നൊസ്റ്റർഡാമസ്സ് പറയാത്തത്
തത്തയും ജ്യോത്സ്യനും നൊസ്റ്റർഡാമസ്സും നീരാളിയുമൊക്കെ പ്രവചിക്കുന്നത് ശരിയാകാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. പ്രവചനം ഒരു ശാസ്ത്രമല്ലെങ്കിലും ശാസ്ത്രജ്ഞർ വരെ ഇതിൽ വീഴാറുണ്ട്.
2016ൽ അസാധാരണമായ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വലിയ നാശം വിതയ്ക്കുമെന്നാണ് നൊസ്റ്റർഡാമസ് പറയുന്നത്. ഗ്രഹങ്ങളുടെ ചലനത്തിലും വ്യത്യാസമുണ്ടാകുമത്രേ.
2016ൽ ഗൾഫ് രാജ്യങ്ങളിൽ വലിയ ദുരന്തം ഉണ്ടാകുമെന്നും പറയുന്നുണ്ട്. പെട്രോളോ ഓയിലോ കാരണം ഗൾഫ് രാജ്യങ്ങൾ അഗ്നിക്കിരയാകുമെന്നാണ് നൊസ്റ്റർഡാമസിന്റെ പ്രവചനം!
മിഡിൽ ഈസ്റ്റിൽ വലിയ സ്‌ഫോടനം നടക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനത്തിലുണ്ട്. പല സ്‌ഫോടനങ്ങളും ഗൾഫ് രാജ്യങ്ങളിൽ സംഭവിക്കാമത്രെ. ഇതിൽ വിമാന സ്‌ഫോടനം വരെ ഉൾപ്പെടുന്നു.
നാലു ഭാഗത്തു നിന്നും ശത്രുക്കൾ ജറുസലേമിനെ വളയുമെന്നും അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യകക്ഷികളുടെ നാവികവ്യൂഹം ഇ
സ്രയേലിന്റെ രക്ഷയ്‌ക്കെത്തുമെന്നും പ്രവചിക്കുന്ന നൊസ്റ്റർഡാമസ് റഷ്യ
യുടെ സമാധാനത്തിനുവേണ്ടി ഒരു രാജാവ് എത്തുമെന്നും പറയുന്നു.
തത്തയും കവടിയും നീരാളിയും നൊസ്റ്റർഡാമസും ഒന്നും ഇല്ലാതെ തന്നെ നമ്മുടെ കേരളത്തിൽ എന്തെല്ലാം സംഭവിക്കാം എന്ന് പഴയ കാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരു 2016 ലെ 16 പ്രവചനങ്ങൾ.
1. എണ്ണ വില കുറഞ്ഞാലും, യെമനിൽ യുദ്ധം തുടർന്നാലും, ഐ.എസ്.ഐ.എസ് ഭീകരാക്രമണം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമാക്കിയാലും പ്രവാസികളായ മലയാളികൾ 2016 അവസാനം വരെ ഗൾഫ് മേഖലയിൽ തന്നെ കടിച്ച് തൂങ്ങും.
2. പ്രവാസി സംഘടനകൾ എയർ ഇന്ത്യയുടെ വിമാന നിരക്കിനെതിരെ പ്രതിഷേധിക്കുന്പോൾ തന്നെ എയർ ഇന്ത്യ ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് വീണ്ടും കൂട്ടും.
3. ലോകം മുഴുവൻ കറങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി 2016ൽ സൗദി അറേബ്യ സന്ദർശിക്കും. ഈ സമയം ബഹ്റിനിൽ കുറച്ച് മണിക്കൂറുകൾ ചിലവഴിക്കാനുള്ള സാധ്യത കവടിയിൽ തെളിഞ്ഞു കാണുന്നുണ്ട്.
4. ബിജു രാധാകൃഷ്ണനും ഉമ്മൻചാണ്ടിയുമായുള്ള അടിപടി വർദ്ധിക്കും. പ്രശ്നം രൂക്ഷമായാലും സരിത ഉമ്മൻചാണ്ടിയെ ന്യായീകരിച്ച് കൂടെ നിൽക്കും. ബിജു രമേശായിരിക്കും തിരഞ്ഞടുപ്പ് സമയത്ത് പ്രതിപക്ഷത്തിന്റെ പ്രധാന തുറുപ്പു ചീട്ട്.
