നരസിംഹം 2.0
ഇറ്റലിയിലെ പിസാ നഗരത്തിലെ ചെരിഞ്ഞ ഗോപുരത്തെ വിസ്മയത്തോടു കൂടി നോക്കി നിൽക്കുന്പോഴാണ്, കൂടെയുള്ള മകൻ പറഞ്ഞത് ഇതിലും വലിയ വിസ്മയമല്ലേ നമ്മുടെ നാട്ടിലുള്ളത്. കാര്യം മനസിലാകാതെ എല്ലാവരും അവനെ തുറിച്ച് നോക്കിയപ്പോൾ, മകൻ ശരീരം ഒരു ഭാഗത്തേക്ക് ചെരിച്ചു കൊണ്ടു പറഞ്ഞു. ഞാൻ ഉദ്ദേശിച്ചത് നമ്മുെട ലാലേട്ടനെക്കുറിച്ചാണ്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ചെരിഞ്ഞ് നിന്ന് കാണികളുടെ മനസ്സിൽ മുള്ളായി കടന്ന് വന്ന ലാലേട്ടൻ പിന്നീട് കൂടുതൽ ‘ചിത്ര’ങ്ങൾ വന്നു തുടങ്ങിയപ്പോഴേയ്ക്കും വിരിഞ്ഞ് നിൽക്കുന്ന പുഷ്പമായി മാറി. ലാലേട്ടന്റെ സംഭാഷണ ശൈലിയും നടത്തവും മലയാളിയുടെ മനസ്സിൽ പുതിയ ഫാഷൻ ട്രെൻഡുകളായി. ഒന്ന് മീശ പിരിച്ചാൽ, മുണ്ട് മടക്കി കുത്തിയാൽ, കറുത്ത കൂളിംഗ് ഗ്ലാസൂരി ഒന്ന് കണ്ണ് ചിമ്മിയാൽ എന്തിനധികം ലാലേട്ടൻ ചെരുപ്പിട്ട് വാച്ച് തിരിച്ച് ജുബയുടെ കൈ മടക്കുന്നത് വരെ പ്രേക്ഷകർ കൈയടിയോടെ സ്വികരിച്ചു.
ഒരു സിനിമാ നടനായും നാടക നടനായും സൂപ്പർ സ്റ്റാർ ആയും ഒതുങ്ങാതെ കലാപ്രവർത്തനങ്ങൾക്കുപരി, സമൂഹത്തിലെ തിന്മകൾക്കെതിരെ ലാലേട്ടൻ നിന്നപ്പോൾ പലരും അതിലൊരു ചെരിവ് കണ്ടെത്തി. തന്റെ ഫാൻസ് എന്ത് ചിന്തിക്കും, തന്റെ വാക്കുകൾ സിനിമയുടെ കളക്ഷനെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കാതെ കാര്യങ്ങൾ തുറന്ന മനസ്സോടെ ലാലേട്ടൻ പറയുന്പോൾ തിരിച്ചറിയേണ്ടത് മാസ്ലോ പറഞ്ഞ self acutalisation എന്ന തലത്തിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നു എന്ന സത്യമാണ്.
ഇത് ഞാൻ തിരിച്ചറിഞ്ഞ് തുടങ്ങിയത് ലാലേട്ടന്റെ തിരഞ്ഞെടുത്ത ഓഷോ കഥകൾ വായിച്ചപ്പോഴാണ്. ഓഷോയുടെ ജീവിത രീതിയും ഫിലോസഫിയെക്കുറിച്ചും പലർക്കും വിഭിന്ന അഭിപ്രായമായിരിക്കാം. എങ്കിലും ഓഷോ ചില സത്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. സദാചാരത്തിന്റെ പേരിൽ, രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ, മത താൽപര്യങ്ങളുടെ പേരിൽ പലരും സംഘം ചേർന്ന് ഓഷോയെ എതിർത്തിട്ടുണ്ടെങ്കിലും പറഞ്ഞ ചില സത്യങ്ങൾ ന്യായങ്ങൾ തന്നെ എന്ന് കരുതുന്ന ചില സത്യസന്ധരെങ്കിലും ഇപ്പോഴും ഉണ്ട് എന്നതാണ് സത്യം.
എല്ലാ മനുഷ്യർക്കും ഓരോ പരിണാമ ദിശകളുണ്ട്. ആദ്യത്തെ ആവശ്യം വെള്ളം, വസ്ത്രം, സ്വന്തമായ വീട്, പിന്നീട് ശാരീരികമായ സന്തോഷങ്ങൾ, അതും കഴിഞ്ഞാൽ സമൂഹത്തിന്റെ അംഗീകാരം, പ്രശസ്തി, ധനം, ആഡംബരം എന്നിവ കടന്ന്് വരും. അതും നേടി കഴിഞ്ഞാൽ പിന്നീടുള്ള പരിണാമ ദിശയിൽ ഒരാൾ ചിന്തിച്ച് തുടങ്ങുക ചില സത്യങ്ങളൊക്കെ തുറന്ന് പറഞ്ഞ് സമൂഹത്തിലെ ചില തെറ്റുകൾ തിരുത്തണം എന്ന ചിന്തയിലേക്കാണ്. അത്തരമൊരു അവസ്ഥയിലേയ്ക്ക് കടക്കുവാൻ പലർക്കും പലർക്കും പറ്റാറില്ല എന്നതാണ് സത്യം. പലരും esteem needൽ നിന്ന് മുകളിൽ കടക്കാറില്ല. ഇതിനും മുകളിലെത്തുന്പോൾ നമ്മൾക്ക് ഒരു സന്യാസി മനസ്സ് വരും. ഒന്നിനെയും ഭയമില്ലാത്ത ഒരു അവസ്ഥാ വിശേഷമാണിത്.
