ഒന്നു തൊടാൻ...
ആ കൈ അവിടെതന്നെ കുറച്ച് നേരം കൂടി ഇരിക്കട്ടെ മോനെ... കുറെയായി ആരെയെങ്കിലും ഒന്ന് തൊട്ടിട്ട്... പ്രായം എൺപത് കഴിഞ്ഞിട്ടുണ്ടാകണം ആ അപ്പൂപ്പന്. തൃശ്ശൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഞാൻ. നല്ല തിരക്കുണ്ടായിരുന്ന ചടങ്ങ്. സമയം വൈകിയെത്തിയത് കൊണ്ട് തന്നെ ഓഡിറ്റോറിയത്തിന്റെ പിൻവശത്താണ് കയറി ഇരുന്നത്. തൊട്ടടുത്തായിരുന്നു ഈ അപ്പൂപ്പൻ. കാണാൻ വലിയ ലുക്കൊന്നുമില്ലാത്ത ചുക്കിചുളിഞ്ഞ മുഖമുള്ള ഒരപ്പൂപ്പനായത് കൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്ന രണ്ട് കസേരകൾക്ക് ഉടമസ്ഥിനില്ലാതെ പോയത്. േസ്റ്റജിൽ ചടങ്ങുകൾ മുറുകവെ ഇടയ്ക്കൊക്കെ ആ അപ്പൂപ്പൻ എന്നെ നോക്കി പരിചത ഭാവത്തിൽ ചിരിച്ചുകൊണ്ടിരുന്നു. ഒരു വല്ലാത്ത നിസംഗതയും അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചു. വീഡിയോ ഫോട്ടോ ഗ്രാഫർമാരുടെ മധ്യസ്ഥതയിൽ വല്ലവിധേനയും ആ ചടങ്ങ് അവസാനിച്ചപ്പോൾ അടുത്ത കാര്യപരിപാടിയായ ഭക്ഷണം കഴിക്കാനായി ഞാൻ എഴുന്നേറ്റപ്പോഴാണ് അപ്പൂപ്പൻ എന്റെ കൈയിൽ ചാടി കയറി പിടിച്ചത്. അദ്ദേഹത്തിന് എന്തോ പറയാനുണ്ടെന്ന് തോന്നി ഞാൻ ആ കസേരയിൽ തന്നെ വീണ്ടും ഇരുന്നു.
എന്നെ അദ്ദേഹത്തിന് ഒരു പരിചയവുമില്ല. എനിക്ക് അദ്ദേഹത്തെയും. അതുകൊണ്ട് തന്നെ എല്ലാം ആദ്യം മുതൽക്ക് തന്നെ തുടങ്ങി. അദ്ദേഹം മുൻ പ്രവാസി ആയിരുന്നു. ഗൾഫിൽ അല്ല ജർമ്മനിയിൽ. അവിടെ വലിയ ബിസിനസൊക്കെ നടത്തിയതിന് ശേഷം മക്കളെ അതൊക്കെ ഏൽപ്പിച്ച് ഇപ്പോൾ നാട്ടിൽ സ്വസ്ഥം. ഭാര്യ രണ്ട് വർഷം മുന്പ് മരണപ്പെട്ടു. അതു വരേയ്ക്കും വളരയെറേ ജീവിതം ആസ്വദിച്ചു മുന്പോട്ട് പോകുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബുളറ്റ് ബൈക്കും, ഫോർഡ് കാറും ഓടിച്ച്, സിനിമകൾ കണ്ട് പൊട്ടിചിരിച്ച്, അത്യാവശ്യം രണ്ട് പെഗ് അടിച്ചും ജീവിതം ഇപ്പോഴൊന്നും തീരാൻ പോകുന്നില്ലെന്ന് ഉറപ്പിച്ചയാൾ. ജർമ്മനിയിൽ ഉള്ള മക്കളോടും തന്റെ അരികിൽ വരാത്തതിന് അദ്ദേഹത്തിന് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. അത് അവരുടെ ജീവിതമാണ് എന്ന ഫിലോസഫിയും ആ അച്ഛൻ വെച്ചുപുലർത്തി. പക്ഷെ തന്റെ ഇണ നഷ്ടമായപ്പോഴാണ് പതിയെ താൻ ഏകനായി എന്ന വലിയൊരു സത്യം അദ്ദേഹം മനസ്സിലാക്കിയത്. താൻ ഉറങ്ങി എഴുന്നേൽക്കുന്നതിന് മുന്പ് വെച്ചുവിളന്പി പോകുന്ന വേലക്കാരിയെ പോലും ഒന്ന് കണ്ട് മിണ്ടാൻ സാധിക്കാതെ വലിയ വീട്ടിലെ ചെറിയ മുറിയിൽ കനത്ത നിശബ്ദതയിൽ അദ്ദേഹം ജീവിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴെങ്കിലും ആരെങ്കിലും വല്ല കല്യാണത്തിനോ, പിറാന്നാളിനോ ഒക്കെ വിളിക്കാൻ വരുന്പോഴാണ് മനുഷ്യന്‍മാരെ അദ്ദേഹം കാണുന്നത് തന്നെ. അങ്ങിനെയാണ് അദ്ദേഹം ഈ ചടങ്ങിലും എത്തിയത്.
