യാത്രക്കിടയിൽ...


മാരത്തോൺ‍ ജയിച്ചു ഓടിവന്ന് നിൽക്കുന്ന കളിക്കാരനെപ്പോലെ, ഇത്തിരി കിതച്ച്, അഹങ്കാരത്തോടെ തീവണ്ടി കാഞ്ഞങ്ങാട് േസ്റ്റഷനിൽ വന്ന് നിന്നപ്പോൾ ഒരുതരം പരിഭ്രമമായിരുന്നു. തിരുവനന്തപുരം വരെയുള്ള ഒരു നീണ്ട യാത്രയിൽ,റിസർവേഷൻ ഇല്ലാതെ ജനറൽ കംപാർട്ട്മെന്റിൽ ഇരിക്കാനെങ്കിലും സീറ്റ് കിട്ടുമോ എന്ന ഭയം മനസ്സിനെ വളരെ മുൻപേ കീഴടക്കിയിരുന്നു. മംഗലാപുരത്ത് നിന്ന് വന്ന ട്രെയിനായിരുന്നുവെങ്കിലും ഞാൻ കയറിയ കംപാർട്ട്മെന്റിലെ സീറ്റുകൾ മിക്കവാറും ഒഴിഞ്ഞു കിടക്കുകയായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ വാതിലിന് തൊട്ടടുത്ത സീറ്റിൽ കൈയ്യിലുള്ള സ്യൂട്ട്കേസ് തലയിണയാക്കി ഞാൻ സീറ്റിൽ നീണ്ട് നിവർന്ന് കിടന്നു. മൊബൈലിൽ ഇഷ്ടപ്പെട്ട ഒരു പാട്ട് കേട്ട് ജനാലയിലൂടെ പിറകൊട്ടോടുന്ന മരങ്ങളെയും, വീടുകളെയും നോക്കി കിടന്നപ്പോൾ സമയം പോയതറിഞ്ഞില്ല. 

ട്രെയിൻ പയ്യന്നൂരിലെത്തിയപ്പോൾ ഒരു യാത്രക്കാരൻ കംപാർട്ട്മെന്റിലേക്ക് കയറി എന്റെ സീറ്റിന് തൊട്ടുമുന്പിലെ സീറ്റിൽ വന്നിരുന്നു. അടുത്ത ക്യാബിനിൽ ഒഴിഞ്ഞ സീറ്റുണ്ടായിട്ടും, എന്റെ മുന്പിലുള്ള സീറ്റിൽ വന്നിരുന്ന് മാതൃഭൂമി പത്രം വായിച്ചു തുടങ്ങിയപ്പോൾ ഞാൻ ഇതുവരെ അനുഭവിച്ചിരുന്ന ഒരു സ്വകാര്യതയിലേക്ക് തുരങ്കം വെച്ച ആ യാത്രക്കാരനോട് ചെറിയ ഒരു അസ്വസ്ഥത തോന്നി. ഓഷോയുടെ പുസ്തകം വായിച്ച് ഒന്ന് മയങ്ങിയപ്പോഴേക്കും ട്രെയിൻ കണ്ണൂരിലെത്തിയിരുന്നു. ജനാല കന്പിയിലൂടെ നീണ്ടു വന്ന ചായയും വടയും വാങ്ങുവാൻ ഒന്ന് നടു നിവർത്തി ഇരുന്നപ്പോഴേക്കും എന്റെ സീറ്റിൽ തൊട്ടരുകിൽ ഒരു യാത്രക്കാരൻ ഇരുപ്പുറപ്പിച്ചിരുന്നു. നീണ്ടു നിവർന്ന് വീണ്ടും കിടന്നുറങ്ങാനുള്ള എന്റെ ഒരു ആഗ്രഹത്തെ തൊട്ടടുത്തിരുന്ന യാത്രക്കാരൻ ഇല്ലാതാക്കി എന്നതിലപ്പുറം, മുൻസീറ്റിലിരിക്കുന്ന സഹയാത്രികന്റെ സീറ്റിൽ വേറെ യാത്രക്കാരൊന്നും ഇരിക്കാതെ സീറ്റ് പൂർണ്ണമായും അയാൾക്ക്‌ മാത്രമായി നിലനിൽക്കുന്നു എന്ന ദുഃഖമായിരുന്നു കൂടുതൽ മനസ്സിനെ അസ്വസ്ഥമാക്കിയത്.

