ന കദാപി മര്യാദമതിക്രമേത് !


എല്ലാം മറന്ന് അവൻ പാടുകയാണ്. കണ്ണുകളടച്ച് പറ്റാവുന്നത്ര ഉച്ചത്തിൽ,

ഒത്തൊരുമിച്ചൊരു ഗാനം പാടാൻ 

മൊത്തം പേർക്കും കൊതിയായി 

പുസ്തകമിങ്ങനെ തിന്നു മടുത്തു 

എല്ലാവർക്കും പ്രാന്തായി... എന്ന് പാടി നിർത്തിയതും, ഗായകന്റെ മുന്പിലിരിക്കുന്ന പ്രശസ്തരായ രണ്ട് സംഗീത വിദ്വാന്മാർ ‘പ്രാന്തായി’ എന്ന രീതിയിൽ തലകുലുക്കി എല്ലാം മറന്ന്‌ ചിരിക്കുന്നു.

റിയാലിറ്റി ഷോയിൽ പങ്കെടുക്കാനുള്ള ഓഡീഷൻ റൗണ്ടിൽ മാറ്റുരച്ച മത്സരാർത്ഥി തികഞ്ഞ നിസ്സംഗതയോടെ ജഡ്ജസിനെ നോക്കുന്പോൾ അവർ വീണ്ടും വീണ്ടും എല്ലാം മറന്ന് ചിരിക്കുകയാണ്.

പാടാൻ കഴിവില്ലാത്ത അല്ലെങ്കിൽ മറ്റുള്ളവർക്ക് കേൾക്കുന്പോൾ സുഖകരമല്ലാത്ത രീതിയിൽ പാടിയ ചില പെൺ‍കുട്ടികളുടെയും ഒപ്പം ആൺ‍കുട്ടികളുടെയും മോശമായ പാട്ടുകൾ ശേഖരിച്ച് അതിനെ കളിയാക്കി മഹാന്മാരായ രണ്ട് സംവിധായകർ ഒരു എപ്പിസോഡ് ഉണ്ടാക്കി സ്വയം കൃതാർത്ഥരായി.

ഈ എപ്പിസോഡ് കണ്ടപ്പോഴാണ് ഞാൻ വിവേകാനന്ദനെ കുറിച്ച് ഓർത്തത്. മലയാളിക്ക് ഉള്ളത് ഭ്രാന്തല്ല, ഭ്രാന്താണെങ്കിൽ ചികിത്സിച്ച് മാറ്റാൻ പറ്റുന്നതേയുള്ളൂ. മലയാളിക്ക് ഇല്ലാത്തത് മര്യാദയാണ്.

ആ റിയാലിറ്റി ഷോയിൽ മോശമായി പാടിയ ഒരു മത്സരാർത്ഥി അതിലെ ഏതെങ്കിലും ഒരു വിധികർത്താവിന്റെ  മകളായിരുന്നെങ്കിൽ  അവർ അത്തരമൊരു എപ്പിസോഡിനെ കുറിച്ച് ചിന്തിക്കുമായിരു
ന്നോ?

അത്തരമൊരു എപ്പിസോഡ് ടി.വിയിലും സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ കാണുകയും ഈ മത്സരാർത്ഥികളെ പരിഹസിച്ച് കളിയാക്കി സന്തോഷിക്കുന്പോൾ ആ കുട്ടികൾക്ക് ഉണ്ടാകുന്ന അപമാനം, മാനഹാനി, ദുഃഖം അതിനെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

ഇത് മര്യാദകേടാണ്. വളർന്ന് വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അപമാനിക്കുന്ന ഇത്തരം വ്യക്തികൾ എത്ര ഉന്നതരാണെങ്കിലും അവർക്കെതിരെ പ്രതിഷേധിക്കണം.

ഇത് സംഭവിച്ചത് വല്ല പാശ്ചാത്യ രാജ്യങ്ങളിലായിരുന്നുവെങ്കിൽ ഈ ജഡ്ജസിനെതിരെ മാനഹാനി വരുത്തിയതിന് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യുമായിരുന്നു. 

ഇന്ന് ഇന്ത്യയിലെയും പ്രധാന പ്രശ്നം ഈ മര്യാദകേടാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും, മത സംഘടനകളായാലും, നേതാക്കൻമാരായാലും മാധ്യമങ്ങളായാലും എല്ലാവർക്കും നഷ്ടപ്പെട്ടിരിക്കുന്നത് മര്യാദയാണ്.

