വീണത് വിദ്യയാക്കേണ്ട കാലം
വർഷങ്ങളോളം ഭൂമിയ്ക്കടിയിൽ കെട്ടിക്കിടന്ന എണ്ണയ്ക്ക് മൂല്യം വന്നു തുടങ്ങിയത് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെയാണ്. പെട്രോളും ഡീസലും മണ്ണെണ്ണയുമൊക്കെ ഇന്ധനങ്ങളാണെന്നും ഒപ്പം അത് ഓട്ടോറിക്ഷ മുതൽ കപ്പൽ വരെ ഓടിക്കുവാൻ ഉപകരിക്കും എന്ന് തിരിച്ചറിഞ്ഞപ്പോൾ സന്പന്നരായവരാണ് ഗൾഫ് വംശജർ.
വർഷങ്ങൾക്ക് ശേഷം വളരെ മുന്പ് തന്നെ പല വിദഗ്ദ്ധരും പ്രവചിച്ച ചില മാറ്റങ്ങൾ ഗൾഫ് മേഖലയുടെ സാന്പത്തിക ഘടനയിൽ കാര്യമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. അടിസ്ഥാനപരമായി എണ്ണയിൽ നിന്നും ലഭിച്ച അമിത ലാഭം, ഗൾഫ് രാജ്യങ്ങളിൽ പണപ്പെരുപ്പം തടയുകയും സർക്കാർ നൽകിയ സബ്സിഡിയിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മാനവവിഭവശേഷിയുടെ ഉത്പാദന ക്ഷമതയെക്കുറിച്ച് കാര്യമായ പഠനങ്ങളോ, ശാസ്ത്രീയമായ ഗവേഷണങ്ങളോ ഈ രാജ്യങ്ങളിൽ ചർച്ച ചെയ്യപ്പെട്ടില്ല.
ആഡം സ്മിത്ത് മുതൽ കാറൽ മാർക്സ് വരെയുള്ള സാന്പത്തിക ശാസ്ത്ര വിദഗ്ദ്ധരെ ഇത്തരം രാജ്യങ്ങൾക്ക് പരിചയമില്ലാതെ വന്നതും ഇതുകൊണ്ട് തന്നെ. ഭൂമി നമുക്ക് നൽകിയ അമൂല്യമായ പ്രകൃതി വിഭവങ്ങൾ സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം ഗണ്യമായ ചില മാറ്റങ്ങൾ പല രാജ്യങ്ങളിലും ഉണ്ടാക്കും. സ്വാഭാവികമായും അത്തരം പ്രകൃതി വിഭവങ്ങൾ യഥേഷ്ടം ലഭിക്കുകയും, അത് ആസ്വദിക്കുന്ന രാജ്യത്തെ ജനസംഖ്യാനുപാതം മറ്റ് രാജ്യങ്ങളിൽ നിന്ന് കുറവാകുന്പോൾ, മറ്റ് ക്രിയാത്മകമായ ഉത്പ്പാദന പ്രക്രിയ ഇല്ലാതെ തന്നെ രാജ്യം സന്പൽസമൃദ്ധിയിലാകുന്നു.
വൈദ്യുതിയുടെയും വെള്ളത്തിന്റെയും അതുപോലെയുള്ള മറ്റ് ഉപഭോഗവസ്തുക്കളുടെയും വില ബഹ്‌റിനടക്കമുള്ള രാജ്യത്ത് കൂടുന്നത് എണ്ണ വിലയിൽ വന്ന കുത്തനെയുള്ള വിലയിടിവാണ്. ഇത്തരം ഒരു സന്ദർഭത്തെ എങ്ങനെ നേരിടണം എന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.
ബഹ്റനിലെ ഒട്ടുമിക്ക വീടുകളിലും ഓഫീസുകളിലും പകൽ സമയംവരെ വൈദ്യുതി വിളക്കുകൾ പ്രകാശിച്ചിരിക്കുന്നത് ഇതുവരെ നമ്മൾ മറ്റ് വീടുകളിൽ കണ്ട സമാനമായ പ്രവണതകൾ കാരണമാണ്. ഒരു വർഷത്തിന്റെ ഭൂരിഭാഗം സമയത്തും യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന ബഹ്റിനിലെ പല കെട്ടിടങ്ങളുടെയും നിർമ്മാണ രീതിയിൽ സൂര്യപ്രകാശം ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ പ്രയോഗിച്ചിട്ടില്ല.
