പൂക്കുന്ന ലഹരിമരങ്ങൾ‍...


ആറേഴ് മാസം മുന്പാണ്. സമയം രാത്രി 11 മണിയോട് അടുക്കുന്നു. കൊച്ചിയിലെ സ്മാർ‍ട്ട് സിറ്റി ഭാഗത്ത് നിന്ന് പാലാരിവട്ടത്തുള്ള ഓഫീസിലേയ്ക്ക് കാറോടിച്ച് തുടങ്ങിയപ്പോൾ‍ ചെറിയ മഴ ചാറി തുടങ്ങിയിരുന്നു. വഴിയിലെ ഒരു ഹന്പിനടുത്തെത്തിയപ്പോൾ‍ വാഹനത്തിന്റെ വേഗം കുറച്ചു. പുറകിലെ വാതിൽ‍ ആരോ തുറന്നത് പോലെ ഒരു തോന്നൽ‍, തിരിഞ്ഞു നോക്കിയപ്പോൾ‍ ഒരു പരിചയവുമില്ലാത്ത ഒരാൾ‍ എന്റെ പുറകിലിരിക്കുന്നു... ചലോ ഭായി ചലോ... സീദാ ചലോ... ഒരു നിമിഷം ഓർ‍ത്തത് ഹൊറർ‍ സിനിമകളിലെ സീനുകൾ‍. എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് രണ്ട് നിമിഷം പകച്ചു പോയ ഞാൻ‍ എന്തോ ഒരു ധൈര്യത്തിൽ‍ അയാളുടെ കൈ കയറി പിടിച്ച് പുറത്തിറങ്ങാൻ‍ ആവശ്യപ്പെട്ടു. അപ്പോൾ‍ അദ്ദേഹം കൈയിലുള്ള മൊബൈൽ‍ ഫോൺ‍ കാണിച്ച് ബംഗാളിയും ഹിന്ദിയും കലർ‍ന്ന ഭാഷയിൽ‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. കാർ‍ നിർ‍ത്തിയതിന് കുറച്ചകലെ റോഡ് പണികൾ‍ നടക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് അവിടെയുണ്ടായിരുന്നവർ‍ ഞങ്ങളുടെ അരികിലേയ്ക്ക് എത്തുന്പോഴേക്കും പുറകിലെ ആൾ‍ എന്റെ കൈ വിടുവിപ്പിച്ച് ഇറങ്ങി ഓടിതുടങ്ങിയിരുന്നു. കാറിനരകിൽ‍ എത്തിയവർ‍ അപ്പോഴും ഒരു ഭാവവവ്യത്യാസവുമില്ലാതെ പറഞ്ഞു, അത് കഞ്ചാവാ... വിട്ടേയ്ക്ക് എന്ന്... 

കഞ്ചാവ് എന്ന ലഹരി സമീപകാലത്ത് നമ്മുടെ നാടിന്റെ ഓരോ മുക്കിലും മൂലയിലും വലിയ രീതിയിൽ‍ എത്തിതുടങ്ങിയിട്ടുണ്ടെന്ന വാർ‍ത്തകൾ‍ നമ്മുടെ ഇടയിൽ‍ പരക്കുകയാണ്. ആദ്യം സൂചിപ്പിച്ച സ്ഥലം എറണാകുളത്തുള്ള പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ പ്രവർ‍ത്തിക്കുന്ന ഇടമാണ്. ബഹ്റിനടക്കമുള്ള ഗൾ‍ഫ് രാജ്യങ്ങളിൽ‍ നിന്നുള്ള പ്രവാസികളുടെ അടക്കം മക്കൾ‍ ഇവിടെ ധാരാളാമായി പഠിക്കുന്നുണ്ട്. കാടടച്ച് വെടിവെയ്ക്കുന്നില്ലെങ്കിലും പല വിദ്യാർ‍ത്ഥികളും ഇത്തരം ക്യാന്പസുകളിൽ‍ കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കൾ‍ എത്തിക്കുന്നതിന്റെ ഭാഗമായി മാറുന്നുണ്ട് എന്ന വാർ‍ത്തകളിൽ‍ വളരെയേറെ സത്യവുമുണ്ട്. ഇതിനെ നേരിടാനോ, ഇല്ലാത്താക്കാനോ നമ്മുടെ ഭരണവർ‍ഗ്ഗം ശ്രമിച്ചില്ലെങ്കിൽ‍ അത് സമീപഭാവിയിൽ‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ‍ ചെറുതായിരിക്കില്ല.  

