ഗാന്ധി വാപസി
മഹാത്മജിയെ ആദ്യം വിറ്റത് ഇന്ത്യൻ റിസർവ്വ് ബാങ്കായിരുന്നു. സ്വർണ്ണത്തിന് പകരം വെള്ള കടലാസുകൾ കെട്ടിവെച്ച് കറൻസികൾ അച്ചടിച്ച് വിടുന്പോൾ എല്ലാം കണ്ട് നിസ്സംഗതയോടെ ചിരിക്കുന്ന ഗാന്ധിയുടെ മുഖം വേണ്ടി വന്നു ഇന്ത്യൻ സർക്കാരിന് രൂപയുടെ മൂല്യം നിലനിർത്തുവാൻ. പിന്നീട് മഹാത്മജിയെ മനോഹരമായി വിറ്റത് ലാറി കോളിൻസും ഡോമനിക് ലാപ്പിയറുമായിരുന്നു. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സായിപ്പിന്റെ പുസ്തകം വായിച്ചാണ് സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യക്കാരൻ മഹാത്മാവിനെക്കുറിച്ചറിഞ്ഞത്. പുസ്തകത്തിന്റെ കോപ്പികൾ അന്താരാഷ്ട്ര വിപണിയിൽ വിറ്റു തീർന്നപ്പോൾ തടിച്ചത് സായിപ്പിന്റെ കീശയായിരുന്നു. റിച്ചാർഡ് അറ്റൻബറോ വീണ്ടും മഹാത്മജിയെക്കുറിച്ച് പടമെടുത്ത് വാരിയത് കോടികളായിരുന്നു. പുതുതലമുറ ഗാന്ധിജിയെ അറിഞ്ഞതും കണ്ടതും സായിപ്പിന്റെ മഹാമനസ്കത കൊണ്ടാണ്.
നൂറ് വർഷം മുന്പ് വിദേശത്ത് നിന്ന് പ്രവാസം അവസാനിപ്പിച്ച് തിരിച്ച് വന്ന മഹാത്മാവിന്റെ ഈ നൂറാം വാർഷികം ആഘോഷിക്കുന്പോൾ വീണ്ടും ഇന്ത്യക്കാരൻ അമേരിക്കയിൽ വിറ്റിരിക്കുന്ന ബിയർ ഒരു വെജിറ്റേറിയൻ പാനീയമാണെന്നത് കൊണ്ട് ഗാന്ധിജിയുടെ പേരിട്ടാൽ എന്താ ചേതം എന്നായിരിക്കും അമേരിക്കക്കാരനും ചിന്തിക്കുന്നത്.
മഹാത്മാഗാന്ധി ബ്രിട്ടീഷുകാരെ അത്ഭുതപ്പെടുത്തിയത് ഉടുവസ്ത്രം വലിച്ചെറിഞ്ഞായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യക്കാരൻ നാണിച്ചു പോയത് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഗാന്ധി കണ്ണടയും മറ്റ് ചില വസ്തുക്കളും േലലത്തിൽ വെച്ചപ്പോഴാണ്.
ഗാന്ധി പേര് കട്ടെടുത്ത്, നാട് ഭരിച്ച നേതാക്കന്മാരും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പിരിച്ചു വിടാൻ ഗാന്ധി പറഞ്ഞ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കൈയും കെട്ടി നിന്നപ്പോൾ വിജയ് മല്യ മദ്യം വിറ്റ് കിട്ടിയ പണമെടുത്ത് ലേലത്തിൽ വിജയിച്ചപ്പോൾ കൈയടിച്ചവരിൽ ഖദർധാരികളുമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ പേരിൽ തലസ്ഥാനത്ത് അന്താരാഷ്ട്ര വിമാനത്താവളവും, യൂണിവേഴ്സിറ്റിയും, ജവഹർലാൽ നെഹ്റുവിന്റെയും, രാജീവ് ഗാന്ധിയുടെയും എന്തിനധികം സഞ്ജയ് ഗാന്ധിയുടെ പേരിൽ വരെ സർവ്വകലാശാലകൾ തുടങ്ങിയിട്ട് വർഷങ്ങൾ കഴിയേണ്ടി വന്നു മഹാത്മാഗാന്ധിയുടെ േപരിൽ ഒരു യൂണിവേഴ്സിറ്റിക്ക് തുടക്കമിടാൻ. സ്വദേശി ഉല്പന്നങ്ങൾ വാങ്ങുവാനും സ്വയം പര്യാപ്തമായ ഗ്രാമങ്ങൾ ഉണ്ടാക്കുവാനും മഹാത്മജി കണ്ട സ്വപ്നങ്ങൾ വിദേശ ചിന്ത കടമെടുത്ത ഗൾഫിലെ പ്രവാസികൾ മാനസ്സികമായി ഒരു തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പിന് ഒരുങ്ങുന്പോൾ, പ്രവാസി ഭാരതി ദിവസിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു.
