കാര്യം നിസ്സാരം...

കണ്ണിൽ സങ്കടക്കടലുമായി മകളിരിക്കുകയാണ് ആരോടും മിണ്ടാതെ, യാതൊന്നും ഭക്ഷിക്കാതെ, പ്രതിക്ഷേധ പ്രകടനവുമായി മകൾ സോഫയിൽ കുത്തിയിരിക്കുകയാണ്. തൊട്ടടുത്ത് അമ്മൂമ്മയും, വാമഭാഗവും ഉണ്ട്. സംഭവം വീട്ടിലെ ഭരണഘടന ലംഘിച്ച് ഞാൻ (സർക്കാർ) നൽകിയ അഭിപ്രായ സ്വാതന്ത്ര്യം മകൾ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു. തൊട്ടടുത്ത് സോഫയിൽ ഇരിക്കുന്ന അമ്മയുടെ കൈയ്യിൽ, ഞാൻ മകൾക്ക് നൽകിയ ഒരു നോക്കിയ ഫോൺ വിളറി പിടിച്ച് തലയിട്ടടിച്ചും, നെഞ്ചത്തടിച്ചും നിലവിളിക്കുന്നുണ്ട്. വാമഭാഗം ദൂരവാണി യന്ത്രത്തെ നോക്കി കണ്ണുരുട്ടി എന്നെ രൂക്ഷമായി നോക്കി പറഞ്ഞു എല്ലാം ശത്രു രാജ്യത്ത് നിന്ന് വരുന്ന രഹസ്യ സന്ദേശങ്ങളാണ്, ഇതിന്റെ പാസ്സ് വേർഡ് ബ്രേക്ക് ചെയ്ത് ഒരു അന്വേഷണ കമ്മീഷന് നൽകിയാൽ രഹസ്യങ്ങളെല്ലാം പുറത്ത് വരും.
അമ്മൂമ്മയാണ് വീട്ടിലെ ജുഡീഷ്യറി, പ്രശ്നം രൂക്ഷമാകുന്പോൾ സംഭവം അമ്മൂമ്മയുടെ മുന്പിലെത്തും. രണ്ട് ഭാഗവും കേട്ട് അമ്മൂമ്മ തീരുമാനത്തിലെത്തി. ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ഞാൻ (സർക്കാർ) അനുവദിച്ച ഫോൺ, 24 മണിക്കൂറും ഉപയോഗിച്ച് മകൾ നിയമ ലംഘനം നടത്തുന്നത് വാമഭാഗം (പോലീസ്) കണ്ടുപിടിച്ചു !
ഫോൺ ഉപയോഗിക്കുന്പോൾ ഉപഭോക്താവിന്റെ പ്രായ പരിധി കണക്കിലെടുത്ത് യൂട്യൂബ്, വാട്സ് ആപ്പ്, ഫേസ് ബുക്ക് എന്നിങ്ങനെയുള്ള കുഞ്ഞു മനസ്സിനെ തെറ്റായ വഴിയിലേയ്ക്ക് നയിക്കുന്ന സംഘടനകളുമായുള്ള കുട്ടുകെട്ടും ഗാർഹിക നിയമ ലംഘനമായി കണ്ടെത്തി.
