പ്രകാശം പടർത്താത്ത മെഴുകുതിരികൾ !


കാലിലെ കുത്തിപ്പറിക്കുന്ന വേദനയുമായി ഡോക്ടറുടെ മുന്നിലിരിക്കുന്പോൾ ചിന്ത മുഴുവൻ വരും ദിവസങ്ങളിൽ പങ്കെടുക്കേണ്ട ഔദ്യോഗിക പരിപാടികളുടെ ലിസ്റ്റിെനക്കുറിച്ചായിരുന്നു... 
x ray എടുത്ത് വിശദമായി പരിശോധനയും കഴിഞ്ഞ് ഡോക്ടർ പറഞ്ഞു, കാലിൽ ലിഗമെന്റ് ഫ്രാക്ച്ചറുണ്ട്, പ്ലാസ്റ്ററിട്ടാൽ ഒരു ആറാഴ്ച്ച കൊണ്ട് ഭേദമാകും, ഇല്ലെങ്കിൽ ആറ് മാസംവരെ നീണ്ട് പോകും.  പ്ലാസ്റ്ററിടാനുള്ള മടി കാരണം, ഒറ്റക്കാലിൽ മുടന്തി പല പരിപാടികളിലും പങ്കെടുക്കുന്നതിനിടയിൽ സമാജത്തിൽ വെച്ചാണ് ശ്രീ അന്പിളിക്കുട്ടൻ സാറിനെ കാണുന്നത്.

കാലിൽ എന്തുപറ്റി എന്നൊക്കെ അന്വേഷിച്ച് അസുഖം പെട്ടന്ന് ഭേദമാകട്ടെ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചപ്പോൾ മനസ്സിൽ അത് വരെ ഉണ്ടായിരുന്ന അസ്വസ്ഥത പൂർണ്ണമായും പോയ ഒരു പ്രതീതി. ചില വ്യക്തികൾക്ക് അവരുടെ സാന്നിദ്ധ്യം കൊണ്ടും വാക്കുകൊണ്ടും വല്ലാത്തൊരു പോസിറ്റീവ് എനർജി ചുറ്റുമുള്ളവരിലേയ്ക്ക് പടർത്താൻ കഴിയും. ബഹ്റിനിൽ ഞാൻ കണ്ട അത്തരമൊരു വ്യക്തിത്വം ആണ് ശ്രീ അന്പിളിക്കുട്ടൻ സർ.

ഭാരതനാട്യം അരങ്ങേറ്റം ഒരു വക ഭംഗിയായി കഴിഞ്ഞപ്പോൾ മകൾ എന്നോട് പറഞ്ഞതും അന്പിളിക്കുട്ടൻ സാറിനെക്കുറിച്ചായിരുന്നു. വേദിയുടെ മുന്പിൽ ചിരിച്ചുകൊണ്ടിരിക്കുന്ന മാഷിന്റെ സന്തോഷം കണ്ടപ്പോൾ പേടിയെല്ലാം പോയി മനസ്സിൽ ധൈര്യം വന്നു എന്ന് അവൾ പറഞ്ഞത് വളരെ ആത്മാർത്ഥമായ സത്യസന്ധമായ പ്രസ്താവന ആയിരുന്നു.

സ്വകാര്യ പ്രശ്നങ്ങളോടും, സാമൂഹ്യ വ്യവസ്ഥിതിയോടുമുള്ള പ്രതിഷേധവുമായി ചില വ്യക്തികൾ കൈക്കൊള്ളുന്ന നെഗറ്റീവ് രീതിയിലുള്ള മാർഗ്ഗങ്ങളെ മാധ്യമങ്ങളടക്കം ആഘോഷങ്ങളാക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.

ഇതിന് തുടക്കം കുറിച്ചത് ജോൺ എഫ് കെന്നഡി ആയിരുന്നു. 1963ൽ ഒരു ബുദ്ധ ഭിക്ഷു കംബോഡിയൻ എംബസിയുടെ മുൻപിൽ ചില പ്രധാന സംഭവങ്ങൾ നടക്കാൻ പോകുന്നു എന്ന് പത്രക്കാരെ അറിയിച്ചു. പല പത്രക്കാരും അത് ഗൗരവമായി കണ്ടില്ലെങ്കിലും ന്യൂയോർക്ക് ടൈംസിന്റെ ഫോട്ടോഗ്രാഫറായ ഡേവിഡ് ഹാൽബേസ്റ്റവും, അസോസിയേറ്റ് പ്രസ്സിന്റെ ലേഖകനായ മാൽകം ബ്രൗണും പോലുള്ള വിരളം ചില പത്രപ്രവർത്തകർ എംബസിയുടെ മുൻപിൽ പറഞ്ഞ സമയത്ത് തന്നെ എത്തുകയുണ്ടായി.

അന്ന് അവിടെ കടന്ന് വന്ന ഒരു കൂട്ടം ബുദ്ധ ഭിക്ഷുക്കളിൽ ഒരാളായ Quana Dnc റോഡിന്റെ നടുവിലായി ഒരു കുഷ്യനിട്ട് പത്മാസനത്തിൽ ഇരുന്നു. അദ്ദേഹത്തിന്റെ പിറകിൽ നിന്ന് കൊണ്ട് വേറൊരു ബുദ്ധ ഭിക്ഷു Quana ന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ധ്യാനാവസ്ഥയിൽ തന്നെ ഇരുന്നു കത്തിയ ശരീരം ബഹളം വെയ്ക്കാതെ, പിടയ്ക്കാതെ, ഇരുന്നിരുന്ന അതേ ആകൃതിയിൽ പിറകോട്ട് മലർന്ന് വീണു. 

