പാരിസ് പഠിപ്പിക്കുന്നത്
പാരീസിലെ ഭീകരാക്രമണ വാർത്തയറിഞ്ഞ് ലോകനേതാക്കൾ പതിവ് പോലെ ഞെട്ടി, ജനങ്ങൾ സോഷ്യൽ മീഡിയ വഴി പറ്റാവുന്നത്ര ഉച്ചത്തിൽ നിലവിളിച്ചു. മരിച്ചവരുടെ ബന്ധുക്കൾ വെള്ളപ്പൂക്കൾ സമർപ്പിച്ച് കൊല്ലപ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി നേർന്നു. ഭീകരവാദികളെ തുരത്താൻ പോലീസും പട്ടാളവും പരക്കം പാഞ്ഞു. ചിലരെ വധിച്ചു, ചിലരെ ഇനിയും തിരയുന്നു.
ഓരോ ഭീകരാക്രമണത്തിന്റെ വാർത്ത പുറത്ത് വരുന്പോൾ നടക്കുന്ന പതിവ് കാഴ്ചകൾക്കപ്പുറം പാരീസിലെ സ്ഫോടനവും അതിനു ശേഷമുള്ള നടപടികളും നമ്മളോട് ഒന്നും പറയുകയോ വാഗ്ദാനം ചെയ്യുകയോ
ചെയ്യുന്നില്ല. ഓരോ പ്രശ്നവും അപഗ്രഥിക്കേണ്ട രീതിയിലല്ല നമ്മൾ കാര്യത്തെ പഠനവിധേയമാക്കുന്നത് എന്നതാണ് ഇതിലെ പ്രധാന വിഷയം.
വ്യത്യസ്തമായ ഒരു കോണിലൂടെ ഭീകരവാദത്തെ കുറിച്ച് എങ്ങനെ പഠിക്കാം, ചിന്തിക്കാം എന്നുള്ളതാണ് ഇന്നത്തെ എന്റെ ചിന്താവിഷയം. ലോകത്തിലുള്ള ഏത് രാജ്യക്കാരനോടും ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണ് എന്ന് ചോദിച്ചാൽ ലഭിക്കുന്ന ഉത്തരം ‘ഭീകരവാദം’ എന്ന് തന്നെയായിരിക്കും. ലോകപോലീസും, നേതാക്കന്മാരും, ജനങ്ങളും ഇത് ശരിയാണെന്ന് തലകുലുക്കി സമ്മതിക്കും.
നമ്മൾ പഠനവിധേയമാക്കേണ്ടത് മുന്ന് തട്ടിലായാണ്. അതിൽ ഒന്നാമത്തെ ഘടകം 1. പ്രശ്നം, 2) കാരണം, 3. പരിഹാരം.ഭീകരവാദം എന്ന പ്രശ്നത്തെ താഴെ പറയുന്ന രീതിയിൽ ചിന്തിക്കുക.
പ്രധാന പ്രശ്നം : ഭീകരവാദം
ഇനി ഇതിന്റെ രണ്ടാമത്തെ ഭാഗത്തിലേയ്ക്ക് കടക്കാം. എന്തുകൊണ്ടാണ് ഒരുവൻ ഭീകരവാദിയാകുന്നത്? പെട്ടെന്ന് മനസ്സിൽ വരുന്ന ഉത്തരം ‘വിവരമില്ലാത്തത്കൊണ്ട്’ എന്നായിരിക്കും.
ഇനി ഈ ഉത്തരത്തിൽ നിന്ന് ‘വിവരം’ എന്ന വാക്ക് മാത്രം പുറത്ത് എടുക്കുക. പിന്നീടുള്ള പഠനം ‘വിവരം’ എന്ന വാക്കിനെ ചുറ്റിപ്പറ്റിയാക്കുക. വിവരം അറിവിനെയാണ് സൂചിപ്പിക്കുന്നത്. പിന്നീട് തേടേണ്ടത് അറിവ് ലഭിക്കുന്ന വഴികളെയാണ്. അവയെ താഴെ പറയുന്ന ഗ്രാഫിലാക്കി ചുരുക്കുക.
ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപീകരിക്കപ്പെടുന്ന പ്രധാന കാരണങ്ങളാണ് മുകളിലുള്ള ചാർട്ടിൽ നൽകിയിട്ടുള്ളത്.
ഏതെങ്കിലും ഒരു മതത്തിൽ ഭ്രാന്തമായി വിശ്വസിക്കുന്ന ഒരു കുടുംബത്തിൽ പിറന്ന് വീഴുന്ന കുട്ടി, മതപരമായ വേലിക്കുള്ളിൽ നിന്ന് മാത്രം ചിന്തിക്കുകയും അതേ മതത്തിൽ വിശ്വസിക്കുന്ന ഒരുസമൂഹത്തിൽ വളരുകയും ചെയ്യുന്പോൾ, ആ വേലിക്കെട്ടിൽ നിന്ന് മാറി ചിന്തിക്കുവാൻ അവസരം ലഭിക്കുന്ന ഒരേ ഒരു ഇടം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ്.
