സ്വപ്നത്തിൽ മാത്രം സംഭവിക്കുന്നത്ത്!


ആളൊഴിഞ്ഞ റോഡിന്റെ അരികിലുള്ള കടയുടെ മുന്പിൽ ഒരു വൃദ്ധൻ കിടന്നുറങ്ങുന്നു. ഭക്ഷണം കഴിക്കുവാൻ കാശില്ലാതെ, മൂടിപ്പുതയ്ക്കുവാൻ കന്പിളിയില്ലാതെ വൃദ്ധൻ ചുരുണ്ട് കൂടി വിറയ്ക്കുന്പോൾ വഴിപോക്കരിൽ രണ്ടു പേർ അത് കാണുന്നു.

രണ്ടു പേരും ഒരേ സമയം വൃദ്ധനെ താങ്ങിപ്പിടിച്ച് പുതിയ കന്പിളി നൽകി പരിചരിക്കുവാൻ തുടങ്ങുന്നു. രണ്ടു പേരും അയാളെ പരിചരിക്കാനും ശുശ്രൂഷിച്ച് രക്ഷപ്പെടുത്താനും തയ്യാറാണെന്ന് അറിയിക്കുന്നു. പിന്നീട് ഇരുവരും ‘ഞാൻ പരിചരിക്കും’ എന്ന് പറഞ്ഞ് കൊന്പ് കോർക്കുന്നു. ഇതൊക്കെ കണ്ട് നിൽക്കുന്ന വഴിപോക്കരുടെ ഭൂരിപക്ഷം നിശ്ചയിക്കുന്ന പ്രകാരം അതിലെ ഒരു വ്യക്തിക്ക് സാന്പത്തികമായും ശാരീരികമായും ക്ഷീണിച്ച വൃദ്ധന്റെ ഉത്തരവാദിത്വം നൽകുന്നു. ഇതൊക്കെ കഴിഞ്ഞിട്ടും സാമൂഹ്യ സേവനം ചെയ്യുവാൻ പറ്റാത്ത വ്യക്തി ബഹളം വെയ്ക്കുന്നു. സാമൂഹ്യ സേവനം ചെയ്യാൻ പറ്റാത്ത സങ്കടത്തിൽ വൃദ്ധനെ, ഏറ്റെടുത്തയാളെ അസഭ്യം വർഷിച്ച് ഘരാവോ ചെയ്യുന്നു.

മേൽ വിവരിച്ച സ്വപ്നം സ്വപ്നത്തിൽ പോലും സംഭവിക്കില്ലായെന്നാണ് ഒറ്റ നോട്ടത്തിൽ പലരും കരുതുക. എന്നാൽ കഷ്ടപ്പെടുന്ന വ്യക്തികൾക്ക് വേണ്ടി, സാന്പത്തികമായി തകർന്ന് കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രതിഫലം പ്രതീക്ഷിക്കാതെ സേവനം ചെയ്യാൻ അടിപിടികൂടുന്ന ഒരു സമൂഹം ബഹ്റിനിൽ ഉണ്ട് എന്നത് സന്തോഷം തരുന്ന യാഥാർത്ഥ്യം തന്നെയാണ്!

സ്വപ്നം യാഥാർത്ഥ്യമാകുന്നു!

കഴിഞ്ഞ കുറേ വർഷങ്ങളായി സാന്പത്തികമായി പരാധീനതകളുളള ഇന്ത്യൻ സ്കൂൾ എന്ന സ്ഥാപനത്തെ സംരക്ഷിക്കുവാനും, സാന്പത്തിക പരാധീനതകളിൽ നിന്ന് രക്ഷപ്പെടുത്താനും അടികൂടുന്ന സാമൂഹ്യ പ്രവർത്തകരാണ് ഇത്തരം ഒരു സ്വപ്നം യാഥാർത്ഥ്യമാക്കുന്നത്! ഇവരുടെ വലിയ മനസ്സിന് മുന്പിൽ ഞാൻ മുട്ട് മടക്കി, തല കുനിച്ച് നമസ്കരിക്കുന്നു!

പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ, സ്വന്തം പ്രാരാബ്ദങ്ങൾ മറന്ന്, എട്ടുമണിക്കൂർ ജോലിയും, ഒഴിവാക്കി മുഴുവൻ സമയം സ്കൂൾ ഭരണത്തിന് വേണ്ടി അർപ്പിക്കാൻ തയ്യാറായി വരുന്ന സൻമനസ്സുള്ള ഒരു വലിയ സമൂഹം നമുക്ക് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്!

പക്ഷെ ഇപ്പോൾ ഞാൻ സേവിക്കും, ഞാൻ പരിപാലിക്കും എന്ന് പറഞ്ഞ് ഇവർ നടത്തുന്ന മത്സരം അതിരുവിട്ട്, വിദ്യാലയത്തിന്റെ സംശുദ്ധമായ അന്തരീക്ഷത്തെ കളങ്കപ്പെടുത്തി തുടങ്ങിയില്ലേ എന്ന സംശയമാണ് ഇന്ന് ഇത്തരമൊരു ലേഖനത്തിന് കാരണം.

വിദ്യയുടെ ദേവിയാണ് സരസ്വതിയെന്നും വിദ്യാലയം സരസ്വതി ക്ഷേത്രമാണെന്നുമാണ് ഭാരതീയ സങ്കൽപ്പം. സത്വഗുണം ഏറി വന്ന ബഹ്മാവിന്റെ മനസ്സിൽ നിന്നും ജനിച്ച ബാലികയാണത്രെ സരസ്വതി. ഈ പറയുന്ന സരസ്വതി നാവിൽ നൃത്തം ചെയ്യുന്നവരാണത്രെ പണ്ധിതന്മാർ!

