സത്യം മറയ്ക്കുന്ന മതിലുകൾ

കേരളത്തിലെ പ്രശസ്തമായ ഒരു കെട്ടിട നിർമ്മാണ കന്പനിയുടെ പണിത് കൊണ്ടിരിക്കുന്ന കൊച്ചിയിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കാണുവാൻ പോയപ്പോൾ അതിന്റെ മാനേജരാണ് അവിടെയുള്ള സൗകര്യങ്ങളെ കുറിച്ച് വിവരിച്ചത്.
കേരളത്തിൽ എന്ന് മാത്രമല്ല ലോകത്തുള്ള എല്ലാവരും സ്ഥിരം താമസത്തിനായി ഒരു താവളം തേടുന്പോൾ ആദ്യം അന്വേഷിക്കുക സുരക്ഷിതത്വത്തെ കുറിച്ചാണ്. ഈ പറയുന്ന കെട്ടിടത്തിന്റെ നാല് ഭാഗവും വലിയ മതിൽ കെട്ടി ചുമരുകളിൽ സെക്യൂരിറ്റി ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നു. മതിലിന്റെ മുകളിൽ കൂർത്ത ഇരുന്പ് കൊണ്ട് തീർത്ത ഫെൻസിങ്ങിനു ചുറ്റുമായി ഇരുന്പ് കൊണ്ടു തന്നെ നെറ്റും ഉണ്ടാക്കിയിട്ടുണ്ട്.
കെട്ടിടത്തിലേയ്ക്ക് കയറുവാൻ ഒരു പ്രധാന കവാടം മാത്രമേയുള്ളൂ. അവിടെയാണെങ്കിൽ സ്ഥിരമായി രണ്ടിലധികം സെക്യൂരിറ്റി ജീവനക്കാർ കാവലാളൻമാരായി നിൽപ്പുണ്ട്. സന്ദർശകരുടെ ഐഡികാർഡിനോടൊപ്പം ഇന്റർകോമിലൂടെ പ്രസ്തുത സന്ദർശകൻ കാണുവാൻ വന്ന ഫ്ളാറ്റിലെ ആൾക്കാരോട് മുൻകൂർ അനുവാദം വാങ്ങി മാത്രമേ അദ്ദേഹത്തെ അകത്തേക്ക് കയറ്റി വിടുകയുള്ളു.
പ്രസ്തുത ഫ്ളാറ്റ് സമുച്ചയം കണ്ട് മടങ്ങുന്ന ഒരു വ്യക്തിക്ക് അത് സുരക്ഷിതമായ ഒരു താമസസ്ഥലമാണെന്ന് തോന്നുന്നത് കൊണ്ട് തന്നെ അവർക്ക് കസ്റ്റമേഴ്സിനെ കിട്ടാൻ അധികം ബുദ്ധിമുട്ടേണ്ടി വരുന്നില്ല.
ഇന്ന് ഇന്ത്യയിലും വിദേശ രാജ്യത്തുമുള്ള വൻകിട ഹോട്ടലുകളുടെയും അവസ്ഥ വ്യത്യസ്തമല്ല. ത്രീ സ്റ്റാറിനു മുകളിലുള്ള ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്താൽ സന്ദർശകന്, പ്രസ്തുത ഹോട്ടൽ നടത്തിപ്പുകാരുടെ അനുവാദം ഇല്ലാതെ ഹോട്ടലിലെ മുറികളിലേക്ക് പോകുവാൻ പറ്റില്ല. ചില ഹോട്ടലുകളിലെ ലിഫ്റ്റ് പ്രവർത്തിക്കണമെങ്കിൽ ആക്സസ് കാർഡ് വേണ്ടി വരും.
ഇത്തരം സംവിധാനങ്ങൾ ഉണ്ടാക്കുവാനും, അവ പരിപാലിച്ച് പോകുവാനും വലിയൊരു തുകയാണ് മാസമാസം ചിലവഴിക്കേണ്ടി വരുന്നത്.
