ക്യാമറ കണ്ണുകൾക്കുമപ്പുറം
വഴിവിളക്കുകൾ പ്രകാശിക്കുന്നത് ചുറ്റുമുള്ളവർക്ക് വഴി തെളിയിക്കുവാനാണ്. രാത്രിയുടെ നിശബ്ദതയിൽ ഒരു വിളക്ക് കൺചിമ്മി തുറക്കുന്പോൾ അന്ധകാരം നീങ്ങുന്നു. പാത തെളിയുന്നു.
മിന്നാമിനുങ്ങിന്റെ കുഞ്ഞുവെട്ടവും റാന്തലിന്റെ നേരിയ വെളിച്ചവും ചൂട്ടിന്റെ ചൂടുള്ള പ്രകാശവും മെഴുകുതിരിയുടെ ദിവ്യവെളിച്ചവും നിലവിളക്കിന്റെ നിർമ്മലമായ തെളിച്ചവും ഒക്കെ നമ്മെ സന്തോഷിപ്പിക്കാറുണ്ട്.
പക്ഷെ കേവലം ഒരു സെക്കന്റ് മാത്രം കണ്ണടച്ച് ചിമ്മുന്ന ഒരു ഫ്ളാഷ് വെളിച്ചം ബഹ്റിനിലെ ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരെ പല വേദികളിലും പൊതുയോഗങ്ങളിലും സന്തോഷിപ്പിച്ച് തുടങ്ങിയിട്ട് വർഷമേറെയായി.
പൊതുപരിപാടികളിൽ, അക്ഷമരായി നിൽക്കുന്ന കാണികളുടെയും ധൃതിയിൽ ഓടി നടക്കുന്ന സംഘാടകരുടെ ഇടയിലേയ്ക്ക് പതുക്കെ നടന്ന്, ഇത്തിരി അമിതവണ്ണമുള്ള സാമിയെത്തുന്പോൾ, എല്ലാവരും സീറ്റിൽ ഒന്ന് നിവർന്നിരിക്കും. സാമിയുടെ മുഖത്ത് അദ്ദേഹത്തിന്റേത് മാത്രമായ നിഷ്കളങ്കമായ ചിരി വിടരുന്പോൾ എല്ലാവരും മനസ്സ് തുറന്ന് ഒന്ന് ചിരിക്കും. പിന്നീട് ഒരു ക്ലിക്ക്, ഒരു ഫ്ളാഷ്.
സാമി കൈപൊക്കി സലാം പറഞ്ഞ് േവദിയുടെ മൂലയിലേയ്ക്ക് നീങ്ങുന്പോൾ പലരുടെയും മനസ്സിലേയ്ക്ക് ആ ക്ലിക്കും ഫ്ളാഷും, സാമിയുടെ ചിരിയും ഒരുതരം സന്തോഷം കൊണ്ടുവരും.
അത് പലപ്പോഴും പിറ്റേദിവസം പത്രത്താളുകളിൽ നിറയുന്ന നമ്മുെട പടത്തെക്കുറിച്ചുള്ള സന്തോഷമല്ല. പകരം സാമി പകരുന്ന ഒരുതരം നിഷ്കളങ്കമായ സ്നേഹത്തിന്റെ തുടിപ്പുകളായിരുന്നു.
ഇന്ത്യക്കാരുടെ ഇടയിൽ ഇന്ത്യക്കാരനായും മലയാളിയുടെ ഇടയിൽ മലയാളിയായും പാകിസ്ഥാനിയുടെ ഇടയിൽ പാകിസ്ഥാനിയായും സായിപ്പന്മാരുടെ ഇടയിൽ സായിപ്പായും ബഹ്റിനികളുടെ ഇടയിൽ ബഹ്റിനിയായും സാമി മാറിയതിനുള്ള കാരണം അദ്ദേഹത്തിന്റെ ഭാഷ, സ്നേഹത്തിന്റെയും ചിരി, നിഷ്കളങ്കതയുടെയും ആയിരുന്നത് കൊണ്ടാണ്.സാമിയുടെ, ക്യാമറകണ്ണുകൾ കവർന്നത് നമ്മുടെ രൂപമായിരുന്നില്ല പകരം മനസ്സായിരുന്നു. വർഷങ്ങളായി ഒരു ഇംഗ്ലീഷ് പത്രത്തിന്റെ സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജലാൽ സാമി എല്ലായിടത്തും ഒരു അഹങ്കാരവും പ്രകടിപ്പിക്കാത്ത, വളരെ വിനീതനായി പെരുമാറിയ വ്യക്തിയായിരുന്നു.
ചിലയിടങ്ങളിൽ പ്രോഗ്രാം വൈകിയാലും ഫോട്ടെയെടുക്കുവാൻ ബുദ്ധിമുട്ടുകൾ നേരിട്ടാലും അത്തരം സാഹചര്യങ്ങളിൽ വളരെ പക്വതയോടെ പെരുമാറിയപ്പോൾ അത് ഗുണം ചെയ്തത് അദ്ദേഹം ജോലി ചെയ്ത സ്ഥാപനത്തിന് കൂടിയായിരുന്നു.