ഈ ദൃശ്യം ഓരോ ഘട്ടത്തിലായി പകർത്തിയ മാൽകം ബ്രൗണിന് പിന്നീട് പുലിസ്റ്റർ സമ്മാനം നൽകി ആദരിക്കുകയും ഉണ്ടായി!. മരിച്ച ബുദ്ധ ഭിക്ഷുവിന്റെ ശരീരം ഇന്ന് xa loi  pagoda യിൽ ചില്ലിട്ട് സൂക്ഷിച്ചിരിക്കയാണ്. അന്ന് ലോക ശ്രദ്ധയേറെ പിടിച്ച് പറ്റിയ ഈ സംഭവത്തെ സഹതാപത്തോടെ പ്രതികരിച്ച് കെന്നഡിയും, മാധ്യമങ്ങളും തെറ്റായ ഒരു സന്ദേശമാണ് സമൂഹത്തിന് നൽകിയത്.

ഇതിന് ശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ആത്മഹത്യ ഒരു പ്രതിഷേധ മാർഗ്ഗമായി പലരും അനുകരിച്ച് തുടങ്ങി. തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്ര കുളത്തിൽ ഒരു ഭ്രാന്തൻ ഒരാളെ മുക്കിക്കൊല്ലുന്പോൾ അത് ക്യാമറയിൽ പകർത്തിയ മാധ്യമ പ്രവർത്തകനെ  പ്രേരിപ്പിച്ച ഘടകം പുലിസ്റ്റർ സമ്മാനം പോലുള്ള ചില അവാർഡുകളായിരിക്കാം.

2004ൽ  വി.പി സിങ്ങിനെതിരെ പ്രതികരിക്കുവാൻ ആത്മഹത്യക്ക് തുനിഞ്ഞ കോളേജ് വിദ്യാർത്ഥിയായ രാജീവ് ഗോസ്വാമിയെ പിന്നീട് യൂണിവേഴ്സിറ്റിയുടെ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ സ്ഥാനം കൊടുത്ത് വാഴ്ത്തിയതും ചരിത്രപരമായ തെറ്റാണ്. പിന്നീട് പ്രസ്തുത സ്ഥാനം രാജി വെച്ച രാജീവ് ഗോസ്വാമി, ആത്മഹത്യ ശ്രമത്തിനിടെയുണ്ടായ ശാരീരിക പ്രശ്നങ്ങളാൽ മരണമടഞ്ഞു.

ഷിമോഗയിൽ ഇതുപോലെ ഒരു സന്യാസി ആത്മഹത്യാ ശ്രമം നടത്തിയതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ കർഷകന്റെ മരണവും, വിദ്യാർത്ഥിനിയുടെ കെട്ടിടത്തിൽ നിന്ന് ചാടിയുള്ള മരണത്തിനും കാരണക്കാർ ഇത്തരം പ്രതിഷേധ രീതികളെ പ്രകീർത്തിച്ച മാധ്യമങ്ങളും, ആഘോഷിച്ച സംഘടനകളുമാണ്.നമ്മൾ ആഘോഷിക്കേണ്ടത് സ്റ്റീഫെൻ ഹൊകിൻസിനെയും, ഫ്രാങ്ക്ലിൻ റൂസ്വെൽറ്റിനെയും ഹെല്ലെൻ കെല്ലെറിനെയും പോല്ലുള്ളവരെയാണ്.

ഈ കഴിഞ്ഞ ജനുവരി 17 ന് ആത്മഹത്യ ചെയ്ത രോഹിത്ത് വെമുലയുടെ ആത്മഹത്യയുടെ കാരണക്കാർ ജോൺ കെന്നഡി മുതൽ  ഇന്ന് ഈ മരണത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളും റേറ്റിംഗിന് വേണ്ടി ആഘോഷമാക്കുന്ന മാധ്യമങ്ങളുമാണ്.

ഗാന്ധിജിയും, സർദാർ വല്ലഭായി പട്ടേലും, സുഭാഷ് ചന്ദ്രബോസും രോഹിത്തിനെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ ഇന്ത്യ ഇപ്പോഴും ബ്രിട്ടീഷുകാരുടെ കോളനിയായി നില നിൽക്കുമായിരുന്നു. ശ്രീ നാരായണ ഗുരുവും സ്വാമി വിവേകാനന്ദനും രോഹിത്തിനെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജാതി വ്യവസ്ഥകൾ ഇന്നും മാറുകയില്ലായിരുന്നു. ഇ.എം.എസും, എ.കെ.ജിയും ഒക്കെ ധീരന്മാരായിരുന്നില്ലെങ്കിൽ ഇപ്പോഴും തൊഴിലാളികൾ പിന്നോക്ക വർഗ്ഗമായി നിലനിന്നേനെ. വേണ്ടത് ധീരമായ പോസിറ്റീവ് മനസ്സുള്ളവരെയാണ്. മാധ്യമങ്ങൾ ആഘോഷിക്കേണ്ടതും ഇത്തരത്തിലുള്ള വ്യക്തികളെയാണ്.

ഭീരുക്കൾ ഓരോ നിമിഷത്തിലും മരിക്കുന്നു ധീരന്മാർ ഒരിക്കൽ മാത്രം, അല്ലെങ്കിൽ ഒരിക്കലും മരിക്കില്ലെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് എല്ലാവർക്കും ഒരു നല്ല വാരന്ധ്യം നേരുന്നു...

You might also like

Most Viewed