു. വിധിയുടെ ക്രൂരതയ്ക്ക് മുന്പിൽ നിസ്സഹായതയോടെ നമ്മുടെ മനസ്സ് ഇങ്ങിനെ പിടയുന്നുണ്ടെങ്കിലും ഇനിയൊരു ദുരന്തമുണ്ടാകല്ലേ എന്ന പ്രാർത്ഥന മാത്രം നമുക്കിവിടെ ബാക്കി െവക്കാം. ആ നല്ല സ്വപ്നങ്ങളുടെ കണിയായി മാറട്ടെ ഇത്തവണത്തെ വിഷു പുലരി.
ഓരോ ഉത്സവങ്ങളും നമ്മെ തേടി വരുന്പോൾ ചുറ്റിലും നന്മ വിരിയട്ടെ എന്ന ആഗ്രഹം മാത്രമാണ് മനസിൽ ഉയരുന്നത്. ആഘോഷങ്ങൾ ഒരു വശത്തേയ്ക്ക് മാത്രമായി ഒതുങ്ങരുതെന്ന ചിന്ത മാത്രം. ഏവർക്കും പരസ്പരം അറിയാനുള്ള സ്വപ്നങ്ങളും ചിന്തകളും പങ്ക് വെക്കാനുള്ള വേദികളായി വിഷു പോലെയുള്ള ഓരോ ആഘോഷങ്ങളും മാറണം. ഇത് പറയാൻ കാരണം കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണ നാളുകളിൽ വീഡിയോയിലൂടെ ഞാൻ കേട്ട ഒരു പ്രസംഗമാണ്. ഒരു മതപുരോഹിതൻ അദ്ദേഹത്തിന്റെ മുന്പിൽ കൂടിനിന്ന അനുയായികളോട് ഓണ സദ്യ കഴിക്കരുതെന്ന് വിളിച്ചു പറയുന്നതായിരുന്നു ആ വീഡിയോ ദൃശ്യത്തിൽ ഉണ്ടായിരുന്നത്. പൂജയ്ക്ക് നിവേദിച്ച ഭക്ഷണ സാധനങ്ങളാണ് ഇതെന്നും കഴിച്ചാൽ നരകത്തിൽ പോകുമെന്നുമൊക്കെയായിരുന്നു ആ ദേഹം പ്രസംഗിച്ചത്. സത്യത്തിൽ പുച്ഛമല്ല മറിച്ച് സഹതാപമായിരുന്നു അദ്ദേഹത്തോട് തോന്നിയത്. ഈ ദൃശ്യം എന്നെ കാണിച്ച് തന്ന അതേ മതവിശ്വാസിയായ സുഹൃത്ത് പ്രസംഗത്തിനൊടുവിൽ പുരോഹിതനോട് ഒരു ചോദ്യം ചോദിച്ചുവത്രെ. മൂന്ന് ദിവസം പട്ടിണിക്കിട്ടതിന് ശേഷം ഓണ സദ്യ മുന്പിൽ വെച്ചാൽ താങ്കൾ കഴിക്കുമോ എന്നായിരുന്നു ആ ചോദ്യം. ചോദ്യത്തിൽ തന്റെ അതൃപ്തി പ്രകടിപ്പിച്ച് താനൊക്കെ നരകത്തിൽ പോകുമെന്ന് രോഷാകുലനായി ഉറക്കെ വിളിച്ചു പറയാനായിരുന്നുവത്രെ പുരോഹിതൻ ശ്രമിച്ചത്.
എത്ര മാത്രം നീചമാണ് ഇത്തരത്തിലുള്ള ചിന്തകൾ. കഴിക്കുന്ന ഭക്ഷണത്തിൽ പോലും സ്വർഗവും നരകവും കൊണ്ടുവരാൻ ശ്രമിക്കുന്ന ഇത്തരം സാമൂഹ്യദ്രോഹികളെയാണ് ആഘോഷ അവസരങ്ങളിൽ നല്ല മനുഷ്യർ മാറ്റിനിർത്തുകയോ, തിരിച്ചറിയുകയോ വേണ്ടത്. മനുഷ്യൻ എന്നാൽ ഒന്നാണെന്ന് മനസിലാക്കാൻ സാധിക്കാത്ത ഇത്തരം ആളുകളുടെ പുറകിലാണ് ഈ വിഷുകാലത്ത് ഓലപ്പടക്കവും മാലപ്പടക്കവും കത്തിച്ച് ആകാശത്തേയ്ക്ക് കത്തിച്ച് വിടേണ്ടത്. അങ്ങിനെയെങ്കിലും ഈ ഭൂമിയിൽ കുറച്ച് സമാധാനം കടന്ന് വരട്ടെ.
ആദ്യം സൂചിപ്പിച്ചത് പോലെ വലിയ വേദനകൾ ഈ വിഷുകാലം നമുക്ക് സമ്മാനിക്കുന്പോഴും പതിവ് പോലെ ആശംസകൾ മറക്കുന്നില്ല. കാരണം നല്ല പ്രതീക്ഷകൾ ആണല്ലോ നമ്മുടെ ജീവിതത്തെ മുന്പോട്ട് നയിക്കുന്നത്. അതു കൊണ്ട് തന്നെ എല്ലാ പ്രിയപ്പെട്ടവർക്കും വിഷ് യു എ ഹാപ്പി വിഷു...