ചില വർഷകാല ചിന്തകൾ
1920 കളിൽ ന്യൂയോർക്ക് പോസ്റ്റ് ഓഫീസിൽ ആയിരക്കണക്കിന് കത്തുകൾ ക്രിസ്തുമസ് ദിനാഘോഷവേളയിൽ സാന്തായുടെ പേരിൽ എത്തുമായിരുന്നു. സാന്പത്തികമായി പരാധീനതകൾ അനുഭവിക്കുന്ന കുടുംബത്തിലെ കുട്ടികൾ ക്രിസ്തുമസിന് സമ്മാനവുമായി സാന്ത കടന്നു വരുമെന്നും, അതിനു മുന്പ് സാന്തായ്ക്ക് തനിക്കാവശ്യമുള്ള സമ്മാനം എന്തെന്ന് എഴുതി അറിയിക്കാമെന്നും കരുതി നിഷ്ക്കളങ്കരായ കുട്ടികൾ എഴുതിയ കത്തുകൾ കുന്നു കൂടിയപ്പോൾ പോസ്റ്റൽ അധികൃതർ അവ പൊട്ടിച്ച് വായിക്കാൻ തുടങ്ങി.
ഒരു സമ്മാനപ്പൊതിക്ക് വേണ്ടി സാന്തയെ കാത്തു നിൽക്കുന്ന കുട്ടികളുടെ വിവിധ എഴുത്തുകൾ വായിച്ച പോസ്റ്റൽ ഓഫീസർമാർ അവരുടെ വികാരം മനസ്സിലാക്കുകയും ഇവരെ ക്രിസ്തുമസ് ദിനത്തിൽ സന്തോഷിപ്പിക്കുവാനും ഒരു മാർഗ്ഗം കണ്ടെത്തി. ‘ഓപ്പറേഷൻ സാന്താക്ലോസ്’ എന്ന പേരിൽ ഒരു സംഘടനയുണ്ടാക്കുകയും, പോസ്റ്റ് ഓഫീസിൽ സാന്തായ്ക്ക് ലഭിക്കുന്ന കത്തുകൾ ഒരു പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. പിന്നീട് പൊതു ജനങ്ങളോട് അവിടെ വരുവാനും അതിൽ ഏതെങ്കിലും ഒരു കത്ത് എടുത്തു പൊട്ടിക്കുവാനും, പറ്റുമെങ്കിൽ ആ കത്തിൽ ആവശ്യപ്പെട്ട സമ്മാനം കത്തെഴുതിയ കുട്ടിക്ക് അയച്ച് കൊടുക്കുവാനും ആവശ്യപ്പെട്ടു.
രണ്ട് ലക്ഷത്തോളം എഴുത്തുകളും അവയ്ക്ക് മറുപടിയും വന്നു തുടങ്ങിയപ്പോൾ ഭൂമിയിലേക്ക് സാന്താക്ലോസ് വരുമെന്നും സമ്മാനങ്ങൾ തരുമെന്നുമുള്ള വിശ്വാസം യാഥാർത്ഥ്യമായി.
തണുപ്പ് കാലം തുടങ്ങിയാൽ, പകൽ സമയത്തിന്റെ ദൈർഘ്യം കുറയുന്പോൾ നമ്മുടെ മനസ്സിനും മാറ്റങ്ങൾ സംഭവിക്കും. ഇതിനെ Seasonal Affective Disorder (sad) എന്നാണ് അറിയപ്പെടുന്നത്. ഹൈപ്പോത്തലാമസ് എന്ന മനുഷ്യശരീരത്തിലെ ഒരു ഗ്രന്ഥിയിൽ കാലാവസ്ഥാ മാറ്റത്തിനനുസരിച്ചുണ്ടാകുന്ന ചില വ്യതിയാനങ്ങളാണത്രേ ഇതിന് കാരണം. സൂര്യപ്രകാശം കുറയുന്നതും, ഭക്ഷണത്തിന്റെ അളവ് കൂടുന്നതും കാരണം ഒരു തരം ഡിപ്രഷൻ ശൈത്യകാലത്ത് പലപ്പോഴും അനുഭവപ്പെടുന്നു. ഈ സമയത്താണ് ക്രിസ്തുമസ്സ് അടക്കമുള്ള ആഘോഷങ്ങൾ കടന്ന് വരുന്നത്. വീടിന് മുന്നിൽ കത്തിച്ച് വെച്ച നക്ഷത്രങ്ങളും, തോരണങ്ങളും, മെഴുകുതിരികൾ കൊണ്ട് തീർക്കുന്ന പ്രകാശ ഗോപുരങ്ങളും നമ്മുടെ മനസ്സിന്റെ ഡിപ്രഷൻ കുറയ്ക്കുന്നു.
