നമ്മളെ കൊണ്ട് ഇതൊക്കെയല്ലെ പറ്റൂ...


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ചക്കുളത്തിപോരാട്ടം അവസാനവട്ട ചർ‍ച്ചകളിലേയ്ക്ക് കടന്നിരിക്കുന്നു. മുന്പ് പലതവണ എഴുതിയത് പോലെ നമ്മുടെ നാട്ടിലെ രാഷ്ട്രീയ കണ്ടാമൃഗങ്ങൾ‍ അവരുടെ തനിനിറം വ്യക്തമാക്കുന്ന സമയമാണിത്. ഒരു സീറ്റിന് വേണ്ടി എന്തും ചെയ്യാൻ‍ കഷ്ടപ്പെടുന്ന ഈ ഒരു വർ‍ഗത്തെ കാണുന്പോൾ‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി നേരിടുന്ന ദുരവസ്ഥയെ ഓർ‍ത്ത് വേവലാതിപ്പെടാനെ എനിക്കും നിങ്ങൾ‍ക്കും സാധിക്കൂ. മൂന്നും നാലും പതിറ്റാണ്ടുകളായി രാജ്യം ഭരിക്കുന്നവർ‍ ആ അധികാരം നിലനിർ‍ത്താൻ‍ ആവത് ശ്രമിക്കുന്പോൾ‍ ചക്കരകുടത്തിൽ‍ കൈയിട്ടവന്റെ അവസ്ഥ തന്നെയാണ് ഓർ‍മ്മ വരിക. അധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നത് മാത്രമല്ല മറിച്ച് നാണം കെട്ടവരായി മാറ്റുമെന്നും ഈ ദിവസങ്ങൾ‍ നമ്മെ ഓർ‍മ്മിപ്പിക്കുന്നു. 

ഈ കഴിഞ്ഞ ദിവസങ്ങളിൽ‍ മാത്രം എത്ര തവണയാണ് നമ്മുടെ ബഹുമാന്യരായ നേതാക്കൾ‍ ആർ‍ത്തിപണ്ടാരങ്ങളെ പോലെ തിരുവനന്തപുരത്ത് നിന്ന് ഡൽ‍ഹിയിലേയ്ക്ക് വിമാന യാത്ര നടത്തിയത്. ഇതിനൊക്കെ ഇവർ‍ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത്. ഇവർ‍ ആരും ഓട്ടോറിക്ഷകളിൽ‍ സഞ്ചരിക്കുന്നവരോ, സൈക്കിൾ‍ ചവിട്ടി വരുന്നവരോ ആയിട്ട് നമ്മൾ‍ ദൃശ്യങ്ങളിൽ‍ കാണുന്നില്ല. എല്ലാവരും അത്യാവശ്യം നല്ല‍ ആർ‍ഭാടത്തോടെ തന്നെ ജീവിക്കുന്നവരാണ്. ഇതിനർ‍ത്ഥം ആദർശത്തിന്റെ പരിവേഷവുമായി മുന്പോട്ട് നീങ്ങുന്ന ഓരോ നേതാക്കാന്‍മാരും ഓരോ സ്പോൺ‍സേർ‍ഡ് പ്രസ്ഥാനങ്ങൾ‍ തന്നെയാണ് എന്നാണ്. ഇതൊക്കെ എല്ലാവർ‍ക്കുമറിയാമെങ്കിലും പിന്നെയും പിന്നെയും നമ്മുടെ വിലയേറിയ വോട്ടുകൾ‍ രേഖപ്പെടുത്തി ഇവരെ സപ്രമഞ്ചലിൽ‍ കയറ്റി വെക്കുന്നു. കേരളത്തിൽ‍ നിലവിലുള്ള മൂന്ന് മുന്നണികളിൽ‍ ഏതിനെങ്കിലും വോട്ട് ചെയ്യേണ്ട ഗതികേടിലാണ് ജനം. മൂന്ന് പേർ‍ക്കും വ്യക്തമായ പ്രശ്നങ്ങളും കുറവുകളും ഉണ്ട്. പ്രശ്നരഹിത മുന്നണി എന്നൊന്ന് നമ്മുടെ ഇടയിൽ‍ ഇല്ല. അത് കൊണ്ട് തന്നെ തമ്മിൽ‍ ഭേദം എന്ന രീതിയിൽ‍  വേണം പാവം ജനം ഇവരിൽ‍ ആരെയെങ്കിലും തിരഞ്ഞെടുക്കാൻ‍. 

