ആത്മനിയന്ത്രണത്തിന്റെ ആഘോഷപ്പെരുന്നാൾ.
സത്താർ കണ്ണപുരം
ഇതാ ഒരിക്കൽ കൂടി ഈദുൽ ഫിത്തർ സമാഗതമായി. അല്ലാഹുവിന് വേണ്ടി മനുഷ്യൻ സഹിച്ച വിശപ്പിന്റെയും അർപ്പിച്ച ആരാധനകളുടെയും തൊട്ടുപിന്നാലെ വരുന്ന ആത്മഹർഷത്തിന്റെയും കൊണ്ടാട്ടപ്പെരുന്നാൾ.
ഏതെങ്കിലും മതാചാരത്തിന്റെയോ പുണ്യപുരുഷന്റെയോ ജന്മദിനത്തിന്റെയോ ചരമദിനത്തിന്റെയോ മറ്റേതെങ്കിലും പ്രാദേശികമോ ദേശീയമോ ആയ ചരിത്രസംഭവത്തിന്റെയോ ഓർമ പുതുക്കാനുള്ളതല്ല ഇസ്ലാമിലെ രണ്ട് പെരുന്നാളുകൾ. മറിച്ചു പ്രധാനപ്പെട്ട രണ്ട് ആരാധനകളുമായി ബന്ധപ്പെട്ട പുണ്യ ദിനങ്ങളാണവ. ഈദുൽ അദ്ഹ ഹജ്ജുമായും ഈദുൽ ഫിതർ റമദാൻ നോന്പുമായും ബന്ധപ്പെട്ടു നിശ്ചയിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഭൗതികപ്രദമായ ആഘോഷപരതയും ആഹ്ലാദപ്രകടനവും മാത്രമല്ല, അതിലുപരി ആത്മീയമായ ധ്യാനപരതയും ദൈവാഭിമുഖ്യവുമാണ് ഈ പെരുന്നാളുകളുടെ അടിസ്ഥാന ഭാവം. അവ, തിന്നാനും കുടിക്കാനും ആഹ്ലാദിക്കാനും മാത്രമുള്ള വെറും ആഘോഷ വേളകളല്ല. അനുവദനീയമായ ആനന്ദങ്ങൾ ആസ്വദിച്ചുകൊണ്ട് തന്നെ, ദൈവത്തെ വാഴ്ത്താനും അവനോടു നന്ദി പ്രകടിപ്പിക്കാനുമുള്ള പുണ്യമുഹൂർത്തങ്ങളാണ്.
ഈദുൽ ഫിത്തർ വലിയൊരു സാഫല്യത്തിന്റെ ആഘോഷമാണ്. റമദാൻ മാസം മുഴുവൻ ഏറെ ക്ഷമിച്ചും സഹിച്ചും ശരീരേച്ചകൾ നിയന്ത്രിച്ചും ദൈവസ്മരണയിലും ആരാധനകളിലും പ്രാർത്ഥനകളിലും മുഴുകിയും അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ചുകൊണ്ട് നോന്പ് നോൽക്കാൻ കഴിഞ്ഞതിലുള്ള സത്യവിശ്വാസിക്ക് തന്റെ സാഫല്യബോധവും സന്തോഷവും പ്രകടിപ്പിക്കാനുള്ള സുവർണാവസരം. ഈദുൽ ഫിത്തർ - ഫിത്രിന്റെ ഈദ്- എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് അതാണ്. ഈദ് എന്നാൽ ആഘോഷം. ഫിത്തർ എന്നാൽ നോന്പ് മുറിക്കൽ, അഥവാ അവസാനിപ്പിക്കൽ. വിജയകരമായി റമദാൻ നോന്പ് പൂർത്തിയാക്കി അവസാനിപ്പിക്കുന്ന ആഘോഷം എന്നർത്ഥം. നോന്പറുതിപ്പെരുന്നാൾ എന്ന് മലയാളത്തിൽ പരിഭാഷപ്പെടുത്താമെന്നു തോന്നുന്നു.
ഈദുൽ ഫിത്തർ നന്ദിപ്രകടനത്തിന്റെ ആഘോഷം കൂടിയാണ്. അതായത്, മുകളിൽ പറഞ്ഞത്പോലെ ദൈവപ്രീതിക്ക് വേണ്ടി കഷ്ടപ്പെട്ടു നോന്പ് നോൽക്കാൻ കഴിയുക എന്ന ഏറ്റവും വലിയ അനുഗ്രഹം തനിക്ക് പ്രദാനം ചെയ്തതിനും അത് തനിക്കു സാധ്യമാക്കിതന്നതിനും സത്യവിശ്വാസി അല്ലാഹുവിനോട് ആത്മാർത്ഥമായി നന്ദി പ്രകടിപ്പിക്കാനും അവന്റെ മഹത്വം പ്രകടിപ്പിക്കാനും അവൻ തന്നെ ഏർപ്പെടുത്തിത്തന്ന സുദിനം. റമദാൻ മാസത്തിൽ വ്രതമനുഷ്ടിക്കണമെന്ന് കൽപ്പിച്ചതിന് ശേഷം അല്ലാഹു പറയുന്നു: “(അങ്ങനെ കൽപ്പിച്ചത്) നിങ്ങൾ ആ എണ്ണം പൂർത്തിയാക്കാനും നിങ്ങൾക്ക് നേർവഴി കാണിച്ചു തന്നതിന്റെ പേരിൽ അല്ലാഹുവിന്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കാനും നിങ്ങൾ നന്ദി പ്രകടിപ്പിക്കുവാനും വേണ്ടിയത്രെ” ഖുർആൻ 2:185. ഈ ദൈവാജ്ഞ അനുസരിച്ച്കൊണ്ടാണ് മുസ്ലിങ്ങൾ പെരുന്നാൾദിനം മുഴുവൻ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടും സ്തുതിച്ചുകൊണ്ടും ദൈവപ്രകീർത്തനമന്ത്രം ഉച്ചത്തിൽ മുഴക്കി കൊണ്ടിരിക്കുന്നത്.
ഏവർക്കും ഈദ് ആശംസകൾ...