വലിയ ചിറകുള്ള പക്ഷികൾ


ആംസ്റ്റർ ഡാമിലെ ടോർച്ചർ മ്യൂസിയത്തിൽ രണ്ട് നൂറ്റാണ്ടുകൾക്ക് മുന്പ് അന്നത്തെ ഭരണകൂടം നടത്തിയിരുന്ന പൈശാചികമായ ശിക്ഷാ രീതികളും അവർ ഉപയോഗിച്ചിരുന്ന പ്രാകൃതവും അതിക്രൂരവുമായ പല പീഡന സംവിധാനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഒറ്റ നോട്ടത്തിൽ മ്യൂസിയം ഭീകരത സൃഷ്ടിക്കുകയില്ലെങ്കിലും അവിടെ കൂടുതൽ സമയം ചിലവിടുന്പോൾ, ഓരോ പ്രദർശന വസ്തുവിന്റെ അടിയിൽ വിവരിച്ച പ്രാകൃത ശിക്ഷാ രീതികൾ വായിച്ച് മുന്നോട്ട് പോകുന്പോൾ പലരും പുറത്തേക്കുള്ള വഴി അന്വേഷിച്ച് തുടങ്ങും.

കൂർത്ത ആണികൾ കൊണ്ട് നിർമ്മിച്ച ഒരു കസേര, അതിൽ ഇരിക്കുന്ന വ്യക്തിയുടെ കൈയും കാലും തലയും കസേരയോടൊപ്പം ചേർത്ത് പൂട്ടിയിടാനുള്ള സംവിധാനം. ഇതിൽ ഇരിക്കുന്ന വ്യക്തി വേദന കൊണ്ട് പിടഞ്ഞ് തുടങ്ങുന്പോൾ കൂർത്ത ഇരുന്പ് കൊണ്ട് നിർമ്മിച്ച ആണി ശരീരത്തിലേയ്ക്ക് കയറി തുടങ്ങും. പിന്നീട് വേദന കൂടി വരുന്പോൾ ശരീരം വീണ്ടും പിടയുന്പോൾ ദേഹത്തിന്റെ ഓരോ ഭാഗത്തിലും ആണികൾ കയറി, കുറ്റവാളി വേദനിച്ച് പിടഞ്ഞ്, പിടഞ്ഞ് മരിക്കും.

സ്ത്രീകളെ പീഡിപ്പിച്ചവന്റെ ലൈഗിംകാവയവങ്ങളിൽ കെട്ടി വെയ്ക്കുവൻ 2 കിലോയിലധികം ഭാരമുള്ള ഇരുന്പ് ഉറകൾ. മനുഷ്യ ശരീരം കിടത്തി വെച്ച് വയറിനുള്ളിലേയ്ക്ക് തുളഞ്ഞു കയറുന്ന ഡ്രില്ലിംഗ് സംവിധാനം. കഴുത്തിനു ചുറ്റും ലോഹ നിർമ്മിതമായ ഒരു കവചം വഴി തല അനക്കാൻ പറ്റാത്ത രീതിയിലുള്ള ഉപകരണങ്ങൾ മുതൽ വിവരിക്കാൻ പറ്റാത്ത രീതിയിലുള്ള പല ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ഈ മ്യൂസിയം കണ്ട് പുറത്തിറങ്ങുന്ന ഒരു വ്യക്തിയുടെ മനസ്സിൽ ആദ്യം കടന്നു വരുന്ന പ്രതികരണം, കുറ്റം ചെയ്ത വ്യക്തികൾക്കെതിരെയല്ല പകരം അന്നത്തെ ഭരണകൂട സംവിധാനത്തിനെതിരെയായിരിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം. 

ഇന്ത്യയിലും ഇത്തരം ക്രൂരമായ ശിക്ഷാവിധികൾ നിലനിന്നിരുന്നു. കുറ്റവാളിയുടെ കൈകളിലും കാലിലും വലിയ കയർ കെട്ടി അതിന്റെ ഒരറ്റം നാല് ആനകളുടെ കാലിൽ കെട്ടിയ ശേഷം, ആനകൾ വിവിധ ദിശയിലേക്ക് നടക്കുന്പോൾ കൈയും കാലും ശരീരത്തിൽ നിന്ന് അടർന്ന്, പിരിഞ്ഞ് കൊല്ലുന്ന കാഴ്ച പൊതുസ്ഥലങ്ങളിൽ പതിവായിരുന്നത്രേ! 

