ദൈവത്തിനും ചിലത് പറയുവാനുണ്ട്
സന്പത്തിന്റെയും, പദവിയുടെയും അളവ് നോക്കി, പ്രസാദമായി നൽകുന്ന നെയ്യപ്പത്തിന്റെ തോത് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന പൂജാരിയെ കണ്ടു പകച്ച് പോയ ഒരു ബാല്യകാലം. അസിഡിറ്റി കയറി ഏന്പക്കമിടുന്ന ബ്രാഹ്മണർ, തൊട്ട് പൂവിട്ട് പൂജിച്ച് വെയ്ക്കുന്ന പ്രതിമയെ അറിയാതെ ഒന്ന് തൊട്ട് പോയാൽ പുണ്യാഹം ചെയ്യേണ്ടി വരുമെന്ന അമ്മൂമ്മയുടെ ഓർമ്മപ്പെടുത്തലുകൾ മനസ്സിൽ അപകർഷതാ ബോധം വളർത്തിയ നാളുകൾ.
പിന്നീടെപ്പൊഴോ, നെപ്പോളിയനും, ഷിവാസ് റിഗലും, ബ്ലൂ ലേബലും വെട്ടി വിഴുങ്ങി സന്തോഷത്തോടെ, ഇത്തിരി ഉന്മാദത്തോടെ അനുഗ്രഹിക്കുന്ന പറശ്ശിനിക്കടവിലെ മുത്തപ്പനും, കളരിമൂലയിലെ കുട്ടിച്ചാത്തനും, തറവാട്ടിലെ തെയ്യങ്ങളായ ഗുളികനും, പൊട്ടനും വെളിച്ചപ്പാടുമാണ് പറഞ്ഞത് ദൈവത്തിനും ജാതിയുണ്ടെന്ന്.
എന്നിട്ടും ദൈവം എല്ലാവരെയും ഒരു പോലെ കാണാൻ ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റ് ആണെന്ന അപ്പൂപ്പന്റെ പ്രസ്താവനയിൽ വിശ്വസിച്ച് മുന്നോട്ടു പോകുന്പോഴാണ് തിരുപ്പതിയെക്കുറിച്ച് അറിയുന്നത്. കീശയുടെ വലിപ്പത്തിനനുസരിച്ച് ദൈവത്തിലേക്കുള്ള ദൂരം കുറയുന്നതും, തിരുപ്പതിയപ്പനെ ബിസ്സിനസ്സിലെ പാർട്ണർമാരാക്കി കൂട്ട് കച്ചവടം ചെയ്ത കുടവയറന്മാർ ലാഭം കൊയ്യുന്നതും, സ്വർണ്ണക്കട്ടിയിൽ തുലാഭാരം നടത്തി ദൈവത്തിനു കൈക്കൂലി നൽകി സന്തോഷത്തോടെ തുള്ളിച്ചാടുന്നതും കണ്ടപ്പോൾ മനസ്സിലായി, ദൈവമിരിക്കുന്നത് ഇവിടെയൊന്നും അല്ലേ അല്ല എന്ന്.
എം.എൻ വിജയൻ മാഷിനെയും ഇ.എം.എസിനെയും, ഇ.കെ നയനാരെയും, എ.കെ.ജിയെയും, അഴീക്കൊടനെയും കുറിച്ച് കൂടുതൽ വായിച്ചറിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത് ദൈവ വിശ്വാസികളെക്കാൾ നല്ലവർ പലപ്പോഴും നിരീശ്വരവാദികളാണെന്ന സത്യം.
അപ്പൂപ്പൻ മൂകാംബിക ദേവിയെയും അമ്മൂമ്മ ഗുരുവായൂരപ്പനേയും അളിയൻ ശബരിമല ശാസ്താവിനെയും, ചേച്ചി ചോറ്റാനിക്കര ദേവിയെയും ഇഷ്ട ദേവതാകളായി പൂജിച്ച് തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ മണിയടിച്ച് നട തുറന്ന് പ്രത്യക്ഷപ്പെട്ടത് മാർക്സ് എന്ന പ്രതിഷ്ടയായിരുന്നു.
ദൈവവും മാർക്സും പ്രതിനിധീകരിക്കുന്നത് കമ്യൂണിസം തന്നെ എന്ന തിരിച്ചറിവിൽ മാർക്സിനെ ദൈവമായും, ദൈവത്തെ മാർക്സായും കണ്ട കുറെ നാളുകൾ. സ്വാമി ജ്ഞാനന്ദ സരസ്വതിയാണ് പറഞ്ഞത്, മതത്തിനോടും, ദൈവത്തിനോടുമുള്ള ഭ്രാന്ത്, ലൈംഗികതയോടുള്ള താത്പര്യം, സന്പത്തിനോടുള്ള ആഗ്രഹം, ഇവ മൂന്നും വിവിധ കോന്പിനേഷനുകളിൽ മനസ്സ് മനസ്സിൽ വ്യാപരിച്ച് കിടക്കുമെന്ന സത്യം.
