ആത്മാവിൽ നിന്നൊരു സല്യൂട്ട്

ഗോപാലേട്ടന്റെ ചായക്കടയിലെ കാസരോഗം ബാധിച്ച കസേരകൾ രാമേട്ടനിരിക്കുന്പോൾ ശ്വാസം മുട്ടി കരഞ്ഞ് കൊണ്ടിരിക്കും. ഐ.സി.യുവിലെ രോഗിയെ കാണുന്ന പോലെ, ഫുട്ബോൾ മാച്ചിനിടയിൽ തലയിടിച്ച് വീണ് ബോധം നഷ്ടപ്പെട്ട കളിക്കാരനെ മറ്റുള്ള കളിക്കാർ ചുറ്റും കൂടിനിന്ന് നോക്കുന്നത് പോലെ, ഒരു പ്രത്യേകതരം ഭാവത്തോടെ നമ്മൾ രാമേട്ടന് ചുറ്റുമിരിക്കും.
സാധു ബീഡിയുടെ പൃഷ്ഠഭാഗത്ത് തീ കൊളുത്തി തിരിച്ച് പിടിച്ച് വലിച്ചൂതുന്നതാണ് രാമേട്ടന്റെ ഒരു രീതി. കാശ്മീരിലെ മഞ്ഞുമലകൾക്കിടയിൽ ഒറ്റയ്ക്ക് തോക്കുമായി നുഴഞ്ഞ് കയറുന്ന ശത്രുവിനെ നേരിടാൻ ഒരു കിക്ക് കിട്ടാൻ വേണ്ടി ശീലിച്ചതെന്നായിരുന്നു ഇതിന്റെ കാരണമായി പറഞ്ഞിരുന്നത്. രാമേട്ടന്റെ കറപിടിച്ച മിലിറ്ററി റമ്മിന്റെ മണമുള്ള വായയിൽ കിടന്ന് നിലവിളിക്കുന്ന ബീഡിയുടെ കാഴ്ച അസഹനീയമാകുന്പോൾ മനസ്സ് പറയും സാധു ബീഡി സാധു തന്നെയെന്ന്. ഇന്തോ പാകിസ്ഥാൻ യുദ്ധ സമയത്ത് യുദ്ധക്കളത്തിലേക്ക് പോകാൻ ഭയന്ന് നാട്ടിലേക്ക് കള്ള വണ്ടി കയറിയ പട്ടാളക്കാരനാണ് രാമേട്ടൻ. പിന്നീട് പട്ടാളവും പോലീസും കാണാതായ ഹവീൽദാറെ അന്വേഷിച്ച് നാട്ടിലെത്തിയപ്പോൾ അമ്മിണിയേട്ടത്തിയുടെ കുളിപുരയിൽ ചേച്ചി കുളിക്കുന്പോൾ കുനിഞ്ഞിരുന്ന് രക്ഷപ്പെട്ട ധീരനുമാണ് രാമേട്ടൻ!
എങ്കിലും ബോറടിക്കുന്ന സായാഹ്നങ്ങളിൽ സിനിമാ ടിക്കറ്റെടുക്കുവാനും പരിപ്പ് വടവാങ്ങാനും കാശില്ലാതെ വരുന്പോൾ രാമേട്ടൻ ഒരു ആശ്വാസമാണ്. രാമേട്ടൻ ഉണ്ടാക്കി പറയുന്ന ഓരോ വീരകഥകളും ആന വളർത്തിയ വാനവാന്പാടിയും ആരോമൽ ചേകവർ സിനിമയും കാണുന്ന ത്രില്ലോടെ കേട്ടകൊണ്ട് ഞങ്ങൾ ഇരിക്കും. രാമേട്ടൻ പോയി കഴിഞ്ഞാൽ എല്ലാവരും ചിരിച്ച് കൊണ്ട് പറയും പട്ടാളം ബഡായി എപ്പിസോഡ് 121 സമാപ്തം!
പിന്നീട് കുറെ വർഷം കഴിഞ്ഞ് ഡൽഹിയിൽ പഠിച്ച് കൊണ്ടിരിക്കുന്ന് കാലത്താണ് ജയന്തി ജനതയിൽ റിസർവേഷൻ കന്പാർട്ടുമെന്റിൽ മൂന്ന് ദിവസത്തെ ദൂരയാത്രയിൽ റിസർവേഷനില്ലാതെ ടി.ടി.ആറിന്റെ അറിവോടെ കയറിയ ചെറുപ്പക്കാരായ പട്ടാളക്കാരേ പരിചയപെടുന്നത്. ആദ്യ ദിവസങ്ങളിൽ അവർ ഇരുന്നുറങ്ങിയത് അവരുടെ ഇരുന്പുപെട്ടിയുടെ മുകളിലായിരുന്നു. യാതൊരു പരിഭവവുമില്ലാതെ രാത്രിയിൽ നിലത്ത്, ബ്ലാങ്കറ്റ് വിരിച്ച് സുഖമായി കിടന്നുറങ്ങുന്ന പട്ടാളക്കാരനെ കണ്ടപ്പോഴാണ്, രാമേട്ടന്റെ കോമാളി മുഖത്തിനപ്പുറം ചിലതൊക്കെ തിരിച്ചറിയാനുണ്ട് എന്ന് മനസ്സ് പറഞ്ഞു തുടങ്ങിയത്.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഡ്യൂട്ടിയിലേക്ക് തിരിച്ചു പോകേണ്ടിവന്നവർ, എപ്പോഴും മരണം സംഭവിക്കാം എന്ന നിലയിൽ ആസന്ന നിലയിൽ കിടക്കുന്ന പിതാവിനെ മറന്ന് തിരികെയെത്തുന്നവർ. അങ്ങിനെ രാമേട്ടൻ പറയാത്ത പല കഥകൾ അറിഞ്ഞ് തുടങ്ങിയപ്പോൾ സഹയാത്രികരുടെയും എന്റെയും റിസർവ്വ് ചെയ്ത സീറ്റിന്റെ ഒരുഭാഗം അവരുടെതായും മാറി.
