എന്തിനാണീ ദ്രോഹം...


നല്ല സുഖമുള്ള കാലവസ്ഥയാണ് ഇപ്പോൾ ബഹ്റിനിൽ. ഇടയ്ക്ക് നാട്ടിലേത് പോലെ മഴ ചാറുന്നു. ഇടയ്ക്ക് മാനം തെളിയുന്പോൾ പതിയെ വീശുന്ന ശീതകാറ്റ്. അതേ സമയം കേരളത്തിൽ ഇപ്പോൾ നല്ല ചൂടാണ്. തെരഞ്ഞെടുപ്പ് ചൂടും കൂടിയാകുന്പോൾ ഇവിടെ ആളുകൾ വിയർത്തുകുളിക്കുന്നു. പുലർച്ച കൊച്ചിയിലെ എമിഗ്രേഷനിലെ നീണ്ട ക്യൂവിൽ നിൽക്കുന്പോൾ മുന്പിലുള്ളവർക്കും പിന്നിലുള്ളവർക്കും ഇത് തന്നെയായിരുന്നു വിഷയം. നാട്ടിലെ അസഹ്യമായ ചൂടിനെ എങ്ങിനെ നേരിടും എന്നതായിരുന്നു അവരുടെയും പ്രശ്നം. ഞാൻ അപ്പോൾ ആലോചിച്ചത് മനുഷ്യരെ പറ്റിയായിരുന്നില്ല. മൃഗങ്ങളെ പറ്റിയായിരുന്നു. നമ്മൾ മനുഷ്യർക്ക് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങിനെയെങ്കിലും ഈ ചൂടിനെ നേരിടാം. അതേസമയം മിണ്ടാപ്രാണികളായ മൃഗങ്ങൾ എന്ത് ചെയ്യും.

വീട്ടിലേയ്ക്കുള്ള യാത്രയിൽ വാഹനത്തിലുണ്ടായിരുന്ന പത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചു. പ്രധാന വാർത്ത തടി പിടിക്കുന്നതിനിടയിൽ ഇടഞ്ഞ കൊന്പനാന രണ്ട് പാപ്പാൻമാരെ കുത്തികൊന്നതായിരുന്നു. സ്വാഭാവികമായും വേദനയുണ്ടാക്കിയ ഒരു വാർത്ത. ഈയിടെയായി നമ്മുടെ നാട്ടിൽ ആന ഇടയുന്നതും, അതുമായി ബന്ധപ്പെട്ട് ആളുകൾ മരിക്കുന്നതും സാധാരണ വാർത്തയായി മാറി കഴിഞ്ഞിട്ടുണ്ട്. ആന എന്ന കരയിലെ ഏറ്റവും വലിയ ജീവി ഒരു കാട്ടുമൃഗമാണെന്ന് പലപ്പോഴും ആനപ്രേമികൾ മറക്കുന്നു എന്നതാണ് സത്യം. അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും ജീവിതരീതികളിൽ നിന്നും ഏറെ മാറിയാണ് നാട്ടിൽ കഴിയുന്നതെന്നും നമ്മൾ ഓർക്കുന്നില്ല. 

ഇത് ചൂടുകാലം കൂടിയാണ്. ആനയുടെ ശരീരത്തിന്റെ താപനില 35.9 ഡിഗ്രീ സെൽഷ്യസാണെന്ന് വിദഗ്ദ്ധർ പറയുന്നു. ചൂട് കൂടും തോറും ശാരീരികമായും മാനസികമായുമുള്ള അസ്വസ്ഥതകൾ ഏതൊരു ജീവിയെ പോലെ ആനയ്ക്കും ഉണ്ടാകും. ഈ ഒരു കാര്യം വളരെ ഗൗരവപരമായി നമ്മുടെ നാട്ടിലെ മൃഗസ്നേഹികൾ കണക്കിലെടുക്കേണ്ടതുണ്ട്. വേനൽ കാലത്ത് ഉത്സവങ്ങൾ നമ്മുടെ നാട്ടിൽ പലയിടത്തും അരങ്ങേറാറുണ്ട്. കത്തിച്ച് വെയ്ക്കുന്ന പന്തങ്ങളുടെ ഇടയിൽ അവയുടെ ചൂടേറ്റും, കാലവസ്ഥ സമ്മാനിക്കുന്ന അമിതമായ ചൂടിലും പെട്ട് ഈ മിണ്ടാപ്രാണികൾ സഹിക്കുന്ന വേദന ആനപ്രേമികൾ മനസ്സിലാക്കണം. 

