പൊ­ട്ടി­ചി­തറേ­ണ്ട ആചാ­രങ്ങൾ...


കഴിഞ്ഞ ദിവസം മനുഷ്യന്റെ സ്വാർത്ഥമായ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി ബലിയാടാകേണ്ടി വരുന്ന നമ്മുടെ നാട്ടിലെ പാവം ആനകളെ പറ്റിയായിരുന്നു തോന്ന്യാക്ഷരത്തിൽ എഴുതിയിരുന്നത്. ഇന്ന് ദൗർഭാഗ്യവശാൽ അതിന്റെ ബാക്കിപത്രമെന്ന നിലയിൽ എഴുതേണ്ടി വരുന്നത് ഉത്സവാഭാസങ്ങളുടെ പേരിൽ ആകാശത്തേയ്ക്ക് വെറുതെ പൊട്ടിച്ചുകളയുന്ന വെടിക്കോപ്പുകളെ പറ്റിയാണ്. കാരണം ഇന്നത്തെ പ്രഭാതം നമ്മെ ഞെട്ടിയെഴുന്നേൽപ്പിച്ചത് പറവരൂരിലുണ്ടായ ഒരു വെട്ടിക്കെട്ടിന്റെ ഭീകര ശബ്ദത്തോടെയാണല്ലോ. നൂറിലധികം ജീവനുകൾ, മൂന്നൂറിലധികം പേർക്ക് പരിക്കുകൾ. ഇനിയും പഠിക്കാറായില്ലേ നമ്മൾ മലയാളികൾക്ക്? ഇനിയും എത്ര പേരെയാണ് തിരിച്ചറിവിനായി കുരുതി കൊടുക്കേണ്ടത്?

ഒരു നാടിന്റെ കൂട്ടായ്മയും അതിന്റെ സന്തോഷവും പങ്ക് വെക്കേണ്ട ഉത്സവ വേദികൾ കണ്ണീരിന്റെയും വേദനയുടെയും കൂത്തരങ്ങായി മാറുന്പോൾ മനുഷ്യത്വരഹിതമായ ആചാരങ്ങളെ വിശ്വാസവുമായി കൂട്ടികലർത്തേണ്ട യാതൊരു കാര്യവുമില്ല.  കേവലം ഒന്നോ രണ്ടോ ജീവന് മാത്രം ഭീഷണിയാകുന്നതല്ല ഇത്തരം കോപ്രായങ്ങൾ. ഉത്സവം കാണാനെത്തുന്ന ഒരു ജനസമൂഹത്തിനെയാകെ ബാധിക്കുന്ന തരത്തിൽ ഇത്തരം ആഘോഷപരിപാടികൾ മാറുന്പോൾ അതിനെ നിരോധിക്കാനുള്ള ആർജ്ജവമാണ് ഇനിയെങ്കിലും അധികാരികൾ കാണിക്കേണ്ടത്. 