അമ്മൂമ്മ കൊച്ചു മകളെ കെട്ടിപ്പിടിച്ച് തലമുടിയിലൂടെ വിരലോടിച്ച് സ്നേഹപൂർവ്വം കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. മകളുടെയും കുടുംബത്തിന്റെയും നല്ലതിന് വേണ്ടിയാണ് അമ്മ (പോലീസ്), അമ്മൂമ്മ (കോടതി), അച്ഛൻ (സർക്കാർ) എന്നിവർ കൂടി ചേർന്ന് നിന്നെ ശിക്ഷിക്കുന്നത് എന്നൊക്കെ കേട്ട് കഴിഞ്ഞിട്ടും മകൾ സങ്കടം സഹിക്കാതെ കണ്ണുമടച്ച് കരയുന്പോഴാണ് മകന്റെ വരവ്. മകനാണ് വീട്ടിലെ പ്രതിപക്ഷം. ആവിഷ്കാര സ്വാതന്ത്ര്യം എന്ന വാക്ക് നൂറുവട്ടം ആവർത്തിച്ച് പറയുന്ന മകന് സർക്കാരിന്റെയും പോലീസിന്റെയും, ജഡീഷ്യറിയുടെയും നടപടികൾ ഇഷ്ടപ്പെട്ടില്ല. തൊട്ടടുത്ത വീട് ചൂണ്ടി മകൻ പറയുകയാണ്. ഈ വീട് എനിക്ക് മടുത്തു. അപ്പുറത്തെ വീട് ഒരു സ്വർഗ്ഗമാണ്. അവിടുത്തെ കുട്ടികൾ 24 മണിക്കൂറും ടി.വി കാണുന്നു, ഫോൺ വിളിക്കുന്നു, ഫേസ്ബുക്കിലും വാട്സ് ആപ്പിലും മുങ്ങി കയറുന്നു. എന്തൊരു സ്വാതന്ത്ര്യം, എനിക്ക് ഈ വീട്ടിലെ ജീവിതം അസഹനീയമായിരിക്കുന്നു.
ഈ വീടിന് ഈ വീടിന്റെതായ നിയമങ്ങളും സംസാകാരവുമുണ്ടെന്നു പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിക്കുന്പോൾ മകൻ അതൊന്നും ശ്രദ്ധിക്കാതെ പ്രതിക്ഷേധ മാർഗ്ഗങ്ങളുമായി മുന്നോട്ട് പോയി കഴിഞ്ഞിരുന്നു. വാമഭാഗം മകളുടെ കൈയ്യിൽ നിന്ന് വാങ്ങിയ മൊബൈൽ മകനെടുത്തു അനുജത്തിക്ക് തിരികെ നൽകി.
സ്വാതന്ത്ര്യ സമരത്തിനിറങ്ങിയ മകന്റെ ചുറ്റുവട്ടത്തായി കുറച്ച് കൂട്ടുകാരുമുണ്ട്. ഇതൊക്കെ കണ്ട് നിന്ന ഞാൻ സംഭവത്തിൽ ഇടപെടുകയും ബലം പ്രയോഗിച്ച് മൊബൈൽ തിരികെ വാങ്ങി മകനോട് പറഞ്ഞു. ഈ വീടിന്റെ നിയമങ്ങൾ ഇതൊക്കെയാണ്. ഈ നിയമങ്ങൾ ഈ വീടിന്റെ നിലനിൽപ്പിനും സുരക്ഷയ്ക്കും വേണ്ടി ഉണ്ടാക്കിയതാണ്. ഈ വീട്ടിൽ നിൽക്കാൻ താൽപ്പര്യമില്ലാത്തവർക്ക് തൊട്ടടുത്ത വീട്ടിൽ പോയി താമസിക്കാം പ്രതിക്ഷേധിക്കാം. സ്വന്തം മാതാവിനെ ബഹുമാനിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. സ്വന്തം മാതാവിനെ തള്ളി പറയുന്നത് നമ്മുടെ സംസ്കാരം അല്ല.
ഈ ബഹളങ്ങളൊക്കെ കേട്ട് വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന ചിലരും പുറമേ നിന്ന് വന്ന ചിലരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി. ഇരുപക്ഷത്തും ആൾക്കാർ ചേരുകയാണ് എന്ന് കണ്ട് ഞാനും, വാമ ഭാഗവും, അമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി സങ്കടത്തോടെ ഇരിക്കുന്പോൾ മനസ്സിനുള്ളിൽ നിന്ന് ആരോ ഉച്ചത്തിൽ പറഞ്ഞു ‘ആ കാലം വന്നിരിക്കുന്നു, കലി കാലം....
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന കാലം! ആഗതമായിരിക്കുന്നു...
(ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടക്കുന്ന തർക്കം ഈ സംഭവവുമായോ ഇതിലെ കഥാപാത്രങ്ങളുമായോ യാതൊരു ബന്ധവുമില്ല. ഉണ്ടെന്നു ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം!)