ചിരിയും ചിന്തയും...
മലയാള സിനിമയിലൂടെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച വില്ലന്മാരിൽ പ്രമുഖരാണ് ബാലൻ കെ. നായരും, ജോസ് പ്രകാശും, അച്ചൻ കുഞ്ഞുമൊക്കെ. പിന്നീട് കടന്ന് വന്ന ഭീമൻ രഘുവും ക്യാപ്റ്റൻ രാജുവും, ലാലു അലക്സും, ജനാർദ്ദനനും ഒരു കാലത്ത് ജനം വെറുക്കപ്പെട്ട വില്ലന്മാരായിരുന്നു.
സംവിധായകൻ നൽകുന്ന റോളിനനുസരിച്ച് വെള്ളിത്തിരയിൽ നായികയെ ബലാത്സംഘം ചെയ്യുകയും, നായകനെ വണ്ടിയിടിച്ച് കൊല്ലുകയും ചെയ്തപ്പോൾ അവരെ ശപിച്ചത് പ്രേക്ഷകരായ സ്ത്രീകളായിരുന്നു, അതുകൊണ്ട് തന്നെ ഇത്തരം വില്ലന്മാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കട
ന്ന് വന്ന ചില സിനിമകൾ ബോക്സോഫിസിൽ വൻ പരാജയങ്ങളായി.
ആദ്യകാലത്തെ വില്ലന്മാരായ ബാലൻ കെ. നായരും, അച്ചൻ കുഞ്ഞും, ജോസ് പ്രകാശും യഥാർത്ഥ ജീവിതത്തിൽ പക്ഷ വാതം പിടിച്ച് തളർന്ന് കിടന്നു യാതന അനുഭവിക്കുന്നത് കണ്ടപ്പോഴാണ് പിന്നീട് കടന്നു വന്ന വില്ലന്മാരിൽ ചില ആശങ്കകൾ കടന്നു വന്നത്.
ഒരു വലിയ ജനക്കൂട്ടം മനസ്സറിഞ്ഞ് ഒരാളെ ശപിച്ചാൽ ഒരു തരം നെഗറ്റിവ് എനർജി പടരുമെന്നും അത് ഇത്തരം അസുഖങ്ങൾക്കുള്ള പ്രധാന കാരണങ്ങളായി മാറുമെന്ന വിശ്വാസം മലയാള സിനിമയിലേയ്ക്ക് ഈ കാലഘട്ടത്തിൽ കടന്നു വന്നു. ക്യാപ്റ്റൻ രാജു ബഹ്റിൻ സന്ദർശിച്ച വേളയിൽ ഇത്തരമൊരു ചിന്ത ഫോർ പി.എം ന്യൂസ് ഓഫീസിൽ വന്നപ്പോൾ എന്നോട് നേരിട്ട് പങ്ക് െവച്ചിരുന്നു.
ജനാർദ്ദനനും, കൊച്ചിൻ ഹനീഫയും ലാലു അലക്സും, ക്യാപ്റ്റൻ രാജുവും, ഭീമൻ രഘുവുമൊക്കെ കോമാളി വേഷം കെട്ടി അതി ഗംഭീരമായി അഭിനയിച്ച് നമ്മെ രസിപ്പിച്ചപ്പോൾ പ്രേക്ഷകർ അവരുടെ മനസ്സിൽ അതുവരെ കൊണ്ട് നടന്ന അവരെകുറിച്ചുള്ള ദുഷ്ട സങ്കൽപ്പങ്ങളെല്ലാം മാറ്റിത്തുടങ്ങി. ഇതുപോലുള്ള ചില മാറ്റങ്ങൾ സിനിമയിൽ മാത്രമല്ല ബിസ്സിനസ്സിലും രാഷ്ട്രീയത്തിലും സംഭാവിക്കുന്നുണ്ട്.
ബഹ്റിനിൽ ഒരു ഫോർ സ്റ്റാർ ഹോട്ടൽ വർഷങ്ങളായി നടത്തിയിരുന്ന ഒരു മലയാളിയെ ഞാൻ ആദ്യം പരിചയപ്പെട്ടപ്പോൾ എനിക്ക് ആദ്യം ഓഫർ ചെയ്തത് ഒരു ഗ്ലാസ് ബ്ലൂ ലേബൽ മദ്യമായിരുന്നു. പിന്നീട് ഹോട്ടലൊക്കെ പൂട്ടി നാട്ടിലെത്തി സ്ഥിര താമസമാക്കിയ ഇദ്ദേഹത്തിന്റെ കേരളത്തിലുള്ള വസതി സന്ദർശിച്ചപ്പോൾ ഞാൻ കണ്ടത് വെള്ള വസ്ത്രം ധരിച്ച് ശുഭ്ര വസ്ത്രധാരിയായി നിൽക്കുന്ന ഒരു വ്യക്തിയെയാണ്. കായലിനരികിലുള്ള അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തായി ലൈറ്റ് ഹൗസ് പോലുള്ള ഒരു ബാർ, ഇന്ന് ഒരു പ്രാർത്ഥനാലയമാണ്. ഇന്ന് നാട്ടിൽ പ്രാർത്ഥനയും സാമൂഹിക പ്രവർത്തനങ്ങളുമൊക്കെയായി പേരക്കുട്ടികളോടൊപ്പം തികച്ചും വ്യത്യസ്ഥമായ ജീവിതരീതി അദ്ദേഹം അവലംഭിച്ചിരിക്കുന്നു.