സ്വാഭാവികമായും ഇത്തരം അവസരങ്ങളിൽ വരുത്തേണ്ടുന്ന സഹതാപ മുഖഭാവങ്ങളോടെ ഞാൻ എല്ലാം തല കുലുക്കി കേട്ടുകൊണ്ടിരുന്നു. “ഈ ലോകത്ത് സത്യത്തിൽ ഏറ്റവും അധികം വേദനയുണ്ടാകുന്നത് തനിച്ചായിരിക്കുന്പോഴാണ്. തന്റെ ചിന്തകൾ പങ്കുവെയ്ക്കാൻ, തന്റെ സ്വപ്നങ്ങൾ അറിയിക്കാൻ, തന്റെ വേദനകൾ പങ്കിടാൻ, അതു പോലെ ഒന്ന് തന്നെ തൊടാൻ 24 മണിക്കൂറിൽ അഞ്ച് മിനിട്ട് പോലും ആരെയും കിട്ടിയില്ലെങ്കിൽ പിന്നെ എത്ര കോടിയുണ്ടാക്കിയിട്ടും പ്രത്യേകിച്ച് വലിയ കാര്യമൊന്നുമില്ല. അപ്പൂപ്പൻ പറഞ്ഞുകൊണ്ടിരുന്നു. അതാ മോനെ നിന്നോട് എന്റെ അരികിൽ കുറച്ച് നേരം ഇരിക്കാൻ പറഞ്ഞത്. നീ ആരാണെന്നോ എന്താണെന്നോ ഒന്നും എനിക്കും അറിയില്ല. പക്ഷെ ഒരു മനുഷ്യനെ തൊട്ടിരിക്കാൻ കിട്ടുന്ന ഒരു അവസരവും ഇന്ന് ഞാൻ പാഴാക്കാറില്ല . അത് എത്ര കുറച്ച് നേരത്തേയ്ക്ക് ആണെങ്കിലും... ഒരു നാൾ നീയും ഇതൊക്കെ അറിയും..തീർച്ച..”
അന്ന് ഉച്ചയ്ക്ക് ആ ചടങ്ങിൽ തീന്‍മേശയിൽ വിളന്പിയ ചോറുണ്ണാൻ എന്തോ വല്ലാതെ ഞാൻ ബുദ്ധിമുട്ടി. ഒപ്പം ആലോചിച്ചത്, എന്തിനും ഏതിനും വേണ്ടി തല്ല്കൂടി, വഴക്കിടുന്ന, പരസ്പരം തലതല്ലി ചാകുന്ന നമ്മുടെ ഇടയിലെ മഹാബുദ്ധിമാന്‍മാരെന്ന് അവകാശപ്പെടുന്നവരെ പറ്റിയാണ്.. ഒരു നാൾ അവരും ആഗ്രഹിക്കും ജാതിമതവർഗ്ഗ വ്യത്യാസമില്ലാതെ ഒരു മനുഷ്യന്റെ കരസ്പർശനത്തിനായി.. ഒരു തലോടലിനായി.. ഉറപ്പ്...