ഇനിയും വയസ്സറിയിക്കാത്ത നിയമ സംവിധാനം
ഒരു കുട്ടികുറ്റവാളി, ഇന്ത്യൻ നിയമവ്യവസ്ഥ വഴി ലഭിച്ച പഴുതിലൂടെ ജനക്കൂട്ടത്തിലേക്ക് നിഷ്പ്രയാസം ഇറങ്ങി വന്നപ്പോൾ, പ്രതികരണങ്ങളും പ്രതിഷേധങ്ങളും കൊണ്ട് സോഷ്യൽ മീഡിയയും ഡൽഹി നഗരവും നിറയുകയാണ്.
പ്രതിഷേധം സഹിക്കുവാൻ പറ്റാത്തതിലപ്പുറമായപ്പോൾ വികാരാതീധനായി ഒരാൾ ട്വിറ്ററിൽ അരവിന്ദ് കേജ്്രിവാളിന്റെ മകളെ ബലാത്സംഗം ചെയ്യുന്ന വ്യക്തിക്ക് മോട്ടോർ ബൈക്കും സമ്മാന തുകയും അറിയിച്ച് കൃതാർത്ഥനായി!
യൂട്യൂബിൽ ജർമ്മി മീക്ക്‌സ് എന്ന കുറ്റവാളിയുടെ ഫോട്ടോയോടൊപ്പം, വധശിക്ഷയ്ക്ക് വിധേയനായ ഒരു കുറ്റവാളിയുടെ കഥ വൈറലായി മാറിയിരുന്നു. വധശിക്ഷയ്ക്ക് വിധേയനായ ഒരു കുറ്റവാളിയെ തൂക്കിലേറ്റുന്നതിന് മുന്പ് സാധാരണ ചോദിക്കാറുള്ള പോലെ അവസാനത്തെ ആഗ്രഹമെന്താണെന്ന് ആരാഞ്ഞപ്പോൾ, ഒരു പേനയും കടലാസും തരാനാണ് ആവശ്യപ്പെട്ടത്. പട്ടാളക്കാരുടെ നടുവിൽ ഒരു മേശമേൽ കൈമുട്ട് മടക്കി നിന്ന് കൊണ്ട് നിമിഷങ്ങൾക്കകം കുറ്റവാളി ഒരു കത്ത് എഴുതി തീർത്തു. പിന്നീട് പ്രസ്തുത കത്ത് തന്റെ മാതാവിന് നൽകണമെന്ന് കുറ്റവാളി അഭ്യർത്ഥിച്ചു. അമ്മയ്ക്ക് എഴുതിയ ആ എഴുത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
പ്രിയപ്പെട്ട അമ്മയ്ക്ക്...
ഇന്ന് എന്നെ തൂക്കിലേറ്റുകയാണ്. ഇപ്പോൾ നിലവിലുള്ള നിയമം ഒന്ന് കൂടി പുനർ വിചാരണയ്ക്ക് വിധേയമായാൽ, പുരോഗമിച്ചാൽ ഇന്ന് എന്നോടൊപ്പം അമ്മയെയും തൂക്കിലേറ്റിയേനെ. അമ്മയ്ക്ക് ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ കുട്ടിയായിരുന്ന സമയത്ത് ഒരു സൈക്കിൾ മോഷ്ടിച്ച് വന്നപ്പോൾ, അച്ഛനറിയാതെ ഒളിപ്പിച്ചുവെയ്ക്കുവാൻ കൂട്ട് നിന്നത് അമ്മയായിരുന്നു. ഞാൻ തൊട്ടടുത്ത വീട്ടിലെ അയൽക്കാരന്റെ പേഴ്സിൽ നിന്നും പണം മോഷ്ടിച്ച് വന്നപ്പോൾ അമ്മ ആ പണമെടുത്ത് എന്നോടൊപ്പം ഷോപ്പിങ്ങ് മാളിൽ പോയി സന്തോഷത്തോടെ ഷോപ്പിംഗ് ചെയ്തത് ഓർമ്മയുണ്ടോ? ഞാൻ തെറ്റ് ചെയ്തപ്പോൾ തിരുത്തിയ പിതാവിനോട് കയർത്ത് സംസാരിച്ച് അമ്മ അന്ന് എന്നെ രക്ഷിക്കുവാൻ ശ്രമിച്ചു. പിന്നീട് ഞാൻ ദുഷിച്ച കൂട്ട്കെട്ടിൽപ്പെട്ട് ആക്രമണങ്ങളിൽ ഏർപ്പെടുന്പോൾ അതിനും മൗനമായി അമ്മ കൂട്ട് നിന്നു. എന്നെ ശാസിക്കാതെ തെറ്റ് തിരുത്താതെ അമ്മ ചെയ്ത തെറ്റാണ് എന്നെ കുറ്റവാളിയാക്കിയത്. ഈ കത്ത് പറ്റുമെങ്കിൽ പറ്റാവുന്നത്ര പേരിൽ നിങ്ങൾ എത്തിക്കണം. ഇത് എല്ലാവർക്കും ഒരു തിരിച്ചറിവാകട്ടെ. എനിക്ക് ജീവൻ നൽകി, ജന്മം നൽകിയ അമ്മേ നിങ്ങൾക്ക് നന്ദി, ഒപ്പം എന്റെ ജീവൻ ഇന്ന് നഷ്ടപ്പെടുത്തിയതിനും നന്ദി...നന്ദി.
