നക്ഷത്ര മനസുകൾക്കും അക്കരെ...


പുലർച്ചെ മൂന്നു മണിക്ക് പനിച്ചു വിറച്ചാണ് പ്രശസ്ത നടൻ ജയറാം മൂന്ന് ദിവസം മുന്പ് ബഹ്റിനിൽ വന്നിറങ്ങിയത്. യാത്രാ ക്ഷീണവും പനിയുമൊക്കെയായി എയർപോർട്ടിലിറങ്ങിയ മലയാളിയുടെ പ്രിയ താരത്തെ എയർപോർട്ടിൽ കണ്ട് പലരും അദ്ദേഹത്തിന് ചുറ്റും നിന്ന് ഫോട്ടോയും സെൽഫിയുമൊക്കെ എടുക്കാൻ തുടങ്ങി. അവരോരുത്തരോടും കൂടി ക്ഷമയോടെ നിൽക്കുകയും ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്നത് കണ്ടപ്പോൾ ശ്രീ സോമൻ ബേബി അത്ഭുതത്തോടെയാണ് ചോദിച്ചത്, ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നുന്നില്ലേയെന്ന്?.

ഇവരൊക്കെ നമ്മുടെ കുറെ ഫോട്ടോ എടുക്കാൻ താത്‌പര്യം പ്രകടിപ്പിക്കാതിരിക്കുന്പോഴാണ് ഒരു കലാകാരന് ബുദ്ധിമുട്ടായി തോന്നേണ്ടത് എന്നായിരുന്നു ജയറാമിന്റെ മറുപടി! ഫോട്ടോ എടുക്കാൻ വരുന്നവർക്കും കൂടെ നിൽക്കുന്ന തനിക്കും സന്തോഷം തരുന്ന ഇത്തരം ചെറിയ നല്ല മുഹൂർത്തങ്ങളാണ് ജനങ്ങൾ തരുന്ന അവാർഡ് എന്ന ജയറാമിന്റെ ചിന്തയെ ഞാൻ ബഹുമാനിക്കുന്നു.

ബഹ്റിനിൽ നടന്ന പല േസ്റ്റജ് ഷോയുടെ കൂടെ വന്ന ചില നടന്മാർ കാണിക്കുന്ന ജാടയും അസഹിഷ്ണുതയുമൊക്കെ കണ്ട് മടുത്തവർക്ക് ജയറാം ഒരു അത്ഭുതമായിരുന്നു. ഷോയുടെ ഒരു ദിവസം മുന്പ് തന്നെ ജയറാമും രണ്ട് ദിവസം മുന്പ് നാദിർഷയും ബഹ്റിനിൽ എത്തിയിരുന്നു. വന്ന ദിവസം മുതൽ തന്നെ എല്ലാ ആർട്ടിസ്റ്റുകളെയും വെച്ച് റിഹേഴ്സൽ നടത്തി. ഒപ്പം ഷോയ്ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും, സാധന സാമഗ്രികളും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

നല്ല പനിയുണ്ടായിരുന്നിട്ടും ജയറാം അതിരാവിലെ തന്നെ പ്രോഗ്രാം നടക്കുന്ന വേദിയിൽ വന്ന് േസ്റ്റജിന്റെ ഒരുക്കങ്ങൾ നിരീക്ഷിക്കുകയും കലാപരിപാടിക്ക്‌ ആവശ്യമായ സജ്ജീകരണങ്ങൾ നടത്തുകയും ചെയ്തു.

വൈകുന്നേരം ഉപകരണങ്ങൾ കൊണ്ട് വരാനായി കൊടുത്തുവിട്ട ഒരു സാധാരണ 16 സീറ്റർ വണ്ടിയിൽ, ഡ്രൈവറോടൊപ്പം അതിന്റെ മുൻസീറ്റിൽ ഇരുന്നു ജയറാം വേദിയിലെത്തിയെന്നറിഞ്ഞപ്പോൾ പരിഭവവും, സന്തോഷവും തോന്നി. താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് സംഗീത ഉപകരണങ്ങളൊക്കെ വണ്ടിയിലേയ്ക്ക് മാറ്റാനും, ജയറാം സഹായിച്ചിരുന്നു.

7.30 നടക്കാനിരുന്ന പരിപാടിയുടെ വേദിയിൽ അഞ്ച് മണിക്ക് തന്നെ എത്തി മേക്കപ്പ് ചെയ്തു റെഡിയായി നിന്ന ജയറാം മറ്റുള്ള ആർട്ടിസ്റ്റുകളുടെയും കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.