വണ്ടി കൊയിലാണ്ടിയിലെത്തിയപ്പോൾ ഒരു സ്ത്രീയും പുരുഷനും അവരുടെ ഒരു കുട്ടിയും, തൊട്ട് മുന്നിലുള്ള സീറ്റിൽ വന്നിരുന്നപ്പോഴാണ് ഒരാശ്വാസം തോന്നിയത്. മുൻ സീറ്റിലിരുന്ന സഹയാത്രികൻ ഒന്ന് ഒതുങ്ങി ഇരുന്ന്, സീറ്റിൽ തൊട്ടടുത്ത് ദന്പതികൾ ഇരുത്തിയ കുട്ടിയെ നോക്കി ഓരോ ആംഗ്യങ്ങൾ കാണിച്ച് ചിരിപ്പിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന് അത് വരെ ലഭിച്ച സൗകര്യം കുറഞ്ഞ്, എന്നെക്കാൾ ഞെരുങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് ഒരു സന്തോഷം നൽകിയെങ്കിലും ആ സാഹചര്യവുമായി അദ്ദേഹം പൊരുത്തപ്പെട്ട് തുടങ്ങിയപ്പോൾ മനസ്സിൽ ആശ്വാസവും അസ്വസ്ഥതയും കൂടിക്കലർന്ന ഒരു അവസ്ഥയായിരുന്നു. ജനാലയോട് ചേർത്ത് വെച്ച സ്യൂട്ട്കേസിൽ ഒരു കൈ മടക്കി വച്ച് ഒരു മയക്കത്തിനായി ശ്രമിക്കുന്പോൾ മുൻസീറ്റിലിരുന്ന കുട്ടി കരഞ്ഞു തുടങ്ങി. സഹയാത്രികന്റെ സാന്ത്വനം ഒന്നും ഏശാതെ കുട്ടി നിലവിളിച്ച് തുടങ്ങിയപ്പോൾ സുഹൃത്ത് കൈയിലുണ്ടായിരുന്ന ഒരു ബോട്ടിൽ കുട്ടിയ്ക്ക് നൽകി. കുട്ടി സന്തോഷത്തോടെ ബോട്ടിൽ കൈയ്യിൽ പിടിച്ച് ചരിച്ച് തുടങ്ങിയപ്പോഴേക്കും ട്രെയിൻ കോഴിക്കോടെത്തിയിരുന്നു. മുൻസീറ്റിലുള്ള എന്റെ സഹയാത്രികനൊഴിച്ച് , മറ്റെല്ലാവരും കോഴിക്കോടിറങ്ങിയെങ്കിലും പെട്ടന്നാണ് നിരവധി യാത്രക്കാർ തീവണ്ടിയിലേക്ക് തള്ളിക്കയറിയത്. പലരും ഓഫീസ് വിട്ട് തിരികെ വീട്ടിലേക്ക് പോകുന്നവർ. നിമിഷങ്ങൾക്കകം എന്റെ തൊട്ടടുത്ത് ഒരു നാല് പേരും മുന്പിലെ സീറ്റിൽ വേറൊരു നാല് പേരും വന്നിരുന്നു. അതിലൊരാൾ കൈയ്യിലെ ബാഗ് മടിയിൽ ചീട്ട്കളിക്കായി വെച്ച് തയ്യാറായപ്പോൾ വേറൊരാൾ ഒരു പെട്ടി ചീട്ടെടുത്ത്‌ കശക്കി തുടങ്ങി. 

