നഷ്ടപ്പെടുന്ന രാത്രി സൗന്ദര്യങ്ങൾ
രാത്രിക്ക് പ്രത്യേകമായ ഒരു സൗന്ദര്യമുണ്ട്. കറുത്ത സാരിയുടുത്ത്, തലമുടിയൊക്കെ അഴിച്ചിട്ട് വെള്ളി പാദസരം കുലുക്കി വരുന്ന ഒരു വശ്യമായ സൗന്ദര്യം.
കേരളത്തിലെ ഗ്രാമങ്ങൾ സന്ധ്യ മയങ്ങുന്പോൾ തന്നെ ഒരുതരം ആലസ്യത്തിലേക്ക് മയങ്ങി വീഴും. വഴിവിളക്കുകൾ കത്താത്ത പാതകളിൽ ആൾ സഞ്ചാരം തീരെ കുറവ്. ഭൂരിഭാഗം വീടുകളുടെയും മുന്പിലുള്ള വെളിച്ചമൊക്കെ അണച്ച് കുടുംബം മുഴുവൻ ടി.വിയുടെ മുന്പിലേക്ക് ചുരുങ്ങുന്നു.
മുറ്റം നിറയെ വിതറി വീഴുന്ന നിലാവിന്റെ വെളിച്ചമോ, നടക്കുന്പോൾ ഒപ്പം നടക്കുന്ന അന്പിളിമാമനെയോ, പൂത്ത പാലമരത്തിന്റെ പൂക്കളുടെ മണമോ, ചീവിടുകളുടെ കരച്ചിലോ, ഓരിയിടുന്ന കുറുക്കന്റെ ബഹളമോ, ഒന്നും ഇവിടെ കുട്ടികൾ വരെ അറിയുന്നില്ല. മലയാളിക്ക് സത്യത്തിൽ രാത്രി നഷ്ടപ്പെട്ടിരിക്കുന്നു. പല വിദേശരാജ്യങ്ങളിലും അവരുടെ സന്തോഷകരമായ ജീവിത മുഹൂർത്തങ്ങൾ തുടങ്ങുന്നത് തന്നെ നേരം ഇരുട്ടുന്പോഴാണ്. കേരളത്തിൽ ആരെങ്കിലും രാത്രിയിൽ റോഡിലിറങ്ങി നടന്നാൽ ഓരോ അഞ്ച് മിനിറ്റിലും ഒരു പോലീസ് ജീപ്പ് അരികിലെത്തി ചോദ്യം ചെയ്ത് തുടങ്ങും. യാത്ര ചെയ്യാനുള്ള ടിക്കറ്റോ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ ഐ.ഡി കാർഡ് ഇല്ലെങ്കിൽ പോലീസുകാർക്ക് രാത്രി സഞ്ചരിക്കുന്നവരെല്ലാം കള്ളന്മാരാണ്.
കേരളത്തിൽ പകൽ സമയത്ത് ട്രാഫിക് തിരക്കും ചൂടും ഒക്കെയായി ഷോപ്പിംഗിനിറങ്ങുന്നവർ യഥാർത്ഥത്തിൽ ദുരിതമനുഭവിക്കുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ ശനിയാഴ്ച വൈകുന്നേരങ്ങളിൽ പ്രധാനപ്പെട്ട ടൗണുകളിൽ ‘നൈറ്റ് ലൈഫ്’ തുടങ്ങുവാൻ സർക്കാർ മുൻകൈ എടുക്കണം. പച്ചക്കറി മാർക്കറ്റ് മുതൽ സിനിമാ തിയേറ്റർ വരെ ശനിയാഴ്ച രാത്രി തുറക്കുകയാണെങ്കിൽ രാത്രിയുടെ ഭംഗിയും ആസ്വദിച്ച് സിനിമയും കണ്ട്, പോപ്പക്കോണും കൊറിച്ച് ജനം രാത്രിയും സഞ്ചരിച്ച് തുടങ്ങും.
ഹെൻറി ഫോർഡ് കാറുകൾ ഉല്പാദിപ്പിക്കുവാൻ തുടങ്ങിയപ്പോൾ, അന്ന് ഏഴ് ദിവസവും ജോലി ദിനങ്ങൾ ആയത് കാരണം ആർക്കും കാറ് ഓടിക്കുവാനും ചെയ്യുവാനും സഞ്ചരിക്കുവാനും സമയം ലഭിക്കുന്നില്ല എന്ന് കണ്ടെത്തി ആഴ്ചയിലൊരു ദിവസം അവധി ദിനമാക്കുവാൻ ഫോർഡ് തീരുമാനിച്ചത് കാറുകളുടെ ഉപയോഗം കൂട്ടുവാൻ വേണ്ടിയായിരുന്നു.അതുപോലെ ശനിയാഴ്ച രാത്രി ഒന്ന് റീബ്രാൻഡ് ചെയ്താൽ കേരളം ഒന്ന് ഉണരും. പുതുവർഷത്തിന്റെ രാത്രിയിൽ കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് കാറിൽ യാത്ര ചെയ്തപ്പോൾ പുറത്ത് പുതുവർഷം ആഘോഷിക്കുന്നവർ വളരെ വിരളം. ചില സ്ഥലങ്ങളിൽ മാത്രം കുറച്ച് യുവാക്കൾ കൂട്ടംകൂടി ബഹളം വെയ്ക്കുന്നതിനപ്പുറം കാര്യമായ ആഘോഷങ്ങളൊന്നും കണ്ടില്ല.വൈകുന്നേരം ബിവറേജസ് കോർപ്പറേഷന്റെ മുന്പിൽ മാത്രം നീണ്ടുനിരന്ന് നില്ക്കുന്നവരുടെ ക്യൂ കണ്ടു. 2015 പിറക്കുന്പോൾ കേരള സർക്കാർ എടുക്കേണ്ട തീരുമാനങ്ങൾ എന്തൊക്കെയായിരിക്കണം എന്ന ചിന്തയ്ക്കുള്ള ചില ഉത്തരങ്ങളാണ് താഴെ നൽകുന്നത്.