ഗൾഫ് നാടുകളിൽ വേനൽക്കാലത്ത് ചൂട് വളരെയധികമായാൽ പലപ്പോഴും കഠിനമായ ജോലികൾ കുറച്ച് നേരത്തേയ്ക്ക് നിർത്തിവെയ്ക്കുന്ന പതിവുണ്ട്. അത്തരമൊരു തീരുമാനം ആനകളെ പോലെ കെട്ടിയെഴുന്നെള്ളിക്കുന്ന മൃഗങ്ങളുടെ കാര്യത്തിലും വേണം. കാലവസ്ഥയ്ക്കനുസരിച്ച് വേണം അവയെ പുറത്തേയ്ക്ക് കൊണ്ടുവരാനും, ജോലിയെടുപ്പിക്കാനും. ആനകളെ സംരക്ഷിക്കാൻ വേണ്ടി കേരളത്തിലെ മൃഗക്ഷേമ സംഘടന ഇത്തരത്തിലുള്ള ചില നിബന്ധനകളൊക്കെ നിഷ്കർഷിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചൂടുകാലങ്ങളിൽ ആനകളെ നടത്തുവാനോ പ്രദർശിപ്പിക്കാനോ പാടില്ല എന്നത്. പക്ഷെ ഇത് അധികമാരും പാലിക്കാറില്ല. എഴുന്നെളിക്കുന്ന ആനകളുടെ അടുത്ത് ടാങ്കർ ലോറികളും, വെ
ള്ളവും ഉണ്ടാകണമെന്നും, ഇവ നടക്കുന്ന റോഡുകൾ നനയ്ക്കണമെന്നും. ചാക്ക് നനച്ച് വേണം ആനകളെ അതിൽ നിർത്താനെന്നും, ആരവങ്ങൾ ഒഴിവാക്കണമെന്നുമൊക്കെ മൃഗക്ഷേമ സംഘടന ആവശ്യപ്പെടുന്നുണ്ട്. പതിവ് പോലെ ആര് കേൾക്കാ
ൻ എന്ന പല്ലവി മാത്രം ഇവിടെയും ബാക്കിയാകുന്നു.

അറിവും വിവരവുമുള്ള സമൂഹത്തിൽ ആനകളെ പോലെയുള്ള മൃഗങ്ങളെ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിക്കുന്നത് ശരിയാണോ എന്ന ചർച്ച പല കോണിൽ നിന്നും കാലകാലങ്ങളിൽ ഉയർന്ന് കേൾക്കാറുണ്ടെങ്കിലും അതിനൊന്നും ഒരു തീരുമാനമെടുക്കാൻ നമുക്ക് സാധിക്കുന്നില്ല. ജെസിബി പോലെയുള്ള വലിയ യന്ത്രങ്ങൾ ലഭിക്കുന്ന ഈ കാലത്ത് ആന തന്നെ വേണോ തടി വലിക്കാൻ എന്ന ചോദ്യവും ഇവിടെ ബാക്കിയാകുന്നു. തങ്ങളുടെ വലിയ ശരീരത്തിൽ മുറം പോലെയുള്ള ചെവികൾ വീശി സ്വയം തണുപ്പിക്കാൻ കഷ്ടപ്പെടുന്ന ഈ പാവങ്ങളുടെ കണ്ണുകളിൽ വേദനയുടെ ഒരിത്തിരി ലാഞ്ചനയെങ്കിലും കാണുവാൻ ഇനിയെങ്കിലും നമുക്ക് കഴിഞ്ഞെങ്കിൽ!!

 

You might also like

Most Viewed