വിഷു, ഈസ്റ്റർ ആശംസകൾ
ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ വിഷു, ലോകത്തിൽ ഗുഡ് ഫ്രൈഡേ. രണ്ടു വിവിധ ദേശങ്ങളിലെ സാംസ്കാരിക വിശ്വാസങ്ങൾ. ഗണിതശാസ്ത്രപരമായി വിഷു നവവർഷ ദിനമാണ്. അന്ന് സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വെച്ചിരിക്കുന്നു. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. വർഷത്തിൽ രണ്ട് ദിവസം ഇതുണ്ടാവുന്നു. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഭാസ്ക്കര രവിവർമ്മന്റെ തൃക്കൊടിത്താനത്തുള്ള പൂർണ്ണമല്ലാത്ത ഒരു ശാസനത്തിൽ ചിത്തിര വിഷുവിനെക്കുറിച്ച് പരാമർശമുണ്ട്.
ഭാസ്ക്കര രവിവർമ്മന്റെ കാലം എഡി 962-1021 ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം. എ.ഡി 844-855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തിൽ വളരെ പുരോഗമിച്ചിരുന്നുവെന്നതിനു തെളിവാണ് ഈ ഗ്രന്ഥം. സ്ഥാണു രവിയെന്ന രാജാവിന്റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്. വിഷു അല്ലെങ്കിൽ വിഷുവം (Equinox) എന്നു പറയുന്നത് ജ്യോതിശാസ്ത്രത്തിലെ ഒരു സ്ഥാന നിർണ്ണയസങ്കേതമാണ്. ഗോളമധ്യരേഖയും ഭൂമധ്യരേഖക്ക് സമാന്തരമായി ആകാശഗോളത്തിൽ നടത്തുന്ന വിഭജനം (Celestial Equator) സൂര്യനു ചുറ്റുമുളള ഭൂമിയുടെ പരിക്രമണപഥവും ക്രാന്തിവൃത്തം (Ecliptic) തമ്മിൽ 23.4 ഡിഗ്രി ചരിവുണ്ട്. ഇവ ആകാശത്ത് രണ്ടിടത്തു ഖണ്ധിക്കും (Intercept). വസന്തത്തിലെ സമ്മേളന സ്ഥാനം വസന്ത വിഷു/വിഷുവം (Vernal Equinox) എന്നും ശരത്തിലേത് ശരത് വിഷു/വിഷുവം (Autumnal Equinox) എന്നും അറിയപ്പെടുന്നു. ഈ ദിവസങ്ങൾ സമരാത്ര ദിനങ്ങളായിരിക്കും. മേടം രാശിയിലും തുലാം രാശിയിലുമാണ് ഈ സമ്മേളനങ്ങൾ നടന്നിരുന്നത്. അതുകൊണ്ട് ഇവ മേടബിന്ദു എന്നും തുലാബിന്ദു എന്നും അറിയപ്പെട്ടു പോന്നു. മേടമാസം ഒന്നാം തീയതി സൂര്യൻ മേടബിന്ദുവിലെത്തുമായിരുന്നു. ആ ദിവസം മലയാളം വർഷാരംഭമായി കണക്കാക്കുകയും അതോടനുബന്ധിച്ച് വ്യത്യസ്തമായ ഒട്ടേറെ ആചാരങ്ങളും ആഘോഷങ്ങളും നിലവിൽ വരുകയും ചെയ്തു. വിഷു ആഘോഷവുമായി ബന്ധപെട്ടു രണ്ടു ഐതിഹ്യങ്ങളുണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണൻ ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. കാർഷിക വൃത്തിയുമായി ബന്ധപെട്ടതാണ് ഓണവും വിഷുവും. ഓണം കൊയ്ത്തുത്സവം ആണെകിൽ വിഷു പച്ചകറി കൃഷിയുമായി ബന്ധപെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ വിഷുക്കണി കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടു സന്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നതും. യഥാർത്ഥത്തിൽ ഇന്ന് നാം ആഘോഷിക്കുന മേട വിഷു ഇപ്പോൾ ദിനരാത്രം തുല്യമായ വിഷുവല്ല. കാരണം പ്രപഞ്ചത്തിൽ ഒന്നും സ്ഥിരമായി നിൽക്കില്ലല്ലോ. മുന്‍നീക്കം (Precession) എന്ന പ്രതിഭാസം മൂലം മുൻ പറഞ്ഞ ഇന്റെർസെപ്റ്റ് ബിന്ദുക്കളും പതിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. ഭൂമിയുടെ അച്ചുതണ്ടിന്‍റെ തന്നെ ഭ്രമണമാണ് ഇതിനു കാരണം. ഒരു ഭ്രമണത്തിന് 26000 വർഷങ്ങളെടുക്കും. ഇപ്പോൾ വസന്തവിഷുവം സംഭവിക്കുന്നത് മീനം രാശിയിലും ശരത് വിഷുവം കന്നി രാശിയിലുമാണ്.
പക്ഷെ ആഘോഷങ്ങൾ ആചാരങ്ങളായിക്കഴിഞ്ഞാൽ പിന്നെ അവക്ക് മാറ്റം വരുത്താനാവില്ലല്ലോ. അവക്ക് മതപരമായ ഒരു പരിവേഷം കൂടി നൽകിയാൽ പിന്നെ നമ്മൾ ജീവൻ കൊടുത്തും അവക്ക് മാറ്റമില്ലാതെ സംരക്ഷിച്ചുകൊള്ളുമല്ലോ. അതുകൊണ്ട് നാമിന്നും മേടം ഒന്നാം തീയതി മുറതെറ്റാതെ വിഷു ആഘോഷിച്ചു വരുന്നു. എല്ലാ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ.
ഈ വർഷം വിഷു മറ്റൊരു ആചാരവുമായി ഒന്നിച്ചു വന്നു. ദുഃഖ വെള്ളി അഥവ ക്രിസ്തുവിന്റെ കുരിശാരോഹണം. മനുഷ്യന്റെ പാപം ഏറ്റെടുത് ദൈവ പുത്രൻ കുരിശേറിയെന്നു കരുതുന്ന ഗുഡ് ഫ്രൈഡേ. ഇന്ന് ഞായർ, കുരിശിൽ മരിച്ച രക്ഷകൻ ഇന്ന് ഉയർത്തെഴുന്നേറ്റു എന്ന് ക്രിസ്തീയ വിശ്വാസം. മനുഷ്യർ പല വിധ പാപങ്ങൾ ഇന്നും തുടരുന്നു. ഇതിൽ നിന്നും മോചനം നേടാനുള്ള ആഗ്രഹവും മനുഷ്യ വർഗത്തിൽ തന്നെ ഉണ്ട് എന്നതിന്റെ ഉദാത്ത ചിന്തകൾക്ക് ഈസ്റ്റർ ചിന്തകൾ കാരണമാവാട്ടെ. എലാവർക്കും ഈസ്‌റ്റർ ആശംസകൾ കൂടെ നേരുന്നു.