അൽപ്പം സൗരയൂഥ വിശേഷം
നാം ജീവിക്കുന്ന ഭൂമി, ആകെ അറിയപ്പെടുന്ന ജീവൻ നില നിൽകുന്ന ഹരിതാഭ ഗ്രഹം. ഇത് അംഗമായ സൗരയുഥം അതിലെ അംഗങ്ങളുടെ വലുപ്പം, വേഗത ഒക്കെ വളരെ രസകരവും അത്ഭുതകരവുമായ വിസ്മയങ്ങളാണല്ലോ! കുട്ടികളെകൂടെ ഉദ്ദേശിച്ചുള്ള ഈ ഭാഗം, ഇതെല്ലാം അറിയുന്ന മുതിർന്നവർക്ക് ഒരോർമ്മ പുതുക്കലും, മറ്റുള്ളവർക്ക് ഒരു ബാലകൗതുകവുമാവുമെന്ന് കരുതട്ടെ.
ഭൂമിയുടെ വലുപ്പം നാം കാണുന്നില്ല. എന്നാൽ സൂര്യൻ, ചന്ദ്രൻ ഇവയുടെ ആകെ വലുപ്പം നാം കാണുന്നുണ്ട്. വളരെ അകലെ ആയതുകൊണ്ട് തന്നെ ഇവയെ നാം വളരെ ചെറുതായിട്ടാണല്ലോ ഇവിടുന്ന് കാണുന്നത്.
പൂർണ്ണ ചന്ദ്രന്റെ വലുപ്പം എത്ര? ഈ ചോദ്യം പലരോടും ചോദിച്ചാൽ വ്യത്യസ്ത അഭിപ്രായം ആവും ലഭിക്കുക. ഒരാൾ, ഒരു വലിയ തളികയുടെ അത്ര. മറ്റൊരാൾ, ഒരു പപ്പട വലുപ്പം തുടങ്ങി ഓരോരുത്തരുടെ മനസിലെ വസ്തുത താരതമ്യം അനുസരിച്ചുള്ള രൂപമാവും പറയുക. നാം ഇവിടെ ഇവയുടെ ഒക്കെ ശരിയായ വലുപ്പം എത്ര എന്നാണ് നോക്കുന്നത്.
നമ്മുടെ ആവാസസ്ഥാനം ആയ ഭൂമിയിൽ നിന്നും തന്നെ തുടങ്ങാം.
സൂര്യനിൽ നിന്നും മൂന്നാമനായ നമ്മുടെ ഭൂമി 6371 കി.മി റേഡിയസും, പിണ്ധം(MASS) 5.972 × 10^24⊇കി.ഗ്രാമുമുള്ള ഒരു ഗ്രഹമാണ്. മാസ് നോക്കുക 5,972,000000000000000000000 എന്ന് നമുക്ക് വായിക്കാൻ പറ്റാത്ത അത്രയും കിലോഗ്രാമാണ് പിണ്ധം. ഇതാവട്ടെ സൗരയുഥത്തിലെ ഇടത്തരം ഗ്രഹം മാത്രം.
ഇനി നമുക്ക് സൂര്യനെ നോക്കാം. ഒരു വലിയ തളികയുടെ മാത്രം വലുപ്പം തോന്നുന്ന സൂര്യൻ ഭൂമിയുടെ എത്ര മടങ്ങ് വലുതാണ്?
ഭൂമിയുടെ റെഡിയസ് 6371 കി.മീ എന്ന് പറഞ്ഞുവല്ലോ. അതായത് ഡയമീറ്റർ, ഒരു അറ്റത്ത് നിന്നും മറ്റേ അറ്റം വരെയുള്ള ദൂരം 12742 കി.മി വരും എന്നർത്ഥം.
സൂര്യന്റെ വ്യാസം ഇതിന്റെ 109 മടങ്ങ് വരും. അഥവ, 1,391,000 കി.മി. ഭൂമിയെക്കാൾ 3,33,000 മടങ്ങ് മാസുള്ള ഇതിന്റെ വ്യാപ്തം നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്.
സൂര്യനെ ഒരു ഭരണിയായും ഭൂമിയെ നെല്ലിക്കയായും കരുതിയാൽ, പതിമൂന്ന് ലക്ഷം ഭൂമി വേണം ഈ ഭരണി നിറയ്ക്കാൻ. ഭൂമിയുടെ ആറു സെക്സ്ടില്ല്യൻ ടൺ ഭാരമുള്ള ഭൂമിയുടെ വലുപ്പം തന്നെ നമുക്ക് സങ്കൽപ്പിക്കാൻ ആവുന്നില്ല. അപ്പോൾ സൂര്യന്റെ വലുപ്പം അചിന്ത്യംമാണെന്ന് പറയാം. നമ്മുടെ പ്രപഞ്ചത്തിലെ അത്ര വലിയ നക്ഷത്രമല്ല സൂര്യനെന്ന് കൂടെ ഓർക്കുക.
സൂര്യന് ഏറ്റവും അടുത്ത ഗ്രഹം ബുധനാണല്ലോ ( MERCURY). അമേരിക്കൻ ഭൂഖണ്ഡത്തോളം മാത്രം വലുപ്പമുള്ള ഇതാണ് സൂര്യന്റെ ഏറ്റവും അടുത്ത ഗ്രഹം വ്യാഴത്തിന്റെയും ശനിയുടെയും ഒക്കെ ഉപഗ്രഹങ്ങൾക്ക് പോലും ഇതിലും വലുപ്പമുണ്ട്.
ഭൂമിയുടെ എൺപത് ശതമാനത്തോളം പിണ്ധമുള്ള, സൂര്യനിൽ നിന്നും രണ്ടാമത്തെ ഗ്രഹമാണ് വീനസ് അഥവ ശുക്രൻ. ഭൂമിയുടെ ഇരട്ട എന്ന് അറിയപ്പെടുന്ന ഇതിന്റെ ഘടനയും ഏതാണ്ട് ഭൂമിയുടെതിന് സമാനം തന്നെ. പാറകളും മണ്ണും നിറഞ്ഞ ഘടന.
പൊതുവേ സാവധാനം കറങ്ങുന്ന ഇതിന് ഉപഗ്രഹങ്ങൾ ഇല്ല, അത് പോലെ തന്നെ മറ്റ് ഗ്രഹങ്ങളുടെ എതിർ ദിശയിലാണ് സൂര്യനെ ചുറ്റുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അടുത്തത് മൂന്നാമനായ ഭൂമി. ഇംഗ്ലീഷിൽ ഗ്രീക്ക് ദേവതമാരുടെ പേരിൽ അറിയപ്പെടാത്ത ഏകഗ്രഹം, ഇതിനെ കുറിച്ച് നാം പരാമർശിച്ചു കഴിഞ്ഞു.
അടുത്തതാണ് മാർസ് അഥവാ ചൊവ്വ. ഭൂമി മലയാളത്തിൽ മാത്രം പല സ്ത്രീകളുടെയും വിവാഹം മുടക്കി എന്ന് പേര് കേൾക്കാൻ വിധിക്കപ്പെട്ട ഭൂമിയുടെ പകുതിയിൽ അൽപം കൂടുതൽ മാത്രം വലുപ്പമുള്ള ചുവന്ന ഗ്രഹം. ബുധനെക്കാൾ വലുപ്പം കൂടിയതാണെങ്കിലും സാന്ദ്രത കുറഞ്ഞ ഇതിന്റെ പിണ്ധം ബുധനെക്കാൾ കുറവാണ്.
തുടരും...