ഓൺ‍ലൈനിന് തരാൻ‍ സാധിക്കാത്തത്...


ബാങ്കിൽ‍ പണം വാങ്ങാനായി ക്യൂ നിൽ‍ക്കുന്ന മദ്ധ്യവയസ്കനായ അച്ഛനോട് ന്യൂ ജനറേഷനായ മകൻ‍ ഒരു ചോദ്യം ചോദിച്ചു. എന്തിനാണച്ഛാ വെറുതെ ഈ ക്യൂ നിന്ന് സമയം കളയുന്നത്. ഇതൊക്കെ ഓൺലൈനായില്ലെ.. ഉത്തരമൊന്നും പറയാതെ ആ അച്ഛൻ‍ തന്റെ മറുപടി ഒരു ചിരിയിൽ‍ ഒതുക്കി. ബാങ്കിലെ ജോലി കഴിഞ്ഞതിന് ശേഷം പതിയെ അവർ‍ പച്ചക്കറി മാർ‍ക്കറ്റിലേയ്ക്കിറങ്ങി. തക്കാളിയും, വഴുതനയും, മത്തനുമൊക്കെ അത്യാവശ്യം വിലപേശി അച്ഛൻ‍ വാങ്ങുന്നത് കണ്ടപ്പോൾ‍ മകന് വീണ്ടും സംശയം. ഇതൊക്കെ വാങ്ങാനല്ലേ അച്ഛാ ഓൺലൈൻ‍ ആപ്പുകൾ‍. ഒരു ക്ലിക്കിൽ‍ പച്ചക്കറികൾ‍ വീട്ടിലെത്തില്ലെ. രണ്ടാമതും ഒരു ചിരി പാസാക്കി അച്ഛൻ‍ മുന്പോട്ട് നീങ്ങി. തന്റെ ആൻ‍ഡ്രോയിഡ് ഫോണിൽ‍ ലോകത്തിന്റെ പലഭാഗങ്ങളിൽ‍ നിന്നുള്ള സുഹൃത്തുക്കളോട് വാട്സാപ്പിൽ‍ ചാറ്റ് ചെയ്തു മകനും ഒപ്പം നടന്നു. വീടിന് അപ്പുറത്ത് വന്ന പുതിയ അയൽ‍ക്കാർ‍ അച്ഛനെ കണ്ട് കൈവീശി ചിരിച്ചപ്പോഴും എന്തോ മകന്റെ കണ്ണുകൾ‍ സ്ക്രീനിൽ‍ നിന്ന് ഉയർ‍ന്നില്ല. 

അതിനിടയിലും നാട്ടിൽ‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പറ്റി ഏറെ ആഹ്ലാദം പ്രകടിപ്പിച്ച് മകൻ‍ വലിയ വലിയ കാര്യങ്ങൾ‍ പറഞ്ഞു കൊണ്ടിരിന്നു. വീട്ടിനടുത്ത് പുതിയ വിമാനത്താവളം വരുന്നതിനെ പറ്റിയും, നാട്ടിൽ‍ അംബരചുംബികളായ കെട്ടിടങ്ങൾ‍ ഉയരുന്നതിലുമൊക്കെ അഭിമാനം കൊണ്ടിരുന്ന മകന്റെ സന്തോഷത്തിൽ‍ തലകുലുക്കി അച്ഛനും പങ്കു ചേർ‍ന്നു. പ്രായമായതിന്റെ വിഷമതകൾ‍ കുറച്ചൊക്കെ അനുഭവിച്ച് കൊണ്ടിരുന്ന അച്ഛനോട് അറുപത് കഴിഞ്ഞും ഓടി നടക്കുന്ന വലിയ നടന്‍മാരുടെയും, രാഷ്ട്രീയനേതാക്കളുടെയും ഉദാഹരണങ്ങൾ‍ ചൂണ്ടി കാണിച്ച് അച്ഛനും ആക്ടീവാകണം എന്ന് പറഞ്ഞ് ഇടയ്ക്കിടെ ഉത്സാഹം നിറക്കാൻ‍ മകനും ശ്രമിച്ചു. 