ജർമ്മി മിക്കൻസ് എന്ന കുറ്റവാളിയുടെ പേരിൽ വൈറൽ ആയ ആ കത്ത് ജർമ്മി എഴുതിയതല്ല വേറെ ഏതോ കുറ്റവാളി എഴുതിയതാണ്. ജർമ്മി ഇന്ന് മനം മാറ്റം വന്ന് ഫാഷൻ ഷോകളിൽ തിളങ്ങി നിൽക്കുന്ന മോഡലാണ്.
ഡൽഹിയിൽ ഇന്ന് പ്രായപൂർത്തിയാവാത്തതിന്റെ പേരിൽ ശിക്ഷയിളവ് ലഭിച്ച് പ്രതി പുറത്തിറങ്ങുന്പോൾ നമ്മൾ ചിന്തിക്കേണ്ടത് നിയമ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിന്നും ഉടലെടുത്ത നിയമ സംവിധാനം ഇനിയും ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്ന് പോകുവാനുണ്ട്.
18 വയസ്സ് തികയാത്തവർക്ക്, ഡ്രൈവിങ്ങ് ലൈസൻസ് നൽകാത്തതും, വോട്ടവകാശം നൽകാത്തതും, പുരുഷന്മാർക്ക് വിവാഹം നിയമപരമായി കഴിക്കുവാൻ പറ്റാത്തതും അവർക്ക് തീരുമാനങ്ങൾ എടുക്കുവാൻ ഉള്ള പക്വത കൈവന്നിട്ടില്ല എന്ന പഴയ ചിന്തയിലാണ്. പക്ഷെ ഈ ചിന്ത ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം മാറിയിരിക്കുകയാണ്. ഇന്റർനെറ്റും, സോഷ്യൽ മീഡിയയും പ്രചാരത്തിൽ വന്നതോടെ വളർന്നത് ലൈംഗികത കൂടിയാണ്. പത്താമത്തെ വയസ്സിൽ വയസ്സറിയിക്കുന്ന പെൺകുട്ടികളും, അതിലും ചെറു പ്രായത്തിൽ ബ്ലൂ ഫിലിം കാണുവാൻ അവസരം ലഭിക്കുന്ന ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ ലൈംഗികമായ താത്പര്യങ്ങളിലേയ്ക്ക് വഴുതി വീഴുന്നു. പോഷക ആഹാരം കിട്ടാതെ വയറൊട്ടിയ യുവാക്കൾക്ക് പകരം തെരുവുകൾ ഇന്ന് ബർഗർ തിന്ന് തടിച്ചു കൊഴുത്ത ബാലന്മാർകൊണ്ട് നിറഞ്ഞിരിക്കുന്നു. ശാരീരികമായും മാനസികമായും സാന്പത്തികമായും സമൂഹം വളരെ മാറിയിരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനിയും ലൈംഗിക വിദ്യാഭ്യാസ പഠനം ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന തെറ്റിന് അവരുടെ മാതാപിതാക്കളും ഉത്തരവാദികളാണെന്നുള്ള നിയമം കൊണ്ടുവരണം. മക്കൾ തികച്ചും തെറ്റായ വഴിയിലൂടെ പോവുകയാണെന്ന് തിരിച്ചറിയുന്പോൾ, അത് തിരുത്തുവാൻ പറ്റുന്നില്ലെങ്കിൽ അവരുടെ ദുർനടപ്പ് പോലീസിനെയും, മറ്റുനിയമസംവിധാനങ്ങളെ അറിയിക്കണം എന്ന നിയമം കൊണ്ടുവരണം.
കുറ്റം ചെയ്ത പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പുറത്ത് വിടുന്നതിന് മുന്പ് വ്യക്തമായ കൗൺസിലിങ്ങ് നടത്തി മാനസികമായി മാറി എന്ന് സൈക്കോളജിസിറ്റ് ഉറപ്പാക്കുക. അവരെ സ്ഥിരമായി നീരിക്ഷിക്കുവാനും ഒരു പത്ത് വർഷത്തേക്കെങ്കിലും തോട്ടടുത്ത പോലീസ് േസ്റ്റഷനിൽ സ്ഥിരം ഒപ്പിടുവാനും പറയുക. ഒപ്പം സർക്കാർ വക നൽകുന്ന ആനൂകുല്യങ്ങളിൽ നിന്ന് ഒഴിവാക്കുക.
കേരളത്തിൽ തന്നെ ഒരമ്മ കുറ്റം ചെയ്ത സ്വന്തം മകനെ നിയമപാലകരേ വിളിച്ച് പറഞ്ഞ് അറസ്റ്റ് ചെയ്യിപ്പിച്ച സംഭവം ഓർക്കുന്പോൾ ഇപ്പോൾ സന്തോഷം തോന്നുന്നു. ഒരു നിയമ വ്യവസ്ഥക്കോ, പട്ടാളത്തിനോ പറ്റുന്നതിനപ്പുറം ഇത്തരം സംഭവങ്ങൾക്ക് വിലങ്ങിടാൻ പറ്റുക അവരുടെ വീടുകളിൽ നിന്ന് തന്നെ എന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...