ഒറ്റ വൈക്കോൽ വിപ്ലവം
തുടർച്ച...
ഫുക്കൊവുക്കയുടെ സീറോ ഫാമിങ്ങിന്റെ അടിസ്ഥാന തത്വമാണല്ലോ കഴിഞ്ഞ ലക്കത്തിൽ ചുരുക്കി പറഞ്ഞത്.
ഇനി ഇദ്ദേഹം ഇതെങ്ങിനെ പ്രയോഗത്തിൽ വരുത്തി എന്ന് നോക്കാം.
സ്വന്തം കൃഷിതോട്ടം തന്നെയാണ് അദ്ദേഹം പരീക്ഷണം നടത്തിയത്.
തന്റെ മുന്നൂറ് ഏക്കറോളം തരിശ് ഭൂമിയിൽ ഇദ്ദേഹം ഏക വിളയ്ക്ക് പകരം ബഹുവിള സന്പ്രദായമാണ് നടത്തുന്നത്.
ഇതിൽ തന്നെ ഒരു ഭാഗം പഴങ്ങൾ, മരങ്ങൾ ഇവയ്ക്ക് നീക്കി വെച്ചു. ബാക്കി ഭാഗത്ത് ഗോതന്പ്, റാഗി, പയർ എന്നിവ മാറി മാറി വിതച്ചു.
നിലം ഒരുക്കാൻ കിളയ്ക്കൽ, തീയിടൽ ഒന്നും ഇദ്ദേഹം ചെയുന്നില്ല. ഗോതന്പ് വിതയ്ക്കുന്നു, ആദ്യതവണ മാത്രം ആവശ്യത്തിന് ജലസേചനം നടത്തുന്നു.
വളരുന്ന ചെടി പറിച്ചു മുറിച്ചു നാട്ടി നടുന്ന പതിവ് നിർത്തുന്നു. ഒപ്പം കളപറയ്ക്കൽ, കീടനാശിനി പ്രയോഗം, രാസവളം ഇവയും ഉപേക്ഷിക്കുന്നു. ആദ്യ രണ്ട് മൂന്ന് വിളവെടുപ്പ് അൽപം മോശമായിരുന്നു. കാരണം അതുവരെ മണ്ണിനെ ചൂഷണം ചെയ്തു നശിപിച്ചതിന്റെ ഫലം മാത്രം. ഗോതന്പ് കൊയ്യാൻ തയ്യാർ ആവുന്നതിന് മുന്പ് തന്നെ അദ്ദേഹം അതിൽ പയറ് വിതയ്ക്കുന്നു. ഗോതന്പ് കൊയുന്പോൾ അവിടെ പയർ ചെടികൾ പൊങ്ങി വന്ന് കഴിഞ്ഞിരിക്കും.
ഇനി വിളവെടുപ്പിലെ പ്രത്യേകതയും ശ്രദ്ധേയമാണ്. ആവശ്യത്തിനുള്ളത് മാത്രം എടുക്കുക എന്നതാണ് അതിൽ പ്രധാനം. ഗോതന്പിന്റെ കതിർ മാത്രമാണ് നമുക്ക് ആവശ്യം. പുല്ല് പശുവിനും മറ്റുമാണ്. ഇതിന് തന്റെ തന്നെ പശുക്കളെ വയലിൽ മേയാൻ വിടുകയാണ്. അവയുടെ ചാണകവും മറ്റും വയലിൽ വളമായി മാറുന്നു. ഒപ്പം തന്നെ ഗോതന്പ് അവശിഷ്ട പുല്ലും വയലിൽ തന്നെ ചീയുന്നു. ഫലത്തിൽ മണ്ണിൽ ജൈവ മിശ്രണം സ്വാഭാവികമായി നടക്കുന്നു. കിള, തീയിടൽ ഒന്നും ഇല്ലാത്തതുകാരണം, മണ്ണിര മറ്റ് കീടങ്ങൾ സൂക്ഷ്മ ജീവികൾ ആവശ്യമായ കന്പോസ്റ്റ് നിർമ്മാണം സ്വയം ചെയുന്ന ഒരു ആവാസ വ്യവസ്ഥയായി വയൽ മാറുന്നു.
ഇതിൽ പയറ് വളരുന്നു, കായ്ക്കുന്നു. ഇവിടയും ഇദ്ദേഹം പയറ് മാത്രം കൊയ്തെടുക്കുന്നു. ചെടിയുടെ അവശിഷ്ടം ചീയാൻ വിടുന്നു. പയർ ചെടിയുടെ വേരുകളാവട്ടെ ആവശ്യമുള്ള നൈട്രജൻ, നൈട്രജൻ ഫിക്സിംഗ് ബാക്ടീരിയ ഉപയോഗിച്ച് ചെയുന്നു. അതായത് കണ്ട വള കന്പനികളുടെ ഉൽപ്പന്നം ഇല്ലാതെ മണ്ണ് സ്വയം പര്യാപ്തവും സന്പുഷ്ടവും ആവുന്നു.
പയർ കൊയുന്നതിന് മുന്പേ അതിൽ റാഗി വിതയ്ക്കുന്നു. പിന്നീട് അവിടെയും ഇതേ രീതി തന്നെ തുടരുന്നു.
ഫലത്തിൽ വിതയ്ക്കുക കൊയ്യുക എന്നതിൽ കവിഞ്ഞ് വള പ്രയോഗമോ മറ്റ് കാര്യമായ അധ്വാനമോ ചിലവ് ഇല്ലാത്തത് കൊണ്ടാണ് ഇതിന് സീറോ ഫാമിംഗ് എന്ന പേര് കൂടെ ലഭിച്ചത്.
ഇന്ത്യയിലെ വിശ്വ ഭാരതി യുണിവേഴ്സിറ്റിയുടെ ‘ദെശികൊത്തം’ ഏഷ്യൻ നോബൽ എന്ന് അറിയപ്പെടുന്ന ‘രമോൻ മാഗ്സെസേ’ അവാർഡ് ഒക്കെ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കൃഷി ലോകത്തിലെ പല യുണിവേഴ്സിറ്റികളും പഠന വിധേയമാക്കി.
എന്നാൽ എന്ത്കൊണ്ടോ വിമർശനമാണ് മുന്നിൽ നിന്നത്. പ്രത്യേകിച്ചും അമേരിക്കൻ ഭാഗത്തു നിന്നുമുള്ളത്. ഇവിടെ ഇതിന്റെ താൽപര്യം വ്യക്തമാണ്. കാർഷിക ഭവൻ പ്യൂൺ മുതൽ യു.എന്നിലെ ഉന്നത ഉദ്യോഗസ്ഥർ വരെ വയലോ, കൃഷിയോ കാണാത്ത നല്ലൊരു വിഭാഗം പ്രോഫസർ, ശാസ്ത്രജ്ഞർ ഒക്കെ അറിവിന്റെ കുത്തകയും, പാറ്റണ്ടും നേടി വിഷം മുതൽ ട്രാക്ടർ വരെ വൻ മൂലധന താൽപര്യം അടങ്ങിയ കൃഷി എന്ന അത്യാവശ്യ മേഖലയിൽ, ഇത്തരം മൂലധനത്തിന് വലിയ സാധ്യത ഇല്ലാത്ത ഒരു രീതിയും പ്രച്ചരിപ്പിക്കപ്പെടില്ല. ഓർമ്മിക്കുക കൃഷി ചെയ്ത് ആത്മഹത്യ ചെയുന്നത് കർഷകൻ മാത്രമാണ്, ഒരുകീട നാശിനി, രാസവള കന്പനി ഉടമയും അല്ല.