ജീവിതം ബാക്കി വെയ്ക്കേണ്ടത്
“ശുഭാപ്തി വിശ്വാസത്തോടൊപ്പം ഒരു പുഞ്ചിരിയോടെ ജീവിതത്തെ സമീപിച്ചാൽ കാര്യങ്ങൾ ഏറെ വ്യത്യസ്തമായി തുടങ്ങും. ഞാനിപ്പോൾ ഐസിയുവിലാണ്. എന്റെ രണ്ടാം വീടാണിത്. ഒന്നും ഭയപ്പെടാനില്ല. ഇവിടെ ഞാൻ ആസ്വദിക്കുന്നു. ഡോക്ടർ വന്നപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. വന്നയുടനെ എഴുന്നേറ്റ് ഞാൻ അദ്ദേഹത്തോട് പുഞ്ചിരിച്ചു. ഒരു രോഗിയെ ചിരിച്ചു കൊണ്ട് കാണുന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്നും അങ്ങിനെയുള്ളവരെ ചികിത്സിക്കുന്പോൾ ഒരു വല്ലാത്ത ഊർജ്ജമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ഞാൻ ചിരി എന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. പ്രത്യേകിച്ച് എന്നെ ശ്രുശൂഷിക്കുന്ന നഴ്സുമാരോടും, പ്രിയപ്പെട്ടവരോടും ഞാൻ കൂടുതൽ പുഞ്ചിരിക്കുന്നു. ചിരി ഒരു മാജിക്കാണെന്നും മനസ്സിലാക്കുന്നു. നിങ്ങളും ശ്രമിച്ചു നോക്കുക. പറ്റുന്നത്ര ചിരിക്കുക. എല്ലാവർക്കും അറിയാമെങ്കിലും നമ്മൾ മറന്നു പോകുന്നു. ഇത് ഉപദേശമല്ല, എന്റെ അനുഭവമാണ്.”
ഈ അനുഭവം പങ്ക് വെച്ച് നമ്മളുടെ പ്രിയ അഭിനേതാവ് ജിഷ്ണുവും വേദനകളുടെ ലോകത്ത് നിന്ന് വിടവാങ്ങിയിരിക്കുന്നു. ആദരാഞ്ജലികൾ. അർബുദം എന്ന രോഗത്തിന് മുന്പിൽ അദ്ദേഹം പരാജയപ്പെട്ടുവെങ്കിലും ജീവിക്കുന്പോൾ തന്നെ മരണത്തെ കാത്ത് കിടക്കുന്നവർക്ക് ജിഷ്ണവിന്റെ അനുഭവങ്ങൾ ഏറെ പ്രചോദനം നൽകുന്നവയാണ്. അതുകൊണ്ട് തന്നെ ജിഷ്ണുവിനെ ഒരു പരാജിതനായി കാണേണ്ട കാര്യമില്ല. ഏറെ കാലം അദ്ദേഹം ഇനിയും നമ്മുക്കിടയിൽ ജീവിക്കുക തന്നെ ചെയ്യും, ഉറപ്പ്.