പീന്നീട് വർഷങ്ങൾ കഴിഞ്ഞാണ് ഹൈദരബാദിലെ പട്ടാള ക്യാന്പിൽ ഒരു പട്ടാളക്കാരനായ ഒരു സുഹൃതിനോടൊപ്പം ഓണം ഉണ്ണാനും രാത്രി പട്ടാള ക്യാന്പിൽ താമസിക്കുവാനും ഭാഗ്യം ലഭിച്ചത്. ഓണ സദ്യ കഴിഞ്ഞ് റാഫിയുടെ ‘ഹാം ഓർ തും ഓർ എ സമാൻ ക്യാ നഷ.... നഷ സഹേ... എന്ന ഗാനം എല്ലാവരെയും സുഗകരമായ ഒരു ഉറക്കത്തിലേയ്ക്ക് വീഴ്ത്തുന്പോൾ എന്റെ സുഹൃത്തിന്റെ അടുത്ത കട്ടിലിൽ കിടന്ന ഒരു മലയാളിയായ പട്ടാളകാരൻ മാത്രം കണ്ണും തുറന്നു എന്തോ ചിന്തിക്കുകയായിരുന്നു. അന്ന് രാവിലെ ഹൈദരബാദിലെ ബിർള മന്ദിരം കാണുവാൻ അവന്റെ കൂടെ ബൈക്കിൽ പിറകിൽ ഇരുന്നാണ് ഞാൻ പോയത്.
പിന്നീട് കുറച്ച് ദിവസങ്ങൾക്കുള്ളിൽതന്നെ എന്റെ സുഹൃത്തും കൂട്ടരും ശ്രീലങ്കയിലേയ്ക്ക്, രാജീവ് ഗാന്ധി സർക്കാരിന്റെ നിർദ്ദേശപ്രകാരം യാത്രതിരിച്ചു. പിന്നീട് ഒരു അവധിക്കാലത്ത് നാട്ടിൽ വെച്ച് പട്ടാളക്കാരനായ സുഹൃത്തിനെ കണ്ടപ്പോഴാണ് അന്ന് ബൈക്കിൽ എന്നെ കൊണ്ട് നടന്ന സുഹൃത്ത് ശ്രീലങ്കയിൽ കൊല്ലപ്പെട്ടു എന്നറിഞ്ഞത്. കേവലം ഒരു ദിവസത്തെ പരിചയം മാത്രം ഉണ്ടായിരുന്നുള്ളു എങ്കിലും എന്തോ ആ മുഖം ഇന്നും എന്നെ വേദനിപ്പിക്കുന്നു.
ഇന്ന് പട്ടാളക്കാരൻ എന്ന വാക്ക് കേൾക്കുന്പോൾ മനസ്സിൽ വരുന്നത് രാമേട്ടന്റെ കോമാളി മുഖമല്ല. പകരം, മിമിക്രിക്കാർ കളിയാക്കി കാണിക്കുന്ന കണാരനുമല്ല. പകരം ഒരു ദിവസത്തെ പരിചയം മാത്രമുള്ള ആ ചെറുപ്പക്കാരന്റെ നിഷ്കളങ്കമായ മുഖം മാത്രമാണ്. ഇതിനു ശേഷം ടി.വിയിലും മറ്റു േസ്റ്റജ് ഷോയിലും പട്ടാള തമാശകൾ കാണുന്പോൾ മനസ്സിൽ തമാശയ്ക്ക് പകരം വേദനയാണ് തോന്നാറുള്ളത്.
നമ്മളെ, അമ്മയെ പോലെ ഉറക്കുന്നതും, അച്ഛനെ പോലെ സംരക്ഷിക്കുന്നതും, സുഹൃത്തിനെ പോലെ ആപത്ഘട്ടത്തിൽ ഓടിയെത്തുന്നതുമായ ഈ പട്ടാളക്കാരനും ഒരു മനുഷ്യനാണ്. അവനും ഒരു അമ്മ താരാട്ടു പാടി വളർത്തിയ മകനാണ്. ഒരു പ്രണയിനി അവന്റെ വരവിനായി ഇട വഴിയിലേയ്ക്ക് കണ്ണും നീട്ടി വേദനയോടെ കാത്തിരിക്കുന്ന കാമുകനാണ്. മരണാനന്തരം ലഭിക്കുന്ന വീര പുരസ്കാരങ്ങളോ, ആചാര വെടികളോ, നഷ്ട പരിഹാരങ്ങളോ ഇവരുടെ ജീവന് പകരമാകുന്നില്ല.
നമ്മുടെ ജീവൻ രക്ഷിക്കുവാൻ ജീവനൊടുക്കിയ ധീര ജാവാന്മാരുടെ ആത്മാവിന് നിത്യ ശാന്തിക്കായ് പ്രാർത്ഥിച്ച് കൊണ്ട്...