നാനോ ടെക്നോളജി
ഇന്ന് നാം നിരന്തരം കേൾക്കുന്ന ഒരു പദമാണ് നാനോ ടെക്നോളജി എന്നത്. വസ്തുക്കളെ അറ്റോമിക്, തന്മാത്ര അല്ലെങ്കിൽ സൂപ്പർ തന്മാത്ര അളവിൽ ഉപയോഗ്യമാക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി എന്ന് പറയാം. വേറെ വിധത്തിൽ നാനോ മീറ്ററിൽ വസ്തുക്കളെ കൈകാര്യം ചെയുന്ന രീതി എന്നും പറയാം.
എന്താണ് നാനോ മീറ്റർ?
നാനോ എന്നാൽ വളരെ ചെറുത്, മൈക്രോ സ്കൊപിക് എന്നൊക്കെ അർത്ഥം. നാനോ മീറ്റർ എന്നാൽ മെട്രിക് സിസ്റ്റത്തിൽ ബില്ല്യണിലൊന്ന് മീറ്റർ. (0.000 000 00 1m) അഥവാ ഒരു മീറ്റർ നീളം ബില്ല്യൺ തവണ വിഭജിച്ചാൽ അതിൽ ഒരു അംശത്തെ നാനോ മീറ്റർ എന്ന് വിളിക്കാം. ഒന്ന് മുതൽ നൂറു വരെ നാനോ മീറ്ററുള്ള വസ്തുക്കളുടെ പ്രയോഗത്തെ പൊതുവെ നാനോ ടെക്നോളജി എന്നും പറയാം. ഇത്രയും സൂക്ഷ്മ തലത്തിൽ വസ്തുക്കളെ കൈകാര്യം ചെയ്യൽ സ്വഭാവികമായും നാം കഴിഞ്ഞ ഭാഗങ്ങളിൽ പറഞ്ഞ ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഥവാ വസ്തുക്കളെ ക്വാണ്ടം തലത്തിലുള്ള കൈകാര്യം ചെയ്യൽ കൂടെയാണ് നാനോ ടെക്നോളജി.
അൽപം ചരിത്രം:
ഈ ആശയം പ്രസിദ്ധ ക്വാണ്ടം ഫിസിസ്റ്റായ റിച്ചാർഡ് ഫെയ്മാൻ തന്നെയാണ് മുന്നോട്ടു വെച്ചത്. 1959ൽ ആറ്റത്തിന്റെ നേരിട്ടുള്ള ഉപയോഗം ധരാളം സാധ്യത തുറക്കുന്നുവെന്ന് തന്റെ താഴെ തട്ടിൽ ധരാളം ഇടം ഉണ്ട് എന്ന തന്റെ പ്രസംഗത്തിൽ വെളിപെടുത്തി.
നോറിയോ ടാഗുനിച്ചിയാണ്, 1974ൽ നാനോ ടെക്നോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചതെങ്കിലും എറിക് ഡക്സ്ലാർ, 1986ൽ തന്റെ “എഞ്ചിൻസ് ഓഫ് ക്രിയേഷൻ, ദി കമിംഗ് ഇറ ഓഫ് നാനോ ടെക്നോളജി” എന്ന തന്റെ ഗ്രന്ഥത്തിലൂടെ ഈ പേര് പ്രശസ്തമായി.
അടിസ്ഥാന ആശയം:
ആറ്റത്തിനുള്ളിൽ അപാര ഊർജ്ജം അടിങ്ങിയിരിക്കുന്നുവെന്ന് നമുക്ക് ആണവ വിഭജന, പ്രകിയയിലൂടെ അറിയാം. ഇതേ പോലെ തന്നെ ആണവ തലത്തിൽ അഥവാ നാനോ തലത്തിൽ വസ്തുക്കളുടെ സ്ഥൂല തലത്തിലുള്ള ഗുണത്തിലെല്ലാം തന്നെ വലൻ മാറ്റമുണ്ടാവുന്നുവെന്ന് കാണാം.
ഉദാ: മാക്രോ തലത്തിൽ ഒപെക്കായ വസ്തു നാനോ തലത്തിൽ ട്രാൻസ്പരെന്റാവാം (കോപ്പർ); സ്ഥിരതയുള്ള വസ്തു തീ പിടിക്കുന്നതാവാം (അലുമിനിയം); സ്വർണം പോലെ രാസികമായി ഉദാ സീനം (inert) ആയത് രാസ ഉത്തേജകം ( catalyst) ആവാം. തികച്ചും വ്യതിരിക്തമായ ഇത്തരം സ്വഭാവ വ്യതിയാനം സാങ്കേതികമായി ഉപയോഗിക്കുക എന്നതാണ് നാനോ ടെക്നോളജി ആശയം.
സാങ്കേതികത, നിർമാണം, വസ്ത്രം, മിലിട്ടറി, ആരോഗ്യം, മരുന്ന് തുടങ്ങി സകല മേഖലയും സമൂലമായി മാറ്റം വരുത്താൻ കഴിവുള്ള ഒരു മേഖലയാണ് ഇതെന്ന് നിസംശയം പറയാം.
ലോക രാജ്യങ്ങളെല്ലാം തന്നെ വൻ മുതൽമുടക്കാണ് ഈ മേഖലയിലെ ഗവേഷണത്തിന് ചിലവാക്കുന്നതെന്നത് ഇതിന് തെളിവാണ്.
2012 വരെ അമേരിക്ക 3.7 ബില്ല്യൺ ഡോളറും, യുറോപ്പ്യൻ യുണിയൻ 1.2 ബില്ല്യൺ ഡോളറും, ജപ്പാൻ 750 മില്ല്യൺ ഡോളറും ഈ വകയിൽ ചിലവഴിച്ച് കഴിഞ്ഞു.
വരുന്ന കാലം, നാനോ ടെക്നോളജി, സുപ്പർ കണ്ടക്ടിവിറ്റി ഇവയുടെതായിരിക്കുമെന്ന് നിസംശയം പറയാം.