ശില്പമല്ല വേണ്ടത് ശില്പികൾ


സൂര്യൻ കടലിൽ ചാടി മുങ്ങി മരിക്കുന്നത് കാണാനുള്ള ക്രൂരമായ ആവേശത്തോടെ കന്യാകുമാരി കടൽത്തീരത്ത് ഇരിക്കുന്പോഴാണ് ഒരു പ്രതിമയ്ക്കും ചിലതൊക്കെ പറയുവാനുണ്ടെന്നു ഞാൻ തിരിച്ചറിയുന്നത്‌. കടലിലെ പാറക്കെട്ടിന് മുകളിലായി മാനം മുട്ടെ നിവർന്നു നിൽക്കുന്ന വിവേകാനന്ദന്റെ പ്രതിമ ചൂണ്ടി കാണിച്ച്, അദ്ധ്യാപകനാണ് പറഞ്ഞത്. അത് നരേന്ദ്രൻ, കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച് ജാതി കോമരങ്ങളുടെ കണ്ണ് തുറപ്പിച്ചവൻ, ഐക്യരാഷ്ട്ര സഭയിൽ തന്റെ തീപ്പൊരി പ്രസംഗം വഴി ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യം എന്തെന്ന് വിവരിച്ച് സഭയെ കോരിത്തരിപ്പിച്ചവൻ.

പിന്നീട് തിരുവനന്തപുരം നഗരത്തിലൂടെ ബസ്സിൽ യാത്ര ചെയ്യുന്പോൾ റോഡരികിൽ, നടുവിൽ നിവർന്നു നിൽക്കുന്ന വിവിധ പ്രതിമകൾ എന്നോട് പലതും പറഞ്ഞു തുടങ്ങി.

സ്വാതന്ത്ര സമരത്തെക്കുറിച്ച് ഗാന്ധിപ്രതിമയും, സ്വാതന്ത്രാനന്തര ഭാരതത്തെക്കുറിച്ച് നെഹ്‌റു പ്രതിമയും, ജാതി, മത, ഉച്ചനീചത്ത്വത്തെക്കുറിച്ച് അംബേദ്‌കറിന്റെയും അയ്യങ്കാളിയുടെയും പ്രതിമകളും, മലയാള സാഹിത്യത്തെക്കുറിച്ച് ഉള്ളൂരിന്റെ പ്രതിമയും പറഞ്ഞ് തുടങ്ങിയപ്പോൾ മരണാനന്തരം ഒരു പ്രതിമയാകുന്നതെങ്ങിനെയെന്നായി ചിന്ത.

വർഷങ്ങൾക്ക് ശേഷം വീണ്ടും തിരുവനന്തപുരം സന്ദർശിക്കുന്പോഴാണ്‌ സർ സിപി രാമസ്വാമി അയ്യരെ വധിക്കുവാൻ ശ്രമിച്ച ടി.എം വർഗ്ഗീസിന്റെ നിസ്സഹായതയോടെ ചിരിക്കുന്ന പ്രതിമ കണ്ടത്. ഇതുവരെ കൊണ്ട് നടന്ന ഗാന്ധിയൻ മനസ്സ് മാറി മറിഞ്ഞ് ബൊളീവിയൻ കാടുകളിലെ ചെഗുവേരയിലേക്കെത്തിയത് ഈ വിപ്ലവ നേതാവിന്റെ ചരിത്രം തിരഞ്ഞപ്പോഴാണ്.

ജന മനസ്സുകളിൽ സ്ഥിര പ്രതിഷ്ട നേടിയവരാണ് പ്രതിമകളായി മാറുന്നത് എന്ന എന്റെ ചിന്തകളെ തകർത്തത് മലന്പുഴ ഉദ്യാനം സന്ദർശിച്ചപ്പോഴാണ്. നഗ്നയായി മലർന്ന് കിടക്കുന്ന കാനായി കുഞ്ഞിരാമന്റെ യക്ഷിയെ കണ്ട് കൂടെയുണ്ടായിരുന്ന പെൺ‍കുട്ടികൾ നാണത്തോടെ തല കുനിച്ച് നടന്ന് നീങ്ങിയപ്പോൾ തകർന്ന് വീണത്‌ പ്രതിമയെക്കുറിച്ചുള്ള എന്റെ പരിപാവന സങ്കൽപ്പങ്ങളായിരുന്നു.

ശില്്പമല്ല ശില്്പിയാണ് പ്രധാനം എന്ന തിരിച്ചറിവോടെ വർഷങ്ങൾ പിന്നിട്ട് ഹൈദരാബാദിലേക്ക് കുടിയേറിയ അതേ സമയത്താണ് എൻ.ടി രാമറാവു ന്യൂയോർക്ക് സന്ദർശിക്കുന്നതും, ഒപ്പം സ്റ്റാച്യൂ ഓഫ് ലിബർട്ടി കണ്ടു വിസ്മയം കൊള്ളുന്നതും.                

