മഞ്ഞുമലയ്ക്കപ്പുറത്തേയ്ക്ക്


പണം നല്ലതാണ്. കള്ളപ്പണം അതിലും നല്ലതാണ്. ഇത് പനാമയിലെ മൊസാക് ഫൊനെസ്ക എന്ന സ്ഥാപനത്തിന്റെ സൂക്തവാക്യം. പനാമ രേഖകളുടെ വെളിപ്പെടുത്തൽ‍ വലിയൊരു കുറ്റകൃത്യവും രാജ്യത്തിന് നേരെയുള്ള ആക്രമണവും ആണെന്ന് ഈ നിയമസ്ഥാപനം പറയുന്നു. കന്പനികളെ നിക്ഷേപത്തിനായി ആകർ‍ഷിക്കുന്നതിൽ‍ തങ്ങൾ‍ കാണിക്കുന്ന മത്സരക്ഷമത ചില രാജ്യങ്ങൾ‍ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നാണ് സ്ഥാപനത്തിന്റെ സ്ഥാപകരിലൊരാളായ റമോൻ‍ ഫൊനെസ്ക പറയുന്നത്. സ്വകാര്യത ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്നും എന്നാൽ‍ ആധുനിക ലോകത്ത് അത് കൂടുതൽ‍ കൂടുതലായി ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർ‍ക്കുന്നു. 

അമ്മയെ തല്ലിയാൽ‍ പോലും രണ്ടുണ്ട് ന്യായമെന്ന് നമ്മൾ‍ പറയാറുണ്ട്. അത്തരമൊരു പരാമർ‍ശമായി മുകളിലെ വാചകങ്ങളെയും നമുക്ക് കാണാം. 

വിദേശ സാന്പത്തിക സേവനങ്ങൾ‍ നൽ‍കുന്ന ലോകത്തെ നാലാമത്തെ വലിയ സ്ഥാപനമാണ് മൊസാക് ഫൊനെസ്ക. ബ്രിട്ടീഷ് വിർ‍ജിൻ ഐലന്റ്സ് പോലുള്ള വിദേശ രാജ്യങ്ങളിൽ‍ കന്പനികൾ‍ സ്ഥാപിക്കാൻ‍ സഹായിക്കുക പോലുള്ള സേവനങ്ങളാണ് അവർ‍ നൽ‍കുന്നത്. ഇങ്ങനെ സ്ഥാപിക്കുന്ന കന്പനികളുടെ നടത്തിപ്പ് ഒരു വർ‍ഷം അവർ‍ സൗജന്യമായി ചെയ്തുകൊടുക്കുന്നു. സന്പത്ത് കൈകാര്യമാണ് മറ്റൊരു സേവനം. ഏതാണ്ട് 3,00,000 കന്പനികൾ‍ക്കായി അവർ‍ ഇത്തരത്തിൽ‍ പ്രവർ‍ത്തിച്ചിട്ടുണ്ട്. പനാമയിലാണ് ഈ സ്ഥാപനമെങ്കിലും ഇതിന്റെ പ്രവർ‍ത്തനം ആഗോളതലത്തിലാണ്. അവരുടെ വെബ്സൈറ്റ് പ്രകാരം 42 രാജ്യങ്ങളിലായി 600 പേർ‍ ജോലി ചെയ്യുന്ന ഒരു ആഗോള ശൃംഖല അവർ‍ക്കുണ്ട്. അവരുടെ പേർ ഉപയോഗിച്ച് ഇത്തരം സേവനങ്ങൾ‍ നടത്താവുന്ന സ്ഥാപനങ്ങളും ലോകത്ത് പല ഭാഗത്തുമുണ്ട്. 

