ആശങ്കകൾ ബാക്കിവെച്ച്...
ഒരു വർഷം കൂടി കൊഴിയുകയാണ്. ഗൾഫിലെ, പ്രത്യേകിച്ച് ബഹ്റിനിലെ പ്രവാസികളെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒത്തിരി ആശങ്കകളും ആകുലതകളും ബാക്കി വെച്ചാണ് 2014 വിട വാങ്ങുന്നത്.ബഹ്റിനിലെ രാഷ്ട്രീയ പ്രശ്നവും വിഭാഗീയതകളും അറബ് രാജ്യത്തിലെ ഭീകരവാദികളുടെ വളർച്ചയും ക്രൂഡ് ഓയിലിന്റെ വിലയിടിവും ടൂറിസം മേഖലയിൽ നടപ്പിൽ വരുത്തിയ നിയമമാറ്റങ്ങളും ബഹ്റിനിലെ പ്രവാസികളും ആശങ്കയോടെയാണ് കാണുന്നത്.
ഷെയിൽ ഗ്യാസിന്റെ വരവും അതിനോട് കിടപിടിക്കാൻ സൗദി അടക്കമുള്ള രാജ്യങ്ങൾ നടത്തുന്ന മത്സരവും ഗൾഫിന്റെ വളർച്ച മന്ദഗതിയിലാക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.
ഒരു ബാരലിന് 120 യു.എസ് ഡോളർ എന്ന നിരക്കിൽ എണ്ണ വിറ്റാൽ മാത്രമേ ബഹ്റിനിൽ സർക്കാർ ഉദ്ദേശിച്ച രീതിയിലുള്ള വികസനങ്ങൾ നടപ്പാക്കുവാൻ പറ്റുകയുള്ളൂ. ഇന്ന് എണ്ണയുടെ വില ബഡ്ജറ്റിൽ പ്രതീക്ഷിച്ചതിന്റെ പകുതി പോലും ഇല്ല എന്ന വസ്തുത പ്രവാസികളും മനസ്സിലാക്കേണ്ടതുണ്ട്.
ബഹ്റിനിൽ അടുത്ത വർഷം നടപ്പിലാക്കി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ എയർപോർട്ടിന്റെ നിർമ്മാണവും ബഹ്റിൻ സൗദി പുതിയ കോസ് വേയും നീണ്ടുപോയാൽ ബഹ്റിന്റെ സാന്പത്തിക സ്ഥിതി പരുങ്ങലിലാകും. ബഹ്റിനിലെ സൗഹൃദവും വ്യാപാരബന്ധവും അതിലുപരി സാന്പത്തിക സ്രോതസ്സുകളായ സൗദി, അബുദാബി എന്നീ രാജ്യങ്ങൾ ഇതുവരെ എടുത്ത തീരുമാനങ്ങളിൽ മാറ്റം വരുത്തിയാൽ ക്രൂഡ് ഓയിലിന്റെ വില കൂടാതെ, ഇങ്ങിനെ നീണ്ടുപോയാൽ ബഹ്റിനിൽ സാന്പത്തിക മാന്ദ്യം അനുഭവപ്പെടും.
ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾ ഇതിലെ ഏതെങ്കിലും രാജ്യത്ത് സാന്പത്തിക പ്രശ്നങ്ങൾ കടന്ന് വരുന്പോൾ തൊട്ടടുത്ത അറബ് രാജ്യത്തേയ്ക്ക് ചേക്കേറുകയാണ് പതിവ്. മസ്ക്കറ്റിലും സൗദിയിലും അവിടുത്തെ സർക്കാർ തുടങ്ങിവെച്ച പല പദ്ധതികളും നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്ന വാർത്ത ഇത്തരമൊരു ചേക്കേറൽ സാദ്ധ്യമാകില്ല എന്ന സൂചന തന്നെയാണ് നല്കുന്നത്.
സാമൂഹിക, രാഷ്ട്രീയ, വിഭാഗീയത പ്രശ്നങ്ങൾ കാരണം ബഹ്റിനിലെ സർക്കാരിന് വലിയൊരു തുക ഡിഫെൻസിന് വേണ്ടി നീക്കി വെയ്ക്കേണ്ടി വരുന്നതും അത് വരും വർഷങ്ങളിൽ തുടരേണ്ടി വരുമെന്നതും മറ്റ് വരുമാനങ്ങൾ കുറയുന്നതും കൂടുതൽ ആശങ്കയ്ക്ക് വക തരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വക നൽകുന്നത് ഇന്ത്യ സാന്പത്തികമായും സാമൂഹികമായും വളരുന്നു എന്ന യാഥാർത്ഥ്യമാണ്.
