ശാസ്ത്രവും അന്ധവിശ്വാസവും
ധാരാളം അന്ധവിശ്വാസങ്ങൾ ശാസ്ത്രീയം എന്ന രീതിയിൽ പ്രചരിപ്പിക്ക പ്പെടുന്ന ഒരു കാലത്താണല്ലോ നാം ഇന്ന് ജീവിക്കുന്നത്. ഹോമിയോ മുതൽ ഫെങ്ങ്ഷൂയി വരെയുള്ള പലതും ഇതിനു മുന്‍പിൽ ഉള്ള ഭാഗങ്ങളിൽ നാം വിശദമായി പ്രതിപാദിക്കുകയും ചെയ്തു. ശാസ്ത്രം ആയി തോന്നിക്കുന്ന ഇത്തരം ശാഖകളെ കപടശാസ്ത്രം (pseudo science) എന്ന വിഭാഗത്തിലാണ് ശാസ്ത്രം ഉൾപ്പെടുത്തുന്നത്.
എന്നാൽ ഇത്തരം കപട ശാസ്ത്രങ്ങൾ, അംഗീകൃത ശാസ്ത്ര തത്വങ്ങളെ അവയുടെ തെളിവിനു ആയി ഉപയോഗിക്കുകയും ചെയ്യും. സൂര്യഗ്രഹണം: സൂര്യഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നത്, അൾട്രാ വയലറ്റ് രശ്മി വിഗ്രഹത്തിലെ ചൈതന്യം ഇല്ലാതെ ആക്കുന്നത് തടയാനാണ് എന്ന ഒരു തന്ത്രിയുടെ പ്രസ്താവന ഒരു പത്രത്തിൽ കണ്ടു. ഇത് ഇത്തരം ഒരു ശാസ്ത്രീയ വൽകരണത്തിനു ഉദാഹരണമാണ്.
ക്ഷേത്രം, വിഗ്രഹം ഇവയൊക്കെ ആചാര, അനുഷ്ടാന വിശ്വാസ പരം ആയ കാര്യങ്ങൾ ആണ്. അൾട്രാ വയലറ്റ് രശ്മി എന്ത് എന്ന് അറിയാത്ത കാലത്തും അവിടെ ഇത്തരം ആചാരം ഉണ്ട്. മാത്രമല്ല ഒരു യഥാർത്ഥ ഭക്തനെ സംബന്ധിച്ച് സർവ്വശക്തനായ ദൈവം വെറും ഒരു അൾട്രാ വയലറ്റ് കിരണം ഏറ്റു വാടുന്ന ശക്തിയും അല്ല. അതുകൊണ്ട് തന്നെ ഇത്തരം ഒരു ഭൗതിക വ്യാഖ്യാനം ദൈവ ശക്തിയെ പോലും വില കുറച്ചു കാണലുമാണ്.
സൂര്യഗ്രഹണം ചന്ദ്രഗ്രഹണം ഇവയൊക്കെ ലോകത്ത് എല്ലാ വിഭാഗം ജനത്തിനും അൽപം ഭയം ഉണ്ടാക്കുന്ന കാര്യം ആയിരുന്നു. പ്രകൃതിയിൽ നടക്കുന്ന ഇത്തരം പ്രതിഭാസങ്ങൾ വരാൻ പോകുന്ന അപകട ദുസൂചന ഒക്കെ ആയി ധരിച്ചു.
ഇന്ത്യയിൽ ഇത് ഹിന്ദു മിത്തും ആയി ബന്ധപ്പെട്ട് കിടക്കുന്നു. പാലാഴി കടഞ്ഞു ലഭിച്ച അമൃതു കട്ട് കൊണ്ട് പോയ അസുരൻ അമൃത് കഴിച്ചു എന്നും, അത് വീണ്ടെടുത്ത വിഷ്ണു ചക്രം കൊണ്ട് അസുരന്റെ കഴുത്ത് കണ്ഠിച്ചു എന്നും കഥ. അമൃത് കഴിച്ച കാരണം ശരീരം രണ്ട് ആയെങ്കിലും അവയ്ക്ക് മരണം സംഭവിച്ചില്ല. ഈ മരിക്കാത്ത തലയും ഉടലും ആണ് രാഹുവും കേതുവും.
അസുരനെ ഒളിത്താവളത്തിൽ നിന്നും കാണിച്ചു കൊടുത്തതാവട്ടെ, സൂര്യചന്ദ്രന്‍മാരായിരുന്നത്രേ. അവരോട് ഉള്ള പ്രതികാരം തീർക്കാൻ ആണത്രേ ഇവർ സൂര്യനെയും ചന്ദ്രനേയും വിഴുങ്ങുന്നത്. അതാണ് സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും എന്ന് പുരാണ കഥ.
ശാസ്ത്രം സൗരയൂഥത്തിനും പുറത്തു ഗവേഷണം നടത്തുന്ന ഇന്ന് ഇതിന്റെ കാരണം വ്യക്തമാണ്. വളരെ ലളിതം ആയ ഒരു പ്രതിഭാസം മാത്രമാണ് ഇവ. സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ചന്ദ്രൻ വരുന്പോൾ, സൂര്യന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നു. അഥവ ആ ഭാഗത്ത് ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നു. ഇതേ പോലെ ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി വരുന്പോൾ ചന്ദ്രനിൽ ഭൂമിയുടെ നിഴൽ വീഴുന്നു. അതിനെ ചന്ദ്രഗ്രഹണം എന്നും പറയുന്നു. യഥാർത്ഥത്തിൽ ഇവയ്ക്കു എല്ലായ്പ്പോഴും നിഴൽ ഉണ്ട്. പക്ഷേ ശൂന്യാകാശത്ത് ആയത് കൊണ്ട് നാം കാണുന്നില്ല എന്ന് മാത്രം.
ഭയപ്പെടേണ്ട യാതൊരു വിഷ പദാർത്ഥവും ഗ്രഹണ സമയത്ത് ഭൂമിയിൽ ഉണ്ടാവുന്നില്ല. പിന്നെ അൾട്രാ വയലറ്റ് രശ്മികളാവട്ടെ എപ്പോഴും സൂര്യപ്രകാശം ഉള്ളപ്പോൾ കൂടെ ഉണ്ട്താനും. ഗ്രഹണ സമയത്ത് ആവട്ടെ, ചന്ദ്രന്റെ മറവു കാരണം അത് കുറയുകയും ആണ്. അല്ലാതെ കൂടുന്നില്ല.
എന്നാലും നമ്മുടെ പ്രാക്തനഭയം ഇപ്പോഴും നമ്മോടു കൂടെ ഉണ്ട്, അതിനു ശാസ്ത്രീയ വിശദീകരണം കണ്ടെത്തുന്നത് ഒരു കപട ശാസ്ത്ര രീതി മാത്രം.