18 മീറ്റർ ഉയരത്തിൽ ഒറ്റക്കല്ലിൽ കൊത്തിയ ബുദ്ധ പ്രതിമ കായലിൽ പൊക്കി ഉയർത്തുന്പോൾ പ്രതിമ നിലം പതിച്ച് നഷ്ടപ്പെട്ടത്‌ പത്ത് ജീവനുകളും 12 കോടി രൂപയും! 

നഷ്ടപ്പെട്ട ജീവനേക്കാൾ പൊക്കിയുയർത്തി ബുദ്ധ പ്രതിമയെക്കുറിച്ച് മാത്രം മാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ പ്രതിമ പ്രേമം വെറുപ്പായി തുടങ്ങി. നാട് നീളെ ട്രാഫിക്ക് സിഗ്നൽ പോസ്റ്റിൽ കാക്കകൾ ടോയ്ലറ്റാക്കി മാറ്റിയ ഗാന്ധിത്തലകൾ കണ്ടപ്പോൾ വെറുപ്പ് സഹതാപമായി മാറി.

72.5 മീറ്റർ നീളമുള്ള കുത്തബ്മിനാറിനെക്കാളും മേലേ 93 മീറ്ററുള്ള സ്റ്റാച്യൂ ഓഫ് ലിബർട്ടിക്കും മേലേ 153 മീറ്ററുള്ള ചൈനയിലെ ബുദ്ധനും മേലേ, സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ ഗുജറാത്തിൽ ഉയർന്നപ്പോഴാണ് പ്രതിമകൾക്കുള്ളിലും ഒരു രാഷ്ട്രീയമുണ്ട്
രാഷ്ട്രീയ തന്ത്രമുണ്ട് എന്ന് തിരിച്ചറിഞ്ഞത്. അതുവരെ ഇന്ത്യക്കാരന്റെ മനസ്സിലെ സ്ഥിര പ്രതിഷ്ഠയായ ഗാന്ധിക്കും മേലേ ഒരു നേതാവിനെ മോദി വാർത്തെടുത്തത്, ഗാന്ധിയെന്ന പദത്തിന്റെ പേറ്റന്റ് കോൺ‍ഗ്രസ്സുകാർ കട്ടെടുത്തത് കൊണ്ടാണ്.

അഫ്ഗാനിസ്ഥാനിൽ ബുദ്ധപ്രതിമകൾ തച്ചുടയ്ക്കുകയും, പീരങ്കികൾ കൊണ്ട് നിരത്തുകയും ചെയ്തപ്പോൾ, പാൽമിറയെപ്പോലെ 2000 വർഷം സിംഹ പ്രതിമ തച്ചുടച്ചു എന്നറിഞ്ഞപ്പോഴാണ് എനിക്ക് ഗണേശ ചതുർത്ഥിയിലെ ഗണപതി വിഗ്രഹങ്ങളെക്കുറിച്ചും ആ ചടങ്ങിന്റെ പിറകിലുള്ള ആശയവും മനസ്സിലായത്.

ജാതി പറയും, മദ്യം വിൽക്കും എന്ന് ഉറക്കെ വിളിച്ച് പറയുന്ന ശ്രീനാരായണീയരുടെ പ്രസ്ഥാനം ഗുരുവിന്റെ പ്രതിമ കണ്ണാടിക്കൂട്ടിലടച്ചതും ഇന്ന് അതേ പ്രസ്ഥാനത്തെ നയിക്കുന്ന നേതാവ് അവരുടെ സമുദായത്തിൽപ്പെട്ടു എന്ന ഒറ്റക്കാരണത്തിൽ ആർ. ശങ്കറെന്ന നേതാവിനെ രാഷ്ട്രീയ മുതലെടുപ്പിനായി തെരുവിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്പോൾ സങ്കടമാണ് തോന്നുന്നത്.

കാനായി കുഞ്ഞിരാമന്റെ മലന്പുഴയിലെ പ്രതിമയെപ്പോലെ കേരളക്കരയാകെ മലർന്ന് കിടക്കുന്ന സരിത കേരള രാഷ്ട്രീയത്തിലെ നിർണ്ണായക പ്രതിമയായി മാറിയതും, കാക്ക കാഷ്ടിച്ചാലും തല നനയ്ക്കാതെ മുഖം കുനിഞ്ഞ് നിൽക്കുന്ന കോൺ‍ഗ്രസ്സുകാരും, അധികാരത്തിന്റെ ധാർഷ്ട്യത്തിൽ നെഞ്ച് വിരിച്ച് നിൽക്കുന്ന കേന്ദ്ര സർക്കാരും പൊതുജന മനസ്സിൽ കേവലം പ്രതിമകൾ മാത്രമാണ്. എല്ലാം കണ്ടിട്ടും കേട്ടിട്ടും നിശ്ചലമായി നോക്കിനിൽക്കുന്ന കളിമൺ‍ പ്രതിമകൾ !

You might also like

Most Viewed