നിഷ്പക്ഷം എന്ന ഒരു പക്ഷം ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഏതൊരു പ്രശ്നത്തിനും രണ്ട് പക്ഷമേയുള്ളൂ. ഒന്ന് ശരിയുടെ പക്ഷം മറ്റേത് തെറ്റിന്റെ പക്ഷം. നിഷ്പക്ഷം എന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ശരിയെന്താണ് എന്ന് തിരിച്ചറിഞ്ഞിട്ടും ശരിയുടെ പക്ഷം ചേരുവാൻ ധൈര്യമിലാതെ മൗനം പാലിക്കുന്നവരാണ്. ഇവരാണ് സമൂഹത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യർ.
എം.എൻ വിജയൻ മാഷ് ഒരു കമ്യൂണിസ്റ്റായിരുന്നു. പക്ഷേ പല കമ്യൂണിസ്റ്റുകാരും അദ്ദേഹത്തിന്റെ പ്രസ്താവനകൾ കേട്ട് അദ്ദേഹത്തിന് വേറൊരു വ്യാഖ്യാനം നൽകി. സുകുമാർ അഴിക്കോടും സത്യങ്ങൾ വിളിച്ചു പറയുന്ന വ്യക്തിയായിരുന്നു. കോൺഗ്രസിനെ എതിർത്തു പറയുന്പോൾ ജനം അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കി, കമ്യൂണിസ്റ്റിനെ എതിർത്ത് പറയുന്പോൾ അഴിക്കോടിനെ കോൺഗ്രസുകാരനാക്കി, രണ്ടു പേർക്കും എതിരെ പറഞ്ഞപ്പോൾ ഹൈന്ദവനാക്കി. എം.എൻ വിജയൻ മാഷിനെക്കാളും സുകുമാർ അഴിക്കോടിനേക്കാളും തുറന്ന പ്രതികരണത്തിലൂടെ കൂടുതൽ ധനനഷ്ടം ഉണ്ടാവുക മോഹൻലാൽ എന്ന നടനായിരിക്കും. തനിക്ക് സർക്കാർ തന്ന മേജർ പദവി ഒരു തൂവലായി തന്റെ തൊപ്പിയിൽ ഇരിക്കുന്പോൾ, രാജ്യസ്നേഹത്തെക്കുറിച്ച് അഖിലേന്ത്യാ തലത്തിൽ ഒരു ചർച്ച വരുന്പോൾ പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ ലാലേട്ടൻ കേവലം ഒരു സൂപ്പർ സ്റ്റാർ മാത്രമായി മാറിയേനെ. സുകുമാർ അഴിക്കോടും എം.എൻ വിജയൻ മാഷും നഷ്ടപ്പെട്ടപ്പോൾ നമുക്ക് നഷ്ടമായത് സാധാരണക്കാരന്റെ വാക്കായിരുന്നു. പ്രശസ്തർ പ്രതികരിക്കുന്പോഴാണ് അത് ജനം ശ്രദ്ധിച്ചു തുടങ്ങുക. ലാലേട്ടൻ ഇന്ന് അത്തരമൊരു സ്പേയ്സ് നിറച്ച് തുടങ്ങിയിരിക്കുന്നു. ലാലേട്ടന്റെ വാക്കുകൾക്കും അക്ഷരങ്ങൾക്കും മസിലും വന്ന് തുടങ്ങിയിരിക്കുന്നു.
ലാലേട്ടൻ ദേശസ്നേഹത്തെക്കുറിച്ച് പറഞ്ഞാൽ ഒരു കൂട്ടം അദ്ദേഹത്തെ സംഘി ആക്കും. കുറച്ച് കഴിഞ്ഞ് തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രതികരിച്ചാൽ ചിലർ കമ്യൂണിസ്റ്റ് എന്ന് വിളിക്കും. കൊലപാതകത്തിനെതിരെ പ്രതികരിച്ചാൽ കോൺഗ്രസുകാരനാക്കും. ഇനി ഈ മൂന്ന് കാര്യങ്ങളെ കുറിച്ച് ഒരുമിച്ചു പറഞ്ഞാൽ ജനം നക്സെൽ എന്ന് വിളിക്കും!. ഇത്തരം പ്രതികരണങ്ങൾ അദ്ദേഹത്തെ തളർത്തില്ല എന്നറിയാം. സാധാരണ ജനത്തിന്റെ നാക്കായി ലാലേട്ടൻ മാറട്ടെ അത് നര വംശത്തിന്റെ നന്മയ്ക്കായും മാനവരാശിയുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി ശബ്ദിക്കുന്ന നരസിംഹ ഗർജ്ജനത്തിനമായി മാറട്ടെ എന്ന് പ്രതീഷിച്ചു കൊണ്ട് സ്വാഗതം ലാലേട്ടാ പവിഴ ദ്വീപിലേക്ക് സുസ്വാഗതം!