അന്ധവിശ്വാസങ്ങളുടെ ശക്തി
സായ്ബാബ എന്ന ആള്‍ദൈവത്തിന്റെ ജീവചരിത്രം എഴുതിയത് പ്രൊഫ. എന്‍ കസ്തൂരി, നിയമ ബിരുദധാരിയായിരുന്നുവെങ്കിലും, ദ്രവ്യം സൃഷ്ടിക്കാനോ നശിപിക്കാനോ സാദ്ധ്യമല്ല എന്ന പ്രാഥമിക ഫിസിക്സ് ബോധം ഇദ്ദേഹത്തിനുണ്ടാവില്ല എന്ന് നമുക്ക് കരുതാനാവില്ല. എന്നാല്‍ ബാബ ഗീതയും, സൈക്കോ വാച്ചും സൃഷ്ടിക്കുന്നത് ഇദ്ദേഹം സാക്ഷ്യപത്രം നല്കുന്നു. ഒരു കമ്പനിയുടെ വാച്ച് ബാബ നിര്മിക്കുന്നു എന്നതിലെ നിയമ പ്രശനവും ഇദ്ദേഹം കണക്കിലെടുക്കുന്നില്ല. എന്ന് പറഞ്ഞാല്‍ ക്ലാസില്‍ പഠിച്ച സയന്സും , നിയമവും ഒന്നും തന്നെ അദ്ദേഹത്തിന് ബാബയെ കുറിച്ച് പറയുമ്പോള്‍ കണക്കിലെടുക്കെണ്ട വിഷയമായിതോന്നുന്നില്ല.
നമ്മുടെ ബഹുമാന്യനായ ഇന്ത്യന്‍ മുന്‍പ്രേസിഡണ്ട് കലാമിനും ഇതൊരു വ്യാജമായി തോന്നിയില്ല. ഫലം സകല കപട ആള്ദൈവങ്ങളും, ഇവരുടെയൊക്കെ ബഹുമാന്യ മാതൃകകളായി. പിന്നെ സാധാരണ ജനത്തിനെങ്ങിനെ ശാസ്ത്രബോധമുണ്ടാവും?
ഇവിടെയാണ് വിദ്യാഭ്യാസം നമ്മില്‍ ശാസ്ത്ര ബോധം ഉണ്ടാക്കേണ്ടത്തിന്റെ ആവശ്യകത. നാം പഠിക്കുന്ന ശാസ്ത്രം ദിനവും നമ്മെ ബാധിക്കുന്ന പ്രക്രിയകളുമായി ബന്ധപെട്ടതാണ് എന്ന ബോധം ഉണ്ടാവേണ്ടത്. ഭൂമിയുടെ ഗുരുത്വം എല്ലായിടത്തും ബാധകമാണേന്നും, ഒരു ഗുരുവിനും അത് ബാധകമല്ലാതെയിരിക്കില്ലയെന്നും, എന്റെ ഗുരു വായുവില്‍ പൊങ്ങി നില്കും എന്ന് പറയുമ്പോള്‍, അത് ഏതു ശാസ്ത്രജ്ഞന്‍ പറഞ്ഞാലും, സംശയിക്കാനനുള്ള ബോധമുണ്ടാവുകയെന്നതാണ് ശാസ്ത്രബോധം.എന്നാല്‍ ഒരു സ്പേസ് ശാസ്ത്രജ്ഞന്‍, ഇത്തരം വാദമുന്നയിക്കുന്ന ഗുരുവിന്റെ മുന്നില്‍ കുമ്പിടുന്നുവെങ്കില്‍ അദ്ദേഹം വെറും ഒരു പ്രൊഫെഷണല്‍ മാത്രമാവുന്നുവെന്നും ശാസ്ത്രം തന്റെ ജീവിതത്തില്‍ ഉപേക്ഷിക്കുന്ന,ശാസ്ത്രബോധ മില്ലാത്ത വ്യക്തിയാണെന്നും മാത്രമാണര്‍ത്ഥം.അതാവട്ടെ, നിലവിലെ പഠന രീതിയുടെ കുഴപ്പമാണ് സൂചിപിക്കുന്നതും.പഠിക്കുന്നത് ജോലിയ്ക്ക് അല്ലങ്കില്‍ വരുമാനമാര്ഗിത്തിന് എന്നതു മാത്രമായ ഭൂമികയിലെ ലാഭാധിഷ്ടിത വ്യവസ്ഥയുടെ പിന്തിരിപ്പന്‍ ജ്ഞാന ബോധവും,അറിവ്പോലും വെറും കച്ചവടമാണ് എന്ന മുതലാളിത പ്രത്യയശാസ്ത്രനിലപാടുമാണ്. ഫലം അറിവിന്റെ ഭാണ്ഡം ചുമക്കുന്ന കഴുതയെന്നത്പോലെ, ഒരു അമാനവികൃത (de-humanized) വ്യക്തികളും സമൂഹത്തില്‍ പിറക്കുന്നു.
ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ വരെ മിത്തുകളും മറ്റുംശാസ്ത്രമായി അവതരിപ്പിക്കപെടുന്നതും ഇതിന്റെ അനന്തര ഫലമാണ്.ഒരു ശാസ്ത്രജ്ഞന്‍ ആള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് അയാളുടെ സ്വകാര്യവിഷയമല്ലേ എന്നു കരുതാം. എന്നാല്‍ ഇത്തരം വിദഗ്ധര്‍ ശാസ്ത്ര കോണ്‍ഗ്രസിലും ചരിത്ര കൊണ്ഗ്രെസിലും മറ്റും തനി വിഡ്ഢി തരങ്ങള്‍ തീസിസ്പോലെ അവതരിപ്പിക്കുമ്പോള്‍ അത് ഒരുരാഷ്ട്രത്തെ, ജനതയെ ഒക്കെ അന്ധകാരത്തിലേക്ക് നയിക്കലാണ്.ശാസ്ത്രം ജനനന്മയക്ക്. ശാസ്ത്രമെന്നതു ഗുണം മാത്രമാണോ? വെട്ടുകത്തി മുതല്‍ ആറ്റം ബോംബു
വരെയുണ്ടാക്കി സ്വയം ചുടാന്‍ തയാര്‍ ആയി നില്കുന്ന മനുഷ്യവര്ഗത്തിന്റെ,പ്രപഞ്ച അന്വെഷണത്തിനുള്ള ഏകമാര്ഗ മായ ശാസ്ത്രം എത്രത്തോളംമാരകമാണെന്ന ഒരു ചിന്ത സ്വാഭാവികം. ഇവിടെ ശാസ്ത്രം ഒരു ഉപകരണം മാത്രമാണ് എന്നത് തിരിച്ചറിയേണ്ട വസ്തുതയാണ്.എല്ലാ പ്രക്രിയയിലുമുള്ള സ്വയംവൈരുധ്യം ഇതിലുമുണ്ടന്നതും വസ്തുതയാണ്.ഇതിനെ നേരെചൊവ്വേ ഉപയോഗിക്കുകയെന്നത് വീണ്ടും ഒരു പ്രത്യയ ശാസ്ത്രപ്രശനമായിട്ട് തിരിച്ചറിയേണ്ടതാണ്. ഇവിടെയാണ് മൂലധന വ്യവസ്ഥ വീണ്ടും അപകടകരമാവുന്നത്.ശാസ്ത്രം എന്തിനു? ഭൂമിയും, സൌരയുഥവും കടന്നു മനുഷ്യ നിര്മിത വാഹനം പോകുമ്പോഴും, ഭൂമിയിലെഭൂരി പക്ഷ ജീവിതം, യുദ്ധം, അധിനിവേശം, ദാരിദ്ര്യം, ഒക്കെ കൊണ്ട് വീര്പ്പുമുട്ടുമ്പോള്‍ ശാസ്ത്രത്തിന്റെ പങ്കെന്ത്? കാര്ഷിക വ്യാവസായിക ഉലപാദന വര്ധന, ശാസ്ത്ര സാങ്കേതിക നേട്ടമാവുമ്പോഴും ദാരിദ്ര്യം, പട്ടിണി ഇവവര്ധിക്കുന്നുവെന്നതും എന്ത് കൊണ്ട്? സകല രോഗ ഗവേഷണവും വികസിക്കുമ്പോള്‍ രോഗങ്ങളുടെ നിരക്ക് വര്ദ്ധന എന്ത്കൊണ്ട്? ലോകത്തെ എല്ലാവരെയും ഊട്ടാനാവുന്നതിലും കൂടുതല്‍ ഉല്‍പാദനം നടക്കുമ്പോഴും ലോകത്തെ ഭൂരി പക്ഷം ദാരിദ്യ്രം അനുഭവിക്കുന്നതു എന്ത് കൊണ്ട്? ഇവിടെ ആണ് ശാസ്ത്രം ജനനന്മയ്ക്ക് എന്ന നിലപാട് രാഷ്ട്രശാസ്ത്രത്തിന്റെ (പൊളിറ്റിക്കല്‍ സയന്സ്) മുഖ്യ നിലപാടായി ഉയര്ന്നു വരേണ്ടത്. അത്കൊണ്ട് ശാസ്ത്രം ജനനന്മയ്ക്ക് എന്നത് ആവട്ടെ, എപ്പോഴും പ്രത്യയശാസ്ത്ര നിലപാട്.