ഒറ്റവൈ­ക്കോൽ വി­പ്ലവം


കേരളത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി മന്ത്രി നടത്തിയ പ്രസ്താവന ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ശാസ്ത്രവാദികൾ പലരും ഇതിനെതിരെ ശക്തമായ വാദമാണ് ഉയർത്തുന്നത്. നാട്ടിൽ വാക്സിൻ വിരുദ്ധത അടക്കം ആധുനിക ശാസ്ത്രം മൂലം നേടിയ നേട്ടങ്ങൾ തള്ളി കളഞ്ഞ് പ്രകൃതി ചികിത്സ പോലുള്ള അന്ധ വിശ്വാസങ്ങൾ കൈയടക്കുന്നുവെന്നും, ഫലം ഡിഫ്തീരിയ പോലെയുള്ള രോഗങ്ങൾ തിരിച്ചു വരുന്നുവെന്നതുമാണ് ഒരു വാദം. ഇതേ അവസ്ഥയാണ് പ്രകൃതി കൃഷി പോലെയുള്ളവ ഭക്ഷ്യ രംഗത്ത് ഉണ്ടാക്കാൻ പോകുന്ന അവസ്ഥയെന്നതാണ് മറുവാദം. 

ലോകത്തെ ജനസംഖ്യ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഭൂ വിസ്തീരണം വർദ്ധിക്കുന്നുമില്ല. എന്നാൽ ഭക്ഷ്യ ഉൽപ്പാദനം വർദ്ധിക്കുകയും വേണം. ഇത് സാധ്യമായത് ആധുനിക കൃഷി രീതികൾ കൊണ്ടാണ്. ഇതിൽ രാസവള കീടനാശിനി ഉപയോഗം വളരെ പ്രധാനമാണ് എന്നതാണ് ഒരു വാദം. രാസവള കീട നാശിനി ഉപയോഗം ആദ്യ കാലത്ത് വിചാരിച്ച പോലെയല്ല, അത് മണ്ണിനെയും കൃഷിയേയും നശിപിച്ചുവെന്നും ഒപ്പം മനുഷ്യന്റെ തന്നെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ക്യാൻസർ അടക്കമുള്ള രോഗങ്ങളുടെ വർദ്ധനയ്ക്ക് കാരണമാവുന്നുവെന്നും മറുവാദം. 

കൃഷിയെന്നത് തന്നെ പ്രകൃതി വിരുദ്ധ ഏർപാടും, എന്നാൽ മനുഷ്യ സ്പീഷിസിന്റെ അധീശത്വതിനും ഇന്നത്തെ വിപുലമായ വർദ്ധനയ്ക്കും നിലനിൽപിനുമൊക്കെ കാരണമെന്നും കാണാം. 