മോനേ, നേരത്തേ നീ ഓൺലൈൻ‍ ആകണം എന്ന് പറഞ്ഞല്ലോ. അച്ഛനും ന്യൂ ജനറേഷനിലേയ്ക്ക് എത്തുന്നുണ്ടെന്ന സന്തോഷത്തിൽ‍ മകൻ‍ തലകുലുക്കി അതെ എന്ന് മറുപടി പറഞ്ഞു. ടൗണിലേയ്ക്ക് മൂന്ന് ദിവസം കൂടുന്പോഴാണ് ഞാൻ‍ ഇറങ്ങുന്നത്. നീ ഗൾ‍ഫിൽ‍ നിന്ന് അയക്കുന്ന പണമെടുക്കാനും, പിന്നെ അത്യാവശ്യം ചില സുഹൃത്തുക്കളെ കാണാനുമൊക്കെയാണ് ആ ഒരിറക്കം. ബാങ്കിൽ‍ പോയി ക്യൂ നിൽ‍ക്കുന്പോഴായിരിക്കും ഒന്നോ രണ്ടോ പരിചയക്കാരെ കാണുന്നത്. അവർ‍ നിന്റെ വിവരം അന്വേഷിക്കും, ചിലപ്പോൾ‍ നിന്റമ്മയുടെ മുട്ട് വേദനയെ പറ്റി ചോദിക്കും. അതിനൊക്കെ ഞാൻ‍ മറുപടി പറയും. നിന്റെ എൻ.ആർ‍.ഐ അക്കൗണ്ടിന്റെ ബലത്തിൽ‍ മാനേജരുടെ കാബിനിൽ‍ കുറച്ച് നേരം കയറി സൊറ പറയും. പച്ചക്കറി മാർ‍ക്കറ്റിൽ‍ പോയാൽ‍ അവിടെയുള്ള അബ്ദുള്ളക്ക അത്യാവശ്യം വിലപേശുമെങ്കിലും ഒടുവിൽ‍ സഞ്ചിയിൽ‍ കുറച്ച് നല്ല കരിവേപ്പിലയും തന്ന് എന്നോട് സുഖവിവരങ്ങൾ‍ അന്വേഷിക്കും. നിന്റെ തിരക്കിനിടയിൽ‍ പലപ്പോഴും ഞങ്ങളെ ഫോൺ‍ വിളിക്കാൻ‍ സാധിക്കാതെ വരുന്പോൾ‍ ഇവരൊക്കെയാണ് ഞങ്ങളുടെ കൂട്ടുക്കാർ‍. രണ്ടാഴ്ച്ച മുന്പ് നിന്റെ അമ്മയൊന്ന് വീണിരുന്നു. പ്രായമായില്ലെ. അതിന്റെ തളർ‍ച്ചയായിരിക്കും. പെട്ടന്ന് ഓടിയെത്തിയത് അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരായിരുന്നു. വലിയ പരിചയമൊന്നും ഇല്ല. എങ്കിലും വിളിച്ചപ്പോൾ‍ ഓടി വന്നു സഹായിച്ചു. നിന്നെ ഈക്കാര്യം അറിയിക്കാൻ‍ എനിക്ക് വാട്സ് ആപ്പ് ഒന്നും അറിയില്ലല്ലോ മോനേ... പിന്നെ അറിയിച്ചാൽ‍ തന്നെ നീ വിഷമിക്കുമെന്ന് അമ്മയും പറഞ്ഞു... 

എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ മകൻ‍ തന്റെ നടത്തം പതുക്കെയാക്കി. ഒപ്പം അച്ഛന്റെ കൈ ഒന്ന് ചേർ‍ത്ത് പിടിച്ചു. മോനേ നീ പറയുന്ന ആമസോണും, ആലിബാബയും, ഈബെയുമൊക്കെ നിന്റെ അമ്മയുടെ മുട്ട് വേദനയെ പറ്റി ചോദിക്കുമോ... പോട്ടെ നിന്റെ വിശേഷങ്ങളെങ്കിലും അന്വേഷിക്കുമോ... ഞാനും നിന്റെ അമ്മയുമൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കാൻ‍ അതിനൊന്നും സാധിക്കുമെന്ന് തോന്നുന്നില്ല. അതാ ഇപ്പോഴും ഞാൻ‍ ഓഫ് ലൈനിൽ തന്നെ പോകുന്നത്...

അച്ഛൻ‍ പതിയെ പറഞ്ഞവസാനിപ്പിച്ചപ്പോൾ തന്റെ കണ്ണുകളിൽ എവിടെയോ നൊന്പരത്തിന്റെ നീർ‍ച്ചാലുകൾ ഉരുണ്ട് കൂടുന്നത് ആ മകനും അറിയുന്നുണ്ടായിരുന്നു... ചിലപ്പോൾ ഞാനും നിങ്ങളും അതൊക്കെ അറിയുന്നുണ്ടാകും... അല്ലെ...

You might also like

Most Viewed