ചാല കുടിക്കാരൻ പറയാതെ പോയത്...


വീടിന്റെ തൊട്ടു മുന്പിലായിരുന്നു ഞാൻ പഠിച്ചിരുന്ന വിദ്യാലയം. അതുകൊണ്ട് തന്നെ രാവിലെ സ്കൂളിൽ മണി മുഴങ്ങുന്പോൾ, വീട്ടിൽ നിന്ന് ഓടിതുടങ്ങിയാൽ ക്ലാസ്സ്‌ മുറിയിൽ കൃത്യസമയത്ത് എത്തുമായിരുന്നു. ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്നു പഠിപ്പിച്ച ആദ്യ വിദ്യാലയത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം വൈകുന്നേരത്തെ കൂട്ട മണി കേൾക്കുന്പോഴായിരുന്നു. എന്തൊക്കെയോ പഠിച്ചു എന്ന തോന്നലാണ് ആ കൂട്ടമണി എനിക്ക് നൽകിയിരുന്നത്. സ്കൂളിലെ പഠനം കഴിഞ്ഞിട്ടും രാവിലെ തൊട്ടടുത്ത വിദ്യാലയത്തിൽ നിന്നും മണി മുഴങ്ങുന്പോൾ മനസ്സിൽ നിന്നും ആരോ പറയും ഇനിയും എന്തൊക്കൊയോ പഠിക്കുവാൻ ബാക്കിയുണ്ടെന്ന്.

ആറാം ക്ലാസ്സിൽ പഠിക്കുന്പോഴാണ് ഒരു സൈക്കിൾ ഓടിക്കുവാൻ അവസരം ലഭിച്ചത്. വലിയ സൈക്കിളിന്റെ സീറ്റിലിരിക്കാതെ സൈഡിലൂടെ കാലിട്ട് ഓടിക്കുന്പോൾ പറ്റാവുന്നത്ര ഉച്ചത്തിൽ മണി മുഴക്കും. നാട്ടുകാരൊടൊക്കെ ഞാനും സൈക്കിൾ ഓടിക്കുവാൻ തുടങ്ങി എന്ന് അഭിമാനത്തോടെ അറിയിക്കൽ ആയിരുന്നു മണിയടിയുടെ പ്രധാന ഉദ്ദേശം.