നിയമപ്രകാരം ഇത്തരം സ്ഥാപനങ്ങളെ വിലക്കാനോ, ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ‍ നടത്താനോ യാതൊരു തടസവുമില്ല എന്നതാണ് സത്യം. പക്ഷെ അഴിമതികളെ തുറന്നെതിർ‍ക്കുന്നവരുടെ പേർ പോലും ഇത്തരം നിക്ഷേപങ്ങളുടെ ഭാഗമായി കേൾ‍ക്കുന്പോൾ‍ അവരുടെ വിശ്വസനീയതയ്ക്ക് ഉണ്ടാകുന്ന കളങ്കമാണ് ഇന്ന് ലോകം ചർ‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയം. ഒരു ജീവിത കാലഘട്ടത്തിൽ‍ ഓരോരുത്തരും ഉണ്ടാക്കുന്ന സന്പത്ത് അവർ‍ ജീവിക്കുന്നയിടത്തെ നിയമങ്ങളെ മറികടന്നു കൊണ്ട് മറ്റൊരിടത്തേയ്ക്ക് മാറ്റി വെയ്ക്കുന്നത് തങ്ങളുടെ സ്വന്തം നാട്ടിൽ‍ അതിന് കൂടുതൽ‍ നികുതി കൊടുക്കേണ്ടി വരുന്നത് കൊണ്ടോ, തങ്ങളുടെ സന്പാദ്യത്തിന് വേണ്ടത്ര സുരക്ഷ ഇല്ലാത്തത് കൊണ്ടോ ആയിരിക്കാം. ഇന്ന് ലോകത്ത് പലയിടത്തും കള്ളപ്പണം കടത്തലുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകൾ‍ വർ‍ദ്ധിച്ചു വരികയാണ്. ഇതിന്റെ പ്രധാന കാരണം ഇതിൽ‍ വലിയൊരു തുക തീവ്രവാദവും, ഭീകരപ്രവർ‍ത്തനങ്ങൾ‍ക്കുമായി വിനയോഗിക്കപ്പെടുന്നു എന്നതാണ്. ഇന്ത്യയും, ഗൾ‍ഫ് രാജ്യങ്ങളുമുൾ‍പ്പടെ മിക്ക രാജ്യങ്ങളും ഇതിനെതിരെ കർ‍ശനമായ നടപടികൾ‍ കൈക്കൊള്ളുന്നുണ്ടെങ്കിലും പലപ്പോഴും മഞ്ഞുമലയുടെ തുന്പിൽ‍ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണങ്ങൾ‍ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ യഥാർ‍ത്ഥ മുഖങ്ങൾ‍ പുറത്ത് വരാറുമില്ല. ആ ഒരു അവസ്ഥയാണ് കഴിഞ്ഞ ദിവസം മാറിയത്. രാഷ്ട്ര നായകർ‍ മുതൽ‍ ആരാധനാ കഥാപാത്രങ്ങൾ‍ വരെ ഇങ്ങിനെ സന്പാദിക്കുന്നവരാണെന്ന് പുറത്ത് വന്ന റിപ്പോർ‍ട്ടുകൾ‍ സൂചിപ്പിക്കുന്നു. ഐസ്്ലന്റ് എന്ന രാജ്യത്തെ പ്രധാനമന്ത്രിക്ക് ഈ റിപ്പോർ‍ട്ടിനെ തുടർ‍ന്ന് സ്ഥാന നഷ്ടം പോലും സംഭവിച്ചിരിക്കുന്നു. ഇനിയും എത്രയോ പേർ‍ക്ക് സമാനമായ അനുഭവമുണ്ടാകുമെന്നും പറഞ്ഞ് കേൾ‍ക്കുന്നു. 

ഇതൊക്കെ കാണുന്പോൾ‍ നമ്മുടെ കൊച്ചു കേരളത്തിലെ രാഷ്ട്രീയ നായകരെ പറ്റിയാണ് ഓർ‍ത്തുപോകുന്നത്. ധാർ‍മ്മികതയുടെ പേരിൽ‍ ഇങ്ങിനെ സ്ഥാനത്യാഗമൊക്കെ നടത്തി തുടങ്ങിയാൽ‍ എല്ലാ ദിവസവും ഇവർ‍ക്ക് അത് തന്നെയായിരിക്കില്ലേ ജോലി... എന്താ ല്ലേ...

You might also like

Most Viewed