മരണത്തിന് പ്രായം എന്നത് ഒരു കാലത്തും വലിയ ഘടകമായിരുന്നില്ല. ആദിശങ്കരനും, വിവേകാനന്ദനും, യേശുദേവനും ഒക്കെ ഇഹലോകവാസം വെടിഞ്ഞത് അവരുടെ യൗവ്വന കാലത്തായിരുന്നു. എന്നിട്ടും അവർക്ക് ലഭിച്ച സമയം ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിച്ചു എന്നതാണ് എത്രയോ വർഷം കഴിഞ്ഞിട്ടും അവരെ ജീവിപ്പിക്കുന്നതിന്റെ പരമമായ രഹസ്യം. നമ്മളിൽ മിക്കവരും ജീവിതത്തിന്റെ ശരിയായ അർത്ഥത്തെ പറ്റി ചിന്തിച്ചുതുടങ്ങുന്നത് തന്നെ മദ്ധ്യവയസോട് അടുക്കുന്പോഴാണ്. പാതിദൂരം ലക്ഷ്യമില്ലാതെ ഓടി തളർന്ന് ഇനി എങ്ങോട്ട് എന്ന ചോദ്യവുമായി ആശങ്കപ്പെടുന്പോഴാണ് ഓടാൻ പോയിട്ട് അൽപ്പം വേഗതയിൽ നടക്കാൻ പോലും ഇനി തനിക്ക് ആരോഗ്യം പോലുമില്ലെന്ന് തിരിച്ചറിയുന്നത്. നീയെന്റെ ജീവനാണെന്ന് ബാല്യത്തിൽ മാതാപിതാക്കളും, കൗമാരത്തിൽ സുഹൃത്തുക്കളും, യൗവ്വനത്തിൽ പ്രണയിതാവും, മദ്ധ്യവയസിൽ മക്കളും ആലങ്കാരികമായി പറയുമെങ്കിലും അവരാരും തന്നെ അവരുടെ ജീവൻ കളഞ്ഞ് നമ്മെ പരിചരിക്കാനോ, ശ്രുശൂഷിക്കാനോ വരണമെന്നില്ല. അങ്ങിനെ പ്രതീക്ഷിക്കുന്നതും തെറ്റ് തന്നെ. ഒരു പ്രായം കഴിഞ്ഞാൽ നമുക്ക് നമ്മൾ മാത്രമേ ആത്യന്തികമായി ഉണ്ടാകൂ എന്നതും ലോകം അംഗീകരിച്ച സത്യം മാത്രം. നമ്മൾ ഇവിടെ നിന്ന് ഇല്ലാതാകുന്പോൾ ബാക്കി വെക്കേണ്ടത് സ്വത്തും സന്പാദ്യങ്ങളും മാത്രമല്ല മറിച്ച് നല്ല ഓർമ്മകളും, നല്ല ചിന്തകളുമാണെന്ന തോന്നൽ ആണ് ഓരോ മരണവും നമ്മോട് വിളിച്ച് പറയേണ്ടത്.
കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാനിടയായി. ഇതിൽ ഒരു വീട്ടിലെ അംഗങ്ങൾ തന്നെ പരസ്പരം കണ്ണുകളിൽ നോക്കി നാല് മിനിട്ട് നിൽക്കുക എന്നതായിരുന്നു വെല്ലുവിളി. അമ്മ മകന്റെ കണ്ണുകളിലേയ്ക്കും, ഭർത്താവ് ഭാര്യയുടെ കണ്ണിലേയ്ക്കും, സഹോദരൻ സഹോദരിയുടെ കണ്ണിലേയ്ക്കും ഇങ്ങിനെ അൽപ്പസമയം നോക്കി നിന്നപ്പോൾ തന്നെ അവരുടെ മുഖത്ത് കണ്ണീർചാലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. ഏറെ വൈകാരികമായിരുന്നു ആ വീഡിയോ. പറ്റുമെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാം. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരുമായി ഏറെ നേരം ചിലവഴിക്കുന്നുണ്ടാകുമെങ്കിലും അതിൽ 90 ശതമാനം സമയവും നമ്മുടെ ചിന്തകൾ മറ്റെന്തെങ്കിലുമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് ഈ വീഡിയോ. ഏറ്റവും പ്രിയപ്പെട്ടതിനെ പോലും ഒരു നാല് മിനിട്ട് മറ്റ് ചിന്തകളൊന്നുമില്ലാതെ നോക്കിനിൽക്കാനോ, ശ്രദ്ധിക്കാനോ സാധിക്കാത്ത വെറും കേവല മനുഷ്യജന്മങ്ങളാണ് നമ്മൾ എന്ന തിരിച്ചറിവ് അപ്പോൾ നമുക്കും ലഭിക്കും, തീർച്ച !