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന A.G.Mൽ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും നേതാക്കളുടെ നാവിൻ തുന്പത്ത് വിളയാടിയത് സരസ്വതിയല്ല പകരം കുദകർണ്ണനാണ് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മലയാള ഭാഷയിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും റേറ്റിങ്ങുള്ള അശ്ലീല വാക്കുകൾ വർഷിച്ച് വിദ്യാലയത്തെ പ്രകന്പനം കൊള്ളിച്ച് രക്ഷിതാക്കൾ ആത്മനിർവൃതി നേടിയന്നറിഞ്ഞപ്പോൾ സങ്കടം തോന്നി. കുറച്ച് ദിവസങ്ങൾക്ക് മുന്പ് ഇതേ വിദ്യാലയത്തിൽ പഠിച്ച് കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥി, വിദ്യാർത്ഥികൾ തമ്മിൽ സംസാരിക്കുന്പോൾ പല മോശ പദപ്രയോഗങ്ങളും നടത്തുന്നതും, ഇംഗ്ലീഷിലെ പ്രശസ്തമായ ചില നാലക്ഷര പ്രയോഗം ആവശ്യത്തിനും അനാവശ്യത്തിനും വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നു എന്ന് അറിയിച്ചിരുന്നു. പക്ഷെ ഭരണസമിതിയുമായി സഹകരികുന്നവർ തന്നെ ഇത്തരം ഭാഷ ഉപയോഗികുന്പോൾ കുട്ടികളെ എങ്ങിനെ തിരുത്തും?

ഇന്ത്യൻ സ്കൂളിന്റെ നടത്തിപ്പ് സുതാര്യമാക്കകയും ചോദ്യം ചെയ്യപ്പെടുകയും വേണം. പക്ഷെ, അതിലുപരി പരസ്പരം കടിച്ചു കീറുകയും, അടിപടി കൂടുകയും, തെറി വിളിക്കുകയും ചെയ്യുന്പോൾ മനസ്സിലുയരുന്ന ചോദ്യം ഇതെന്ത് തരം തരംതാണ സേവനമാണെന്നുള്ളതാണ്?

ഇന്ന് ഇന്ത്യൻ സ്കൂളിനെ നയിക്കുന്ന ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ എന്ന വ്യക്തി അഴിമതിക്ക് കൂട്ട് നിൽക്കില്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇവിടെ കാണുന്ന പ്രധാന പ്രശ്നം മിക്ക കമ്മിറ്റിയംഗങ്ങൾക്കും വിദ്യാലയത്തിന്റെ കാര്യങ്ങൾക്കായി വേണ്ടത്ര സമയം നീക്കി വെക്കാൻ പറ്റുന്നില്ല എന്നതാണ്. പറ്റുകയാണെങ്കിൽ ഭരണ സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെറിയ ഒരു ശന്പളം നൽകുകയും, കഴിവുള്ള സമയം ചിലവഴിക്കാൻ പറ്റുന്ന സ്ത്രീകളെ പ്രതിനിധികളാക്കുകയായിരിക്കും, സത്യസന്ധമായ, സുതാര്യമായ നടത്തിപ്പിന് നല്ലത് എന്നാണ് തോന്നുന്നത്. വിദ്യാഭ്യാസ സന്പന്നരായ കഴിവുള്ള ഒപ്പം സമയമുള്ള പല സ്ത്രീകളും നമുക്കിടയിലുണ്ട്.

എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു പുരുഷന് പീന്നീടുള്ള സമയം സാമൂഹ്യ പ്രവർത്തനത്തിന് നീക്കിവെച്ചാലും ഇന്ത്യൻ സ്കൂൾ പൊലുള്ള പതിനായിരത്തിൽ അധികം വിദ്യാർത്ഥികളുള്ള ഒരു വിദ്യലയത്തിന്റെ മേൽനോട്ടം അസാദ്ധ്യം തന്നെ.

വിദ്യാഭ്യാസമുള്ള, കഴിവുള്ള സ്ത്രികൾക്ക് ഭർത്താവിന്റെ അനുവാദത്തോടെ ഭരണ സമിതിയിലേയ്ക്ക് വരുവാനും എട്ടു മണിക്കൂർ പ്രവർത്തിക്കുവാനും പറ്റിയാൽ അത് വിദ്യാലയത്തിലെ ഇന്ന് കണ്ടു വരുന്ന ഇത്തരം അനാരോഗ്യ പ്രവണതകൾ കുറയും എന്നതിൽ സംശയമില്ല. ഇവർക്ക് ഒരു ചെറിയ തുക ശന്പളമായി നൽകിയാലും അത് നഷ്ടമാവില്ല എന്നാണ് തോന്നുന്നത്.

ഇനി ആർക്കെങ്കില്ലും ഓഫീസിലെ എട്ടു മണിക്കൂർ ജോലി കഴിഞ്ഞ് സാമൂഹ്യ പ്രവർത്തനം നടത്തിയാൽ മാത്രമേ ഉറക്കം വരുകയുള്ളൂ എന്നുണ്ടെങ്കിൽ സാമൂഹ്യ സേവനം നടത്തുന്ന ബഹ്റിനിലുള്ള വിവിധ സംഘടനകളിലൂടെ സേവനം ചെയ്യുവാനുള്ള അവസരം ഒരുക്കുവാൻ 4pm ന്യൂസ്‌ തയ്യാർ!

You might also like

Most Viewed