ഇന്നോ നാളെയോ കൊണ്ട് കേരളത്തിലെ സ്ഥാനാർ‍ത്ഥികളുടെ കാര്യത്തിൽ‍ ഒരു തീരുമാനമായി കഴിഞ്ഞാൽ‍ ഇനി സജീവമാകുന്നത് ജാതിമത സംഘടനകളായിരിക്കും. സമദൂരം വേണോ, അതോ ഒരു തോണിയിൽ‍ നിൽ‍ക്കണോ, അതോ കണ്ണുംപൂട്ടി എതിർ‍ക്കണോ എന്നൊക്കെയുള്ള ചർ‍ച്ചകൾ‍ ഇപ്പോൾ‍ തന്നെ അണിയറയിൽ‍ തുടങ്ങികഴിഞ്ഞിട്ടുണ്ടാകും. അവരുടെ നേതാക്കന്‍മാർ‍ നടത്തുന്ന വിലപേശൽ‍ ആണ് ഇനിയുള്ള ദിവസങ്ങളിൽ‍ കാണാൻ‍ സാധിക്കുക. ഇതിനൊക്കെ ഇടയിൽ‍ ഏറ്റവും സാധാരണക്കാരനായ ജനം വെറുതെ തരിച്ച് നിൽ‍ക്കുകയാണ്. ടിവിയിൽ‍ വരുന്ന പൊളിറ്റിക്കൽ‍ സറ്റയറുകൾ‍ കണ്ട്, രാഷ്ട്രീയക്കാരുടെ കോമാളിത്തരങ്ങൾ‍ കണ്ട്, അവരെ പറ്റിയുള്ള തമാശകൾ‍ വായിച്ച്, അങ്ങിനെ ഒരു വല്ലാത്ത നിൽ‍പ്പ്. അതിനിടിയൽ‍ ഇടയ്ക്ക് ഒക്കെ ഒന്ന് ഞെട്ടും, പരിപ്പിന് വില കൂടുന്പോൾ, പെട്രോളിന് വില കൂടുന്പോൾ‍, ക്രിമിനലുകളുടെ തേർ‍വാഴ്ച്ച കൂടുന്പോൾ‍, ട്വന്റി ട്വന്റിയിൽ‍ ഇന്ത്യൻ‍ ടീം തോൽ‍ക്കുന്പോൾ‍... എന്ത് ചെയ്യാം പാവം ജനമായി പോയില്ലെ... നമ്മളെ കൊണ്ട് ഇതൊക്കെയല്ലെ പറ്റൂ... 

 

വാൽക്കഷ്ണം (വാട്സാപ്പ് മെസേജ്)

ഇലക്ഷൻ‍ സമയമാണ്.. നമ്മുടെ നാട്ടിൽ‍ നിന്നും ഗംഭീരമായി വിജയിച്ച് പോകുന്ന പ്രിയങ്കരനായ എം.എൽ.എ വോട്ടു ചോദിച്ചു കവലയിലെത്തിയപ്പോൾ‍ ഒരു ചാനൽ‍ ടീം അദ്ദേഹത്തെ വളഞ്ഞു... അവർ‍ ചോദിച്ചു... നേതാവ് ഉത്തരം പറഞ്ഞു...

നേതാവ്:− അതെ ഇതാണ് തക്ക സമയം. അല്ലേ?

ജനം:− നിങ്ങൾ‍ ഖജനാവ് കൊള്ളയടിക്കുമോ?

നേതാവ്:− ഒരിക്കലുമില്ല.

ജനം:− ഞങ്ങൾ‍ക്ക് വേണ്ടി പരമാവധി പ്രവർ‍ത്തിക്കുമോ?

നേതാവ്:− തീർ‍ച്ചയായും... ധാരാളം.

ജനം:− വിലക്കയറ്റമുണ്ടാക്കുമോ ?

നേതാവ്:− അതെപ്പറ്റി ചിന്തിക്കുകയേ വേണ്ട.

ജനം:− ഞങ്ങൾ‍ക്ക് തൊഴിൽ‍ ലഭ്യമാക്കാൻ‍ ശ്രമിക്കില്ലെ?

നേതാവ്:− പറയാനുണ്ടോ? തീർ‍ച്ചയായും ശ്രമിക്കും.

ജനം:− അഴിമതി നടത്തുമോ?

നേതാവ്:− എന്ത് ഭ്രാന്താണ് പറയുന്നത്? ഒരിക്കലുമില്ല.

ജനം:− താങ്കളെ ഞങ്ങൾ‍ക്ക് വിശ്വസിക്കാമോ ?

നേതാവ്:− അതേ... യേസ്.

 

ഇലക്ഷൻ‍ കഴിഞ്ഞു.... നേതാവ് ജയിച്ചു പോയി. ഇനി താഴെനിന്നു മുകളിലേക്ക് ചോദ്യോത്തരം വായിച്ചു സംതൃപ്തിയടയുക..

 

You might also like

Most Viewed