വെറുതെയല്ല ഭാര്യ ...
വാർദ്ധക്യം ബാധിച്ച് ചുക്കി ചുളിഞ്ഞ ഒരു പഴയ ഇരുമ്പ് ഭരണി, തൊള്ള തുറന്ന് നിലവിളിക്കുന്ന വക്ക് പൊട്ടിയ പ്ലാസ്റ്റിക് ടബ്ബകൾ, വസൂരികല ബാധിച്ച തകര പാത്രങ്ങൾ, അംഗവൈകല്യം വന്ന പഴയ ഒരു ചെല്ലപ്പെട്ടി അങ്ങനെ കിട്ടാവുന്ന പഴയ സാധനങ്ങളൊക്കെ മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ് മാധവിയമ്മ നടുനിവർത്തി ഒന്ന് നിന്നു.
അന്ദ്രുമാന്റെ പകുതി പൊട്ടിയ പല്ലിന്റെ ഇടയിലൂടെ പുറത്തേക്ക് തുറിച്ച് നോക്കുന്ന ചുകന്ന നാവിന്റെ അറ്റത്ത് ഒരു വൈറ്റിലയുടെ ചെറിയ കഷണം കണ്ണൂരിലെത്തിയ ലീഗ് കാരനെ പോലെ എങ്ങോട്ട് പോകണമെന്നറിയാതെ തരിച്ച് നിന്നു.
വീടിന്റെ പിറകിലുള്ള ആലയിൽ നിന്നും പശുവിന്റെ അമറൽ കേട്ടപ്പോൾ അന്ദുമാൻ ഒന്ന് കൂടെ ചിരിച്ചു. കറവ വറ്റിയതാണെങ്കിൽ നല്ല വില തരാം.. അത് കേൾക്കാത്ത മട്ടിൽ മാധവിയമ്മ മുണ്ടിന്റെ അറ്റത്ത് അന്ദ്രുമാൻ തന്ന രൂപയും നാണയങ്ങളും കെട്ടി കോലായിലേക്ക് നടന്നു.
വാർത്തകൾക്കിടയിൽ എഴുതാതിരുന്ന വാർത്തകൾ വായിച്ചെടുക്കുവാൻ പരിശ്രമിക്കുന്ന കണാരൻ മാഷ് പത്രത്തിൽ നിന്ന് കണ്ണെടുത്ത് മാധവിയമ്മയെ നോക്കി നെടുവീർപ്പോടെ പറഞ്ഞു, മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ പോകുന്നു പോലും. കുറച്ച് കഴിഞ്ഞാൽ മാലിന്യം കാശ് കൊടുത്ത് വാങ്ങാൻ വരുന്ന കാലവും വന്നേക്കാം...
അവര് വിളിച്ചോ? മാധവിയമ്മയുടെ ചോദ്യത്തിന് ഗൗരവം മനസിലാക്കി മാഷ് കസേരയിൽ നിന്ന് എഴുന്നേറ്റു. ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു.
25 ലക്ഷവും സ്വിഫ്റ്റ് കാറും 100 പവനും അതാണ് ഡിമാന്റ്. അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. നിങ്ങളും പണ്ട് വാങ്ങിയില്ലേ? ഈ പറന്പും വീടും കല്യാണത്തിന് മുന്പ് ചോദിച്ച് വാങ്ങി നിങ്ങളുടെ പേരിൽ എഴുതിപ്പിച്ചില്ലേ..? കണാരൻ മാഷ് ടി.വിയുടെ ശബ്ദം ഒന്ന് കൂടെ ഉയർത്തി.
‘കാലം മാറിയിട്ടും കാര്യങ്ങൾ മാറിയിട്ടും നിങ്ങൾ പുരുഷന്മാർ മാറുന്നില്ലല്ലോ? കണാരൻ മാഷ് ഒന്നും മിണ്ടാതെ ടി.വിയിലേക്ക് കണ്ണും നട്ടിരിക്കുന്നത് കണ്ടപ്പോൾ മാധവിയമ്മ ശബ്ദം ഒന്ന് കൂടെ കൂട്ടി ഉച്ചത്തിൽ പറഞ്ഞു. അറിഞ്ഞില്ലേ? പാർലമെന്റിൽ പുതിയ ബില്ല് കൊണ്ട് വരികയാണ്. ഭർത്താക്കന്മാർ ഭാര്യമാർക്ക് ശമ്പളം കൊടുക്കുവാനുള്ള ബില്ല് കേന്ദ്രമന്ത്രി കൃഷ്ണ തിരത്ത് 6 മാസത്തിനുള്ളിൽ പാർലമെന്റിന്റെ പരിഗണനക്കായി അവതരിപ്പിക്കുമാത്രേ...
