നവ മാധ്യമങ്ങൾ അനാഥാലയങ്ങളോ ?


ആയോധന കലയിൽ അഗ്രകണ്യനായ കർണ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ ഇറങ്ങിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ ഭയന്നാണ് ധർമ്മപരിപാലനത്തിന്റെ കാവൽക്കാരായ പാണ്ടവ പക്ഷം കർണ്ണന്റെ പിതാവാരാണെന്ന ചോദ്യമുന്നയിച്ചത്.

സാമൂഹ്യ മര്യാദ പാലിക്കാത്തവരുടെ പിതാവിനെ അവഹേളിക്കുന്നതും, പിതാവിന്റെ സ്ഥാനം ‘തന്തെയെന്നാക്കി’ ഡിഗ്രേഡ് ചെയ്യപ്പെട്ടതും, അത് നമ്മുടെ ഒരു സംസ്കാരത്തിന്റെ ഭാഗമായതും ഇതിനു ശേഷം തന്നെ.

ലോകത്തിലെ എല്ലാ ചരാചരങ്ങളുടേയും കർമ്മങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം അവരെ ഉത്പ്പാദിപ്പിച്ചവരുടേത് മാത്രം ആക്കി മാറ്റി യഥാർത്ഥ പ്രതിയെ സംരക്ഷിക്കുന്ന രീതിയും ഇത്തരമൊരു മാറ്റത്തിലൂടെ കടന്ന് വന്നു.

പത്രാധിപർക്കും, പ്രസാധക്കർക്കും, അച്ചടിശാലയ്ക്കും, പിതാവിനെപോലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനുള്ള ബാദ്ധ്യതയും അവർ പ്രതിനിധീകരിക്കുന്ന ഉത്പ്പന്നങ്ങൾക്ക് മക്കളുടെ സ്ഥാനവും ഇത്തരം ചിന്തയിലൂടെ കൈവന്നു.

എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ ബാദ്ധ്യസ്ഥനല്ലാത്ത ‘തന്തയില്ലാത്ത’ നവ മാധ്യമങ്ങൾ കടന്ന് വന്നതോടെ ഫേസ് ബുക്കിലെ താളുകളിൽ നീല നിറം പടർന്നാലും, ട്വിറ്ററിലെ കിളി ഭരണി പാട്ട് പാടിയാലും അതിന്റെ ഉത്തരവാദിത്വം കേവലം ഒരു വ്യക്തിയിൽ മാത്രമായി ഒതുങ്ങുകയും അതിലെ പിതാവിന്റെ സ്ഥാനം വഹിക്കുന്ന ഉടമസ്ഥനെ ഒഴിവാക്കുകയും ചെയ്തു.

ഇതുകൊണ്ട് തന്നെയാണ് മരിച്ച സൈനികനെതിരെ കമന്റിട്ട ഫേസ്ബുക്ക് പ്രതിക്കെതിരെയുള്ള പ്രതിഷേധം പലരും നേരത്തേ സ്ഥാപിച്ച പ്രതിയുടെ ബയോളജിക്കൽ പിതാവിനെ തെറി പറഞ്ഞ് മാത്രം ഒതുക്കുകയും അത് പ്രസിദ്ധീകരിച്ച ഫെയ്സ് ബുക്കിനെ ഒഴിവാക്കുകയും ചെയ്തതിനുള്ള കാരണം.

ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം ഫേസ്ബുക്ക് എന്ന നവമാധ്യമത്തിന്റെ ഉടമസ്ഥനിലോ, പത്രാധിപരുടെ സ്ഥാനം അലങ്കരിക്കുന്ന അഡ്മിനിസ്ട്രേറ്ററിലേക്കോ നീങ്ങാതിരിക്കുന്പോൾ, സ്വാഭാവികമായും ചോദ്യചെയ്യപ്പെടുന്നത് നിലവിലുള്ള നിയമ സംവിധാനത്തിന്റെ ഇരട്ടനയമാണ്. 

ഇന്ന് ഫേസ്ബുക്കിനും മറ്റ് സോഷ്യൽ മീഡിയകൾക്കും കൈവന്നിരിക്കുന്ന സ്ഥാനം മതപുരോഹിതൻമാരുടേതാണ്. ഫേസ്ബുക്ക് ഒരു മതഗ്രന്ഥവും അതിൽ കോടിക്കണക്കിന് അനുയായികളും വരുന്പോൾ മാർക്ക് സുക്കർബർഗ് കൈവരിച്ചിരിക്കുന്നത് പുതിയ ഒരു അവതാര പുരുഷന്റെ മുഖമാണ്. സർക്കാരിനും നിയമ വ്യവസ്ഥയ്ക്കും ഇവരെ ചോദ്യം ചെയ്യാൻ പറ്റത്തതും ഇത് കൊണ്ട് തന്നെ.