എന്നാൽ ഇത്തരമൊരു കുട്ടി ചെറുപ്പത്തിൽ വിദ്യാഭ്യാസത്തിനായ് മതപരമായ സ്ഥാപനങ്ങളിലേക്ക് പോകുന്പോൾ അവന്റെ ചിന്താ ശക്തിയെ കുടുംബവും, സമൂഹവും, വിദ്യാഭ്യാസ സ്ഥാപനവും മതത്തിന്റെചട്ടക്കൂടിൽ ഒതുക്കുന്നു. ഇത് ഒരു തരം ട്രാപ്പാണ്.
ഒന്നാം ക്ലാസ്സിൽ നമ്മൾ പഠിച്ച ആംഗ്യപാട്ടും പഠിപ്പിച്ച ടീച്ചറുടെ പേരും മറക്കാത്തത് പോലെ ചെറുപ്രായത്തിൽ നൽകുന്ന തെറ്റായ മതപഠനം ഒരു വ്യക്തിയുടെ ചിന്താധാരയിൽ എപ്പോഴും മുഴച്ച്നിൽക്കും.
ഒരു മിതവാദിയെ തീവ്രവാദിയാക്കുന്ന ഒരു തരം ട്രാപ്പാണിത്. ഏത് മതത്തിലുള്ള തീവ്രവാദികളെ സൂക്ഷ്മമായി പഠിച്ചാൽ അവരുടെ ജീവിതം ഇത്തരമൊരു ഗ്രിഡിന്റെ പിടിയിലായിരുന്നു എന്ന് തിരിച്ചറിയുവാൻ സാധിക്കും.
ഇവിടെ ഒരു വ്യക്തിയെ ഈ ഗ്രിഡിൽ നിന്നും രക്ഷപ്പെടുത്താനുള്ള ഒരേ ഒരു മാർഗ്ഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാരിന്റെ ഇടപെടലുകൾ ശക്തമാക്കുക എന്നത് മാത്രമാണ്.
കാരണം ഒരു വ്യക്തിയുടെ കുടുംബത്തിനെയോ മതത്തിനെയോ സമൂഹത്തിനെയോ തിരുത്തുകയെന്നത് ഭരണകൂടത്തിനു അപ്രാപ്യമായ കാര്യമാണ്. പക്ഷെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലക്കൽ ഭരണ കർത്താക്കളുടെ കൈയ്യിൽ തന്നെയായിരിക്കണം.
ഭഗത് സിങ്ങിനെയും ടിപ്പു സുൽത്താനെയും പഴശ്ശിരാജയെയും തച്ചോളി ഒതേനനെയും ഝാൻസി റാണിയെയും സുഭാഷ് ചന്ദ്രബോസിനെയും കുറിച്ച് കുട്ടികളെ പഠിപ്പിച്ചില്ലെങ്കിലും, ഗാന്ധിയെയും മാർട്ടിൻ ലൂഥർ കിങ്ങിനെ കുറിച്ചും ഇഖ്ബാൽ അഹമദിനെ കുറിച്ചും ജൂനി കോളിൻസിനെ കുറിച്ചും നെൽസൺ മണ്ടേലയെ കുറിച്ചും പഠിപ്പിക്കുക.
ശരിയായ വിദ്യാഭ്യാസ സന്പ്രദായം നടപ്പിലാക്കുകയും മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരെ നിയമിക്കുന്പോൾ അവരുടെ യോഗ്യത സർക്കാർ തീരുമനിക്കുകയും സർക്കാർ നിർദേശിക്കുന്ന ചില പാഠങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുകയും വേണം. ഒപ്പം മതവ്യത്യാസമില്ലാതെ എല്ലാ മതപഠന ശാലകളിലും ക്യാമറകൾ വെച്ച് പഠന ക്ലാസുകൾ നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങളും കൊണ്ടുവരണം.
തോക്കുകളും പീരങ്കിയും ബോംബും ഉപയോഗിച്ച് നമുക്ക് ഒരു വ്യക്തിയെ നശിപ്പിക്കാനയേക്കും. പക്ഷെ ഒരു തെറ്റായ ചിന്തയെ പിഴുതെറിയണമെങ്കിൽ മാറ്റേണ്ടത് അത്തരം ചിന്ത പരത്തുന്ന മനസ്സുകളെയാണ്.
തോക്ക് തോൽക്കുന്നിടത്ത് ജയിക്കുക പുസ്തകങ്ങൾ ആണെന്ന് ഒാർമ്മിപ്പിച്ചു കൊണ്ട് എല്ലാവർക്കും ഒരുനല്ല വരാന്ത്യം നേരുന്നു.