5. ദുബായ് പോലുള്ള രാജ്യങ്ങളിലെ പല ഇന്ത്യക്കാരുടെയും കന്പനികൾ പൂട്ടിപ്പോകാനും സാന്പത്തിക മാന്ദ്യ സമയത്ത് നടന്നതു പോലെ പലരും കാറുകൾ ദുബായി എയർപോർട്ടിൽ ഉപേക്ഷിച്ച് സ്ഥലം വിടാനും സാധ്യതയുണ്ട്.
6. ശ്രീനാരായണ ഗുരുവിനെ വെള്ളാപ്പള്ളി തന്റേതാണെന്നും ശിവഗിരി നമ്മുടെതാണെന്നും പ്രസ്താവിച്ച് അടിപിടി കൂടുന്പോൾ ബി.ജെ.പി വെള്ളാപ്പള്ളിയിലെ ഗുരുവിനെയും കോൺഗ്രസ് ശിവഗിരിയിലെ ഗുരുവിനെയും സ്വന്തമാക്കും.
7. വി.എസ് കൂടുതൽ അന്പലങ്ങൾ സന്ദർശിക്കുകയും പുഷ്പാർച്ചന നടത്തുകയും ശത്രുദോഷത്തിന് വെടി വഴിപാട് നടത്തുന്നതും നമ്മൾ കാണും.
8. മാണി കോഴയുമായി ഒരു വർഷം ഇഴഞ്ഞ് തീർക്കും. പി.സി ജോർജ് തൊഴിലൊന്നുമില്ലാതെ ആരെയും ചൊറിയാൻ കിട്ടാത്ത ദുഃഖത്തിൽ ഗതി കിട്ടാതെ നടക്കും.
9. കുമ്മനം അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയും മോഡിയെ പോലെ ചില തീരുമാനങ്ങൾ സ്വന്തം ഇഷ്ടത്താൽ എടുത്ത് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതും നമ്മൾ കാണും.
10. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ കടന്നുവരും.
11. ഇന്ത്യയിലെ പെട്രേൾ വില കുറയുകയില്ല. ഒപ്പം കുക്കിംഗ് ഗ്യാസിന് വില കൂടും.
12. ഗാന്ധിജി വിഭാവനം ചെയ്ത പോലെ, സ്വയം പര്യാപ്തമായ മദ്യ ഉത്പാദന കേന്ദ്രങ്ങൾ കേരളത്തിലെ ഗ്രാമങ്ങളിൽ ചെറുകിട സംരംഭങ്ങളായി വ്യാപിച്ച് വരും!
13. സി.പി.എം അവസാന നിമിഷത്തിൽ വി.എസിനെ നേതാവാക്കി ഉയർത്തുകയും തിരഞ്ഞെടുപ്പിന് ശേഷം ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും സാധ്യത.
14. മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവ പ്രവർത്തനക്ഷമമാക്കാനും അതുപോലെ പല പദ്ധതികളുടെ ഔപചാരികമായ പല ഉദ്ഘാടനങ്ങളുടെയും പരസ്യങ്ങൾ 2016ൽ പത്രത്താളുകളിൽ സ്ഥിരം ഇടം പിടിക്കും.
15. പാഠപുസ്തകം സമയത്ത് പ്രിന്റ് ചെയ്യുകയും വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയും ചെയ്യും.
16. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം ഗണ്യമായി കുറയും. 20 ശതമാനത്തിലേക്കും പ്രവാസികൾ അവരുടെ കുടുംബത്തെ ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേക്ക് തിരിച്ച് വിടാനും സാധ്യത.
ഇതോടൊപ്പം പ്രവചനാതീതമായ പലതും 2016 ൽ സംഭവിക്കാം. എല്ലാം നല്ലതിന് വേണ്ടി മാത്രമാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് എല്ലാ വായനക്കാർക്കും ഒരു നല്ല പുതുവർഷം ആശംസിക്കുന്നു.