ചിരിയും ബഹളവുമായി അവർ കംപാർട്ട്മെന്റിനെ ഉണർത്തിയപ്പോൾ ഉറക്കം നഷ്ടപ്പെട്ട ഞാൻ ഇത്തിരി അസ്വസ്ഥതയോടെ അതിലും ഗൗരവത്തോടെ ജനാലയിലൂടെ പുറത്തേക്ക് കണ്ണ് നട്ടിരുന്നു. ഒറ്റ നോട്ടത്തിൽ സീനിയർ സിറ്റിസൺ‍ ആണെന്ന് തോന്നുന്ന ഒരാൾ കൂടി സീറ്റിന് തൊട്ടടുത്ത് വന്നു നിന്നപ്പോൾ ചീട്ട് കളിക്കുന്ന യാത്രക്കാർ ഒന്നുകൂടി ഒതുങ്ങിയിരുന്ന് അദ്ദേഹത്തിനും ഇരിക്കാനായി സ്ഥലം നൽകി. സുഖമായി വിശാലമായി കിടന്ന് കാഴ്ച്ചകൾ കണ്ട്, പാട്ട് കേട്ട് ഉറങ്ങിയ സ്ഥലം മറ്റുള്ളവർ കൈയ്യേറി എന്നെ അവർ ഒരു മൂലയിലേക്ക് ഒതുക്കി എന്ന തിരിച്ചറിവ് എന്നെ ഇത്തിരി ഭയപ്പെടുത്തി തുടങ്ങിയിരുന്നു. തൊട്ടടുത്ത േസ്റ്റഷനിൽ ഇറങ്ങി വല്ല ടാക്സിയോ, ബസ്സോ പിടിച്ച് യാത്ര ചെയ്താലോ എന്ന് വരെ ചിന്തിച്ചിരിക്കുന്പോഴാണ് കോളേജ് വിദ്യാർഥികളാണെന്നു തോന്നുന്ന നാലഞ്ച് പയ്യന്മാർ ക്യാബിനിലേക്കെത്തിയത്. അതിൽ രണ്ട് പേർ മുകളിലുള്ള ബർത്തിലും മറ്റുള്ളവർ സീറ്റിന് തൊട്ടടുത്ത് നിന്ന് കൊണ്ട് ചീട്ട് കളിക്കാരുമായി എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നു. സ്ഥിരം ട്രെയിനിൽ യാത്ര ചെയ്യുന്ന ഇവർ പരിചയക്കാരായിരിക്കാം എന്ന് ചിന്തിക്കുന്പോഴേക്കും ചീട്ട് കളിയുടെ ആദ്യ റൗണ്ട് കഴിഞ്ഞിരുന്നു. കളിയിൽ തോറ്റ ഒരാൾ ചെവിയിൽ ഒരു ചീട്ട് തിരുകിയപ്പോൾ പയ്യന്മാരെല്ലാരും കൂടി “താനാരോ തന്താനാ തന താനാ ത താന്താന” എന്ന് പാട്ട് പാടി കളിയാക്കിത്തുടങ്ങി. ഉടൻ ചീട്ട് കളിക്കുന്നവർ ട്രെയിനിന്റെ കന്പിയിലും ബാഗിലും തട്ടി താളം പിടിച്ചു തുടങ്ങി. മുൻ സീറ്റിലിരുന്ന സഹയാത്രികനും കൂടെയുണ്ടായിരുന്ന സീനിയർ സിറ്റിസണും ഇവരോടൊപ്പം ചിരിച്ചു കൊണ്ട് പങ്കു ചേർന്നു. കുറച്ച് കൂടി കഴിഞ്ഞപ്പോൾ ഞാനും അവരുടെ കൂടെ ചേരുകയും അവരുടെ കൂടത്തിൽ ഒരാളായി മാറുകയും ചെയ്തു. പിന്നീടങ്ങോട്ട് ഒരു ആഘോഷമായിരുന്നു. പാട്ടും ചീട്ട് കളിയുമായി മുന്നോട്ട് പോകുന്പോൾ സീറ്റിലെ ഞെരുക്കത്തെക്കുറിച്ചും ഇറങ്ങാനുള്ള ആഗ്രഹവുമൊക്കെ ഞാൻ മറന്നു കഴിഞ്ഞിരുന്നു. 