കണാരൻ മാഷ് കണ്ണട ഒന്ന് കൂടി ഉയർത്തി പതുക്കെ ടി.വി സ്വിച്ച് ഓഫ് ചെയ്തു. മാധവിയമ്മ തുടരുകയാണ്. ഞാനും ചോദിക്കണമായിരുന്നു, ചെയ്ത് തരുന്ന ഓരോ ജോലിക്കും പ്രതിഫലം ചോദിച്ച് വാങ്ങണമായിരുന്നു. സ്‌ത്രീയെ പരിരക്ഷിക്കുവാൻ എന്ന് പറഞ്ഞ് സ്‌ത്രീധനം വാങ്ങിയ നിങ്ങളെ ഞാനല്ലേ ജീവിതകാലം മുഴുവൻ പരിചരിച്ചതും പരിരക്ഷിച്ചതും? കൂടെ കിടക്കുമ്പോഴും തുണി അലക്കുമ്പോഴും ഭക്ഷണം പാകം ചെയ്ത് വിളമ്പി തരുമ്പോഴും ഒക്കെ പ്രതിഫലം ചോദിച്ച് വാങ്ങണമായിരുന്നു. സമയാസമയം ശമ്പളം ചോദിച്ച് വാങ്ങിയിരുന്നെങ്കിൽ ഇന്ന് ആ പണം മതിയായിരുന്നു മകളെ കെട്ടിച്ച് വിടാൻ...
മക്കളെ വളർത്തുകയെന്നത് ചില്ലറ കാര്യാണോ? അല്ല. ഞാനിതൊക്കെ ആരോടാ പറയുന്നത്?... മാധവിയമ്മ മുറ്റത്തേക്ക് നോക്കി നിശബ്ദയായി... അകത്ത് മുറിയിൽ നിന്നും ടെലിഫോൺ ശബ്ദം നിശബ്ദതയെ ഭജ്ഞിച്ച് കോലായിൽ മുഴുകിയപ്പോൾ കണാരൻ മാഷ് ആരോടിന്നില്ലാതെ പറഞ്ഞു.
അത് അവരായിരിക്കും, ഇന്നലെ പെണ്ണ് കാണാൻ വന്ന പയ്യന്റെ അമ്മാവൻ കുറച്ച് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞിരുന്നു. മാഷ് പറഞ്ഞു കഴിയുന്നതിനു മുമ്പ് മാധവിയമ്മ അകത്ത് എത്തി കഴിഞ്ഞിരുന്നു.
ങ്ങാ! നിന്നോട് തന്നെയാ പറയുന്നത്... പാട്ടക്കും പാഴ്സ്വതുവിനു വരെ വില തന്ന് വാങ്ങിച്ച് കൊണ്ട് പോകുന്ന ഈ കാലത്ത് എന്റെ മോളെ കെട്ടിച്ച് വിടുമ്പോൾ പോത്തിന്റെ വില പോലും തരാത്ത നിങ്ങളെപ്പോലുള്ളവരുമായുള്ള ബന്ധം നമുക്ക് വേണ്ട. ഇനി ഈ കാര്യവും പറഞ്ഞു ഈ പടി കയറി പോകരുത്...
മാധവിയമ്മയുടെ ശബ്ദം ഉയർന്നും താഴ്ന്നും വരാന്തയുടെ അതിർ വരമ്പുകൾ ഭേദിച്ച് അനന്തമായി ഒഴുകി തുടങ്ങിയപ്പോൾ കണാരൻ മാഷ് ചാരു കസേരയിലേക്ക് ഒന്ന് കൂടി ചാഞ്ഞിരുന്നു. ഓരോ വാക്കുകളും തന്റെ ഹൃദയത്തിൽ തട്ടി ധ്വനികളായി പടർന്ന് തലയിലേക്ക് ഇരച്ച് കയറുമ്പോൾ...
പഴയ പാട്ട, തകിട്, ചെമ്പ് വിൽക്കാനുണ്ടോ എന്ന അന്ദ്രുമാന്റെ ഉച്ചത്തിലുള്ള വിളി നേർത്ത് നേർത്ത് വന്നു. (കടപ്പാട്: വാട്സ് അപ്പിൽ കണ്ട അജ്ഞാതനായ വ്യക്തിയുടെ പ്രസംഗം)