ഇന്ത്യയുടെ ഫിനാൻസ് മന്ത്രി അരുൺ ജെയറ്റിലിക്ക് വളരെ അനുകുലമായ സാന്പത്തിക കാലാവസ്ഥയാണ് ക്രൂഡ് ഓയിലിന്റെ വില കുറയുന്നത് കാരണം ലഭിച്ചിരിക്കുന്നത്. ജനക്ഷേമപരമായ പല പദ്ധതികളും ആസൂത്രണം െചയ്യാൻ ഇത് ഉപകരിക്കുമെന്നതിൽ സംശയമില്ല. 2015 ലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്പോൾ പ്രവാസികൾ എടുക്കേണ്ട ചില തീരുമാനങ്ങൾ താഴെ പറയുന്നവയാണ്.
1. മാനസികമായി ഇന്ത്യയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുക.
2. ഗൾഫിലെ വിവിധ സംഘടനകളുടെ തലവന്മാർ പ്രസ്തുത സംഘടനയിലെ അംഗങ്ങളോടൊപ്പം ഇരുന്ന് പ്രവാസികൾ ഇത്തരമൊരു തിരിച്ചു പോക്കിൽ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ എന്താണെന്ന് മനസ്സിലാക്കുക. ഗൾഫിലുള്ള പ്രവാസി സംഘടനകൾക്ക് ഒരു കൂട്ടായ്മ ഉണ്ടാക്കി പറ്റാവുന്നവരുടെ ഒപ്പ് ശേഖരിച്ച് സർക്കാരിന് നിവേദനമായി നല്കുക.
3. നാട്ടിൽ വീട് വെയ്ക്കുവാൻ ഉദ്ദേശിക്കുന്നവർ അത്തരം തീരുമാനങ്ങൾ താല്ക്കാലികമായി നിർത്തി വെയ്ക്കുക. ഇനി വീട് നിർമ്മിക്കുകയാണെങ്കിൽ തന്നെ ലോൺ എടുക്കാതെ ചെറിയ ഒരുവീട് നിർമ്മിക്കുക. രണ്ട് നില നിർമ്മിക്കണമെന്ന ശാഠ്യമുള്ളവർ ഒരു നില വാടകയ്ക്ക് കൊടുക്കാൻ പറ്റുന്ന രീതിയിൽ നിർമ്മിക്കുക.
4. മദ്യപാനം ശീലമാക്കിയവർ അത് പൂർണ്ണമായും ഒഴിവാക്കണമെന്ന തീരുമാനത്തിന് പകരം മദ്യപിക്കുന്നതിന്റെ അളവ് കുറയ്ക്കുമെന്ന് തീരുമാനിക്കുക.
5. പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ എടുത്തു വെയ്ക്കുക.
6. നാട്ടിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന പഴയ കാർ, മോട്ടോർ സൈക്കിൾ എന്നിവ കിട്ടുന്ന പണത്തിന് നല്കി പണം ശേഖരിക്കുക.
7. കടം കൊടുക്കാതിരിക്കുക. വാങ്ങാതിരിക്കുക.
8. സ്വർണ്ണം സന്പാദ്യമായി വാങ്ങിച്ച് വെച്ചവർ വിറ്റ് കാശാക്കി നാഷണലൈസ്ഡ് ബാങ്കിൽ എഫ്.ഡി ആക്കി വെക്കുക.
9. പുതിയ വാഹനങ്ങൾ വാങ്ങുവാൻ തീരുമാനിക്കുന്നവർ അത്തരം തീരുമാനങ്ങൾ താല്ക്കാലികമായി നിർത്തി വെക്കുക.
10. പ്രവാസി കൂട്ടായ്മകൾ, അവരുടെ കൂട്ടായ്മ വഴി ഇന്ത്യയിൽ വ്യവസായങ്ങളോ ചെറുകിട സ്ഥാപനങ്ങളോ തുടങ്ങാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക.
11. 2015 ഒരു നല്ല വർഷം തന്നെയാകട്ടെ എന്ന് പ്രാർത്ഥിക്കുന്പോൾ തന്നെ ഒപ്പം പ്രശ്നങ്ങൾ തരണം ചെയ്യാൻ സർവ്വേശ്വരൻ കരുത്തും ബുദ്ധിയും തരുെമന്ന വിശ്വാസത്തോടെ......
പി. ഉണ്ണികൃഷ്ണൻ