കൊല്ലത്തെത്തിയപ്പോൾ മിക്ക യാത്രക്കാരും ശുഭ യാത്ര പറഞ്ഞ് പിരിഞ്ഞിരുന്നു. ട്രെയിൻ തിരുവനന്തപുരം എത്താറാവുന്പോഴേക്കും ഞാനും മുന്പിലുള്ള യാത്രക്കാരനും മാത്രമായി. കുറച്ച് കഴിഞ്ഞ് മുൻസീറ്റിലെ സഹയാത്രികനും സീറ്റിനടിയിലും ബർത്തിലും വച്ച ലഗ്ഗേജുകളൊക്കെ പുറത്തെടുത്ത് തുടങ്ങിയപ്പോൾ അയാളും ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലാണെന്നു മനസിലായി. ട്രെയിൻ വീണ്ടും യാത്രക്കാരില്ലാതെ കാലിയായി തുടങ്ങിയപ്പോൾ ഞാൻ സീറ്റിൽ നടുനിവർന്നു വീണ്ടും ഉറങ്ങുവാൻ ശ്രമിച്ചു. യാത്രയിൽ എന്നെ സന്തോഷിപ്പിച്ച കുട്ടിയേയും, ചീട്ട് കളിക്കാരെയും, വിദ്യാർത്ഥികളോട് ഞാൻ കാണിച്ച അസഹിഷ്ണുതയും സമീപനവും തെറ്റായിപ്പോയില്ലേ എന്ന ചിന്തയും മനസ്സിനെ അസ്വസ്ഥമാക്കിയപ്പോൾ ഞാൻ ഓർത്തത്‌, ചീട്ട് കളിയിൽ തോറ്റിട്ടും സന്തോഷത്തോടെ ചിരിച്ചു കൊണ്ടിരുന്ന സുഹൃത്തിനെ കുറിച്ചായിരുന്നു .

പ്രവാസികളായ നമ്മൾ നടത്തുന്നതും റിസർവേഷനില്ലാതെ ഇത്തരം ഒരു യാത്രയാണ്. ഗൾഫിൽ സുഖസൗകര്യത്തോടെ നടുനിവർന്ന് മനോഹര കാഴ്ച്ചകൾ കണ്ട് നടന്നിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. സാന്പത്തികവും സാമൂഹ്യവുമായ ഓരോ മാറ്റങ്ങൾ പുതിയ േസ്റ്റഷനിൽ എത്തുന്പോൾ യാത്രകാരൻ നേരിടുന്ന ഒരു ആശങ്ക നമ്മളിലുളവാകും. ഇന്ന് ട്രെയിനിൽ തിങ്ങി ഞെരുങ്ങി യാത്രക്കാരിൽ ചിലർ ഭയത്തോടെ നിൽക്കുന്ന ഒരു േസ്റ്റഷനിൽ ആണ് നാം  നിൽക്കുന്നത്. ആൾകൂട്ടത്തിന്റെ ബഹളത്തിനിടയിലും ചീട്ട് കളിക്കാരനെ പോലെ ജീവിതത്തിൽ കുറച്ച് റിസ്ക്‌ എടുക്കുവാനും ഗാംബിൾ ചെയ്യാനും നമ്മൾ പഠിക്കണം. സബ്സിഡികൾ വെട്ടിക്കുറച്ചാലും, ശന്പളം ഇത്തിരി കുറഞ്ഞാലും ഉള്ള സാധ്യതകൾ പങ്കിട്ടെടുത്ത് ആഘോഷമാക്കാനുള്ള ഒരു യുവ മനസ്സ് നമ്മൾ വളർത്തിയെടുക്കണം. ഇതിനിടയിൽ കരയുന്ന ചിലരെ,സന്തോഷിപ്പിക്കാനും നമ്മൾ ശ്രമിക്കണം. ജീവിതമാകുന്ന യാത്രയുടെ അവസാനം, തിരിഞ്ഞ് നോക്കുന്പോൾ മനസ്സിൽ സന്തോഷം തോന്നുന്ന ദിവസങ്ങളായിരിക്കും ഇവ. വീണത്‌ വിദ്യയക്കുവാനും ഉള്ളത് വെച്ച് ഓണം ഉണ്ണാനും നമ്മൾ പഠിച്ചാൽ ജീവിത യാത്ര ആഘോഷമാക്കാനും അവ ആനന്ദവേളകളായി മാറ്റാനും പറ്റും എന്നതിൽ സംശയമില്ല.

You might also like

Most Viewed