വിജയ് മല്യ ഒരു വട്ടം, രണ്ട് വട്ടം...
കർക്കിടക മഴയുടെ നിർത്താതെയുള്ള കണ്ണീരിൽ കുതിർന്ന്, പുഴ തലയിട്ടടിച്ച്, ആരോടെന്നില്ലാതെ പരിഭവം പറഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. പുഴയുടെ കരയിൽ മഴയുടെ നനവിൽ ഞങ്ങളിരുന്നു. ഒപ്പം മീൻപിടുത്തത്തിൽ വിദഗ്ദ്ധനായ സുഹൃത്തുമുണ്ട്. അരമണിക്കൂറിൽ പത്തോളം മീനുകളെ പിടിച്ച് സുഹൃത്ത് ഒന്നും കിട്ടാതെ ചൂണ്ടയിട്ടിരിക്കുന്ന എന്നെ നോക്കി പറഞ്ഞു. വെള്ളം കലങ്ങിയാലും ഇരയുണ്ടായാലും ചുണ്ടയുണ്ടായാലും മാത്രം പോര. ചെറിയ ഇരയിട്ട് വലിയ ഇരകളെ പിടിക്കുന്നതിൽ ഒരു സയൻസുണ്ട്. അത് പഠിക്കുവാൻ കുറച്ച് സമയമെടുക്കും. കുറച്ച് കൂടി സമയം പുഴയരികിൽ ഇരുന്നപ്പോഴാണ് ഒരു പൊന്മാൻ കലങ്ങിയ െവള്ളത്തിൽ കുതിച്ചിറങ്ങി ഒരു വലിയ മീനിനെയും കൊത്തി പറന്നുപോയത്! ആകാശത്ത് കൂടി പറന്ന് കലങ്ങിയ വെള്ളത്തിനടിയിലെ ഇരയെ കൊത്തി പറന്നകന്ന പൊന്മാൻ ഈ വിദ്യയിൽ എത്ര അഗ്രഗണ്യനാണ് എന്നതായി പിന്നീടുള്ള ചിന്ത!
പിന്നീട് ഇന്ത്യാ മഹാരാജ്യത്തിന്റെ ആകാശത്ത് ഒരു പൊന്മാൻ പറന്ന് തുടങ്ങി എന്ന് ഞാൻ അറിഞ്ഞത് 2004ലാണ്. ലണ്ടനിൽ ലേലത്തിന് വെച്ച ടിപ്പുസുൽത്താന്റെ വാൾ ഒരു ഇന്ത്യക്കാരൻ 175000 പൗണ്ടിന് ലേലം വിളിച്ചെടുത്തപ്പോഴാണ് മല്യ എന്ന മദ്യ വ്യവസായിയെക്കുറിച്ച് എന്നെ പോലെ ജനവും അറിഞ്ഞു തുടങ്ങിയത്. പിതാവിന്റെ മരണശേഷം കന്പനി ഏറ്റെടുത്ത് മല്യ 15 വർഷത്തിനുള്ളിൽ 60 കന്പനികൾ വഴി കൊയ്തത് പതിനൊന്ന് ബില്യൺ ഡോളറുകളായിരുന്നു.
2002ൽ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുത്തപ്പോൾ കിട്ടിയ പ്രശസ്തിയെക്കാൾ കൂടുതൽ പബ്ലിസിറ്റി ടിപ്പുവിന്റെ വാൾ വാങ്ങിച്ചപ്പോൾ ലഭിച്ചതറിഞ്ഞ മല്യ ചൂണ്ടയിലെ ഇരയെ മാറ്റിതുടങ്ങി.
2009ൽ മഹാത്മാഗാന്ധി ഉപയോഗിച്ച പല ഭൗതികവസ്തുക്കളുടെയും ലേലം ന്യൂയോർക്കിൽ വെച്ച് നടന്നപ്പോൾ അതിൽ പങ്കെടുക്കാതെ ഇന്ത്യൻ സർക്കാർ മുങ്ങിയപ്പോൾ, ഇന്ത്യയുടെയും ഗാന്ധിജിയുടെയും മാനം രക്ഷിച്ചതും ഈ മഹാനായ പൊന്മാനായിരുന്നു. 1.8 മില്യൺ യു.എസ് ഡോളർ നൽകിയാണ് മല്യ വീണ്ടും ഇന്ത്യക്കാരുടെ മനസ്സിൽ തിളങ്ങി നിന്നത്. 2011ൽ വീണ്ടും 18 കോടി നൽകി ശബരിമല ക്ഷേത്രത്തിന്റെ ചുറ്റും സ്വർണ്ണം പൂശിയ മല്യ എന്ന മദ്യരാജാവ് മറുവശത്ത് ഉടുതുണിയില്ലാതെ സുന്ദരികളെ നിർത്തി തന്റെ ബിയർ കന്പനിയുടെ ലൈവ് ഷോ എൻ.ഡി.ടി.വിയിൽ നടത്തി.