സൂര്യപ്രകാശം യഥേഷ്ടം ലഭ്യമാകുന്ന ഫ്ളാറ്റുകളിലും ഓഫീസുകളിലും തടിച്ച കർട്ടനുകൾ ഇട്ട് ഇരുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ബഹ്റിനിലെ 80000ത്തിലധികം വരുന്ന ഓഫീസുകളിൽ ഒരു പകൽ സമയം കത്തിച്ചു തീർക്കുന്ന വൈദ്യുതി ഒഴിവായാൽത്തന്നെ വലിയൊരു തുക ലാഭിക്കുവാൻ സാധിക്കും. ഫ്ളാറ്റുകളിൽ താമസിക്കുന്ന പ്രവാസികളും സൂര്യപ്രകാശം പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ അന്വേഷിക്കണം.
ഗൾഫ് രാജ്യങ്ങളിലെ എഴുപതു ശതമാനം പേരും വിറ്റാമിൻ ഡീയുടെ കുറവ് കാരണം എല്ല് രോഗങ്ങളാൽ കഷ്ടപ്പെടുന്നവരാണ്. സൂര്യപ്രകാശം ഏൽക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. പകൽ സമയം ഓഫീസിലും വീട്ടിലും സൂര്യപ്രകാശം കടന്നു വന്നാൽ അത് മനസ്സിനും ശരീരത്തിനും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല.
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ എസി, ബൾബുകൾ എന്നിവ തിരഞ്ഞെടുക്കുന്പോൾ അവ എനർജി സേവിംഗ് ആണെന്ന് പലരും ഇപ്പോൾ ഉറപ്പാക്കുന്നുണ്ട്. വിലയിൽ കുറഞ്ഞ പല ചൈനീസ് ഉത്പ്പന്നങ്ങളും വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു എന്ന വസ്തുതയും ഓർക്കണം.
ഒരു ലിറ്റർ മിനറൽ വാട്ടറിന്റെ വില 800 ഫിൽസും സാധാരണ വെള്ളത്തിന്റേത് 200 ഫിൽസും ആണ്. ഒരു ബോട്ടിൽ മിനറൽ വാട്ടറിന് പെട്രോളിന്റെ അഞ്ചിരട്ടി വിലയാണെന്ന കാര്യം അത് വാങ്ങിച്ച് മുഖം കഴുകുന്ന പലരും ഓർക്കാറില്ല. ബഹ്റനിലെ water and Electricity യുടെ മന്ത്രിയായ ശ്രീ അബ്ദുൾ ഹുസൈൻ മിർസ ഒരു അഭിമുഖത്തിനിടയിലാണ്, ബഹ്റിനിലെ പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളം ശുദ്ധമായ കുടിവെള്ളമാണെന്ന് പറഞ്ഞത്. ശാസ്ത്രീയമായ പല പരീക്ഷണങ്ങളും നടത്തി ഉറപ്പ് വരുത്തിയതാണിതെന്നും, പലരും അധിക വില കൊടുത്ത് വാങ്ങുന്ന വെള്ളത്തിനേക്കാൾ നല്ല വെള്ളമാണ് പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമെന്നും അദ്ദേഹം ആവർത്തിച്ച് പറയുന്നു.
കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പത്തിരട്ടിയാണ് ഓരോ ദിവസവും ടോയ്‌ലറ്റിലും ബാത്ത് ടബ്ബിലും ഒഴുക്കി കളയുന്നത്. പല ഓഫീസുകളിലും ‘യൂറിനൽസ്’ ഇല്ലാത്തത് കാരണം closet ആണ് ഉപയോഗിക്കുന്നത്. സ്വാഭാവികമായിട്ടും ഓരോ ദിവസവും Flush ചെയ്തു നഷ്ടപ്പെടുത്തുന്നത് ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ്.
ബഹ്റിൻ വളരെ ചെറിയ രാജ്യമാണ്, വർഷത്തിൽ ഒരു നാല് മാസം ഒഴിവാക്കിയാൽ മറ്റ് മാസങ്ങളിലെ കാലാവസ്ഥ സൈക്കിൾ ഓടിക്കാൻ അനുയോജ്യമായതാണ്. കാറിനൊപ്പം നല്ല ഒരു ബൈക്ക് വാങ്ങിക്കുകയോ ചെറിയ സ്ഥലങ്ങളിലേയ്ക്ക് സൈക്കിൾ സവാരി നടത്തുകയും ചെയ്‌താൽ അത് ആരോഗ്യത്തിനും മനസ്സിനും ഗുണം ചെയ്യും.
വീണത് വിദ്യയാക്കുകയെന്നതാണ് ഇനി വരുന്ന ദിവസങ്ങളിലെ സ്ട്രാറ്റജി. വീഴാതിരിക്കുവാൻ ശ്രമിക്കുകയാണ് അതിലും കൂടുതൽ നല്ലത് എന്ന് മാത്രം ഓർമ്മിപ്പിച്ച് കൊണ്ട്....