രാത്രിയുടെ വിജനതയിൽ കരോൾ പാടി ഒരു സംഘം കടന്ന് വരുന്പോൾ അത് മനസ്സിനെ ഉണർത്തുവാനും സന്തോഷം പകരുവാനും സഹായിക്കുന്നു.
നമ്മുടെ ജീവിതത്തിനും, വർഷത്തിനും, ദിവസത്തിനുമൊക്കെ ഒരു സൈക്കിൾ ഉണ്ട്. വർഷാവസാനം വരുന്പോൾ പലരിലും വരുന്ന ഡിപ്രഷൻ പുതുവർഷത്തോടെ മാറിവരും. ഒരു പുതിയ വർഷത്തെ സ്വീകരിക്കുവാൻ മനസ്സ് തയ്യാറെടുക്കുന്പോൾത്തന്നെ വർഷം നഷ്ടപ്പെടുന്നതിന്റെ സങ്കടവും കടന്ന് വരും.
പുതുവർഷത്തിലേക്ക് കടക്കുന്നതിന് മുന്പ് ഒരു കാര്യം കൂടി ചെയ്യുക. സാന്താക്ലോസിനും സുഹൃത്തിനും കത്തെഴുതുന്ന പോലെ നമ്മൾ നമുക്ക് തന്നെ ഒരു കത്തെഴുതുക.
ഒരു പത്ത് വർഷം കഴിയുന്പോൾ എന്തായിരിക്കണമെന്നും ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്ത് തീർപ്പാക്കാനുണ്ടെന്നും, ഇപ്പോൾ നമ്മുടെ പ്രതീക്ഷയും റിയാലിറ്റിയും തമ്മിൽ എത്ര ദൂരമുണ്ടെന്നും എങ്ങിനെ നമ്മുടെ ലക്ഷ്യത്തിലെത്താം എന്ന ചിന്തയും ഒക്കെ കൂടി കൂട്ടിക്കലർത്തി ഒരു എഴുത്ത് സ്വന്തം പേരിൽ എഴുതുക. അത് ഒരു കവറിലിട്ട് ഒട്ടിച്ച് നമ്മുടെ അഡ്രസ് എഴുതി എവിടെയെങ്കിലും ഒളിപ്പിക്കുവാൻ നമ്മുടെ ഏറ്റവും അടുത്ത കുടുംബാഗത്തോട് പറയുക.
ഒരു അഞ്ചു പത്ത് വർഷം കഴിഞ്ഞ് ആ കത്ത് പൊട്ടിച്ച് വായിക്കുന്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതായിരിക്കുമെന്നാണ് ഇങ്ങനെ ചെയ്തവർ സാക്ഷ്യപ്പെടുത്തുന്നത്. നമ്മുടെ ആഗ്രഹങ്ങൾ വാക്കുകളായി എഴുതി വെച്ചാൽ അവ മറക്കില്ലെന്നും നമ്മളറിയാതെ ആ ലക്ഷ്യത്തിനു വേണ്ടി മനസ്സും ബുദ്ധിയും നിരന്തരം പരിശ്രമിച്ച് കൊണ്ടിരിക്കുമത്രേ!
നബി ദിനവും, ക്രിസ്തുമസ്സും, തൃക്കാർത്തികയും ഒക്കെ അടുത്തടുത്ത ദിവസങ്ങളിൽ കടന്ന് വന്ന് ശൈത്യകാലത്തെ ആഘോഷങ്ങളാക്കി മാറ്റട്ടെ എന്ന് പ്രാർഥിച്ച് കൊണ്ട്... ഏവർക്കും ക്രിസ്തുമസ് ആശംസകൾ...