ഇന്നത്തെ കാലഘട്ടത്തിൽ നാം ഇത്തരം ശിക്ഷാവിധികളെ അത്ഭുതത്തോടും ഇത്തിരി ഞെട്ടലോടും മാത്രമേ ഓർക്കുകയുള്ളൂ. ഓരോ കാലഘട്ടത്തിലും, പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ചിന്തകൾ സാങ്കേതികവും സാന്പത്തികവുമായ വികാസങ്ങൾക്കനുസരിച്ച് മാറുന്നുണ്ട്. പ്രിമിറ്റീവ് കമ്മ്യൂണിസത്തിൽ നിന്ന് ജനാധിപത്യ സംവിധാനത്തിലേയ്ക്ക് മാറിയ ജനതയും, ഭരണകൂടവും മാനസികമായും ആത്മീയമായും വികാസം പ്രാപിച്ച് കൊണ്ടിരിക്കുന്പോൾ ശിക്ഷാ രീതികളിലും മാറ്റങ്ങൾ വന്നു തുടങ്ങി. 

വധശിക്ഷ ഒരു ശിക്ഷയല്ല പകരം ഒരു പകരം വീട്ടലാണെന്ന് ചിന്തിക്കുന്ന ഇരുപ
ത്തിരണ്ടാം നൂറ്റാണ്ടിലെ ഒരു ജനതയിലേയ്ക്ക്‌ പൊതുസമൂഹം വളരാനുള്ള പ്രയാണത്തിന്റെ വേഗത കൂട്ടുക എന്നതാണ് ചിന്താ ശക്തിയുള്ളവർ ചെയ്യേണ്ടത്.

ഒരു നൂറ്റാണ്ടിന് ശേഷം ഈ ഭൂമുഖത്ത് ജീവിക്കുന്ന സമൂഹം ഇന്ന് നാം ഉപയോഗിക്കുന്ന തൂക്ക് കയറും തോക്കും തലവെട്ടുന്ന കത്തിയും ഫോട്ടോയും വിവരണവുമൊക്കെ കണ്ട് ഇത്തരമൊരു പ്രാകൃത സമൂഹത്തിൽ ജീവിക്കാത്തത് എത്ര നന്നായി എന്ന് ചിന്തിക്കും എന്നതിൽ സംശയമില്ല.

യഥാർത്ഥത്തിൽ ഭീകരവാദികളെയോ ക്രൂരന്മാരായ കുറ്റവാളികളെയോ നിയമപരമായി തൂക്കിലേറ്റുന്പോഴും വെടിവെച്ച് കൊല്ലുന്പോഴും വാളെടുത്ത് തലവെട്ടുന്പോഴും അവിടെയും നടക്കുന്നത് കൊലപാതകം തന്നെയാണ്.

കൊല ചെയ്യുന്നത് ആരാച്ചാരാണോ, ജഡ്ജിയാണോ, ഭരണകൂടമാണോ, അതല്ല നിയമപുസ്തകവും ഭരണഘടനയും മാറ്റാൻ മുറവിളി കൂട്ടാത്ത ഞാനടക്കമുള്ള പൊതുജനമാണോ എന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.

സ്വവർഗ്ഗ അനുരാഗികളെയും, മയക്കുമരുന്നു കടത്തിയവരെയും, ബലാത്സംഗം ചെയ്തവരെയും ഭീകരവാദം നടത്തിയവരെയും തൂക്കി കൊല്ലുന്ന രാജ്യങ്ങളിൽ ശിക്ഷക്ക് വിധേയനാകുന്നത് പലപ്പോഴും സമൂഹത്തിലെ നിർധനരും പിന്നോക്കക്കാരുമാണ്.

സോഷ്യലിസം കേവലം ഒരു സ്വപ്നം എന്ന തിരിച്ചറിവും, ജനാധിപത്യം കുത്തകകളെ സൃഷ്ടിക്കുമെന്ന യാഥാർത്ഥ്യവും നിലനിൽക്കെ സാന്പത്തികവും വിദ്യാഭ്യാസപരമായും, താഴെക്കിടയിൽ നിലനിൽക്കുന്ന സമൂഹം, ലൈംഗികവും സാമൂഹ്യവും സാന്പത്തികവും വർഗ്ഗീയവും മതപരവുമായ വിവേചനത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തു കൊണ്ടിരിക്കുമെന്നതിൽ സംശയമില്ല.