വ്യവസായിക വിപ്ലവം സാങ്കേതിക രംഗത്ത് ഉണ്ടാക്കിയ വിപ്ലവം കാർഷിക രംഗത്തും പ്രതിഫലിച്ചു. പ്രകൃതിയെ, കാലാവസ്ഥയെ മാത്രം ആശ്രയിച്ചുള്ള കൃഷിയ്ക്ക് പകരം മണ്ണിന്റെ ഘടന, മഴയെ മാത്രം ആശ്രയിച്ചുള്ള ജല ലഭ്യതയ്ക്ക് പകരം മനുഷ്യ നിർമ്മിത ജലവിതരണ സന്പ്രദായം, മൃഗങ്ങളെ ഉപയോഗിച്ചുള്ള ഭൂമി ഒരുക്കലിന് പകരം യന്ത്ര സംവിധാനമുള്ള കൃഷിമുറകൾ എന്നിവ കാർഷിക വിപ്ലവത്തിന് തിരികൊളുത്തി. വിത്തിന്റെ ജീവശാസ്ത്ര പഠനം സങ്കരഇനം വിത്തുകൾ പ്രകൃതിയിലെ ഉൽപ്പന്നങ്ങളെ തന്നെ മാറ്റി മറിച്ചു. ഇന്ന് നാം ഉപയോഗിക്കുന്ന മിക്ക ഭക്ഷ്യ ഉൽപ്പന്നങ്ങളും നാം തന്നെ നിർമ്മിച്ച സങ്കര ഉൽപ്പന്നങ്ങളാണ്. സ്വഭാവിക കൃഷിയിൽ, ഏക വിളകൾ നിരന്തരം തുടരുന്പോൾ കൃഷിയിടം ക്രമേണ വിളവ് കുറയുന്നതായി കണ്ടു. പൊട്ടാസിയം പോലെയുള്ള മൂലകങ്ങളുടെയും, ധാതു ലവണങ്ങളുടെയും കുറവാണ് ഇതിന്റെ കാരണമെന്ന് മണ്ണിന്റെ ഘടന പരിശോധനയിൽ കണ്ടെത്തി. ഈ ആവശ്യമായ മൂലകങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നും കൃഷിക്ക് ഉപയോഗ്യമാക്കാമെന്നത് കൃഷിയിലെ വിപ്ലവമായി. കൃഷിക്ക് വൻനഷ്ടം വരുത്തുന്ന കീട നിയന്ത്രണമായിരുന്നു മറ്റൊരു മേഖല. ഇവടെയും രാസവിഷങ്ങൾ വൻവിജയം തന്നു. 

എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ അവസാനത്തോടെ, വൻ ഭൂ ചൂഷണം കാർഷിക വിപ്ലവത്തിന് തിരിച്ചടിയായി. താൽക്കാലിക വിജയം നൽകിയ കൃഷിരീതികൾ ചില തിരിച്ചടികൾ നേരിട്ടു. ആദ്യ കാലത്ത് സൗജന്യമായോ സബ്സിഡിയായോ നൽകിയ രാസവളവും മറ്റും പിന്നീട് അവ പിൻവലിച്ചപ്പോൾ കൃഷി ചിലവ് കൂടിയ ഏർപാടായി. കൊട്ടിഘോഷിച്ച കാർഷിക വിപ്ലവമൊക്കെ പലതും പരാജയമായി. പഞ്ചാബ് അതിന് നല്ലൊരു ഉദാഹരണമാണ്. ഖലിസ്ഥാൻ വിഘടന വാദമടക്കം ഉയർന്നത് ഒരു പരാജയപ്പെട്ട കാർഷിക വിപ്ലവ ഫലം കൂടിയായിരുന്നു. 

ആഗോളവൽക്കരണകാലത്ത് ഇത് കർഷക ആത്മഹത്യയായി വള ർന്നു. കാർഷിക രംഗത്തെ അമിത സാങ്കേതിക വൽക്കരണം, കൃഷി ചിലവ് വർദ്ധിപ്പിച്ചതും, ഈ ഭാരമൊക്കെ കർഷർകരുടെ തലയിൽ വന്നതുമാണ് ഇതിന്റെ കാരണം. എന്നാൽ രാസവളം കീടനാശിനി കന്പനി ഉടമകൾ, കാർഷിക ഉദ്യോഗസ്ഥർ മുതൽ കാർഷിക വിദഗ്ദ്ധർ വരെ ആരും ആത്മഹത്യ ചെയുന്നില്ല എന്നത് ഇതിന്റെ രാഷ്ട്രീയം. 

ഇത്തരം പ്രതിസന്ധി കാണുകയും, ഇതിന് ബദൽ ചിന്തകൾ ലോകം മുഴുവൻ വളരുകയും ഉണ്ടായി. അതിലൊരു പ്രധാന പേരാണ് മസനോബ ഫുക്കൊവുക്ക എന്ന ജപ്പാനീസ് വ്യക്തിയുടെത്. അത് അടുത്ത ഭാഗത്ത്.

You might also like

Most Viewed