ഒരു ഫോട്ടോഗ്രാഫർ ആകണമെന്ന് അതിയായി ആഗ്രഹിച്ച വ്യക്തിയായിരുന്നു ഞാൻ. വിക്ടർ ജോർജ്ജ് എന്ന മലയാള മനോരമയുടെ ഫോട്ടോഗ്രാഫറാണ് ബാല്യകാലത്ത് ഇത്തരമൊരു ആഗ്രഹത്തിന് പ്രചോദനമായത്. പിന്നീട് സുരേഷ് എൻ., സന്തോഷ് ശിവൻ, സ്റ്റീവ് കറി, ജാന ഷീൽദ്സ് മുതൽ ബഹ്റിനിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ സജി ആന്റണിയേയും ജോർജ് മാത്യുവിനെയും വരെ ബഹുമാനിച്ചതും ആരാധിച്ചതും അവരെടുത്ത മനോഹരമായ ഫോട്ടോഗ്രാഫുകൾ കണ്ടിട്ടാണ്.
പ്രകൃതിയെന്ന വിശാലമായ ക്യാൻവാസിൽ ദൈവമെന്ന കലാകാരൻ വരച്ചുവെച്ച മനോഹരമായ ദൃശ്യങ്ങൾ ക്യാമറക്കണ്ണിലൂടെ അതിന്റെ ചാരുത നഷ്ട്പ്പെടുത്താതെ പകർത്തുവാനും ദൈവത്തിന്റെ ഒരു അനുഗ്രഹം വേണം.
ജലാൽ സാമി ഇവരിൽ നിന്നൊക്കെ വ്യത്യസ്തനായ ഫോട്ടോഗ്രാഫറാണെങ്കിലും അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ് തിരിച്ചറിയാത്തവർ ബഹ്റിനിൽ ചുരുക്കം തന്നെ.
ഒരു ക്ലിക്കിലൂടെ ബഹ്റിനിലെ ആയിരക്കണക്കിന് പ്രവാസികളെയും സംഘടനകളെയും വെളിച്ചത്തിലേയ്ക്ക് പകർത്തിയ ജലാൽ സാമി ഇന്ന് ഫ്ളാഷുകളും നിറങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായിരിക്കുന്നു.
ഒരു മഴപെയ്യുന്പോൾ വിക്ടർ ജോർജിനെ ഓർക്കുന്നതുപോലെ എവിടെയെങ്കിലും നെഞ്ചിൽ ക്യാമറയും തൂക്കി ഏതെങ്കിലും ഒരു ഫോട്ടോഗ്രാഫറെ കണ്ടാൽ നമ്മൾ സാമിയെ ഓർക്കും. ജാതി മത രാഷ്ട്ര ഭേദമില്ലാതെ നിർലോഭം വിതറിയ ചിരിയും സലാം പറച്ചിലും മനസ്സിലേയ്ക്ക് കടന്ന് വരും. ജലാൽ സാമി കേവലം ഒരു ഫോട്ടോഗ്രാഫർ മാത്രമായിരുന്നില്ല. പകരം വിദേശിയരെ തുറന്ന മനസ്സോടെ സ്നേഹത്തോടെ സ്വീകരിക്കുന്ന ബഹ്റനികളുടെ അംബാസഡറായിരുന്നു.
ജനിക്കുന്പോൾ നമുക്ക് ജീവനുണ്ട് പക്ഷെ പേരില്ല. മരിക്കുന്പോൾ പേരുണ്ട് പക്ഷെ ജീവനില്ല. പേരിനും ജീവനും ഇടയില്ലുള്ള ചെറിയ നിമിഷങ്ങളെ നമ്മൾ ജീവിതം എന്ന് പറയുന്നു. ഈ ഇടവേളയിൽ നാം മറ്റുള്ളവരെ എങ്ങിനെ സന്തോഷിപ്പിക്കുന്നു എന്നതാണ് മരണാനന്തരം നമ്മുടെ പേര് ഭൂമിയിൽ നില നിർത്തുന്നത്.
ഒരു സാമിയുടെ മനസ്സ് ഉണ്ടായിരുന്ന ജലാൽ സാമി ഇപ്പോൾ ഇല്ല എന്ന് വേദനയോടെ ഓർക്കുന്പോൾ മനസ്സ് ദൈവത്തോട് പറയുന്നു, ‘സ്വർഗ്ഗ വാതിലിൽ കാത്തിരിക്കുന്ന ദൈവമേ, ജലാൽ എത്തിയിരിക്കുന്നു, സെ ചീസ് ആൻഡ് സ്മയിൽ പ്ലീസ്’