ആരാരോ ആരിരാരോ


റഷ്യയിൽ പുകവലിക്കെതിരെ നടത്തുന്ന ഒരു ക്യാന്പയിന്റെ പ്രധാന മോഡൽ ബരാക്ക് ഒബാമയാണ്. സിഗരറ്റ് വലിച്ചൂതുന്ന ഒബാമയുടെ ഒരു ഫോട്ടോയുടെ താഴെ ഒബാമ കൊല്ലുന്നതിനേക്കാൾ മനുഷ്യരെ സിഗരെറ്റ്‌ കൊല്ലുന്നു എന്ന് സമർത്ഥിക്കുന്ന പോസ്റ്റർ ഇപ്പോൾ ഇൻ്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കയിലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ട്രംപ് തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ആവശ്യത്തിലധികം വിവാദങ്ങൾ ഉയർത്തി കഴിഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും പുതിയത് ഗർഭഛിദ്രം നിയമപരമായി അനുവദിക്കണമെന്ന വാദമാണ്. ഇതിനും മുൻപ് ‘അബോർഷൻ’ നിയമപരമായി അനുവദിക്കണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമായി ഉയർന്ന് വന്നിരിന്നു.

എത്യോപ്യ പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും ശൈശവ വിവാഹം വളരെയധികം പ്രാബല്യത്തിലുണ്ട്. അതു കൊണ്ട് തന്നെ Fistulla പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരാണ് ഭൂരിഭാഗം വരുന്ന ഇവിടുത്തെ സ്ത്രീ സമൂഹം. ആഫ്രിക്കയിലെ മിക്ക ആശുപത്രികളിലും സ്ത്രീകൾ പ്രസവിച്ചു രണ്ട് ദിവസത്തിനകം തന്നെ ആശുപത്രി വിടേണ്ടി വരികയും, തിരികെ വീട്ടിലെത്തുവാൻ രണ്ട് ദിവസത്തോളം കാൽനടയായി പോകേണ്ടി വരുന്നവരുമാണ്. 

സാന്പത്തികമായി പുരോഗമിച്ച രാജ്യങ്ങിലുള്ള സ്ത്രീകൾ ലിപ്പോസക്ക്ഷനും, കോസ്മെറ്റിക്ക് സർജറിക്കും ലക്ഷങ്ങൾ പൊടിക്കുന്പോൾ ഇതേ ലോകത്തിന്റെ മറുഭാഗത്തുള്ള സ്ത്രീകൾ ജനന സ്ഥലം സാന്പത്തിക പരാധീനതയുള്ള രാജ്യമായത് കൊണ്ട് മാത്രം ഇത്തമൊരു ദുരിതത്തിലൂടെ കടന്ന് പോകുന്നു. 

ഇപ്പോഴും ഓരോ വർഷവും ആറ് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രസവ സമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാതെ ലോകത്ത് മരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച്‌ വേറൊരു ആംഗിളിലൂടെ നോക്കിയാൽ ടൈറ്റാനിക് കപ്പൽ മുങ്ങി മരിച്ച അത്രയും പേരാണ് ഓരോ ദിവസവും പ്രസവാനന്തരം ചികിത്സ ലഭിക്കാതെ മരിച്ചു കൊണ്ടിരിക്കുന്നത്. ശൈശവ വിവാഹം വഴിയുള്ള ശാരീരിക പ്രശ്നങ്ങളാണ് ഇതിലെ 30 ശതമാനം മരണങ്ങളുടെയും കാരണം. സൊമാലിയയിൽ ജനിച്ച് ജീവിക്കുന്ന ഒരു യുവതി പ്രസവത്തിനിടയിൽ മരിക്കാനുള്ള സാധ്യത മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് 700 ശതമാനം അധികമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

മേരി സ്റ്റൊപസ്സ് ഇന്റർനാഷണൽ എന്ന സംഘടന നടത്തിയ ഒരു പഠനത്തിൽ, ഓരോ ദിവസവും ഓരോ മണിക്കൂറിൽ, ഓരോ നിമിഷത്തിൽ 380 സ്ത്രീകൾ ഗർഭം ധരിക്കുന്നുണ്ട്‌. അതിൽ പകുതിയോളം പേർ തീരെ പ്രതീക്ഷിക്കാതെയും ആഗ്രഹിക്കാതെയുമാണ് ഗർഭിണികളാകുന്നത്. ഇതിൽ 110 സ്ത്രീകൾക്ക് ഗർഭധാരണ സമയത്ത് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നു, ഇതിൽ 40 പേർ തികച്ചും അപകടകരമായ രീതിയിലുള്ള ഗർഭഛിദ്രത്തിലൂടെ കുട്ടിയെ നശിപ്പിച്ച് കളയുന്നു. 360ൽ ഒരു സ്ത്രീയെങ്കിലും പ്രസവാനന്തരം വിദഗ്ത ചികിത്സ ലഭിക്കാതെ, തെറ്റായ ഗർഭം അലസിപ്പിക്കുന്നതിലൂടെ മരണപ്പെടുന്നു.