കഴിഞ്ഞ രണ്ട് മാസത്തിനകം കേരളത്തിൽ‍ ഔദ്യോഗികമായി പോലീസ് പിടികൂടിയത് ഏകദേശം 250 കിലോ കഞ്ചാവാണ്. ഒഡീഷാ, ബീഹാർ‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ‍ എന്നിവടങ്ങളിൽ‍ നിന്നാണ് കൂടുതലായും ഇന്ന് കഞ്ചാവ് കേരളത്തിലെത്തുന്നത്. തീവണ്ടികളിലാണത്രെ ഇവർ‍ ഇത് കടത്തുന്നത്. അതുകൊണ്ട് തന്നെ കേരള പോലീസ് ഉദ്യോഗസ്ഥർ‍ക്ക് ഇത് കണ്ടെത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ‍ ഏറെയുണ്ട്. വിദ്യാർ‍ത്ഥികളെയും സ്ത്രീകളെയും കഞ്ചാവ് വിൽ‍പ്പനയ്ക്കായി വ്യാപകമായ രീതിയിൽ‍ നമ്മുടെ നാട്ടിൽ‍ ഉപയോഗിക്കുന്നുണ്ട്. തൃശ്ശൂരിൽ‍ അടുത്തിടെ പിടികൂടിയ കഞ്ചാവ് കടത്ത് കേസിൽ‍ പിടിയിലായ 11 പേരിൽ‍ ഒന്പത് പേരും വിദ്യാർ‍ത്ഥികളാണ്. പ്രായകുറവ് കാരണം  ഇവർ‍ക്ക് വലിയ ശിക്ഷകൾ‍ കിട്ടുന്നുമില്ല. കഞ്ചാവ് വിൽ‍പ്പനയോടൊപ്പം തന്നെ അനാശാസ്യ പ്രവർ‍ത്തനങ്ങളും ഇതിന്റെ ഭാഗമായി ധാരാളം അരങ്ങേറുന്നു. പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ‍ അപ്പാർ‍ട്ട്മെന്റുകൾ‍ കേന്ദ്രീകരിച്ച് നടത്തുന്ന വാണിഭ സംഘങ്ങളും സജീവം. പലതിലും വൻ‍ വി.ഐ.പികൾ‍ പങ്കാളികളാണ് എന്നതാണ് വാസ്തവം.

ലഹരിവസ്തുക്കളുടെ വിപണനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എത്രയോ കാലമായി ഇത് നിലനിൽ‍ക്കുന്നു, വളരുന്നു. ടീനേജ് പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാരാണ് സത്യത്തിൽ‍ ഇതിന്റെ തീ തിന്നുന്നത്. ഇത്തവണ ബഹ്റിനിലെത്തിയപ്പോൾ‍ ഒരമ്മ വിളിച്ചിരുന്നു. ഗുദേബിയയിലെ അൽ‍ ആൻ‍ഡലാസ് ഗാർ‍ഡൻ‍ ഉൾ‍പ്പടെയുള്ള പാർ‍ക്കുകൾ‍ കേന്ദ്രീകരിച്ച് ഉച്ച നേരം മുതൽ‍ വൈകുന്നേരം വരെ മലയാളികളടക്കമുള്ള വിദ്യാർ‍ത്ഥികളുടെ ഇടയിൽ‍ കഞ്ചാവ് വിൽ‍പ്പന തകൃതിയാണെന്ന വിവരമാണ് അവർ‍ നൽ‍കിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അവർ‍ അയച്ചിരുന്നു. അൽ‍പ്പം ലഹരി നുകരാൻ‍ അഞ്ഞൂറ് ഫിൽ‍സിന് കിട്ടുന്ന കഞ്ചാവ് മുതൽ‍ വീര്യമേറിയ കെമിക്കലുകൾ‍ വരെ ഈ കുട്ടികൾ‍ വലിച്ച് കയറ്റുന്നുണ്ട്. ഇതൊന്നും അറിയാതെ പാവം മാതാപിതാക്കൾ‍ കഷ്ടപ്പെട്ട് ഇവിടെ ജോലി ചെയ്യുന്നു. ഈ കുട്ടികൾ‍ ഉപരിപഠനത്തിനായി നാട്ടിലെത്തുന്പോൾ‍ കൂടുതൽ‍ മോശപ്പെട്ട സാഹചര്യങ്ങളിലും കൂട്ടുകെട്ടിലും പെട്ട് ജീവിതം തന്നെ ഇല്ലാതാക്കുന്നു.

ഈ ഒരു പ്രശ്നത്തെ ആസ്പദമാക്കി പ്രവാസലോകത്തുള്ള അസോസിയേഷനുകൾ‍ ഇടപെട്ട് സജീവമായ ബോധവത്കരണം നടത്താൻ‍ ഇനിയെങ്കിലും മുന്പോട്ട് വരേണ്ടതുണ്ട്. പ്രത്യേകിച്ച് ധാരാളം വിദ്യാർ‍ത്ഥികൾ‍ ഉപരിപഠനത്തിനായി നാട്ടിലേയ്ക്ക് തിരിക്കുന്ന ഈ വേളയിൽ‍...

 

You might also like

Most Viewed