ആധുനിക അന്ധവിശ്വാസങ്ങൾ
ഇന്റർനെറ്റ് യുഗം വിവര വിസ്ഫോടനം പോലെ തന്നെ വിവര മലിനീകരണത്തിന്റെയും ആണ്.
വിരൽ തുന്പിൽ എന്തിനെ കുറിച്ചുള്ള വിവരവും നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാവുന്പോഴും, അതെ തോതിൽ തന്നെ തെറ്റായ വിവരങ്ങൾ, കോൺസ്പിറസി സിദ്ധാന്തങ്ങൾ, സ്യുട്ടോ സയൻസ് ഒക്കെ ലഭ്യമാണ് എന്നതാണ് ഇതിന്റെ ദൂഷ്യ ഫലം.
ചന്ദ്രനിൽ പോയില്ല, പരിണാമ സിദ്ധാന്തം തെറ്റാണ്, ഭൂമി രഹസ്യമായി സന്ദർശിക്കുന്ന എലിയനസ് (അന്യഗ്രഹ ജീവികൾ) തുടങ്ങിയ ഗൂഡാലോചന തത്വങ്ങൾ ഒരു വഴിക്ക്, വേറെ വഴിക്ക്, ടെലപതി, ടെലെ കൈനസിസ്, ആത്മാവിന്റെ ഫോട്ടോപിടിക്കുന്ന കിർലിയൻ ഫോട്ടോഗ്രഫി, സമീപമരണ (നിയർ ഡെത്ത്) അനുഭവം, ഔട്ട് ഓഫ് ബോഡി (ഒ.ഒ.ബി) അനുഭവം, ലുസിട് ഡ്രീമിംഗ്, തുടങ്ങി ശുദ്ധ ശാസ്ത്രീയം എന്ന് തോന്നുന്ന പദാവലി ചേർത്ത ധാരാളം പ്രതിഭാസങ്ങൾ വിശദീകരിക്കപ്പെടുന്നു.
സൂക്ഷിക്കുക എല്ലാം അവസാനം ഒരു പോയന്റിൽ എത്തും, ക്രെഡിറ്റ് കാർഡിൽ. മനോഹരമായി വർണ്ണിച്ചു, ആകാംഷ ജനിപ്പിച്ചു അവസാനം കുറച്ചു ഡോളർ ഡിസ്ക്കൗണ്ട് കൂപ്പണുമായി എത്തുന്ന ഇവണയൊക്കെ പണമുണ്ടാക്കാനുള്ള ആധുനിക ശാസ്ത്രം മാത്രമാണ്. ലോകത്ത് ധാരാളം ആളുകൾ ഇവയിലൊക്കെ വീഴുകയും ചെയുന്നു.
ചിലത് പരിശോധിക്കാം.
ടെലപ്പതി: വിദൂര ഗഹണം, എന്ന് മലയാളത്തിൽ പറയാവുന്ന, ഒരു വിദൂര വ്യക്തിയുടെ ചിന്ത, വിചാരമൊകെ യാതൊരുവിധ ഇന്ദ്രിയ, ഉപകരണ ബന്ധം ഇല്ലാതെ മനസിലാക്കുന്ന വിദ്യ. പല ശാസ്ത്രീയ പഠനം നടത്തിയെങ്കിലും ഒരിക്കലും ആവർത്തന ക്ഷമം അല്ലാത്ത ഫലം ലഭിക്കാതെ ശാസ്ത്രീയ സമൂഹം തള്ളി കളഞ്ഞ പ്രതിഭാസം. പക്ഷെ ഇന്നും അതീന്ദ്രിയ, പാര സയിക്കോളജികാരൊക്കെ കൊണ്ട് നടക്കുന്നു.
ടെലെ കൈനെസിസ്: ടെലെപതിയിൽ ചിന്ത വായിക്കുക ആണ് എങ്കിൽ ഇതിൽ വിദൂര വസ്തുവിനെ ചലിപ്പിക്കൽ ആണ്. ഇസ്രെയെലി മേജിഷ്യനും ടെലവിഷൻ പ്രകടനകാരനുമായിരുന്ന യുറി ഗെല്ലർ വിദുരത്ത് ഇരിക്കുന്ന സ്പൂൺ വളയ്ക്കുന്ന വിദ്യ കാണിക്കുകയുണ്ടായി. എന്നാൽ ജയിംസ് റാണ്ടിയും നോബൽ ജേതാവായിരുന്നു, റിച്ചാർഡ് ഫെയ്മാനും ഇദ്ദേഹത്തിന്റെ തന്ത്രം തുറന്നു കാട്ടി. തനിക്ക് അതീന്ദ്രിയ കഴിവുണ്ട് എന്നും, വിദൂര നക്ഷത്രത്തിലെ സൂപ്പർ കന്പ്യൂട്ടറിലെ വിവരം തനിക്ക് ലഭ്യമാണെന്ന് വരെ അവകാശ വാദമുന്നയിച്ച ഇദ്ദേഹം പിന്നീട് തട്ടിപ്പ് നടത്തിയതിനുള്ള പിഴ അടയ്ക്കേണ്ട ഗതികേടിലായി.
ആത്മാവിന്റെ ഫോട്ടോ അഥവ കിർലിയൻ ഫോട്ടോ ഗ്രഫി: പ്രശസ്തരായ പല ശാസ്ത്രകാരന്മാർ വരെ ഇന്നും പലപ്പോഴും ആത്മാവിന്റെ തെളിവായി ഉന്നയിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കിർലിയൻ ഫോട്ടോ ഗ്രഫി.
1958ൽ റഷ്യക്കാരായ സെർമിയോൻ കിർലിയൻ ദന്പതികളാണ് ഈ വിദ്യ അവതരിപ്പിച്ചത്. ഇത് ഉപയോഗിച്ചു എടുക്കുന്ന ജീവ വസ്തുകളുടെ ഫോട്ടോയിൽ ചുറ്റും ഒരു പ്രഭാ വലയം കാണുന്നു എന്നും, ഇതിനെ ഓറ എന്നും വിളിച്ചു.
ജീവനുള്ള ഇലയിലും, ഇല്ലാത്ത ഇലയിലും പ്രഭാവലയത്തിന്റെ മേഘല വ്യത്യസ്തമാണെന്നും, ഇത് ആത്മാവിന്റെ പ്രഭാവമാണെന്നുമൊക്കെ വ്യഖ്യാനം വന്നു. പാരാസൈക്കോളജിയുടെ സുവർണ്ണ കാലം കൂടെ ആയിരുന്ന എഴുപതുകളിൽ ഇത് വലിയ അന്വേഷണ താൽപര്യം ഉണർത്തി. ഒപ്പം റഷ്യയിൽ നിന്നാണ് ഇത് എന്നതും കൂടുതൽ താൽപര്യജനകമായി. എന്നാൽ ശാസ്ത്രീയ പഠനം, വൈദ്യുതി കടത്തി വിടുന്പോൾ ഉണ്ടാവുന്ന കൊറോണ എഫെക്ട് അഥവാ ചുറ്റിലും അയോണീകരിക്കപ്പെടുന്ന മണ്ധലം ഉണ്ടാക്കുന്ന ഫോട്ടോ ഗ്രാഫിക്ക് എഫെക്ട് മാത്രമാണ് ഇതെന്ന് തെളിയിക്കപ്പെട്ടു. ആരോഗ്യം, രോഗം, ആത്മാവ് തുടങ്ങിയവയൊന്നും ഇതിന് യാതൊരു ബന്ധവുംമില്ലെന്ന് തെളിയിക്കപ്പെട്ടു.