ഫോർ പി.എം ന്യൂസ്, ഒരു നവയുഗ പത്രം
ഫോർ പി.എമ്മിന്റെ എഡിറ്റോറിയൽ പോളിസിയെ കുറിച്ച് പലരും എന്നോട് നിരവധി സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. പലപ്പോഴും ഫോർ പി.എമ്മിൽ പ്രസിദ്ധീകരിച്ച പല വാർത്തകളെയും, ലേഖനങ്ങളെയും അടിസ്ഥാനമാക്കി സോഷ്യൽ മീഡിയകളിൽ നടക്കുന്ന ചർച്ചകളിലും ഇതേ ചോദ്യം ഉയർന്ന് വരാറുണ്ട്.
ഫോർ പി.എം ആരംഭിച്ച കാലത്ത് തന്നെ പത്രത്തിന്റേതായ ചില അജണ്ടകളും എഡിറ്റോറിയലും വേണമെന്ന് പത്ര സ്ഥാപനങ്ങളിൽ വർഷങ്ങളായി ജോലി ചെയ്ത് വരുന്നവരും മറ്റ് ചില പത്രങ്ങളുടെ മുതലാളിമാരും അഭിപ്രായപ്പെടുകയുണ്ടായി. അന്നും ഇന്നും എന്റെ മനസ്സിൽ തോന്നിയ ചോദ്യം, പല പത്രങ്ങളിലും അവർ എഡിറ്റോറിയൽ എന്ന നിലയിൽ എഴുതുന്ന ലേഖനങ്ങൾ പത്രത്തിന്റെ നിലപാട് എന്ന നിലയിലാണ് നമ്മൾ കരുതാറുള്ളത്. ഇത് എഡിറ്ററുടെയോ അതിന്റെ ഉടമസ്ഥന്റെയോ അഭിപ്രായമല്ല പകരം പ്രസ്തുത പത്രത്തിന്റെ അഭിപ്രായമാണ് എന്നാണ് ജനം വിശ്വസിച്ചിരിക്കുന്നത്.
ഇവിടെ ഉയരുന്ന ചോദ്യം. പത്രം എന്നത് ഉടമയുടെയോ എഡിറ്ററുടെയോ അതിലെ പ്രവർത്തകരുടെയോ ആണോ, അല്ലെങ്കിൽ പിന്നെ ‘പത്രം’ എന്ന് പറയുന്നത് എന്താണ്? ഒരു കാലത്ത് അഭിപ്രായം പറയുവാൻ ധൈര്യമില്ലാത്ത പത്രമുതലാളിമാരും എഡിറ്റർമാരും അവർക്ക് പറയാനുള്ളത് പറയുകയും അതിന്റെ ഉത്തരവാദിത്ത്വം പത്രത്തിന്റെ മുകളിൽ ചാർത്തി കൈയൂരുന്ന ഒരു തരം ഏർപ്പാടായിട്ടാണ് ഇതേ പറ്റി എനിക്ക് തോന്നിയിട്ടുള്ളത്. പത്രത്തിനു നയങ്ങൾ ആവശ്യം തന്നെ. അജണ്ടകളും ആവശ്യമായി വന്നേക്കാം. പക്ഷെ അത് രാഷ്ട്രീയപരമോ, മതപരമോ ആയ ആശയങ്ങൾക്ക് വേണ്ടിയാകുന്പോൾ പ്രസ്തുത പത്രം ഒരു മതസംഘടനയുടെ പത്രമായും അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പത്രമായും മാറുന്നു.
ഫോർ പി.എമ്മിന്റെ ഘടനയിൽ ആദ്യം ഉറപ്പാക്കിയ ഘടകം, പത്രത്തിന്റെ ഷെയർ ഹോൾഡേഴ്സ് ആയി മത സംഘടനകളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ പണം സ്വീകരിക്കുകയില്ല എന്നതാണ്. രണ്ടാമത്തെ പ്രധാന കാര്യം, പത്രത്തിന്റെ ചെയർമാൻ, ചീഫ് എഡിറ്റർ, മാനേജിംഗ് എഡിറ്റർ മുതലായവർ മതപരമായ ഒരു സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ അംഗത്ത്വമോ പ്രവർത്തകരോ ആകരുത് എന്നുള്ളതാണ്. ഫോർ പി.എമ്മിന്റെ ബോർഡ് മെന്പേഴ്സിൽ വിവിധ മതങ്ങളിൽ നിന്നുള്ളവർ ഷെയർ ഹോൾഡേഴ്സ് ആയി നിൽക്കുന്നതും പത്രത്തിന്റെ സുതാര്യമായ സ്വഭാവം മനസ്സിലാക്കി കൊണ്ടാണ്. വാർത്തകളുടെ ആയുസ്സ് ഫേസ്ബുക്ക് മുതലായ നവമാധ്യമങ്ങളുടെ വരവോടെ കുറഞ്ഞു വരുന്പോൾ ന്യൂസിനെക്കാൾ വ്യൂസിനു പ്രാധാന്യം നൽകിയാണ് ഫോർ പി.എം മുന്നോട്ട് പോകുന്നത്.
