ഒരു രൂപാ നോട്ട് കൊടുത്താൽ


പിടയ്ക്കുന്ന കറൻസി നോട്ട് കണ്ട് താഴ്ന്ന് പറക്കുന്ന പരുന്തുകളെ കൊണ്ട് ഭൂമി നിറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. കള്ളനും പോലീസും നേതാവും അനുയായിയും, മന്ത്രിയും തന്ത്രിയും നടുവൊടിച്ച് വണങ്ങി നിൽക്കുന്നത് ഈ നോട്ടിന്റെ മുൻപിൽ മാത്രം. 

ദരിദ്രനും, സന്പന്നനും, സ്‌ത്രീയും, പുരുഷനും, യുവാവും, വൃദ്ധനും എന്ന് വേണ്ട ലോകത്ത് ജീവിക്കുന്ന മനുഷ്യ ഗണത്തിൽപ്പെട്ട എല്ലാവരും, വളരെ കരുതലോടെ കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ് കറൻസി നോട്ടുകൾ.

ഇവ കെട്ടഴിച്ച് പൊട്ടിക്കുന്പോൾ, പൊട്ടിച്ചിരിക്കുന്നവരും, പൊട്ടികരയുന്നവരുമുണ്ട്. ദേവാലയത്തിലും, വേശ്യാലയത്തിലും, ഭോജന ശാലയിലും, കശാപ്പ് ശാലയിലും, വിദ്യാലയത്തിലും, കാര്യാലയത്തിലും കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ഈ ആളെ കൊല്ലി കാരണം തന്നെ.

ഇന്ത്യയിലെ 130 കോടിയോളം വരുന്ന ജനതയിൽ പ്രായ പൂർത്തിയായ ഓരോരുത്തരുടെയും കൈയ്യിൽ ഒരു രൂപയുടെ കറൻസി ഇല്ലാത്തവർ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും.

ഇന്ത്യയിൽ മാത്രം ഏകദേശം 140.3 ബില്ല്യൺ യു.എസ് ഡോളറിനു സമാനമായ ഇന്ത്യൻ കറൻസി ജനങ്ങളുടെ ഇടയിൽ കറങ്ങി തിരയുന്നുണ്ട് എന്നതാണ് ഔദ്യോഗികമായ കണക്കുകൾ രേഖപ്പെടുത്തുന്നത്. ലോകത്തെ മൊത്തം പണത്തിന്റെ 3.2 ശതമാനം മാത്രമാണിത്!

ഇന്ന് ഇന്ത്യൻ കറൻസിയിൽ മഹാത്മാഗാന്ധിയുടെ പടത്തിനു പുറമേ മറ്റ് ചില ഡിസൈനുകളും ചില ചിത്രങ്ങളുമാണ് പ്രിന്റ്‌ ചെയ്ത് വരുന്നത്.

ഈ കറൻസിയുടെ ഒരു ഭാഗത്ത് അത്യാവശ്യമല്ലാത്ത ചില എഴുത്തും ചിത്ര പണികളും ഒഴിവാക്കി പറ്റുമെങ്കിൽ വല്ല സാമൂഹ്യ നന്മാക്കായിട്ടുള്ള പരസ്യവും നൽകിയാൽ അത്തരം സന്ദേശമെത്തുന്നത് ഇന്ത്യയിലെ കോടികണക്കിന് വരുന്ന ജനങ്ങളിലേക്കായിരിക്കും.

ശുചിത്വ ഇന്ത്യക്ക് വേണ്ടി സർക്കാർ കോടികളാണ് ഇന്ത്യയിൽ പരസ്യം നൽകി ചിലവഴിക്കുന്നത്. മദ്യത്തിനും പുകവലിക്കും എതിരെയും, ട്രാഫിക്ക് നിയമങ്ങൾ പാലിക്കുവാനും, സ്‌ത്രീധനത്തിനെതിരെയും ഒക്കെയുള്ള പരസ്യങ്ങൾ അങ്ങനെ പൊതുജന നന്മക്കായി ഉപയോഗിച്ചാൽ ജാതി മത ഭേദമന്യേ സ്‌ത്രീ പുരുഷ ഭേദമന്യേ അത് എല്ലാവരിലേക്കും ഇറങ്ങി ചെല്ലും.