പിന്നീട് എപ്പഴോ ഒരിക്കൽ തൊട്ടടുത്ത അന്പലത്തിന്റെ നട കയറിയ ഉടൻ തന്നെ അമ്മൂമ നടയിൽ തൂക്കിയിട്ടിരുന്ന മണിയിൽ ശക്തമായി ഒന്ന് അടിച്ച് എന്നെയൊന്നു നോക്കി. കിട്ടിയ അവസരം പാഴാക്കാതെ ഞാനും മണി പറ്റാവുന്നത്ര ശക്തിയിൽ അടിച്ച് കൃതാർത്ഥനായി. തൊഴുത്‌ മടങ്ങുന്പോൾ ആണ് ഒരു പത്തു വയസ്സുകാരന്റെ മനസ്സിൽ നിന്നും ആ ചോദ്യം ഉയർന്ന് വന്നത്. എന്തിനാണ് അന്പലത്തിൽ കയറുന്നതിനു മുന്പ് മണി അടിക്കുന്നതെന്ന എന്റെ ചോദ്യത്തിന് സംസ്കൃതത്തിൽ നല്ല പാണ്ധിത്യം ഉണ്ടായിരുന്ന അമ്മൂമ വ്യക്തമായ ഉത്തരം നൽകി. മണി അടിക്കുന്നത് നമ്മൾ വന്ന കാര്യം ദൈവത്തിനെ അറിയിക്കുവനാണെന്നാണ് പൊതുവെ പലരും കരുതിയിരിക്കുന്നത്. ദൈവം എപ്പോഴും ഉൺർന്നു എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്. ദൈവത്തിനെ മനുഷ്യൻ മണിയടിച്ചു ഉണർത്തേണ്ട ആവശ്യമൊന്നും ഇല്ല. അന്പലമണി നിർമ്മിച്ചിരിക്കുന്നത് കാഡ്മിയം, ഉരുക്ക്, കോപ്പർ, സിങ്ക്, നിക്കൽ ക്രോമിയം മാഗനീസ് എന്നീ ലോഹങ്ങൾ ഉപയോഗിച്ചാണ്‌. ഇവയൊക്കെകൊണ്ട് ഒരു പ്രത്യേക മിശ്രിതത്തിൽ നിർമ്മിച്ചിരിക്കുന്ന മണി അടിച്ചാൽ അത് ഉണ്ടാക്കുന്ന ശബ്ദം നമ്മുടെ വലതു ഭാഗത്തെയും ഇടതുഭാഗത്തെയും ബുദ്ധി ഒരു പോലെ പ്രവർത്തിപ്പിക്കുകയും അതുവഴി നമ്മുടെ മനസ്സിലെ നെഗറ്റീവ് ചിന്തകളെ മാറ്റി കൂടുതൽ ശ്രദ്ധയോടെ നല്ല ചിന്തകളെ ഉണർത്താനും ഉപകരിക്കുന്നു. ഇത്തരം ഒരു മണി മുഴങ്ങിയാൽ അത് ഏഴു സെക്കന്റ്‌ വരെ നമ്മുടെ മനസ്സിൽ മുഴങ്ങി നിൽക്കും ! അത് നമ്മുടെ ശരീരത്തിലെ ഏഴു ചക്രങ്ങളെ തൊട്ടുണർത്തുന്നു. ഇത്തരം ഒരു മണിശബ്ദം വഴി മനസ്സിനെ ഒരു നിമിഷം ശൂന്യമാക്കി പുതിയ നല്ല ചിന്തകളെ ഉണർത്തുവാൻ ഉപകരിക്കുന്നു. അമ്മൂമ്മ ഇത്രയും വിശദമായി കാര്യങ്ങൾ ശാസ്ത്രീയമായി വിവരിച്ചപ്പോൾ പതുക്കെ മണിയോട് ഒരു ബഹുമാനം തോന്നിത്തുടങ്ങിയിരുന്നു.

കോളേജിൽ പഠിക്കുന്പോൾ ആയിരുന്നു നാടകത്തിൽ അഭിനയിച്ചു തുടങ്ങിയത്. നാടകം ആരംഭിക്കുന്നതിനു മുന്പ് മണി മൂന്ന് അടിച്ചു കഴിയുന്പോൾ മനസ് ഒന്ന് പിടച്ചു തുടങ്ങും. മണിയടി ഒരു പരീക്ഷണം ആണെന്ന തിരിച്ചറിവ് നാടക മണികളാണ് എനിക്ക് നൽകിയത്.

പിന്നീട് ഒരിക്കൽ തൊടുപുഴയിൽ ഉരുൾ പൊട്ടിയപ്പോൾ, പള്ളിമണി മുഴങ്ങി കൂട്ടത്തോടെ നാക്കിട്ടലച്ചപ്പോഴാണ്‌ അത് പൊതുജനത്തെ വരാൻ പോകുന്ന ഒരു അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുവാനുള്ള മണിയടിയാന്നെന്നു തിരിച്ചറിഞ്ഞത്.

ഇങ്ങിനെ വിവിധതരം മണികൾ ജീവിതത്തിൽ വിവിധ സന്ദേശങ്ങൾ നൽകി കടന്ന് പോകുന്പോഴാണ് മിമിക്രിയിലൂടെ ജനത്തെ ചിരിപ്പിച്ചും, നാടൻ പാട്ടിലൂടെ ജനങ്ങളെ ചിന്തിപ്പിച്ചും, സിനിമയിലൂടെ പ്രേക്ഷകരെ അതിശയപ്പെടുത്തിയും കലാഭവനിലൂടെ ഒരു മണി ചിരിയും ചിന്തയുമായി കടന്നു വന്നത്.

നിറവും ജ്യാതിയും വിജയത്തിന് ഒരു ഘടകമല്ല എന്ന് തെളിയിച്ചു കൊടുത്തു സാധാരണക്കാരിൽ സാധാരണക്കാരനായി എല്ലാവരെയും സഹോദരി സഹോദരന്മാരെ പോലെ കരുതി മണി മുന്നേറിയപ്പോൾ ഞാൻ കേട്ടത് വിദ്യാലയത്തിലെ മണിയടിയായിരുന്നു. 

സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്പോഴും ചാലക്കുടി ചന്തയിലൂടെ മോട്ടോർ ബൈക്ക് ഓടിച്ച് മണി അഭിമാനത്തോടെ പറന്നു നടന്നപ്പോൾ ഞാൻ കേട്ടത് ബാല്യകാലത്ത്‌ ഞാൻ ഓടിച്ച സൈക്കിളിന്റെ മണിയടി ശബ്ദമായിരുന്നു.

പിന്നീട് മണിയുടെ സ്വന്തം നാട്ടിൽ സൗജന്യമായി ആംബുലൻസും, നിർദ്ധനരെ സഹായിക്കുവാൻ ട്രസ്റ്റ്‌ രൂപികരിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ കേട്ടത് നല്ല ചിന്തകൾ ഉയർത്തുന്ന അന്പലമണിയുടെ നാദമായിരുന്നു.

നടൻ ജയറാം മിമിക്രി താരങ്ങളെ സംരക്ഷിക്കുവാൻ ഒരു സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചപ്പോൾ ഉടൻ ഞാനും ഉണ്ട് കൂടെ എന്ന് പറഞ്ഞ് മുൻകൈ എടുത്തു മണി നിന്നപ്പോൾ ഞാൻ കേട്ടത് അപകടത്തിൽ വീഴുന്നതിന് മുന്പ് സംരക്ഷിക്കുന്ന പള്ളിമണിയുടെ ശബ്ദമായിരുന്നു.

കുറച്ചു മാസങ്ങൾക്ക് മുന്പ് മണിയെ വല്ലാതെ മെലിഞ്ഞ്, വിളറി കണ്ടപ്പോൾ, മനസ്സിൽ മുഴങ്ങിയത് നാടകം തുടങ്ങുന്പോഴുള്ള പരിഭ്രമം ജനിപ്പിക്കുന്ന നാടക മണിയായിരുന്നു.

മണിയെന്നാൽ തമിഴിൽ മാണിക്യം എന്നും സംസ്കൃതത്തിൽ മുത്ത്‌ എന്നുമാണ് അർത്ഥം. മാണിക്യം ചുകപ്പാണ്. മുത്ത്‌ വെളുപ്പും. മണിയുടെ കറുപ്പ് നിറത്തെകുറിച്ച് മണി തന്നെ പലപ്പോഴും കളിയായി പൊതുവേദിയിൽ സംസാരിച്ചിട്ടുണ്ട്. മലയാളത്തിന് ലഭിച്ച ഈ കറുത്ത മുത്ത്‌, സാധാരണക്കാരന് വേണ്ടി നിലനിന്ന വിപ്ലവ വീര്യമുള്ള ചുകന്ന മാണിക്യവും, നന്മയ്ക്ക്‌ വേണ്ടി കലാപരമായ കഴിവുകൾ ഉപയോഗിച്ച സ്നേഹം നിറഞ്ഞ വെളുത്ത മുത്തുമാണ്.

ആരോടും പറയാതെ, ഇന്നലെ തിരിശ്ശീലയഴിച്ചു വെച്ച്, ഭൂമിയിലെ നാടകം കഴിഞ്ഞ്, വേഷങ്ങൾ മാറ്റി മണിനാദം നിലച്ചപ്പോൾ അതിന് കാരണം ചില നല്ലതല്ലാത്ത ശീലങ്ങൾ എന്നറിയുന്പോൾ ഓർക്കുന്നത് ചുള്ളിക്കാടിന്റെ വരികൾ...

ദാരുണസ്മരണപോൽ

ദൂരദേവാലയങ്ങളിൽ

മണി മുഴങ്ങുന്നു.

എന്നോട് പെട്ടന്നൊ−

രിടിമുഴക്കം വിളിച്ചു ചോദിക്കുന്നു:

“എവിടെയാ കുതിരയുടെ ചിരി ?

ഉത്തരം: “അവനെ ഞാനറിയുന്നില്ല ദൈവമേ.

അവനു കാവലാൾ ഞാനല്ല ദൈവമേ.”

You might also like

Most Viewed