ഉറുന്പിനും ചിലത് പറയാനുണ്ട് ...

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്പോൾ കണക്ക് പുസ്തകത്തിനിടയിൽ കുട്ടിക്കൂറാ പൗഡർ തിരുകി വെച്ചത്, പ്രേം നസീർ ആകാനുള്ള മോഹം കൊണ്ടായിരുന്നു. പുസ്തകം തുറക്കുന്പോൾ കുട്ടിക്കൂറാ പൗഡറിന്റെ മണം മൂക്കിലടിച്ചു തുടങ്ങുന്പോൾ എന്റെ മുഖത്ത് ഒരു ഒറ്റ വരയൻ മീശ വളരുന്നതും, തലമുടിയിൽ ഒരു കിളി കൂട് കെട്ടുന്നതും ഞാനറിയും.
എട്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും പൗഡർ പോൺണ്ട്സിന്റെ ഡ്രീം ഫ്ളവർ ആയി മാറി. കുളി കഴിഞ്ഞ് മുഖത്ത് പൗഡർ പൂശിക്കഴിയുന്പോഴേക്കും മനസ്സിനുള്ളിൽ നിന്ന് ഒരു റഹ്മാൻ ‘ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ...’ എന്ന ഗാനം പാടി തുടങ്ങും. പിന്നീട് കോളേജിൽ പഠിക്കുന്പോഴാണ് ഗൾഫിലുള്ള അമ്മാവൻ യാർഡ്‌ലിയുടെ ലാവഡർ പൗഡർ സമ്മാനമായി നൽകിയത്. എങ്ങിനെ അരവിന്ദ് സ്വാമി ആകണമെന്നുള്ള എന്റെ മോഹത്തിന് രണ്ട് വർഷത്തോളം ശാശ്വത പരിഹാരമായിരുന്നു ഈ പൗഡർ വഴി ലഭിച്ചത്!
പകുതി മുറിച്ച ലൈഫ് ബോയ് സോപ്പിലൂടെ ആരോഗ്യം നേടിയ എന്റെ കൂട്ടുകാരും ഞാനും കുളി കോളേജിൽ എത്തിയപ്പോഴേക്കും ഹേമാമാലിനിയുടെ സൗന്ദര്യ സോപ്പായ ലക്സിലാക്കിയിരുന്നു. കാച്ചിയ എണ്ണയുടെയും, ലക്സ് സോപ്പിന്റെയും, യാർഡ്‌ലി പൗഡറിന്റെയും മണം ക്ലാസ് മുറിയിൽ ആരും കാണാതെ ആലിംഗനം ചെയ്ത് കണ്ണടച്ചു നിൽക്കുന്പോഴാണ് കണക്ക് ടീച്ചറായ തങ്കമ്മ ടീച്ചർ എന്നെ നോക്കി വജ്രായുധം പ്രയോഗിച്ചത്.
സിലിണ്ടറിന്റെ എരിയ കാണാനുള്ള ഫോർമുല നാല് മൂലയിലും തപ്പി ഞാൻ കുനിഞ്ഞു നിന്നപ്പോൾ ടീച്ചർ പറഞ്ഞു.− മുഖത്ത് രണ്ടു കുപ്പി പൗഡറും, ദേഹമൊക്കെ സെന്റും പൂശി, കുളിച്ചൊരുങ്ങി കുട്ടപ്പനായി വന്നാലൊന്നും മാർക്ക് കിട്ടില്ല. ടീച്ചർ ടാർഗെറ്റ് ചെയ്തത് എന്നെ ആയിരുന്നെങ്കിലും അത് കൊണ്ടത് ഞാനടക്കമുള്ള ബാക്ക് നിരയിലെ ഭൂരിപക്ഷം വരുന്ന മണ്ടൻമാർക്കിട്ടായിരുന്നു.
പിന്നീടെപ്പോഴോ പ്രേം നസീറിനെ കുളിക്കാതെ വസ്ത്രം മാറാതെ നടക്കുന്ന ജോൺ എബ്രഹാമും, റഹ്മാനെ ചെഗുവരയും, അരവിന്ദ് സ്വാമിയെ ബാലചന്ദ്രൻ ചുള്ളിക്കാടും പകരം വെച്ചപ്പോൾ പൗഡർ ടബ്ബകൾ പേപ്പർ വെയ്റ്റും, ആഷ് ട്രേകളുമായി മാറി.
പിന്നീട് വർഷങ്ങൾക്ക് ശേഷം ഗൾഫിലെത്തിയപ്പോഴാണ് യാർഡ്‌ലിയുടെ പൗഡർ നടുവുയർത്തി, തലയുയർത്തി എന്നെ നോക്കി പുഞ്ചിരിച്ച് തുടങ്ങിയത്. ഗൾഫിൽ കാണുന്ന അറബിമാരെല്ലാം മമ്മൂട്ടിമാരാണെന്ന തിരിച്ചറിവിൽ അവരുടെ ഗ്ലാമറിനൊപ്പം പിടിച്ചു നിൽക്കാൻ ഒരത്താണിയായി യാർഡ് ലി പൗഡർ മാറി.