ഇതിനിടയിൽ F1 എന്ന ശതകോടീശ്വരന്മാരുടെ കാറോട്ട മത്സരത്തിൽ സഹാറ ഗോൾഡ് എന്ന ടീമുമായി മല്യ ബഹ്റിനിലുമെത്തി. തന്റെ രണ്ട് ഭാഗത്തും നാല് സണ്ണി ലിയോണുകളെ നിരത്തി പിറകിൽ രണ്ട് അംഗരക്ഷകരുമായി ബഹ്റിനിലെ F1 ട്രാക്കിൽ മല്യ നടക്കുന്പോൾ പൂരത്തിനിറക്കിയ ഗുരുവായൂർ കേശവന്റെ ചന്തമായിരുന്നു.
പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്സിലും മോഹൻ ബഗാനിലും ഓഹരികൾ വാങ്ങിക്കൂട്ടിയ മല്യ FI വേൾഡ് മോട്ടോർ സ്പോർട്്സ് കൗൺസിൽ അംഗവുമായി. ഇതിനിടയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റും ഫ്രാൻസിൽ നിന്നുള്ള ബഹുമതിയും വേൾഡ് ഇക്കണോമിക് ഫോറം, ഗ്ലോബൽ ലീഡർ ഫോർ ടുമാറോ എന്ന ബഹുമതിയും നൽകി ആദരിച്ചു.
ആകാശത്തിൽ കിംഗ് ഫിഷർ എന്ന പൊന്മാൻ പറക്കുന്പോൾ താഴെ ലക്ഷ്യം വെച്ചത് കലങ്ങി കിടക്കുന്ന ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെയായിരുന്നു. ബാങ്കിനരികിൽ ഒരു ചെറിയ കാർഷിക ലോൺ വരെ ലഭിക്കാതെ ജനം കഷ്ടപ്പെടുന്പോൾ ആകാശത്ത് നിന്നും പറന്ന് വന്ന പൊന്മാൻ കൊത്തിയെടുത്ത് 7000 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും സന്പന്നരായ 50 ബിസിനസ്സ് സ്ഥാപനങ്ങൾ കടമെടുത്ത് കിട്ടാക്കടമായി ബാങ്ക് എഴുതി തള്ളുവാൻ വെച്ച തുക 4056.28 ബില്യൺ ഇന്ത്യൻ രൂപയാണ്!
ലോകത്ത് പെട്ടെന്ന് സന്പന്നരായി ബില്യണർമാരായിതിൽ ഭൂരിപക്ഷം പേരും പറ്റിച്ചിരിക്കുന്നത് ബാങ്കുകളെയാണ്! മുഴുവൻ സമയവും ആകാശത്തിൽ പറക്കുന്ന ഇവർക്കുള്ളത് പൊന്മാന്റെ കണ്ണുകളാണ്. താഴെ വെള്ളം കലങ്ങി തുടങ്ങുന്പോൾ മീൻ പിടിക്കുവാൻ തയ്യാറാകുന്നവർ വിജയികളാകുന്നു.
സർക്കാർ ഒന്നും തിരിയാത്തവരെ പോലെ പൊട്ടൻ കളിച്ച് ‘നീല പൊന്മാനെ വീട്ടിലെത്താൻ നേരമായി, കൂടിലെത്താൻ നേരമായി..’ എന്ന് പാട്ട് പാടി കളിക്കുന്പോൾ വിജയ മല്യ പുതിയ ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി ലാൻഡ് ചെയ്ത് കഴിഞ്ഞിരിക്കുന്നു. പല വിദേശ രാജ്യങ്ങളിലും ഈ പൊന്മാൻ നല്ല കാലത്ത് സ്വർണ്ണ മുട്ടകൾ ഷെയറുകളായി നിക്ഷേപിച്ചിട്ടുണ്ട്. സർക്കാരിനെയും, സാധാരണക്കാരന്റെയും കണ്ണിൽ പൊടിയിടാൻ ഇന്ന് നടന്ന ജപ്തി നാടകം ചിലയിടങ്ങളിൽ നടക്കും. സർക്കാർ വേറൊന്നും തിരികെ പിടിച്ചെടുത്തില്ലെങ്കിലും ആ മഹാത്മജിയുടെ കണ്ണടയും ചെരിപ്പും വാച്ച് എന്നിവ എവിടെയാണ് എന്നെങ്കിലും പൊതു ജനത്തെ അറിയിച്ചാൽ നന്നായിരിക്കും. അല്ലെങ്കിൽ ചില വിദേശ രാജ്യത്തെ ഫാഷൻ ഷോയിൽ സ്ത്രീകൾ ഗാന്ധി കണ്ണടയും ചെരിപ്പും വാച്ചും ധരിച്ച് ബിക്കിനിയിട്ട് നടക്കുന്ന കാഴ്ച്ചയും നമ്മൾ കാണേണ്ടി വരും !