1. കേരളത്തിലെ ഏറ്റവും അപകടകാരിയായ മേഖല വൈദ്യുതി വിഭാഗമാണ്. റോഡിനിരുവശവും മിക്ക വീടുകളുടെ മുകളിലൂടെ ഓടുന്ന ഇലക്ട്രിക് കന്പികൾ ഭൂമിക്കടിയിലൂടെ കടത്തി വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കനത്ത കാറ്റും, മഴയും, മിന്നലും അനുഭവപ്പെടുന്ന കേരളത്തിൽ ആകാശത്തിൽ തൂങ്ങി നില്ക്കുന്ന പൊട്ടാറായ കന്പിയും പോസ്റ്റും നിരവധി ജീവനുകളാണ് ഓരോ കാലവർഷത്തിലും എടുക്കുന്നത്. എത്രയും പെട്ടെന്ന് ഈ അശാസ്ത്രീയമായ രീതി ഉപേക്ഷിച്ച് ഇലക്ട്രിക് കന്പികൾ ഭൂമിക്കടിയിലേക്ക് മാറ്റുക.
2. റോഡിലുള്ള മിക്ക ഡിവൈഡറുകളും വളരെ അശാസ്ത്രീയമാണ് പണിതിട്ടുള്ളത്. ഡിവൈഡറിന് മുന്പിൽ അതുണ്ടെന്ന മുന്നറിയിപ്പും, ഒപ്പം റബ്ബർ പോസ്റ്റുകളും സ്ഥാപിക്കണം.
3. ബീവറേജ് കോർപ്പറേഷൻ സർക്കാരിന്റെ ഖജനാവിലേക്ക് 20 ശതമാനം വരുമാനം നല്കുന്ന മേഖലയാണ്. അവിടെ വരുന്ന ഉപഭോക്താക്കളെ വെയിലത്തും മഴയത്തും ക്യൂ നിൽക്കാതെ, അവർക്ക് ഇരിക്കുവാനുള്ള സൗകര്യവും, ടോക്കൺ സന്പ്രദായവും കൊണ്ടുവരിക.
4. മന്ത്രിമാർ ഉദ്ഘാടനത്തിന് പോകുന്നതും, തറക്കല്ലിടുന്നതും നിർത്തുക.
5. നാഷണൽ ഹൈവേയിൽ പബ്ലിക്ക് ടോയിലറ്റുകൾ സ്ഥാപിക്കുക.
6. ശുദ്ധമായ തെങ്ങിൻ കള്ള് സർക്കാർ വഴി വിതരണം ചെയ്യുക.
7. മുഴുവൻ സർക്കാർ സ്കൂളിലും ഇംഗ്ലീഷ് മീഡിയം കൂടെ തുടങ്ങുക.
8. ശനിയാഴ്ചയെ ‘Sleepless saturday’ എന്ന ബ്രാൻഡിൽ ടൗണുകളിൽ Night life തുടങ്ങുക.
9. ഓരോ വീട്ടിലും പച്ചക്കറി ഉല്പാദനം നിർബന്ധമാക്കുക.
10. ഓരോ വീടുകൾ കയറി ഇറങ്ങി ആരോഗ്യ മന്ത്രാലയത്തിലുള്ളവർ മാലിന്യ നിർമ്മാർജ്ജനത്തിനുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
11. മന്ത്രിമാർക്കും എം.പി, എം.എൽ.എ എന്നീ സ്ഥാപനങ്ങൾക്കായി മത്സരിക്കുന്നവർക്ക് സാന്പത്തിക ശാസ്ത്രത്തിലോ സോഷ്യൽ സയൻസിലോ കുറഞ്ഞത് ബിരുദമെങ്കിലും നിർബ്ബന്ധമാക്കുക.
12. അദ്ധ്യാപകരുടെ നിയമനം കേവലം 15 വർഷത്തേക്ക് മാത്രമായി ചുരുക്കുക. അത് കഴിഞ്ഞ് അവരെ വേറെ സർക്കാർ സ്ഥാപനത്തിലേക്ക് മാറ്റുക.
13. അദ്ധ്യാപകരുടെ ശന്പളസ്കെയിൽ വർദ്ധിപ്പിക്കുക.
14. മതപഠന ക്ലാസുകളുടെ സിലബസും, പഠിപ്പിക്കുന്ന വിഷയവും, അദ്ധ്യാപകരുടെ നിയമനവും, സർക്കാരും വിദ്യാഭ്യാസ വകുപ്പും വഴിമാത്രം അനുവദിക്കുക.
15. ആദിവാസി ക്ഷേമത്തിനായി കൂടുതൽ തുക അനുവദിക്കുന്നതിനോടൊപ്പം പരിചയ സന്പന്നരായ, കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക.
16. ഗൾഫ് മലയാളികൾക്ക് പുനരധിവാസത്തിനായുള്ള നടപടികൾ തുടങ്ങുക.
പി. ഉണ്ണികൃഷ്ണൻ