ഇന്ന് കേരളത്തിൽ നല്ല ഒരു ഹോട്ടലിൽ മുറിയെടുത്താൽ ഒരു ദിവസത്തെ വാടക 3000 രൂപയുടെ മുകളിലാണ്. ഇന്ത്യയിലെ പല ഫൈവ് സ്റ്റാർ ഹോട്ടലുകളിലെയും ഒരു ദിവസത്തെ വാടക 20000 രൂപയുടെ മുകളിലാണ്. ഇതിനു പുറമേ ടാക്സും നൽകേണ്ടി വരും. ബ്രേക്ക് ഫാസ്റ്റ് ഒഴിച്ച് മറ്റ് എല്ലാ ഭക്ഷണത്തിനും ബില്ലടക്കണം.
ഇങ്ങനെ ഒരു സാഹചര്യത്തിൽ വലിയ മതിലുകളിൽ പൊതിഞ്ഞ്, ഓരോ മുക്കിലും മൂലയിലും സുരക്ഷാ ക്യാമറകൾ ഘടിപ്പിച്ച് നൂറ് കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥൻ തലങ്ങും വിലങ്ങും 24 മണിക്കൂറും നടന്നു കൊണ്ടിരിക്കുന്ന, മൂന്നു നേരം വയറ് നിറയെ ഭക്ഷണം സൗജ്യനമായി ലഭിക്കുന്ന ഒരു ഇടം ആർക്കെങ്കിലും സ്വപ്നം കാണുവാൻ പറ്റുമോ?
എങ്കിൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങിനെ ഒരിടമുണ്ട്. ബലാത്സംഗ കുറ്റത്തിന്, കൊലപാതക കുറ്റത്തിന്, ഭീകരാക്രമണ കുറ്റത്തിന് വരെ ജയിലിലടക്കപ്പെട്ട ആയിരക്കണക്കിന് കുറ്റവാളികളാണ് ഇങ്ങനെയൊരു സുഖസൗകര്യം നമ്മുടെ രാജ്യത്ത് അനുഭവിക്കുന്നത്.
കാർഷിക ലോൺ എടുത്ത് കാലാവസ്ഥ മോശമായതിനാൽ കൃഷിയിൽ നിന്ന് ലാഭം ലഭിക്കാതെ കടം കയറിയ കർഷകന്റെ കഴുത്തിൽപ്പിടിച്ച് പണം പിരിക്കുന്ന അതെ രാജ്യത്താണ് ഇത്തരമൊരു സൗജന്യ സംവിധാനം എന്നതാണ് നമ്മൾ ചിന്തിക്കേണ്ട വിഷയം.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ചിലവിനുള്ള കാശ് പ്രസ്തുത വ്യക്തി മാസാമാസം സർക്കാരിലേക്ക് കെട്ടി വെയ്ക്കണം എന്ന നിയമം കൊണ്ട് വരിക. ഇല്ലെങ്കിൽ പ്രസ്തുത വ്യക്തിയുടെ സ്വത്ത് കണ്ട് കെട്ടുകയോ തൊട്ടടുത്തുള്ള ബന്ധുക്കളോട് പണം അടയ്ക്കുവാനോ ആവശ്യപ്പെടുക.
അവർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ചിലവും കാവലായി നിൽക്കുന്ന പോലീസുക്കാരന്റെ ശന്പളവും താമസിക്കുന്ന മുറിയുടെ വാടകയും ഒക്കെ കൂടി കൂട്ടി ഒരു നിശ്ചിത തുക സർക്കാരിന് നൽകുവാനുള്ള നിയമം കൊണ്ട് വരണം.
ജനങ്ങളുടെ കാശ് കട്ടെടുത്ത് ജയിലിൽ അടക്കപ്പെട്ട രാഷ്ട്രീയ നേതാക്കന്മാർക്ക് നൽകുന്ന വി.ഐ.പി സൗകര്യങ്ങൾ പാവപ്പെട്ട കർഷകന്റെ മുതൽ സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്ന ഗുമസ്തൻമാരടക്കമുള്ളവരുടെ ശന്പളത്തിൽ നിന്ന് പിടിക്കുന്ന നികുതിയിൽ നിന്നാണ് എന്ന് ഓർക്കണം.
കള്ളൻമാരെ ജയിലടച്ചാലും അവർ നമ്മെ കട്ട് മുടിക്കുന്നുണ്ട് എന്നത് കാണാത്തതു പോലെ അഭിനയിക്കുന്ന കള്ളൻമാരാണ് യഥാർത്ഥ കള്ളന്മാർ!