ഒരവധിക്ക് നാട്ടിൽ പോയപ്പോൾ വാമഭാഗത്തിന്റെ ഒരു അകന്ന ബന്ധുവിനെ സന്ദർശിച്ചപ്പോൾ അവരുടെ വീട്ടിലും ഒരു മുല്ലപ്പൂവിന്റെ മണമുള്ള വിദേശ പൗഡർ ഗമയിൽ ഇരിപ്പുണ്ട്. മുഖത്ത് പൗഡർ ഇടാത്ത, സ്വന്തം വളപ്പിൽ നട്ട് വളർത്തുന്ന പച്ചക്കറികൾ മാത്രം കഴിക്കുന്ന റിട്ടയർഡ് അദ്ധ്യാപകരുടെ അടുക്കളയിൽ ടാൽക്കം പൗഡർ കണ്ടപ്പോൾ ചെറിയൊരു അത്ഭുതമായിരുന്നു. പിന്നീട് ഇതിനെക്കുറിച്ച് അന്വോഷിച്ചപ്പോഴാണ് അറിഞ്ഞത് പ്രസ്തുത പൗഡർ തൊട്ടടുത്ത വീട്ടിലെ ഗൾഫ്കാരൻ സമ്മാനമായി നൽകിയതാണ്. ഇത് ഇന്ന് ഈ ദന്പതികൾ ഉപയോഗിക്കുന്നത് വീട്ടിലെ ഉറുന്പിനെ ഓടിക്കാനും കൊല്ലാനുമാണ്.
അടുക്കളയിലെ ഉറുന്പ് വരുന്ന എല്ലാ സ്ഥലങ്ങളിലും അവർ ഈ വിദേശ നിർമ്മിത പൗഡർ വിതറുന്നു. ഉറുന്പുകളും, പക്ഷികളും വിഷാംശം ഉള്ള വസ്തുക്കൾ കണ്ടാൽ വഴി മാറി പോകുമത്രേ! കഴിഞ്ഞ ആഴ്ച്ച വാഗമണിൽ പോയപ്പോൾ അവിടെ മുന്തിരി കൃഷി നടത്തുന്ന ഒരു കർഷകനാണ് പറഞ്ഞത് മുന്തിരി വാങ്ങുന്പോൾ കൂട്ടത്തിൽ കിളികൾ കൊത്തിയ മുന്തിരി ഉണ്ടെങ്കിൽ ധൈര്യത്തിൽ വാങ്ങിക്കാം എന്ന്, വിഷാംശം തളിച്ച മുന്തിരി ,പക്ഷികളും ഉറുന്പുകളും കൊത്തുകയില്ലത്രേ!
ഇന്നലെ ഒരു ചർമ്മ രോഗ വിദഗ്ദനെ കണ്ടപ്പോഴാണ് മുഖത്ത് ടാൽക്കം പൗഡർ ഉപയോഗിക്കുന്പോൾ മണമുള്ള പൗഡറുകൾ ഒഴിവാക്കണമെന്ന് ഉപദേശിച്ചത്. മിക്ക ടാൽക്കം പൗഡറിലും മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവയ്ക്ക് പുറമേ ആസ്ബറ്റോസ് കൂടി ചേർക്കുന്നു. ഇത് കാൻസർ വരെ ഉണ്ടാക്കാനുള്ള കാരണമാകാം എന്നാണ് വിദഗ്ദർ പറയുന്നത്. എല്ലാ ദിവസവും മുഖത്ത് പൗഡർ ഇടുന്ന വ്യക്തി ഈ പൗഡർ ശ്വസിക്കുക വഴി ലങ്ങ് കാൻസറും, നാപ്പ്കിൻ, ഡയഫ്രം എന്നിവയോടൊപ്പം പൗഡറിട്ടാൽ കുട്ടികളിലും, സ്ത്രീകളിലും ഓവറിയൻ കാൻസർ വരാനും സാധ്യതയുണ്ടത്രേ!
തങ്കകുടത്തിന്റെ മേനിയെ “ഹമേശാ ഫ്രഷ് ”ആക്കുവാൻ വിതറുന്ന ജോൺസൺ & ജോൺസൺ പൗഡർ ഓവറിയൻ കാൻസറിന് കാരണമെന്ന് അവസാനം കോടതി കണ്ടെത്തിയിരിക്കുന്നു !ഇതിനെ തുടർന്ന് 72 മില്യൺ യു.എസ്. ഡോളർ നഷ്ടപരിഹാരം നൽകുവാൻ കന്പനിയോട് കോടതി ഉത്തരവിട്ടു.
കൊച്ചു ഉറുന്പിന് മനസിലാക്കാത്ത കാര്യങ്ങൾ വരെ തിരിച്ചറിയാൻ പറ്റാതെ വർഷങ്ങളോളം മുഖത്ത് വിഷം പുരട്ടി നടന്നതോർക്കുന്പോൾ അറിയാതെ പറഞ്ഞു പോകുന്നത് ‘ഹമാരാ ഉറുന്പ് മഹാൻ’ എന്ന് മാത്രം!