ഇതിനിടെ പശ്ചിമബംഗാളിൽ പാലം തകർന്ന് നിരവധി പേർ മരണപ്പെട്ടു. അന്വേഷണത്തിനൊടുവിൽ പാലം പണിയിൽ ഉണ്ടായ കൈക്കൂലിയും അഴിമതിയുമാണ് അവിടെ വ്യക്തമാക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ആയത് കൊണ്ടായിരിക്കാം ബംഗാളിൽ ഈ പാലം പണിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായി. കേരളത്തിലും തിരഞ്ഞെടുപ്പ് വരാൻ പോകുന്നു. വെടിക്കെട്ടും, ആനയെഴുന്നെളിപ്പും എന്ത് കൊണ്ട് ഇത്തവണ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വിഷയമായിക്കൂടാ. എന്തിനും ഏതിനും മത−സാമുദായിക അദ്ധ്യക്ഷന്‍മാരെ ചെന്നു കാണുന്ന രാഷ്ട്രീയക്കാർക്ക് ഇത്തരത്തിലുള്ള  അപരിഷ്കൃതാഘോഷങ്ങൾ അവസാനിപ്പിക്കണം എന്നു അവരോട് ആവശ്യപ്പെടാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഇത്തരം പ്രകടനങ്ങൾ തങ്ങൾ അധികാരത്തിൽ വന്നാൽ നിരോധിക്കുമെന്ന് ആർജ്ജവത്തോടെ പറയാൻ നട്ടെല്ല് ഉള്ള ഒരാളെയും നമുക്ക് കാണാൻ സാധിക്കുന്നില്ലല്ലോ. അതിന് പകരം ദുരന്ത വാർത്തകൾ വരുന്പോൾ ഞെട്ടി പോയെന്ന് ട്വിറ്ററിലും ഫേസ്ബുക്കിലുമെഴുതി മുതലകണ്ണീരൊഴുക്കുന്ന രാഷ്ട്രീയ ഹിജഡകളെ കാണുന്പോൾ അറപ്പും വെറുപ്പുമാണ് സാമാന്യ ജനതയ്ക്ക് ഉണ്ടാകുന്നത്. ഇത്തരം ദുരന്തഭൂമികളിൽ ഓടിയെത്തി കക്ഷിഭേദമന്യേ അവർ അഭിനയിച്ച് തകർക്കുന്പോൾ മരണപ്പെട്ടവരെ പറ്റി ഓർത്ത് നമ്മുക്ക് ലജ്ജിക്കാം. 

ഇവർക്കൊക്കെ മാനസാന്തരപ്പെടാനുള്ളള അവസരം അടുത്ത ആഴ്ച്ച വരുന്നുണ്ട്. കേരളത്തിന്റെ അഭിമാന ഉത്സവമെന്ന് വാഴ്ത്തപ്പെടുന്ന തൃശ്ശൂർ പൂരമാണ് അരങ്ങേറാൻ പോകുന്നത്. ഇന്നത്തെ ദാരുണമായ അപകടത്തിനെ തുടർന്ന് മുതലകണ്ണീരൊഴുക്കുന്ന ഈ നേതാക്കാൻമാർക്ക് പറ്റുമെങ്കിൽ തേക്കിൻകാട് മൈദാനിയിൽ നിന്ന് ഇത്തവണ ആനയെയും വെടിക്കെട്ടിനെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനുള്ള  ധൈര്യം കാണിക്കാമോ. ഏറ്റവും കുറഞ്ഞത് തങ്ങൾ അധികാരത്തിൽ എത്തിയാൽ ഇതിനൊരു തീരുമാനമെടുക്കാം എന്ന് വാഗ്ധാനമെങ്കിലും ഇവർക്ക് നൽകാൻ സാധിക്കുമോ. അങ്ങിനെയൊക്കെ ചെയ്തിട്ട് പോരെ  ഈ ഗീർവാണ ആദരാഞ്ജലികൾ?  

ഇന്നുണ്ടായ ദുരന്തം മലയാള നാട്ടിലെ എല്ലാ മനുഷ്യരുടെയും തലയിലും ചിന്തകളിലും മാലപടക്കം പോലെ പൊട്ടിചിതറേണ്ടതുണ്ട്. അല്ലെങ്കിൽ ഏതൊരു അപകടം പോലെ ഒന്നോ രണ്ടോ വർഷത്തെ വാർഷികാചരണങ്ങളിൽ ഒതുങ്ങി ഇതും മറവിയുടെ ആഴങ്ങളിലേയ്ക്ക് ആഞ്ഞുപതിക്കും. അതു കൊണ്ട് ആകാശത്തേയ്ക്ക് പൊട്ടിച്ചെറിയുന്ന ഈ വെടിപടക്കങ്ങൾക്ക് ചിലവഴിക്കുന്ന പണം മനുഷ്യന്റെ നന്മയ്ക്ക്, ഏറ്റവും കുറഞ്ഞത് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്തവന്റെ  അരവയറെങ്കിലും നിറയ്ക്കാൻ ബാക്കിവെച്ചാൽ അതായിരിക്കും ഏതൊരു ഈശ്വരന്റെയും മനസ് നിറയ്ക്കുക, തീർച്ച !

You might also like

Most Viewed