സമൂഹത്തിൽ വ്യത്യസ്ത മേഖലയിൽ അറിയപ്പെടുന്ന പതിനാറിലധികം എഴുത്തുകാരുടെ ചിന്തകൾ യാതൊരു എഡിറ്റിങ്ങും ചെയ്യാതെ വർഷങ്ങളായി ഇവിടെ പ്രസിദ്ധീകരിച്ച് വരുന്നു. ഇവരുടെ ലേഖനങ്ങൾക്ക് എതിരെയുള്ള പ്രതികരണങ്ങളും ഒട്ടും വെട്ടിമുറിക്കാതെ തന്നെ ഫോർ പിഎം പ്രസിദ്ധീകരിക്കുന്നുമുണ്ട്. ഫോർ പി.എമ്മിനു നയങ്ങളുണ്ട്. അത് പ്രശ്നാധിഷ്ടിതമാണെന്ന് മാത്രം. ബഹ്‌റിനിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ, സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ക്രിയാത്മകമായി തിരുത്താറുണ്ട്, വിമർശിക്കാറുണ്ട്. പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ പിഴവുകളില്ലെന്ന് ഉറപ്പ് വരുത്തുകയും ലേഖനങ്ങളിൽ പരാമർശിക്കുന്ന വസ്തുതകൾ ആധികാരികമായി ചരിത്രത്തിൽ രേഖപ്പെടുത്തിയതാണെന്നും പരിശോധിക്കാറുമുണ്ട്. വ്യക്തിഹത്യ കഴിവതും ഒഴിവാക്കാനും വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കാനും പത്രം ശ്രദ്ധിക്കാറുണ്ട്.
കഴിഞ്ഞ നാല് വർഷമായി നടന്നു വരുന്ന പത്രത്തിൽ ഇത് വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളൊന്നും തന്നെ പിൻവലിക്കേണ്ടി വന്നിട്ടില്ല എന്നതും ഇവിടെ ഓർമ്മിപ്പിച്ച് കൊള്ളട്ടെ. സമൂഹത്തിനു ഗുണകരമാകുന്ന പറ്റാവുന്ന സത്യം തുറന്നു പറയുക, തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ തെറ്റാണെന്ന് തന്റേടത്തോടെ തുറന്ന് പറയുക. വ്യക്തിപരമായ സൗഹൃദങ്ങൾക്ക് വേണ്ടി വാർത്തകൾ വളച്ച് കെട്ടാതിരിക്കുക. ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് അനാവശ്യമായി കടന്ന് ചെല്ലാതിരിക്കുക. ഇതൊക്കെ തന്നെയാണ് ഫോർ പി.എമ്മിന്റെ നിലപാട്.
സുക്കർബർഗ് എന്ന ഫേസ്ബുക്കിന്റെ ഉടമസ്ഥനു പ്രത്യേകിച്ച് നയങ്ങളോ അജണ്ടകളോ ഇല്ല. സ്വതന്ത്രമായി പ്രതികരിക്കുവാൻ ഉള്ള പ്ലാറ്റ്ഫോം നൽകുക മാത്രമാണ് ഫേസ്ബുക്ക് ചെയ്തത്. വിവിധ ജാതി മത രാഷ്ട്രീയ സംഘടനയിലുള്ളവരും ഇല്ലാത്തവരും കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ച് വിവിധ തരം അഭിപ്രായം പ്രകടിപ്പിച്ച് എഴുതുന്പോൾ ഒരു സാധാരണക്കാരന് ആ ചർച്ചയിൽ നിന്നും ഉരുത്തിരിയുന്ന ഉത്തരങ്ങൾ മനസ്സിലാക്കുവാനും, അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുവാനും സാധിക്കുന്നു.
ഫോർ പി.എമ്മിന്റെ നയങ്ങളും ഇത്തരം നവ ചിന്തകളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ബഹ്റിനിലെ മലയാളി സമൂഹത്തിനു പ്രതികരിക്കാനും പ്രതിഷേധിക്കാനും ഗുണകരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും പറ്റുന്ന ഒരു പ്ലാറ്റ്ഫോം ആണ് ഇത്. ഇവിടെ നടത്തിപ്പുക്കാരനോ പത്ര ജീവനക്കാരോ സ്വീകരിക്കുന്ന നയം തികച്ചും മനസ്സ് തുറന്നുള്ള ഒരു സമീപനമാണ്. ഫോർ പി.എമ്മിന്റേതായ വാർത്തകൾ നൽകുന്നു എന്നതിലുപരി പല പേജുകളും ജനങ്ങൾക്ക് പ്രതികരിക്കാനായി നീക്കിവെച്ചതും ഇതുകൊണ്ട് തന്നെ.
സാധാരണ പത്രങ്ങളിൽ എഡിറ്റോറിയൽ എഴുതുന്നതിന് മുന്പ് എഡിറ്റോറിയൽ ബോർഡിലെ പ്രധാനപ്പെട്ട വ്യക്തികൾ ചർച്ച ചെയ്താണ് ഒരു തീരുമാനത്തിലെത്തുന്നത്. പക്ഷെ ഇന്ന് മിക്ക പത്രങ്ങളിലും അത്തരമൊരു ചർച്ച നടക്കുന്നില്ല എന്നാണ് മാധ്യമരംഗത്തെ ചില പ്രഗത്ഭർ പറഞ്ഞറിഞ്ഞത്. പലപ്പോഴും ഒരു വ്യക്തി എഴുതുന്ന കാഴ്ചപ്പാടുകളാണ് എഡിറ്റോറിയലായി എഴുതിവരുന്നത്.
വരും ദിവസങ്ങളിൽ ഒരു പ്രശ്നത്തെ ആധാരമാക്കി ചർച്ച ചെയ്ത് എഴുതുന്ന സ്ഥിരം പംക്തികളും ഫോർ പി.എം ന്യൂസിൽ നൽകാനുള്ള സാദ്ധ്യതകൾ അവശേഷിക്കുന്നുണ്ട്. ഇത് ഓരോ വായനക്കാരനും പ്രതികരിക്കാനുള്ള തട്ടകമാണെന്ന് ഒരിക്കൽകൂടി ഉറപ്പിച്ചു പറയുന്നതോടൊപ്പം സഹകരിക്കുന്ന ഓരോരുത്തർക്കും നന്ദിയും രേഖപ്പെടുത്തുന്നു.