മതം സന്പത്ത് ഉണ്ടാക്കുവാനും, ലൈംഗികതയ്ക്കും, ആധിപത്യത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു കാലം വരും, അന്ന് ഭക്തരുടെ മുഖം മാർക്സ് പറഞ്ഞ പ്രൊലെറ്റെരിയൻസിന്റെയും, മത നേതാക്കളുടേതും ബൂർഷ്വാസിയുടെതുമായിരിക്കും.
മാർക്സ് വിഭാവനം ചെയ്ത കമ്യൂണിസം, അതിന്റെ പകുതി വളർച്ചയെത്തുന്പോൾ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കും, ഇതിനുള്ള പ്രധാന കാരണം തൊഴിലാളി മനസ്സുകളിൽ മുതലാളിത്ത സ്വഭാവവും ചിന്തയും കടന്ന് വരുന്നു എന്നതുകൊണ്ടാണ്.
കെട്ട് ചുമക്കുന്ന പോർട്ടറിന്, കന്പ്യൂട്ടർ ഓപ്പറേറ്ററുകളേക്കാൾ, ഇറച്ചി വെട്ടുകാരന്, എഞ്ചിനിയറേക്കാൾ ടാക്സി ഓടിക്കുന്നവനും, ആശാരിക്കും, മൂശാരിക്കും, അദ്ധ്യാപകനേക്കാൾ ലോട്ടറി വിൽപ്പനക്കാരന് ഐ.എ.എസ് ഓഫീസറെക്കാൾ വേതനം കിട്ടുന്ന കാലം വന്നിരിക്കുന്നു!
അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, വസ്ത്രം, പാർപ്പിടം എന്നിവ ഭൂരിപക്ഷത്തിന് യഥേഷ്ടം ലഭിച്ച് തുടങ്ങിയിരിക്കുന്നു. വേതനത്തിൽ നിന്ന് ലഭിക്കുന്ന മിച്ചഭാഗം അവർ പഞ്ചനക്ഷത്ര ബാറുകളിലും, സിനിമാ കോട്ടകളിലും, കോട്ടേജുകളിലും ധൂർത്തിനായി ചിലവിട്ട് തുടങ്ങിയപ്പോൾ മാറിയത് തൊഴിലാളി മനസ്സാണ്.
ലോകം മുഴുവൻ സുഖത്തോടെ വാഴുന്പോൾ ജനം കൃഷ്ണനെ മറക്കും, സമാധാനം നിറയുന്പോൾ ഗാന്ധിയെ മറക്കും, ചൂഷണം ചെയ്യപ്പെടുന്ന സമൂഹം ഇല്ലാതാവുന്പോൾ ക്രിസ്തുവിനെയും മറക്കും. ഇതുപോലെ തൊഴിലാളി മനസ്സില്ലാതെയാകുന്പോൾ സഖാക്കൾ മാർക്സിനെയും മറക്കും.
ദൈവം എന്ന സങ്കൽപ്പത്തിൻ്റെ ആത്യന്തിക ലക്ഷ്യം ഒരു കമ്യൂണിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുക എന്നത് തന്നെയാണ്. സന്പത്തും സാമൂഹ്യ സുരക്ഷയും വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നത്. വളർച്ചയുടെ ശൈശവ ദിശയിൽ നിൽക്കുന്ന ഇന്ത്യയിൽ പണം കൊണ്ട് ഭരണസംവിധാനങ്ങളെ വിലയ്ക്ക് വാങ്ങുവാൻ കഴിയുന്നത് വരെ സന്പന്നനെ ജനം ആദരിക്കും. പിന്നീടുള്ള പരിണാമത്തിൽ സന്പന്നനെ ജനം നിരാകരിക്കുകയും, സത്യസന്ധനായ നല്ല ഹൃദയമുള്ളവരെ ആരാധിക്കുകയും ചെയ്യും.
യഥാർത്ഥത്തിൽ സ്വന്തം ആത്മാവിനെ തിരിച്ചറിഞ്ഞ ഭൗതികവാദികളിൽ ഒരാളായ, വി.എസ്, മത സംഘടനകളുടെ ആചാരങ്ങളിൽ ഭാഗവാക്കാകാൻ തയ്യാറെടുക്കുന്നതും ആത്മീയ ചിന്തയിലെ കമ്യൂണിസത്തെ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഈ തിരിച്ചറിവ് മറ്റ് നേതാക്കളിലും വളർന്ന് വന്നാൽ ശ്രീമതി ടീച്ചർ പൊങ്കാലയിടുന്നതും, ജയരാജന്മാർ പേട്ട തുള്ളുന്നതും, പിണറായി സഖാവ് ശത്രു ദോഷത്തിന് വെടിവഴിപാട് നടത്തുന്നതും നാം കാണും. അപ്പോൾ സഖാക്കളെല്ലാം സംഘം ചേർന്ന് ഇക്വിലാബ് അയ്യപ്പാ എന്ന് ശരണം വിളിക്കുന്ന കാലവും വിദൂരമല്ല.