ഒരു പത്രം നടത്തുന്ന പത്രാധിപർ അതിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വാർത്തകൾക്കും ലേഖനങ്ങൾക്കും ഉത്തരവാദിയാണെന്ന് പറയുന്ന ഒരു തരം ടെററിസം നവമാധ്യമങ്ങൾക്ക് ബാധകമാകുന്നില്ല. ഇത് കുറേയേറെ പ്രതീക്ഷകളും നമുക്ക് നൽകുന്നുണ്ട്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും അവകാശപ്പെട്ടതാണെന്ന് ഓർക്കുന്പോൾ തന്നെ ഭൂരിപക്ഷത്തിന്റെ ചിന്തയ്ക്ക് എതിരായാൽ അതേ അവകാശം തുല്യമായോ ചിലപ്പോൾ അളവിൽ കൂടുതലായോ ഉപയോഗിച്ച് പ്രതിഷേധിക്കുന്ന മാർഗ്ഗവും, ലഭ്യമാണെന്ന തിരിച്ചറിവ് ചില നിയതന്ത്രണ രേഖകൾ നമുക്ക് ചുറ്റും നാം അറിയാതെ വരയ്ക്കുന്നുണ്ട്.

എസ്.എസ്.എൽ.സി ബുക്കിൽ പിതാവിന്റെ പേരിൽ ടെസ്റ്റ്‌ ട്യൂബ് എന്ന് എഴുതുന്ന ഈ കാലത്തും ആത്യന്തികമായ ‘പിതാവ്’ മാത്രമാണ് തെറ്റുകാരൻ എന്ന് വർഷങ്ങളായി വിളിച്ച് പറയുന്ന ഒരു പഴയ സംസ്കാരത്തേയും നമ്മൾ ഇതുവഴി വെല്ലുവിളിക്കുന്നുണ്ട്.

ഞാൻ ഞാൻ എന്ന അഹങ്കാരം തലയുയർത്തി നിൽക്കുന്ന ഐഫോണും, ഐമാകും, ഐപാഡും ഒരു ഭാഗത്ത്, വേറൊരു ഭാഗത്ത് ഫേസ്ബുക്ക്, ട്വിറ്റർ എന്നീ മതങ്ങളും എന്ന സാമൂഹ്യ വ്യവസ്ഥിതി ഇപ്പോൾ നിലവിലുള്ള ജാതിമത വ്യവസ്ഥകളെ തച്ചുടക്കുകയാണ്.

നവമാധ്യമങ്ങളിലെ ഉന്നത ജാതി പ്രായോഗികതയോടെ പ്രതികരിക്കുവാനറിയാതെ സാങ്കേതിക വൈദഗ്ദ്ധ്യം ഉള്ള ഒരു കൂട്ടവും, കീഴ്ജാതി, ഇതൊന്നുമറിയാതെ അബന്ധജഡിലമായ പ്രസ്താവനകൾ വഴി നിയമക്കുടുക്കിൽപ്പെടുന്നവരുമാണ്.

ഫേസ്ബുക്ക് അടക്കമുള്ള മതസംഘടനകളിൽ അതിലെ അനുയായികളുടെ വൈകാരികമായ ഇടപെടലുകളും, ചർച്ചകളും തർക്കങ്ങളും വരെ വിറ്റ് സന്പന്നനായി, സുഖസൗകര്യത്തോടെ ജീവിക്കുന്ന മത നേതാവിന്റെ സ്ഥാനം സുക്കർബർഗ് പോലുള്ളവർ അലങ്കരിക്കുന്പോൾ, സോഷ്യൽമീഡിയയിലെ കൈവിട്ട പോസ്റ്റുകൾക്ക് അനുമതി നൽകുന്ന ഉടമസ്ഥനെ നമ്മൾ മറക്കുകയും കുറ്റം വീണ്ടും കുലത്തിനും പിതാവിനും പിതാവിന്റെ ഭാഗമായ മാതാവിലേക്കും കൈമാറുന്പോൾ അറിയാതെ പിതാവ് വീണ്ടും ‘തന്തയായി’ മാറുന്നു!

18 വയസ്സ് കഴിഞ്ഞ മക്കളുടെ പ്രവർത്തിക്കും, മാനസിക വിഭ്രാന്തിയില്ലാത്ത എഴുത്തുകാരുടെ ലേഖനങ്ങൾക്കും, കഥയറിയാതെ പോസ്റ്റിൽ കയറി കമന്റിട്ട് താഴെയിറങ്ങുവാൻ പറ്റാത്ത ന്യൂജെൻ പയ്യനും സാമൂഹ്യ മര്യാദകൾ ലംഘിക്കുന്പോൾ അതിന്റെ ഉത്തരവാദിത്വം അവരിൽ തന്നെ നിക്ഷിപ്തമാണെന്നും അതിന്റെ കൂട്ടുത്തരവാദിത്വം കുടുംബത്തിനും, തറവാടിനും പിതാവിനും അതുവഴി അമ്മയ്ക്കുമാണെന്ന് ചിന്തിക്കുന്ന പഴയ ചിന്തയും മനസ്സും മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തികൊണ്ട് എല്ലാവർക്കും ഒരു നല്ല വാരാന്ത്യം നേരുന്നു...

You might also like

Most Viewed