ഇന്ന് കേരള രാഷ്ട്രീയ കളരി വീണ്ടും തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്പോൾ ഇത്തരം ഒരു മാറ്റം നേതാക്കളിലും പ്രകടമാണ്. വി.എസ് അച്യുതാനന്ദൻ കുറെ വർഷങ്ങൾ കൊണ്ട് നടന്ന ദാർഷ്ട്യം ഒഴിവാക്കിയപ്പോഴാണ് അദ്ദേഹം ജനങ്ങളുടെ നേതാവായി മാറിത്തുടങ്ങിയത്.സഖാവ് പിണറായി വിജയനും ഇത്തരമൊരു ട്രാൻസിഷന്റെ പാതയിലാണ്. ചിരിക്കാത്ത പിണറായി സഖാവ് ചിരിക്കുന്നതും, കുട്ടികളെ പുണരുന്നതും, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷമയോടെ ഉത്തരം നൽകുന്നതും വികസനത്തെക്കുറിച്ച് സംസാരിക്കുന്നതും ഒരു തിരിച്ചറിവിന്റെ ഭാഗമായിട്ടുള്ള പ്രകടനങ്ങളാണ്.
കേരളത്തിൽ ശ്രീ പിണറായി വിജയൻ്റെ പ്രധാന എതിരാളി ഒരിക്കലും ഉമ്മൻചാണ്ടിയായിരുന്നില്ല പകരം പാർട്ടിയെക്കാൾ വളർന്ന് നിൽക്കുന്ന വി.എസ് എന്ന രാഷ്ട്രീയ നേതാവായിരുന്നു. പിണറായി വിജയനെ നേരിട്ടറിയുന്ന പലരും അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരും അദ്ദേഹത്തിന്റെ പല ഗുണങ്ങളും മനസ്സിലാക്കിയവരുമാണ്.
ഒരു പരിധിവരെ പാർട്ടിയിൽ നടന്ന എല്ലാ തെറ്റുകളുടെയും പാപഭാരം ഏറ്റെടുത്ത് സ്വന്തം പേര് നശിപ്പിച്ച നേതാവാണ് സഖാവ് പിണറായി. ടെലിഫോൺ വിളിച്ചാൽ അവരോട് നേരിട്ട് സംസാരിക്കുകയും പ്രശ്നങ്ങൾ കേൾക്കുകയും പറ്റാവുന്ന സഹായങ്ങൾ ആത്മാർത്ഥമായി ചെയ്തു കൊടുക്കുകയും ചെയ്യുന്ന നേതാവ് എന്നാണ് പിണറായിയുമായി കൂടുതൽ അടുപ്പമുള്ളവർ പറയുന്നത്.
വരുന്ന ഇലക്ഷനിൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ തന്നെ സി.പി.എം വിജയിക്കുവാനും, പ്രത്യേകിച്ച് പ്രേശ്നങ്ങളൊന്നുമില്ലാതെ പിണ
റായി മുഖ്യമന്ത്രിയാകാനുമുള്ള സാധ്യതയേറെയാണ്. അച്യുതാനന്ദൻ മത്സരിക്കാതെ, അദ്ദേഹത്തിന്റെ മകൻ തട്ടകത്തിൽ ഇറങ്ങാനുമുള്ള സാധ്യതകളും കാണുന്നുണ്ട്.
സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായാൽ അത് കേരളത്തിലെ ഗ്രാമങ്ങളുടെ വികസനത്തിനും വ്യവസായ സംരംഭങ്ങൾക്കും അതുവഴി തൊഴിൽ സാദ്ധ്യതകൾ വർദ്ധിക്കും എന്നാണ് വ്യവസായികളും കരുതുന്നത്. മുന്പ് വൈദ്യുത മന്ത്രി ആയിരുന്നപ്പോൾ ലാവ്ലിൻ കേസ് ഒഴിച്ചു നിർത്തിയാൽ ജനങ്ങൾക്ക് ഗുണകരമായ പല കാര്യങ്ങളും നടപ്പിലാക്കി എന്നതും പിണറായിയെ തിരഞ്ഞെടുപ്പിൽ സഹായിക്കുന്ന ഘടകം തന്നെ.
ഉമ്മൻ ചാണ്ടിയാകട്ടെ ഇപ്പോഴും ലാവ്ലിനും ടി.പി വധം പോലുള്ള പഴയ നനഞ്ഞ പടക്കങ്ങൾ എറിഞ്ഞു നോക്കി പരാജയപ്പെടുകയാണ്. പുതിയ തന്ത്രങ്ങൾ നൽകാനുള്ള ബുദ്ധി കേന്ദ്രങ്ങൾ കോൺഗ്രസിൽ ഇല്ല എന്നതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
വെള്ളാപ്പള്ളിയും വീരേന്ദ്രകുമാറും മാണിയും പോലുള്ള നേതാക്കന്മാർ അണിയറയിൽ നടത്തുന്ന നാടകങ്ങളുടെ കഥ അറിയുവാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തു നിൽക്കേണ്ടിവരും. ഇന്നത്തെ സാഹചര്യത്തിൽ പിണറായി സഖാവിന്റെ കൈ പിടിച്ചു നമ്മെ തോൽപ്പിക്കുവാൻ ആരുണ്ട് എന്ന് ചോദിക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിനും നിലനിൽപ്പിനും നല്ലത്.