ആഫ്രിക്കയിൽ നിന്നും തിരികെ വരുന്പോൾ ഇന്ത്യയിൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് മഹാത്മജിക്ക് പറഞ്ഞ ഉത്തരം ‘അറിയില്ല’ എന്നായിരുന്നു. ഇന്ത്യയുടെ ചരിത്രം മാറ്റിയ മഹാമനുഷ്യന്റെ അതേ മനസ്സോടെ ഓരോ പ്രവാസിയും തിരിച്ച് വരിക. ഇന്ത്യ സാദ്ധ്യതകളുടെ രാജ്യമാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ അവരുടെ അനുഭവവും ജ്ഞാനവും ഇന്ത്യയിൽ നിക്ഷേപിച്ചാൽ ഇന്ത്യയോടൊപ്പം ഓരോ ഇന്ത്യക്കാരനും വളരും.
ശുചിത്വം, സസ്യാഹാരം, അഹിംസ, സ്വയം പര്യാപ്തമായ ഗ്രാമങ്ങൾ. സ്വദേശി ഉല്പന്നങ്ങൾ എന്നീ ഗാന്ധിയൻ ആശയങ്ങൾ മോഡി സർക്കാർ കടമെടുത്ത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നു എന്നത് സന്തോഷകരമായ വാർത്ത തന്നെയാണ്. സത്യസന്ധതയുള്ള നേതാക്കന്മാരും സുതാര്യമായ സർക്കാർ സംവിധാനവും നിയമം പാലിക്കുന്ന ജനങ്ങളും ഒത്തൊരുമിച്ചാൽ ഇന്ത്യ കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ ഒന്നാം നിരയിലേക്ക് ഉയരുമെന്നതിൽ സംശയമില്ല. ഗാന്ധിയെ വിറ്റ ഒരു കാലത്തിൽ നിന്നും ഗാന്ധിജിയുടെ ആശയം നടപ്പിലാക്കുന്ന ഒരു കാലത്തിലേയ്ക്ക് നാം കടന്നിരിക്കുന്നു.
വിദേശത്ത് ജീവിക്കുന്ന, ഇന്ത്യയിലേയ്ക്ക് തിരിച്ച് വരാൻ തയ്യാറെടുക്കുന്ന ഓരോ പ്രവാസിക്കും ശക്തിയും ധൈര്യവും നല്കുന്ന റോൾ മോഡൽ തന്നെയാണ് ഗാന്ധി. എല്ലാം നഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ, പൂജ്യം മുതൽ ഒരു പുതുജീവിതം തുടങ്ങുവാൻ ഒരുക്കമാണെങ്കിൽ ഇന്ത്യ, നമ്മെ തിരികെ വിളിക്കുന്നുണ്ട്. സമയം വൈകിയിട്ടില്ല എന്ന തിരിച്ചറിവിൽ ഓരോരുത്തരും സ്വപ്നം കണ്ട് തുടങ്ങിയ വളരുന്ന ഭാരതത്തിലെ പുതിയ ഒരു ജീവിതം.
പി. ഉണ്ണികൃഷ്ണൻ