പാറിപറക്കട്ടെ പൂന്പാറ്റകൾ
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം..
ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ ഈ വരികളെഴുതിയ കുഞ്ഞുണ്ണി മാഷിന്റെ ഓർമ്മദിവസമായിരുന്നു ഇന്നലെ. കുട്ടികവിതകളിലൂടെ വലിയ തത്വങ്ങൾ പറഞ്ഞു തന്ന മഹാകവി തന്നെയായിരുന്നു അദ്ദേഹം. ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതിയ കുഞ്ഞുണ്ണി മാഷ് ദാർശിനക സ്വഭാവമുള്ള നന്മ നിറഞ്ഞ മനുഷ്യൻ കൂടിയായിരുന്നു. മനസ്സിൽ കുട്ടിത്തമുള്ളവർക്ക് ആരെയും വെറുക്കാൻ സാധിക്കില്ലെന്നതിന്റെ തെളിവായിരുന്നു അദ്ദേഹം. കുഞ്ഞു മനസ്സുകളിൽ പോലും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ പടർത്തുന്നതിന്റെ തിരക്കിലാണ് ഇന്ന് ഈ ലോകത്തിൽ പലരും. അത്തരം ഒരു ലോകത്ത് നമ്മളൊക്കെ എന്നും ഓർക്കേണ്ട പേരാണ് കുഞ്ഞുണി മാഷിന്റേത്. അദ്ദേഹത്തിന്റെ ദീപ്തസ്മരണയ്ക്ക് മുന്പിൽ ആദരാഞ്ജലിൾ അർപ്പിക്കുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസമായി ഇന്ന് ഞങ്ങൾ ഫോർ പി.എം പ്രവർത്തകർ ഒരു നല്ല കർമ്മത്തിന് തുടക്കം കുറിക്കുകയാണ്.
ഞാൻ നിന്നിൽ പെട്ടവനല്ല എന്ന് പരസ്പരം ഒളിഞ്ഞും തെളിഞ്ഞും പറയുന്ന മനുഷ്യർ ഏറിവരുന്ന സാഹചര്യത്തിൽ മനുഷ്യത്വം ബാക്കിയുള്ളവർക്ക് ചെയ്ത് തീർക്കാൻ ഏറെ കാര്യങ്ങൾ ഉണ്ട്. അത്തരം ചില കാര്യങ്ങൾ ബഹ്റിനിലെ ഏറ്റവും അധികം കുടുംബങ്ങൾ വായനക്കാരായുള്ള ഫോർ പി.എമ്മിനും നിർവ്വഹിക്കാനുണ്ട് എന്നതിൽ ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ന് മുതൽ കുഞ്ഞുങ്ങളുടെ ഒരു ചെറിയ കൂട്ടായ്മയ്ക്ക് ഞങ്ങൾ തുടക്കം കുറിക്കുന്നത്. ജാതിമതവർണവർഗ്ഗ വ്യത്യാസമില്ലാതെ രണ്ടാം തരം മുതൽ എട്ടാം തരം വരെ ബഹ്റിനിലെ വിവിധ സ്കൂളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇവിടെ അംഗങ്ങളാക്കുന്നത്.
പൂന്പാറ്റകളെ പോലെ പാറിനടക്കേണ്ട പ്രായത്തിൽ ഇവരുടെ ഉള്ളിൽ ഞങ്ങൾ നിറയ്ക്കാൻ ഉദ്ദേശിക്കുന്നത് തെളിമയാർന്ന നന്മയും, പരസ്പരം പടർത്തേണ്ട സ്നേഹവും, ശാന്തിയും, മനസ്സിൽ ഉണ്ടാകേണ്ട സത്യസന്ധതയും മാത്രമാണ്. നമ്മൾ അധിവസിക്കുന്ന ഭൂമിയെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും, പ്രകൃതിയെ കൂടുതലറിഞ്ഞ് അവയോടൊപ്പം അലിയാനുള്ള അഭിവാഞ്ചയുമാണ് ഈ കുട്ടികൾക്ക് ഞങ്ങൾ പറഞ്ഞു കൊടുക്കാൻ ആഗ്രഹിക്കുന്നത്. ഇതിൽ രക്ഷിതാക്കൾക്കും പങ്ക് ചേരാം. പക്ഷെ വഴക്കുകൾ പറഞ്ഞോ, ശാസിച്ചോ അല്ല. മറിച്ച് കുഞ്ഞുങ്ങളെ സ്നേഹിച്ച്, അവരോടൊപ്പം നമ്മുടെ സ്വപ്നങ്ങളും ചിന്തകളും പങ്ക് വെച്ച് ഒന്നിച്ച് കൈപിടിച്ചുള്ള ഒരു നടത്തം.
ഇവിടെയുള്ള പല കുട്ടികളും മലയാളത്തിന്റെ മധുരിമ രുചിക്കാൻ അവസരം ലഭിക്കാത്തവരാണെന്നും ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. അത്തരം കുട്ടികൾക്ക് മലയാളമെന്ന അമ്മയെ പരിചയപ്പെടുത്താനും, ആ അമ്മയുടെ സ്നേഹം മനസ്സിലാക്കി കൊടുക്കാനും ഈ ക്ലബ്ബിലൂടെ സാധിക്കുമെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി അവർക്ക് വേണ്ട പ്രോത്സാഹനങ്ങളും അവസരങ്ങളും നൽകി, ഒരു നല്ല നാളെയെ നയിക്കാൻ പ്രാപ്തിയുള്ളവരായി അവരെ മാറ്റുവാനാണ് ഞങ്ങൾ ശ്രമിക്കുക. ഇതിന് ഞങ്ങളുടെ പ്രിയ വായനക്കാരുടെ നിറഞ്ഞ സഹകരണവും പ്രോത്സാഹനവും ആവശ്യമാണ്. ഞങ്ങളുടെ തുടക്കം മുതൽ അത് നിർലോഭം നൽകിയവരാണ് നിങ്ങൾ. വരും നാളുകളിലും ആ സ്നേഹം തുടരണമെന്ന അപേക്ഷയോടെ സ്നേഹപൂർവ്വം... ഒപ്പം കുഞ്ഞുണ്ണി മാഷ് പറഞ്ഞത് തന്നെ ഇവിടെ കുറിക്കട്ടെ...
ഇത്തിരിയേയുള്ളൂ ഞാൻ
എനിക്കു പറയാനിത്തിരിയെ
വിഷയവുമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കും വേണ്ടൂ...