മര്യാദയെന്ന വാക്കിന് ഒരു നിർവ്വചനം കൊടുക്കുക എളുപ്പമല്ല. എങ്കിലും അത് പ്രായോഗികമായ ചിന്തയും പൊതു വികാരവും മാന്യതയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. മാൽക്കം ഗ്രാഡ് വെൽ എന്ന പ്രശസ്തനായ സാമൂഹ്യ ശാസ്ത്രജ്ഞന്റെ രണ്ടാമത്തെ പുസ്തകമായ ‘ബ്ലിങ്കി’ൽ പറയുന്നത് നമ്മൾ ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു വാർത്തയോ സംഭവമോ കാണുകയും കേൾക്കുകയും ചെയ്യുന്പോൾ ആദ്യം മനസ്സിലേയ്ക്ക് കടന്ന വരുന്ന ഒരു ഇംപ്രഷൻ 99 ശതമാനവും ശരിയായിരിക്കും എന്നതാണ്.

ആദ്യമായി ഒരു വ്യക്തിയെ കാണുന്പോൾ മനസ്സിൽ ആദ്യം തോന്നുന്നത് ആ വ്യക്തി കള്ളനാണ് എങ്കിൽ അത് കുറിച്ച് വെക്കുക അല്ലെങ്കിൽ ഓർത്ത് വെക്കുക എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് ക്രമേണ ആ വ്യക്തിയുമായി ഇടപെടുന്പോൾ അദ്ദേഹം നല്ലവനായി  തോന്നിയാലും ഒരു ദിവസം ആദ്യം മനസ്സിലേയ്ക്ക് കടന്ന വന്ന ‘ബ്ലിങ്ക്’ ശരിയാണെന്ന് കാലം തെളിയിക്കും.  അത്തരമൊരു കഴിവു നമ്മുടെ മനസ്സിനുണ്ടെന്നാണ് ഗ്രാഡ്്വെൽ ഉറപ്പിച്ച് പറയുന്നത്.

പൊതു സമൂഹത്തിനും ഇത്തരമൊരു കഴിവുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ മത നേതാക്കളായാലും മറ്റ് വ്യക്തികളായാലും നടത്തുന്ന പല വിവാദപരമായ അഭിപ്രയങ്ങൾ കേൾക്കുന്പോൾ ഉടൻ മനസ്സിൽ ഒരു ‘ബ്ലിങ്ക്’ കടന്ന് വരും. അത് പലപ്പോഴും ശരിയുമായിരിക്കും.

പൊതുജനം ഒരു വ്യക്തിയുടേയോ, പ്രസ്ഥാനത്തിന്റേയോ ചെയ്തികൾ മര്യാദകെട്ടതാണെന്ന് പ്രഖ്യാപിക്കുന്നതും ഇത്തരമൊരു ‘ബ്ലിങ്കിന്റെ’ അടിസ്ഥാനത്തിൽ തന്നെ.

നൗഷാദിന്റെ മരണത്തെ മതവുമായി കൂട്ടികുഴച്ച വെള്ളാപ്പള്ളിയുടെ പ്രസംഗം മര്യാദകെട്ടതാണെന്ന് പൊതുജനം ഉറക്കെ പറഞ്ഞതും, അതുപോലെ അമീർഖാന്റെ അസഹിഷ്ണുതക്കെതിരെയുള്ള പ്രസ്താവന ജനം തള്ളികളഞ്ഞതുമൊക്കെ ഇതുകൊണ്ട് തന്നെ. ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിക്കെതിരെ ഇപ്പോൾ നടത്തുന്ന ആരോപണങ്ങളും മര്യാദകെട്ടവയാണ്. ചാനൽ ചർച്ചക്കിടെ പരസ്പരം അസഭ്യം പറഞ്ഞ ബിജു രമേശിന്റേയും, സന്തോഷ് തെരുവിലിന്റേയും വാക്കുകൾ മര്യാദകൾ ലംഘിച്ചവയായിരുന്നു. ഇത്തരം മര്യാദകെട്ട പ്രവർത്തികൾ വാർത്തകളാക്കി പരസ്പരം തമ്മിലടിപ്പിക്കുന്ന മാധ്യമങ്ങൾ ചെയ്യുന്നതും മര്യാദകേട്‌ തന്നെ.

മര്യാദകെട്ട ചെയ്തികൾ, വാക്കുകൾ, പ്രവർത്തികൾ അവയാണ് അസഹിഷ്ണുതയ്ക്കും, അസ്വസ്ഥതക്കും കാരണം. അത്തരക്കാർക്കെതിരെ മര്യാദവിട്ട് പ്രതികരിക്കുന്നതിന് പകരം മര്യാദയോടെ തള്ളികളയുകയാണ് മര്യാദയുള്ളവർ ചെയ്തതെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് എല്ലാവർക്കും ഒരു നല്ല മര്യാദയോടെയുള്ള വാരാന്ത്യം ആശംസിക്കുന്നു...

You might also like

Most Viewed