ബി.എം.ഡബ്ലു കാർ വന്നില്ലെങ്കിൽ വേദിയിലേക്ക് വരാത്ത നടൻമാരിൽ നിന്ന് വ്യത്യസ്തമായി, സെക്യൂരിറ്റിയുടെ വലയമില്ലാതെ, ചെണ്ടയും പിടിച്ച് നടന്ന് വന്നപ്പോൾ മനസ്സ് പറഞ്ഞത്, ഇതാണ് യഥാർത്ഥ കലാകാരൻ എന്നത് മാത്രമാണ്.

സംഘാടകർ പറഞ്ഞ കൃത്യ സമയത്ത് േസ്റ്റജിൽ ഷോ ആരംഭിക്കുകയും, ഇടതടവില്ലാതെ ശുദ്ധമായ നർമ്മം കൊണ്ടും കലാപ്രകടനങ്ങൾ കൊണ്ടും ജനത്തെ പിടിച്ചിരുത്തുകയും ചെയ്തപ്പോൾ മരം കോച്ചുന്ന തണുപ്പിനെ വകവെയ്ക്കാതെ അവസാനം വരെ ജനമിരുന്നു എന്നതും ഒരു അത്ഭുതം തന്നെയായിരുന്നു.

ജയറാമിനോട് അദ്ദേഹത്തിന്റെ ഭാര്യയായ പാർവ്വതിക്ക് ടിക്കറ്റ് നൽകാമെന്ന് പറഞ്ഞപ്പോൾ അത് ഒരു അധിക ചിലവാകില്ലേ അതുകൊണ്ട് വേണ്ട എന്നായിരുന്നു മറുപടി.

കാശ് വാങ്ങിച്ചു ഒരു ഷോ ചെയ്യുന്പോൾ പ്രോഗ്രാമിനോടും അത് നടത്തുന്ന സംഘാടകരോടും, കാണുവാൻ വരുന്നവരോടും നീതി പുലർത്തണമെന്ന ചിന്ത കൊണ്ട് നടക്കുന്ന ഇത്തരം ആർട്ടിസ്റ്റുകളെയാണ് നമ്മൾ പ്രമോട്ട് ചെയ്യേണ്ടത്. വെറുതെ േസ്റ്റജിൽ കറുത്ത കോട്ടും സ്യൂട്ടുമിട്ടും, അർദ്ധരാത്രിയായാൽ കൂളിംഗ് ഗ്ലാസുമിട്ട്‌ പത്ത് സെക്യൂരിറ്റിക്കാരോടൊപ്പം ഒന്നും പറയാനറിയാതെ, ആടാനും പാടാനും അറിയാതെ മിഴിച്ചു നിന്ന്, എന്നിട്ടും ജാഡ വിടാതെ, ചിരിക്കാതെ, കൂടെ ഫോട്ടോ എടുക്കാൻ വരുന്നവരെ തെറി പറയുന്ന ചില നടൻമാരെയും നമ്മൾ ബഹ്റിനിലെ വേദികളിൽ കണ്ടിരുന്നു.

2011ൽ പത്മശ്രീ ലഭിച്ച നടൻ, കേരള േസ്റ്ററ്റിന്റേയും ഫിലിം അവാർഡിൽ സ്പെഷ്യൽ ജൂറി അവാർഡും തമിഴ്നാട് േസ്റ്ററ്റ് ഫിലിം അവാർഡിൽ പ്രത്യേക അവാർഡിനും അർഹനായ നടൻ, ചെണ്ട മുതൽ ജാസ് വരെ മനോഹരമായി കൈകാര്യം ചെയ്യുന്ന നടൻ, മിമിക്രിയും തമാശയും ഗാനവും ഡാൻസുമായി നാല് മണിക്കൂർ നീണ്ട് നിന്ന് മുഴുനീളൻ പരിപാടിയിൽ നിറഞ്ഞ് നിന്ന് 100 ശതമാനം നീതി പുലർത്തി. അതിമനോഹരമായ ഗാനങ്ങൾ ആലപിച്ച ഉണ്ണിമേനോൻ ആദ്യമായി നൃത്തം ചെയ്യുന്നതും കാണികൾക്ക് ഒരു പുത്തനനുഭവമായി മാറി.

ജയറാം നയിക്കുന്ന, നാദിർഷ സംവിധാനം ചെയ്ത ഈ ഷോ ഗൾഫിലെ മറ്റ് േസ്റ്റജുകളിലും വൻ വിജയം നേടട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഏവർക്കും ഹൃദയം നിറഞ്ഞ ദേശീയ ദിനാശംസകൾ.

You might also like

Most Viewed