രണ്ടു ദിവസം മുന്പ് കേരളത്തിലെ വിവിധ ജില്ലകളിൽ ഇൻഫർട്ടിലിറ്റി സെന്ററുകൾ നടത്തുന്ന സുഹൃത്തായ ഡോക്ടറോടൊപ്പം അദ്ദേഹം പുതുതായി തുടങ്ങുന്ന ഒരു സെന്റർ സന്ദർശിക്കാൻ ഇടയായി. അപ്പോഴാണ്‌ ഡോക്ടർ പുതു തലമുറ സ്വീകരിക്കുന്ന ചില പുതിയ ഗർഭധാരണ മാർഗ്ഗങ്ങളെക്കുറിച്ച് വിവരിച്ചത്. പലപ്പോഴും വിവാഹശേഷം ഗർഭ നിരോധന ഗുളികകൾ കഴിച്ച് ഗർഭധാരണ ശേഷി നഷ്ടപ്പെട്ട പല ദന്പതികളും പിന്നീട് കുട്ടികളെ ലഭിക്കാതെ സങ്കടപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതുതലമുറ ഇത്തരം ആധുനിക സജ്ജീകരണങ്ങൾ ഉള്ള സെന്റർ വഴി നവദന്പതികളുടെ സ്ത്രീ അണ്ധവും പുരുഷ ബീജവും ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നു. പിന്നീട് ദന്പതികൾ ലോകത്തിന്റെ ഏത് കോണിലായാലും അവർ പറയുന്ന സമയത്ത് അവയെ സംയോജിപ്പിച്ച് കുട്ടികളുണ്ടാകുന്നു!

ഇന്ത്യാ ഗവൺമെന്റ് ഗർഭസ്ഥ ശിശുവിൻ്റെ ലിംഗ പരിശോധന മുൻപ് നിയമപരമായി നിരോധിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ പുതുതായി നിലവിൽ വന്നിരിക്കുന്ന നിയമപ്രകാരം എല്ലാ ഗർഭസ്ഥ ശിശുക്കളുടേയും ലിംഗ പരിശോധന സർക്കാർ നിർബ്ബന്ധമാക്കിയിരിക്കുകയാണ്! മൂന്ന് മാസം കഴിഞ്ഞ ഗർഭിണിയുടെ ശിശുവിന്റെ ലിംഗ നിർണ്ണയം നടത്തി ആശുപത്രി അധികൃതർ ഔദ്യോഗിക രേഖകളിൽ കുട്ടി ആണോ പെണ്ണോ എന്ന് രേഖപ്പെടുത്തിയിരിക്കണം. പിന്നീട് ഗർഭിണിയുടെ ഗർഭം അലസിപ്പോയാലും, അബോർട്ട്‌ ചെയ്താലും നിയമനടപടികൾ നടത്തി കൊലപതകമല്ലെന്ന് ഉറപ്പാക്കും.

പരസ്യ ഗുരുവായ ചാൾസ് സാച്ചി ഗർഭിണിയായ ഒരു പുരുഷന്റെ പടം വച്ച്, ‘ഇത് നിങ്ങൾക്കാണ് സംഭവിക്കുന്നതെങ്കിൽ നിങ്ങൾ കൂടുതൽ കരുതലെടുക്കും’ എന്ന പരസ്യം വളരെയധികം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. 

ലോകത്ത് ഒരു ദിവസം അബോർഷൻ വഴി കൊല്ലപ്പെടുന്നത് ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം കുട്ടികളാണ്. അതായത് ഒരു വർഷം ശരാശരി കൊല്ലപ്പെടുന്നത് അൻപത് ലക്ഷത്തിലധികം കുട്ടികൾ! ലോകത്തെ എല്ലാ ഭികര സംഘടനയും നടത്തുന്ന കൊലപാതകത്തേക്കാൾ എത്രയോ ഇരട്ടി!

You might also like

Most Viewed