ലോകത്ത് 70 ശതമാനം രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കി കഴിഞ്ഞിരിക്കുന്നു. യൂറോപ്പിൽ ബെലാറാസ ഒഴിച്ച് എല്ലാ രാജ്യങ്ങളും, ആഫ്രിക്കയിൽ 38 രാജ്യങ്ങളിലും വധശിക്ഷ നിർത്തലാക്കി. 

ഇന്ത്യയിൽ ഹൈക്കോടതികൾക്കും സുപ്രീംകോടതികൾക്കും തെറ്റുകൾ പറ്റിയതായി ജഡ്ജിമാർ തന്നെ ഏറ്റു പറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് സമൂഹം വധശിക്ഷക്ക് വിധിച്ച പലരും പിന്നീട് ചരിത്രത്തിൽ വീരനായകന്മാരായിട്ടുണ്ട്. സോക്രട്ടീസും, ഭഗത് സിങ്ങും ബേനസീർ ബൂട്ടോയും സദ്ദാം ഹുസൈനും വെടിയേറ്റ്‌ മരിച്ച ചെഗുവരേയും നമ്മെ പഠിപ്പിക്കുന്നതും ഓർമ്മിപ്പിക്കുന്നതും ഇത് തന്നെ.

ഓരോ കാലഘട്ടത്തിലും ഭൂരിപക്ഷം ശരിയാണെന്ന് കരുതുന്ന ശരികളാണ് നിയമങ്ങളായി മാറുന്നത്. ഒരു ന്യുനപക്ഷം ചിന്തിക്കുന്നതും പറയുന്നതും പിന്നീട് കടന്നു വരുന്ന ഭൂരിപക്ഷം ശരിയാണെന്ന് തിരിച്ചറിഞ്ഞാലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ നഷ്ടപ്പെട്ട ജീവൻ തിരിച്ചെടുക്കുവാൻ പറ്റില്ലല്ലോ?

ഒരു മഴ പെയ്താൽ ചെന്നൈ പോലുള്ള ഒരു നഗരം വെള്ളത്തിനടിയിൽ ആകും എന്ന് ആവർത്തിച്ചു പറഞ്ഞ പിങ്കളെ എന്ന IAS ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ചില അഴിമതിക്കഥകൾ പുറത്ത് കൊണ്ടുവന്നപ്പോഴാണ്.

ചെന്നൈ നഗരത്തിൽ ഒരു പ്രാവശ്യം താമസിച്ച വ്യക്തിക്ക് അവിടുത്തെ ഡ്രൈനേജ് അവതാളത്തിലാണെന്ന് തിരിച്ചറിയാൻ അധികം പഠനം നടത്താതെ ത
ന്നെ പറയുവാൻ പറ്റും. വർഷങ്ങളായി തമിഴ്നാട്‌ ഭരിക്കുന്ന ഭരണകൂടം ഇത് ഗൗരവമായി പരിഗണിക്കാത്തത് കാരണമാണ് ഇത്തരം ഒരു ദുരന്തം സംഭവിച്ചത്.

250 ലധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടും അതിന്റെ ഉത്തരവാതിത്വം ഏറ്റെടുക്കാതെ ദുരിത ബാധിതർക്ക് നൽകുന്ന പൊതിച്ചോറിൽ അമ്മയുടെ ഫോട്ടോയൊട്ടിച്ച് ദുരന്തം ആഘോഷിക്കുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. ഇതും ഒരുതരം ഭീകരത തന്നെയാണ്‌.

ഇപ്പോഴും വധശിക്ഷ നിലവിലുള്ള ഒരു രാജ്യത്താണ് ഇത് സംഭവിക്കുന്നത് എന്ന് ഓർക്കുക! ഭൂമി മുഴുവൻ പ്രളയം വന്നു നശിച്ചാലും കോടികൾ അടിച്ചു മാറ്റുന്ന ഇത്തരം നേതാക്കൻമാർക്ക് പറക്കുവാൻ വലിയ ചിറകുകളാണ് ജനാധിപത്യം ഒരുക്കുന്നത്. ഇവരുടെ ഒരു നേരത്തെ അത്താഴം മുടക്കാൻ പ്രളയത്തിൽ ഒഴുകി വരുന്ന ഒരു നീർക്കോലിക്കെങ്കിലും ആകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...

You might also like

Most Viewed