മരണ സ്മരണകൾ
താനെന്താ ഉറങ്ങുകയാണോ... അൽ ഹംറ സിനിമയിൽ നിന്ന് പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയും കണ്ട് ഇറങ്ങുന്പോഴാണ് ഏഷ്യാനെറ്റിന്റെ പുളിയറകോണത്തുള്ള സ്റ്റുഡിയോവിൽ നിന്ന് ആ വിളി എന്നെ തേടി വന്നത്. വർഷം 2006, മാസം മാർച്ച്, തീയ്യതി 30. എന്താ ചേട്ടാ ഈ നേരത്ത്. ചോദിച്ചതും താനെന്ത് റിപ്പോർട്ടറാണെടോ.. എന്നായി മറുപടി. ബഹ്റിനിൽ ഒരു ബോട്ട് മറിഞ്ഞിരിക്കുന്നു. മലയാളികളുമുണ്ടെന്ന് കേൾക്കുന്നു. വേഗം പോയി അന്വേഷിക്കൂ...ഞങ്ങൾ കാത്തിരിക്കുന്നു.
ഇത്രയും കേട്ടത് മാത്രമേ അന്ന് ഓർമ്മയുണ്ടായിരുന്നുള്ളൂ. കൈയിലുള്ള ഹാൻഡി കാമറയുമായി അപ്പോൾ തന്നെ പുറത്തിറങ്ങി. ഇരയെ പിടിക്കാനിറങ്ങുന്ന വേട്ടക്കാരന്റെ മനസ്സായിരുന്നു ആ നേരത്ത്.
പത്രക്കാരായ സുഹൃത്തുക്കളെ പരസ്പരം വിവരമറിയിച്ചും, കിട്ടിയ വിവരങ്ങൾക്കനുസരിച്ചും ജുഫൈറിലെ കോർണിഷിലും, മിനാസൽമാനിലുമൊക്കെ അന്ന് രാത്രി പോയി വാർത്തകൾ ശേഖരിച്ചു.
രാജ്യത്തിന് തന്നെ അഭിമാനമായി ഉയർന്നു വരുന്നുണ്ടായിരുന്ന ബഹ്റിൻ വേൾഡ് ട്രേഡ് സെന്ററിന്റെ പ്രധാനപ്പെട്ട എഞ്ചിനീയർമാർ പതിനായരത്തോളം മണിക്കൂറുകൾ അപകടങ്ങളൊന്നുമില്ലാതെ ജോലി ചെയ്തതിന്റെ ആഘോഷം അൽ ദാന എന്ന പായ് കപ്പലിൽ സംഘടിപ്പിച്ചിരുന്നു. ആ കപ്പലാണ് ആഘോഷരാവിന്റെ അന്ന് ആഴക്കടലിൽ മറിഞ്ഞുപോയത്. ഇന്ത്യക്കാർക്കൊപ്പം ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, തായ്്വാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളടക്കം 58 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. 72ഓളം പേർക്ക് പരിക്കുകളും ഏറ്റു. അതിൽ ഭാര്യയും ഭർത്താവും ഉൾപ്പടെ ഇന്ത്യക്കാരായി മാത്രം 22 പേർ.
മരണപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നുള്ള പ്രതികരണങ്ങളോടൊപ്പം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളെ പറ്റിയും, ഇന്ത്യൻ അംബാസിഡർ ബാലകൃഷ്ണ ഷെട്ടി അടക്കമുള്ള പ്രമുഖരുടെ ഇടപെടലുകളുമൊക്കെ അപ്പപ്പോൾ അന്ന് ഏഷ്യാനെറ്റ് വഴി പുറംലോകത്തെ അറിയിക്കാനുള്ള ബദ്ധപ്പാടായിരുന്നു ആ മൂന്ന് ദിവസവും എനിക്ക് സമ്മാനിച്ചത്. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയുള്ള വാർത്താറിപ്പോർട്ടിങ്ങ്. ഇന്നത്തെ പോലെ സാങ്കേതിക വിദ്യകൾ അന്ന് വികസിച്ചിരുന്നില്ല. എഫ്.ടി.പി സർവർ വഴി ആയിരുന്നു അന്ന് ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ അയച്ചിരുന്നത്.