ഇനി സർക്കാരിന് കറൻസിയടിക്കാൻ റിസർവ് ആയി സൂക്ഷിക്കുവാൻ സ്വർണ്ണം പോലെയുള്ള വസ്തുക്കൾ ഇല്ലെങ്കിൽ നോട്ടിന്റെ ഒരു ഭാഗം വല്ല സ്വകാര്യ കന്പനികൾക്ക് പരസ്യം നൽകാനായി കൊടുത്താലും മതി. 

ഒരു കോടി രൂപയുടെ കറൻസി അടിക്കുന്പോൾ ഒരു ഭാഗത്ത് എൽ.ഐ.സി പോലുള്ള സ്ഥാപനങ്ങളുടെ ഒരു ചെറിയ പരസ്യ വാചകം വെച്ചാൽ അവരുടെ പക്കൽ നിന്ന് ഒരു കോടി രൂപ പരസ്യ വരുമാനമായി സർക്കാരിന് ലഭിക്കും. ഏറ്റവുമധികം ജനങ്ങളിലെത്തുന്ന ഏറ്റവും അധികം കറങ്ങി കൊണ്ടിരിക്കുന്ന എല്ലാവരും സൂക്ഷിച്ച് വെക്കുന്ന കറൻസി പരസ്യം നൽകാനുള്ള ഒരു ഒന്നാന്തരം ഫ്ളാറ്റ് ഫോമാണ്!

ഒരു പരസ്യ കന്പനി നടത്തുന്ന എന്റെ അഭിപ്രായത്തിൽ ചിലർക്ക് എതിർ അഭിപ്രായങ്ങൾ ഉണ്ടാകാം. അത് കറൻസിയോടുള്ള നമ്മുടെ അമിത ബഹുമാനവും ഭയവും കൊണ്ട് ഉണ്ടാകുന്നതാണ്. 

ഇതുപോലെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നം പാവപ്പെട്ട വിദ്യാർഥികൾക്ക് പുസ്‌തകം വാങ്ങുവാൻ കാശില്ല എന്നതാണ്. സർക്കാർ ടെണ്ടർ വിളിച്ച് പാഠപുസ്തകങ്ങളുടെ പിറക് വശം പരസ്യം നൽകുവാൻ നൽകിയാൽ മൊത്തം വിദ്യാർഥികൾക്കും പുസ്‌തകം സൗജന്യമായി നൽകാവുന്നതേയുള്ളൂ. 

ബഹ്റിനിൽ ഇപ്പോഴും പല ബസ് സ്റ്റോപ്പുകളിലും എ.സി, ടി.വി എന്നീ സൗകര്യങ്ങളില്ല. ഇത്തരം സ്ഥലങ്ങൾ പരസ്യ കന്പനികൾക്ക് ബ്രാൻഡ് ചെയ്യുവാൻ നൽകിയാൽ ബഹ്റിനിലെ ഓരോ ബസ് സ്റ്റോപ്പുകളും മികവുറ്റതാക്കാം.

കറൻസികളിൽ വരുന്ന പരസ്യങ്ങൾ ജനങ്ങൾക്ക് ഗുണകരമാവുന്നതായിരിക്കണമെന്നും, പാഠപുസ്തകങ്ങളിൽ വരുന്ന പരസ്യങ്ങൾ വിദ്യാർത്ഥികൾക്ക് ഉപയോഗകരമാക്കുന്നത് മാത്രമായിരിക്കണം എന്നുമുള്ള നിബന്ധനകൾ വെച്ചാൽ ഇത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി മാറും! 

മാനം വിറ്റ്‌ പണമുണ്ടാക്കിയാൽ പണം മാനം കൊണ്ടുവരുമെന്നാണ് പഴമൊഴി. പണം വിറ്റും പണം ഉണ്ടാക്കിയാൽ പണം, പണം കൊണ്ടു വരുമെന്നതാകട്ടെ പുതുമൊഴി!

You might also like

Most Viewed