സൽമാനിയ മോർച്ചറിക്ക് ചുറ്റും അന്ന് ആർത്തലച്ച് പെയ്യുന്ന പേമാരി പോലെ കണ്ണീർചാലുകൾ പ്രവഹിച്ചപ്പോൾ എന്നിലെ മനുഷ്യന് പകരം അവിടെ സജീവമായത് ആ കണ്ണുനീരിനെ ക്യാമറയിലാക്കാൻ കൊതിച്ച വാർത്ത വേട്ടക്കാരൻ തന്നെയായിരുന്നു എന്ന കുറ്റസമ്മതം ഞാൻ ഇവിടെ നടത്തട്ടെ. മരണത്തിന്റെ ആ മഴപെയ്ത് കഴിഞ്ഞ് ഏറെ ദിവസങ്ങൾക്ക് ശേഷം എഡിറ്റിങ്ങ് ടേബിളിൽ ആ ദൃശ്യങ്ങൾ വീണ്ടും വെറുതെ കണ്ടുകൊണ്ടിരിക്കേയാണ് എന്നിലെ മനുഷ്യൻ സജീവമായതും, എന്നെ കരയിപ്പിച്ചതും. അതേ വർഷം തന്നെയായിരുന്നു 16 പേർ വെന്ത് മരിച്ച മറ്റൊരു ദുരന്തവും ബഹ്റിനിൽ നടന്നത്. ഒരു പുലർച്ചെ നടന്ന ആ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എടുക്കാൻ പോയ എന്നെ വല്ലാതെ വേദനിപ്പിച്ചത് കരിഞ്ഞുകിടക്കുന്ന ഒരു മൃതദേഹത്തിനരികിൽ കരിയാതെ കിടന്നിരുന്ന ഒരു മൊബൈൽ ഫോണിൽ ആ നേരത്ത് വന്ന എം.എസ് സുബലക്ഷ്മിയുടെ ശബ്ദത്തിലുള്ള സുപ്രഭാതത്തിന്റെ റിങ്ങ് ടോണായിരുന്നു... കൗസല്യ സുപ്രജ... മരിച്ച് കിടക്കുന്ന പ്രിയപ്പെട്ടവന്റെ സുഖവിവരം അന്വേഷിച്ച് നാട്ടിൽ നിന്നുള്ള കോളായിരുന്നു അത്.. എന്ത് പറയേണ്ടതെന്നറിയാതെ ആ ഫോൺ കോൾ കട്ട് ചെയ്തത് എന്റെ ആ ഓർമ്മകളിൽ നിറഞ്ഞുകിടക്കുന്നു.
ഇന്ന് വർഷം 2016 ആയിരിക്കുന്നു. പത്ത് വർഷങ്ങൾക്കിപ്പുറത്ത് ആ ദുരന്തങ്ങളെ ഒക്കെ ബഹ്റിനിലെ മിക്ക പ്രവാസികളും, വാർത്താമാധ്യമങ്ങളുമൊക്കെ മറന്നിരിക്കുന്നു. ഏത് വലിയ ദുരന്തവും അങ്ങിനെയാണല്ലോ. കാലത്തിന് മായ്ക്കാൻ സാധിക്കാത്തതായി ഒന്നുമില്ല. എങ്കിലും ആ ദുരന്തത്തിന്റെ നേരവകാശികൾക്ക് എത്ര തന്നെ നഷ്ടപരിഹാരത്തുക കിട്ടിയിട്ടുണ്ടെങ്കിലും അവർക്ക് അവരുടെ ജീവിതകാലത്ത് ഈ ദിവസങ്ങൾ എന്നും ഏറെ വേദനിപ്പിക്കുന്നത് തന്നെയാകും. അത്തരം മനസുകൾക്കൊപ്പം അന്ന് മരണപ്പെട്ടവരെ ഒരിറ്റ് കണ്ണുനീരോടെ ഞാനും ഓർക്കട്ടെ.